പഞ്ചായത്തിലൂടെ

വണ്ടൂര്‍  - 2010

1956 ജനുവരി ഒന്നിനാണ് വണ്ടൂര്‍ പഞ്ചായത്ത് രൂപീകരിച്ചത്. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കില്‍ വണ്ടൂര്‍ ബ്ളോക്ക് പിരിധിയില്‍ വരുന്ന പ്രദേശമാണ് വണ്ടൂര്‍ പഞ്ചായത്ത്. 59.45 ച. കി. മീ. വിസ്തൃതിയുള്ള പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ വടക്ക് നിലമ്പൂര്‍, അമരമ്പലം പഞ്ചായത്തുകള്‍, തെക്ക് പോരൂര്‍, കാളികാവ് പഞ്ചായത്തുകള്‍, കിഴക്ക് കാളികാവ്, ചോക്കാട് പഞ്ചായത്തുകള്‍, പടിഞ്ഞാറ് തിരുവാലി പഞ്ചായത്ത് എന്നിവയാണ്. 43750 വരുന്ന ജമസംഖ്യയില്‍ 21732 പേര്‍ പുരുഷന്‍മാരും 22018 പേര്‍ സ്ത്രീകളുമാണ്. മൊത്തം ജനതയുടെ സാക്ഷരത 90 ശതമാനമാണ്.ഭൂപ്രകൃതിയനുസരിച്ച് മലനാട് മേഖലയില്‍ വരുന്ന പ്രദേശമാണ് വണ്ടൂര്‍ ഗ്രാമപഞ്ചായത്ത്. ഉയര്‍ന്ന സമതലം, കുത്തനെയുള്ള ചെരിവ്, ചെറു ചെരിവുകള്‍, താഴ്വര, സമതലം എന്നിവയാണ് പഞ്ചായത്തിന്റെ പൊതു ഭൂപ്രകൃതി. നെല്ല്, തെങ്ങ്, കുരുമുളക്, മരച്ചീനി, വാഴ, റബ്ബര്‍ എന്നിവയാണ് പഞ്ചായത്തിലെ പ്രധാന കൃഷികള്‍. ഈ പഞ്ചായത്തിന്റെ വടക്കുഭാഗത്ത് കൂടി ഒഴുകുന്ന കുതിരപ്പുഴയുടെ ഏകദേശം 10 കി. മീ. ദൂരം ഈ പഞ്ചായത്തില്‍ പെട്ടതാണ്. ചെറുതും വലുതുമായ നിരവധി തോടുകളും ജലസ്രോതസ്സുകളില്‍ പെടുന്നു. അഞ്ചു കുളങ്ങളും പഞ്ചായത്തിലുണ്ട്.കിണറുകളാണ് പഞ്ചായത്തിലെ മുഖ്യ കുടിനീര്‍ സ്രോതസ്സ്. 150 കിണറുകള്‍ പഞ്ചായത്തിലുണ്ട്. 150 പൊതു കുടിവെള്ള ടാപ്പുകളും ജനങ്ങള്‍ ശുദ്ധജലത്തിനായി ഉപയോഗിക്കുന്നു. കമരികുന്ന്, മണലിമ്മല്‍ കുന്ന് എന്നിവ വണ്ടൂരിലെ ഉയര്‍ന്ന കുന്നിന്‍ പ്രദേശങ്ങളാണ്. ഏമങ്ങാട് അമരമ്പലം പ്രദേശങ്ങളില്‍ മൂന്നക്കറോളം വനമേഖലയാണ്. 471 തെരുവു വിളക്കുകള്‍ സ്ഥാപിച്ചിക്കുന്നത് രാത്രികാലങ്ങളില്‍ പഞ്ചായത്ത് വീഥികള്‍ സഞ്ചാരയോഗ്യമാക്കുന്നു. വ്യോമഗതാഗത രംഗത്ത് പഞ്ചായത്തിലെ ജനങ്ങള്‍ക്ക് ആശ്രയിക്കാവുന്ന ഏറ്റവും അടുത്ത വിമാനത്താവളം കരിപ്പൂരാണ്. വാണിയംകുളം റെയില്‍വേ സ്റ്റേഷനാണ് റെയില്‍ ഗതാഗതത്തിനായി പഞ്ചായത്തിന് അടുത്തുള്ളത്. മണലിമ്മല്‍ ബസ് സ്റ്റ്റാന്റ്, അങ്ങാടി പൊയില്‍ ബസ് സ്റ്റ്റാന്റ് എന്നിവിടങ്ങളിലാണ് പഞ്ചായത്തിലെ ബസ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്നത്. കാളികാവ്, മഞ്ചേരി, നിലമ്പൂര്‍, പാണ്ടിക്കാട്ട് പൊതുമരാമത്ത് റോഡുകളാണ് ആരംഭകാലത്ത് പഞ്ചായത്തിലുണ്ടായിരുന്നത്. പഞ്ചായത്തിലെ ഏറ്റവും പുരാതന റോഡ് ടിപ്പു സുല്‍ത്താന്‍ റോഡാണ്. വാണിയമ്പലം, അമരമ്പലം, പുളിക്കല്‍ നായാട്ടുകല്ല് റോഡ്, പള്ളിക്കുന്ന് കുറ്റിയില്‍റോഡ്, കുറ്റിയില്‍ പഴയ വാണിയമ്പലം റോഡ് എന്നിവ പഞ്ചായത്തിലെ പ്രധാന റോഡുകളാണ്. റോഡുകളെ ബന്ധിപ്പിച്ചുകൊണ്ട് വടക്കുംപാടം പാലം, കൂരാട് പാലം എന്നിവയും പഞ്ചായത്തിലുണ്ട്.മരത്തടി വ്യവസായവും ചെറുകിടവ്യവസായയൂണിറ്റായ തുകല്‍സംസ്കരണയൂണിറ്റും ഈ പഞ്ചായത്തില്‍ നിലനിന്നിരുന്നു. വാണിയമ്പലത്തെ മരത്തടിവ്യവസായവും ബ്രാംകോ അലുമിനിയം കമ്പനിയുമാണ് വണ്ടൂര്‍ പഞ്ചായത്തില്‍ ഇന്നുള്ള പ്രധാന വ്യവസായം. എം.എ.ആര്‍. ഹോളോബ്രിക്സ് ആണ് ചെറുകിട വ്യവസായ രംഗത്തുള്ള സ്ഥാപനം. പഞ്ചായത്തില്‍ രണ്ട് പെട്രോള്‍ ബങ്കുകളും രണ്ടു ഗ്യാസ് ഏജന്‍സികളും പ്രവര്‍ത്തിക്കുന്നു. പഞ്ചായത്തിന്റെ പൊതുവിതരണ മേഖലയില്‍ 17 റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുന്നു. ഒരു മാവേലിസ്റ്റോറും ഒരു നീതീസ്റ്റോറും  പൊതുവിതരണമേഖലയിലെ മറ്റു സംവിധാനങ്ങളാണ്. വണ്ടൂര്‍, വാണിയമ്പലം എന്നിവയാണ് പ്രധാന വ്യാപാരകേന്ദ്രങ്ങള്‍. വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോപ്ളക്സ് ഉള്‍പ്പെടെ 4 ഷോപ്പിംഗ് കോംപ്ളക്സുകള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. വണ്ടൂരാണ് മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. വ്യത്യസ്ത ജാതിമത വിഭാഗങ്ങള്‍ അധിവസിക്കുന്ന പ്രദേശമാണ് വണ്ടൂര്‍. ഇവരുടെ വിവിധ ആരാധനാലയങ്ങള്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. 48 മുസ്ളീം പള്ളികള്‍, 30 ക്ഷേത്രങ്ങള്‍, 2 ക്രിസ്ത്യന്‍ പള്ളികള്‍ എന്നിവയാണ് പഞ്ചായത്തിലെ പ്രധാന ആരാധനാലയങ്ങള്‍. വണ്ടൂര്‍ അമ്പലപ്പടിയിലെ ശിവക്ഷേത്രം സാമൂതിരിയുടെ പതിനെട്ടരക്കാവില്‍ പെട്ട ക്ഷേത്രങ്ങളിലൊന്നാണ്. കാപ്പില്‍ ക്ഷേത്രം, കുറ്റിയില്‍ അയ്യപ്പക്ഷേത്രം, മേലേമഠം അയ്യപ്പക്ഷേത്രം, വാണിയമ്പലം ബാണാപുര ക്ഷേത്രവും പഞ്ചായത്തിലെ പ്രധാന ക്ഷേത്രങ്ങളാണ്. മാപ്പിളകലാരംഗത്ത് ഓര്‍മ്മിക്കേണ്ട