വടക്കാഞ്ചേരി

തൃശ്ശൂര്‍ ജില്ലയില്‍ തലപ്പിള്ളി താലൂക്കിലാണ് വടക്കാഞ്ചേരി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ദേശമംഗലം, എരുമപ്പെട്ടി, കടങ്ങോട്, മുണ്ടത്തിക്കോട്, മുള്ളൂര്‍ക്കര, തെക്കുംകര, വരവൂര്‍, വേലൂര്‍, വടക്കാഞ്ചേരി എന്നീ ഗ്രാമപഞ്ചായത്തുകള്‍ വടക്കാഞ്ചേരി ബ്ളോക്കില്‍ സ്ഥിതി ചെയ്യുന്നു. ദേശമംഗലം, പല്ലൂര്‍, തലപ്പിള്ളി, ആറങ്ങോട്ടുകര, ചിറ്റാണ്ട, മുള്ളൂക്കര, കാഞ്ഞിരക്കോട്, ചിറമണങ്ങാട്, കടങ്ങോട്, എയ്യാല്‍, വെളളറകാട്, മുണ്ടത്തിക്കോട്, പൂതുരുത്തി, പെരിങ്ങണ്ടൂര്‍, മിണാലൂര്‍, പാര്‍ളിക്കാട്, ആറ്റൂര്‍, തെക്കുംകര, മണലിത്രകരിമത്ര, ആറ്റൂര്‍, വരവൂര്‍, പിലക്കാട്, തിച്ചൂര്‍, വടക്കാഞ്ചേരി, എങ്കക്കാട്, കുമാരനല്ലൂര്‍, കിരാലൂര്‍, വേലൂര്‍, തയ്യൂര്‍, വെള്ളാറ്റഞ്ഞൂര്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന വടക്കാഞ്ചേരി ബ്ളോക്കിന് 296.96 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. മലകളും മലമടക്കുകളും, ചെങ്കുത്തായ ഇറക്കങ്ങളും, സമതലങ്ങളും, മലമുകളില്‍ നിന്നൊഴുകുന്ന നീര്‍ച്ചോലകളും, താഴ്വാരങ്ങളും, നെല്‍പ്പാടങ്ങളും അടങ്ങിയതാണ് ഈ ബ്ളോക്ക് പഞ്ചായത്തിന്റെ ഭൂപ്രകൃതി. വടക്കാഞ്ചേരി ബ്ളോക്കുപ്രദേശത്തുള്‍പ്പെടുന്ന എല്ലാഗ്രാമങ്ങള്‍ക്കും തനതായ സ്ഥലനാമചരിത്രമുണ്ട്. പുരാതനകാലത്ത് നമ്പൂതിരി-ബ്രാഹ്മണ കുടിയേറ്റമുണ്ടായ സ്ഥലങ്ങളെയൊക്കെ തന്നെ “മംഗലം” എന്ന് പൊതുവായി ചേര്‍ത്തുപറയാറുണ്ടായിരുന്നു. ഒരു പ്രധാന നമ്പൂതിരി ഗ്രാമമെന്ന നിലയ്ക്കാണ് “ദേശമംഗലം” എന്ന പേര് ഈ ഗ്രാമത്തിനു സിദ്ധിച്ചത്. എരുമകള്‍ ധാരാളമുള്ള ഗ്രാമം ‘എരുമപ്പെട്ടി’ എന്ന പേരിലറിയപ്പെട്ടു. ഘോരവനം എന്നര്‍ത്ഥത്തില്‍ വരുന്ന കൊടുംകാട് എന്നറിയപ്പെട്ടിരുന്ന പ്രദേശമാവാം പിന്നീട് കടങ്ങോട് എന്നായി മാറിയത്. ദുര്‍ഗാദേവിയായ പാര്‍വതി പതിരിക്കോട്ടു കാവില്‍ കുടികൊള്ളുന്നുവെന്നും മുണ്ടത്തിയായ ദുര്‍ഗയുള്ള പ്രദേശമായതിനാല്‍ മുണ്ടത്തിക്കോട് ഗ്രാമത്തിന് ആ പേരു വന്നുവെന്നും പറയപ്പെടുന്നു. മുണ്ടത്തി എന്ന ഒരിനം മീന്‍ ധാരാളം ഉണ്ടായിരുന്ന ഒരു തോട് ഈ പ്രദേശത്തുണ്ടായിരുന്നുവെന്നും, മുണ്ടത്തിത്തോട് ക്രമേണ മുണ്ടത്തിക്കോടായി പരിണമിച്ചതാണെന്നുമുളള വ്യത്യസ്താഭിപ്രായങ്ങളുമുണ്ട്.