വെസ്റ്റ് എളേരി

കാസര്‍ഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കില്‍ പരപ്പ ബ്ളോക്കില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്. 77.45 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് ബളാല്‍ പഞ്ചായത്തും, തെക്ക് പെരിങ്ങോംവയക്കര (കണ്ണൂര്‍), കയ്യൂര്‍ ചീമേനി പഞ്ചായത്തുകളും, പടിഞ്ഞാറ് കയ്യൂര്‍ ചീമേനി, കിനാനൂര്‍കരിന്തളം പഞ്ചായത്തുകളും, കിഴക്ക് ബളാല്‍, ഈസ്റ്റ് എളേരി പഞ്ചായത്തുകളുമാണ്. 1953-ലാണ് വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ ജനകീയ ഭരണസമിതി നിലവില്‍ വന്നത്. കൈപൊക്കി വോട്ടിലൂടെ പ്രസിഡന്റിനെ ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുത്തിരുന്നു. അട്ടക്കാട് പൈനി ചാത്തുനായരാണ് ആദ്യത്തെ പ്രസിഡന്റ്. 1963-ല്‍ വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി പഞ്ചായത്തുകള്‍ ഒന്നിച്ച് എളേരി പഞ്ചായത്തായിരുന്നു. ചിറ്റാരിക്കാല്‍ ആയിരുന്നു ആസ്ഥാനം. കുന്നുകളും മലകളും നിറഞ്ഞ ഭൂപ്രദേശമാണ് വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിനുള്ളത്. പശ്ചിമഘട്ടത്തുനിന്നാരംഭിച്ച് ചെറുപുഴ വഴി ഒഴുകി വരുന്ന കാക്കടവ് പുഴ ഗ്രാമപഞ്ചായത്തിന്റെ തെക്കന്‍ അതിര്‍ത്തിയെ തഴുകികൊണ്ട് വീണ്ടും പടിഞ്ഞാറോട്ടൊഴുകി തേജസ്വിനി പുഴയായി വികാസം പ്രാപിക്കുന്നു. അതിന്റെ സമീപത്തായി 900 ഏക്കറോളം വരുന്ന സര്‍ക്കാര്‍ വക നിബിന്ധവനങ്ങള്‍ നിറഞ്ഞ ആക്കച്ചേരി ഫോറസ്റ്റ്. കാക്കടവ് പുഴയുടെ മറുഭാഗത്ത് കണ്ണൂര്‍ ജില്ലയുടെ പെരിങ്ങോം-വയക്കര പഞ്ചായത്ത്. വടക്കന്‍ അതിര്‍ത്തിയില്‍കൂടി വെസ്റ്റ് എളേരിയിലേക്ക് പ്രവേശിക്കുന്ന ചൈത്രവാഹിനിപ്പുഴ പഞ്ചായത്തിന്റെ ഹൃദയഭാഗങ്ങില്‍ തെളിനീരൊഴുക്കിക്കാണ്ട് മുക്കട ചെന്ന് തേജസ്വനി പുഴയില്‍ വിലയം പ്രാപിക്കുന്നു. കോട്ടമലയിലും, കാവുന്തലയിലും സര്‍ക്കാര്‍ വക നിക്ഷിപ്ത വനപ്രദേശം. കിനാനൂര്‍ കരിന്തളം പഞ്ചായത്തിനോടു ചേരുന്ന ഭാഗത്ത് പരപ്പച്ചാലും പീലാച്ചിക്കര ഫോറസ്റ്റും മനോഹരമായ താഴ്വരകളും. ഇതെല്ലാം ചേര്‍ന്നാല്‍ വെസ്റ്റ് എളേരി പഞ്ചായത്തിന്റെ ഏകദേശ മുഖചിത്രം ആകും. സമുദ്രനിരപ്പില്‍ നിന്നും ഏറെ ഉയര്‍ന്ന് നില്‍ക്കുന്ന ഭൂപ്രദേശമാണ് വെസ്റ്റ് എളേരിയുടേത്. അതുകൊണ്ട് തന്നെ പടിഞ്ഞാറന്‍ തീരപ്രദേശത്തിന്റേതില്‍ നിന്നും വളരെ വ്യത്യസ്തമായ മണ്‍തരമാണ് ഇവിടെ അധികവും കാണുന്നത്. അറക്കത്തട്ടു മുതല്‍ പരപ്പച്ചാല്‍ വരെയും കാക്കടവു മുതല്‍ ചെരുമ്പക്കോട് വരെയും കൂരാംകുണ്ട് മുതല്‍ ചെമ്മരങ്കയം വരെയും വ്യാപിച്ചു കിടക്കുന്ന വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിന് കമ്മാടത്തമ്മയുടെയും പെരുമ്പട്ട ഉറൂസിന്റെയും ചരിത്രമാണ് ഉള്ളത്. ജന്മിമാരുടെ അധികാരക്കുടക്കീഴില്‍ നാടന്‍കലകളും ഒപ്പം സംസ്ക്കാരവും കിളിത്ത് വന്നു എന്ന് ഐതിഹ്യം. തെക്കേകോവിലകം, കോട്ടയില്‍ വീട്, ഏച്ചിക്കാനം, കോണത്ത് വീട്, ഉദിനൂര്‍ ദേവസ്വം, കിണാവൂര്‍ കോവിലകം തുടങ്ങിയ ജന്മിമാരുടെ കീഴില്‍ എളേരി, മൌവ്വേനി, പറമ്പ, കമ്മാടം, പ്ളാച്ചിക്കര, അടുക്കളക്കണ്ട് എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളും ഉത്സവങ്ങളും നാടിന്റെ ചരിത്രസംസ്കൃതിയ്ക്ക് നല്‍കിയ സംഭാവന വലുതാണ്. ഇവ കൂടാതെ ചെറുതും വലുതുമായി അനേകം ആരാധനാലയങ്ങള്‍ വേറെയുണ്ട്. കുന്നുംകൈ കിഴക്കേക്കര മഖാമില്‍ ഉറൂസ് നടക്കുമ്പോഴും കോളിയാട് ക്ഷേത്രത്തില്‍ ഉത്സവം നടക്കുമ്പോഴും പരസ്പരം സഹകരണം നിലനിന്നിരുന്നു. പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന മുസ്ളീംപള്ളി പെരുമ്പട്ട പള്ളിയാണ്. മൌവ്വേനി പള്ളിയാണ് പഞ്ചായത്തിലെ ആദ്യത്തെ ക്രിസ്തീയ ആരാധനാലയം. ഹൈന്ദവ, ക്രൈസ്തവ, മുസ്ളീം മതവിഭാഗങ്ങള്‍ പരസ്പര സ്നേഹത്തിലും സാഹോദര്യത്തിലും ഐക്യത്തിലും കഴിയുന്ന പഞ്ചായത്താണ് വെസ്റ്റ് എളേരി. പറമ്പ, ചാമുണ്ടിക്കാവ്, നാട്ടക്കല്‍ മാരിയമ്മന്‍കാവ്, വരക്കാട് കാവ്, മൌക്കോട് കാവ്, കാവന്തലകാവ്, കമ്മാടംകാവ് എന്നീ കാവുകളില്‍ കമ്മാടം കാവ് അത്യപൂര്‍വ്വമായ ഔഷധങ്ങള്‍ക്കും  ചിത്രശലഭങ്ങള്‍ക്കും പേരുകേട്ടതാണ്. തുലാം 10 കഴിഞ്ഞാല്‍ സജീവമാകുന്ന ക്ഷേത്രങ്ങളും മാനവസ്നേഹത്തിന്റെ ഉത്കൃഷ്ട കേന്ദ്രങ്ങളായ മുസ്ളീം-ക്രിസ്ത്യന്‍ പള്ളികളും ഈ പ്രദേശത്തെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. നാടന്‍ കലാരൂപങ്ങളായ തെയ്യങ്ങളും നാടന്‍ പാട്ടുകളും തോറ്റങ്ങളും കോല്‍ക്കളിയും തുടികൊട്ടിക്കളിയും ആചാരക്കളിയും എല്ലാം ഈ പഞ്ചായത്തിന്റെ ഹൃദയത്തുടിപ്പുകള്‍ തന്നെ.