ശ്രദ്ധേയരായ വ്യക്തികള്‍ ഇവിടെ ജീവിച്ചിരുന്നു. പുലിക്കോട്ടില്‍ ഹൈദര്‍, പി. ടി. വീരാന്‍കുട്ടി മൌലവി, നെച്ചിക്കാടന്‍ കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ അവരില്‍ പ്രഥമസ്ഥാനീയരാണ്. കേരള സാഹിത്യ അക്കാഡമിയുടെ അവാര്‍ഡ് നേടിയ നാലകത്ത് കാസിമും ഈ നാട്ടുകാരനാണ്. നീലാമ്പ്ര മരക്കാര്‍ഹാജി, കെ. ടി. കുഞ്ഞാലിക്കുട്ടി മാസ്റ്റര്‍, നോവലിസ്റ്റ് കൃഷ്ണന്‍ പുല്ലൂര്‍, കാഥികന്‍ കെ. ബാപ്പു എന്നിവരും പഞ്ചായത്തിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളാണ്. പഞ്ചായത്തിലെ കലാ സാംസ്കാരിക രംഗത്തെ സാന്നിദ്ധ്യമാണ് പഞ്ചായത്ത് സാംസ്കാരിക നിലയം പള്ളിക്കുന്ന് ചലഞ്ച്, കാപ്പില്‍ ദേശാഭിമാനി ക്ളബ്ബ്, പനംപൊയില്‍ പ്രിയദര്‍ശിനി തുടങ്ങി 6 കലാകായിക സമിതികള്‍ പഞ്ചായത്തിലുണ്ട്. ആരോഗ്യപരിപാലനരംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ പഞ്ചായത്തിലുണ്ട്. വണ്ടൂരിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററാണ് പ്രാഥമിക ചികിത്സ ലഭ്യമാക്കുന്ന പഞ്ചായത്തിലെ പ്രധാന സ്ഥാപനം. ഇതിന്റെ ഉപകേന്ദ്രങ്ങള്‍ കൂരാട്, കരിമ്പത്തൊടി, അത്താണികൊറ്റം, നായാട്ടുകല്ല്, കാപ്പില്‍, കൊടമ്പാറ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. മാടക്കുളം, ശാന്തിനഗര്‍ എന്നിവിടങ്ങളില്‍ ആയുര്‍വ്വദ ആശുപത്രികളും, കൂരാട് ഒരു ഹോമിയോ ആശുപത്രിയും പ്രവര്‍ത്തിക്കുന്നു. വണ്ടൂര്‍ നിംസ് ഹോസ്പിറ്റല്‍ ആണ് സ്വകാര്യ മേഖലയിലുള്ള പ്രമുഖ ആരോഗ്യ സ്ഥാപനം. നിംസ് ഹോസ്പിറ്റല്‍, വണ്ടൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പഞ്ചായത്തില്‍  ആംബുലന്‍സ് സേവനം ലഭ്യമാകുന്നത്.1919-ല്‍ സ്ഥാപിച്ച ഹിന്ദു സ്കൂള്‍ ആണ് വിദ്യാഭ്യാസരംഗത്തെ പഞ്ചായത്തിലെ ആദ്യ സ്ഥാപനം. 1924-ല്‍ മദ്രസ എല്‍. പി. സ്കൂള്‍ ആരംഭിച്ചു. ഇന്ന് വിദ്യാഭ്യാസമേഖലയില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ വിവിധ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. പനംപൊയില്‍ ജി. എല്‍. പി. എസ്, ശാന്തി നഗര്‍ ജി. എല്‍. പി. എസ്, വണ്ടൂര്‍ എ. എല്‍. പി. എസ്, പൂക്കുളം ജി. എല്‍. പി. എസ്, വണ്ടൂര്‍ ഒ. എ. എല്‍. പി. എസ്, എസ് വി. എ. യു. പി. എസ് കാപ്പില്‍, എ. എല്‍. പി. എസ് വെള്ളാമ്പ്രം തുടങ്ങി 8 സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്നു. സ്വകാര്യമേഖലയില്‍ 4 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ആശ്രയ സ്പെഷ്യല്‍ സ്കൂളും പഞ്ചായത്തിലെ വിദ്യാഭ്യാസ രംഗത്തുള്ള പ്രമുഖ സ്ഥാപനമാണ്. പഞ്ചായത്തില്‍ 3 അഗതിമന്ദിരങ്ങളും സാമൂഹ്യസേവന രംഗത്തുണ്ട്. കാനറാ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, എസ്.ബി.ടി, ഫെഡറല്‍ ബാങ്ക് എന്നിവയുടെ ശാഖകള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. മലപ്പുറം ജില്ലാ സഹകരണ ബാങ്ക്, നിലമ്പൂര്‍ സഹകരണ അര്‍ബന്‍ ബാങ്ക്, വണ്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് എന്നിവ സഹകരണ മേഖലയില്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളാണ്. വണ്ടൂരില്‍ ആദ്യമായി ആരംഭിച്ച അമ്പലപ്പടിയിലുള്ള പ്രഭാത് വായനശാല ഇന്നും പ്രവര്‍ത്തിച്ചു വരുന്നു. വണ്ടൂര്‍ പബ്ളിക് ലൈബ്രറി, പഞ്ചായത്ത് ലൈബ്രറി, അബ്ദുള്‍ ഖാദര്‍ സ്മാരക വായനശാല എന്നിവയും പഞ്ചായത്തിലെ സാംസ്കാരികരംഗത്ത് പ്രവര്‍ത്തിക്കുന്നു. വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് വക കമ്മ്യൂണിറ്റിഹാളും ഒരു കല്ല്യാണമണ്ഡപവും പഞ്ചായത്തിലെ ജനങ്ങള്‍ പൊതുപരിപാടികള്‍ക്കും കല്ല്യാണാവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്നു.വണ്ടൂര്‍ കാളികാവ് റോഡിലാണ് വൈദ്യൂതി ബോര്‍ഡ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സബ്ട്രഷറി, സബ് രജിസ്ട്രാര്‍ ഓഫീസ്, ഡി. ഇ. ഒ. ഓഫീസ് തുടങ്ങി എട്ട് സര്‍ക്കാര്‍ ഓഫീസുകള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. വാട്ടര്‍ അതോറിറ്റി ഓഫീസ് വണ്ടൂര്‍ പ്രവര്‍ത്തിക്കുന്നു. വില്ലേജ് ഓഫീസ് വണ്ടൂരാണ് സ്ഥിതിചെയ്യുന്നത്. കാര്‍ഷിക രംഗത്തെ സേവനങ്ങള്‍ക്കായി വണ്ടൂരില്‍ ഒരു കൃഷിഭവന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വണ്ടൂര്‍ ഒരു പോലീസ് സ്റ്റേഷനും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസും പ്രവര്‍ത്തിക്കുന്നു. 4 തപാല്‍ ഓഫീസുകളും ഒരു ടെലിഫോണ്‍ എക്സ്ചേഞ്ചും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു.