ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം
തൃപ്പൂണിത്തുറയുടെ ഭാഗമായിരുന്നു പഴയകാലത്ത് ഇന്നത്തെ വൈറ്റില ബ്ളോക്കുപ്രദേശം. ഇവിടത്തെ ഇല്ലക്കാര്‍ ചേര്‍ന്ന് അഞ്ചു വര്‍ഷത്തേക്ക് ഒരു ദേശവാഴിയെ കണ്ടെത്തുകയായിരുന്നു പതിവ്. കൊച്ചി മഹാരാജാവിന്റെ ആസ്ഥാനമായ തൃപ്പൂണിത്തുറ കോവിലകത്തിന്റെ പടിഞ്ഞാറു ഭാഗത്തു സ്ഥിതി ചെയ്യുന്ന മരട്, കുമ്പളം പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് വൈറ്റില ബ്ളോക്കു പഞ്ചായത്ത്. തൃപ്പൂണിത്തുറയുടെ ഭാഗമായിരുന്ന ഇന്നത്തെ വൈറ്റില ബ്ളോക്കു പഞ്ചായത്തു പ്രദേശം പുരാതന കാലം മുതല്‍ തന്നെ നിരവധി ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ളതാണ്. കുമ്പളം, പനങ്ങാട്, മാടവന, ഉയത്തുംവാതില്‍, ചാത്തമ്മ, ചേപ്പനം എന്നീ സ്ഥലങ്ങള്‍ ചേര്‍ന്ന കുമ്പളം വില്ലേജ് പ്രാചീനമായൊരു വിജ്ഞാനവേദിയായിരുന്നു. അവിടത്തെ ഇല്ലക്കാര്‍ ചേര്‍ന്ന് അഞ്ചുവര്‍ഷത്തേക്ക് ഒരു ദേശവാഴിയെ കണ്ടെത്തിയിരുന്നു. ഇവിടെ പാട്ടമാണ്ടുകോവില്‍ എന്ന സ്ഥാനപ്പേരുള്ള ഒരു നമ്പൂതിരിയുടെ നിയന്ത്രണത്തില്‍ ഉദയതുംഗേശ്വരത്ത് പണ്ഡിതസഭ എന്ന ഒരു വിശ്രുതവിദ്യാലയം നിലനിന്നിരുന്നു. ഭട്ടാചാര്യരുടെ ശിഷ്യനായ പ്രഭാകരഗുരുക്കള്‍, മലയാള ബ്രാഹ്മണരെ ശാസ്ത്രം അഭ്യസിപ്പിക്കുന്നതിന് ഭട്ടമനയില്‍ (ഇന്നത്തെ പട്ടമന) താമസിച്ചിരുന്നതായി ചരിത്രരേഖകളില്‍ കാണുന്നു. രാജ്യത്തെ വിദ്വാന്‍മാര്‍ എന്ന് അറിയപ്പെട്ടിരുന്നവര്‍ കുമ്പളം സഭായോഗത്തില്‍ ഇടയ്ക്കിടയ്ക്ക് ഒത്തുകൂടി ഉപനിഷത്തുകളെക്കുറിച്ച് ചര്‍ച്ചകളും തര്‍ക്കങ്ങളും നടത്തുക പതിവായിരുന്നുവെന്ന് പറയപ്പെടുന്നു. ഇതില്‍ പങ്കെടുത്തിരുന്ന വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ യുക്തിയുക്തങ്ങളായ സംവാദങ്ങള്‍ കൊണ്ട് ആ സഭ കൊഴുപ്പിച്ചിരുന്നു. ഇന്നത്തേപ്പോലെ സര്‍വ്വകലാശാലകള്‍ ഇല്ലാതിരുന്ന അക്കാലത്ത് വിദ്യാനിലവാരം പ്രദര്‍ശിപ്പിക്കുന്ന വേദി കൂടിയായിരുന്നു പണ്ഡിതസഭകള്‍. അത്തരത്തില്‍ വേന്ദനാട്ടു ഗ്രാമങ്ങളുടെ പണ്ഡിതസഭയായി തീര്‍ന്നതാണ് കുമ്പളം സഭാമഠം. കൊച്ചിമഹാരാജാവിന്റെ കാലത്തെ നടമ വില്ലേജിന്റെ ഭാഗമായിരുന്ന മരടിപ്പറമ്പ് ലോപിച്ചാണ് ഇന്നത്തെ മരട് ആയത്. മരട് വില്ലേജ് രൂപീകരിച്ചപ്പോള്‍ മരട്, കുണ്ടന്നൂര്‍, നെട്ടൂര്‍, വളന്തകാട് എന്നീ പ്രദേശങ്ങള്‍ പ്രസ്തുത വില്ലേജില്‍ ഉള്‍പെട്ടു. തൃപ്പൂണിത്തുറയുമായുണ്ടായിരുന്ന സമ്പര്‍ക്കം ഈ പ്രദേശത്തെ ജനങ്ങളെ സംസ്കൃതചിത്തരും വിജ്ഞാനികളും ആക്കിത്തീര്‍ക്കാന്‍ വളരെയേറെ സഹായിച്ചിട്ടുണ്ട്. ഈ പ്രദേശത്തിനെ ശ്രീപൂര്‍ണ്ണത്രയീശ്വര ക്ഷേത്രക്കരയുമായി ബന്ധപ്പെടുത്തി ബ്രിട്ടീഷുകാരുടെ കാലത്തു പണിത സുപ്രസിദ്ധമായ ഇരുമ്പുപാലവും അതിനു വടക്കുഭാഗത്തുകൂടിയുള്ള പനംകുറ്റി പലവും (ഇന്നത്തെ പേട്ട പാലം) നാലുചുറ്റും വെള്ളത്താല്‍ ചുറ്റപ്പെട്ട ഈ പ്രദേശത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്നു. കാര്‍ഷിക പ്രധാനമായ മരട് ഗ്രാമം കുളങ്ങളും തോടുകളും ഏറെയുള്ള പ്രകൃതിമനോഹരമായ പ്രദേശമാണ്. കായലില്‍ക്കൂടിയുള്ള ഗതാഗതവും സ്വച്ഛശീതളമായ ഗ്രാമാന്തരീക്ഷവും മരടില്‍ ഒരു കൊട്ടാരം പണിയുന്നതിന് കൊച്ചി മഹാരാജാവിന്റെ സാമന്തരാജാവായിരുന്ന പറവൂര്‍ രാജാവിനെ പ്രേരിപ്പിച്ചു. കൊച്ചി രാജാവും പറവൂര്‍ രാജാവും ഭരണകാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നത് ഇവിടെ വച്ചായിരുന്നു. പ്രസ്തുത കൊട്ടാരം ഇന്ന് നിലവിലില്ല. ആ സ്ഥലത്ത് മംഗലപ്പിള്ളി അച്ചന്മാരുടെ കുടുംബപരദേവതയായിരുന്ന ഭഗവതിയെ പ്രതിഷ്ഠിച്ച് പൂജിച്ചുപോരുന്നു. ഈ ക്ഷേത്രത്തിലെ തിരുവുത്സവം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഒരുമയോടെ ആഘോഷിക്കുന്നു. കൊച്ചിയിലെ ചെമ്പിട്ട പള്ളിയും വടുതല കോട്ടൂര്‍ പള്ളിയും നിര്‍മ്മിച്ച സെയ്തു മൌലാന ബുഖാരി തങ്ങളാണ് ഏകദേശം 400 വര്‍ഷങ്ങള്‍ക്കു മുമ്പ് നെട്ടൂര്‍ മുസ്ളീംപള്ളി സ്ഥാപിച്ചത്. കുഴിക്കാണം കൊടുക്കാന്‍ കഴിയാതെ മയ്യത്തുമായി തോപ്പുംപടി പുത്തന്‍ പള്ളിയില്‍ നിന്നും തിരികെ നെട്ടൂര്‍ക്കു പോന്ന ഒരു പാവപ്പെട്ട മുസ്ളീംകുടുംബം അനുഭവിക്കേണ്ടിവന്ന യാതനാപൂര്‍ണ്ണമായ അവസ്ഥ മനസ്സിലാക്കിയാണ് അദ്ദേഹം ഈ പള്ളി സ്ഥാപിച്ചതെന്ന് ഒരു കഥയുണ്ട്. പ്രശസ്തമായ ഈ പള്ളിയിലെ മുഖാമില്‍ നടന്നു വരുന്ന ചന്ദനക്കുട മഹോത്സവം നാനാജാതി മതസ്ഥരുടെയും പരിപൂര്‍ണ്ണ സഹകരണത്തോടെ നടന്നുവരുന്നത്. മരട് മൂത്തേടം പള്ളി ഈ പ്രദേശത്തെ ആദ്യത്തെ ക്രിസ്തീയ ദേവാലയമാണ്. വാഴ്ത്തപ്പെട്ട ഫാദര്‍ വാകയിലച്ചന്‍ ഈ പള്ളിയുമായി ബന്ധപ്പെട്ട് വളരെ വര്‍ഷങ്ങള്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളും സാമൂഹ്യപ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. അദ്ദേഹത്തിന്റെ തിരുനാളാഘോഷം ഇന്നാട്ടിലെ മുഴുവന്‍ ജനങ്ങളും ഒരുമയോടെ കൊണ്ടാടിവരുന്നു. തെക്കന്‍കാശി എന്നറിയപ്പെടുന്ന നെട്ടൂര്‍ മഹാദേവക്ഷേത്രം പിതൃബലിതര്‍പ്പണകേന്ദ്രം എന്ന നിലയില്‍ വളരെ പ്രശസ്തമാണ്. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിനാളുകള്‍ വന്ന് പിതൃതര്‍പ്പണം നടത്തിപോകുന്നു. കര്‍ക്കിടകവാവുദിവസം ഭക്തജനങ്ങള്‍ ജലഘോഷയാത്രയായി ക്ഷേത്രത്തിലേയ്ക്കു വന്നിരുന്ന കാഴ്ച അതിമനോഹരമായിരുന്നു. ഇന്നിപ്പോള്‍ അത്തരം ജലഘോഷയാത്രകള്‍ അന്യം നിന്നു പോയിരിക്കുന്നു. ശക്തന്‍ തമ്പുരാന്റെ പ്രഗത്ഭനായ മന്ത്രിയായിരുന്ന പണിക്കരു കപ്പിത്താന്റെ നാടും വീടും കുമ്പളത്തായിരുന്നു. അദ്ദേഹം താമസിച്ചിരുന്ന സ്ഥലത്ത് ഇന്ന് അദ്ദേഹത്തിന്റെ വാളും പരിചയും വച്ച് ആരാധിക്കുന്ന ഒരു കുടുംബക്ഷേത്രം നിലവിലുണ്ട്. ജന്മിത്വത്തിന്റെ ഭീകരാന്തരീക്ഷം നിലനിന്നിരുന്ന കാലത്ത് ചാത്തമ്മ, ചേപ്പനം പ്രദേശങ്ങളില്‍ താമസിച്ചിരുന്ന കീഴ്ജാതിക്കാരായ ജനതയ്ക്കു വളരെയധികം യാതനകള്‍ അനുഭവിക്കേണ്ടിവന്നിരുന്നു. ഈ പ്രത്യേക സാഹച്യത്തില്‍ അവിടെ എത്തിച്ചേര്‍ന്ന ഫാദര്‍ ജോസഫ് പൈനുങ്കല്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവുകയും വളരെപ്പേരെ മതപരിവര്‍ത്തനം ചെയ്യിക്കുകയും ചെയ്തു. അദ്ദേഹം സ്ഥാപിച്ച പള്ളിയാണ് ചാത്തമ്മയില്‍ ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. ദേശീയ പ്രസ്ഥാനത്തിന്റെ അലയൊലികള്‍ ഇന്ത്യയിലെമ്പാടും മുഴങ്ങിയിരുന്ന കാലത്തു തന്ന കുമ്പളം, മരട് പ്രദേശങ്ങളില്‍ കോണ്‍ഗ്രസ്സും പ്രജാ സോഷ്യലിസ്റ്റു പാര്‍ട്ടിയും രൂപം കൊണ്ടിരുന്നു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന്റെ ഫലമായി ഈ പ്രദേശത്തുനിന്നുള്ള ബെമ്പാട്ട് ബാബൂറാവു ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. മരടില്‍, തൃപ്പൂണിത്തുറയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന ഒരു കൈത്തറിത്തൊഴിലാളി സംഘടനയും, കുമ്പളത്ത് എറണാകുളം കോമ്പാറയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന ബീഡിത്തൊഴിലാളി സംഘടനയുമാണ് ഇവിടുത്തെ ആദ്യകാല തൊഴിലാളി യൂണിയനുകള്‍. സാമൂഹ്യ പരിഷ്കര്‍ത്താക്കളായ ശ്രീനാരായണ ഗുരുവും പണ്ഡിറ്റ് കറുപ്പനും ഈ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു കൊണ്ട് അധ:സ്ഥിതരുടെ മോചനത്തിനായി പല മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുകയും ചെയ്തിട്ടുണ്ട്. 1935-ലെ ക്ഷേത്രപ്രവേശന വിളംബരവും 1970-ലെ കാര്‍ഷിക പരിഷ്കരണ നിയമവും സാമൂഹ്യ-സാമ്പത്തിക രംഗങ്ങളില്‍ വളരെയേറെ മാറ്റങ്ങള്‍ക്കിടയാക്കി. അതേ തുടര്‍ന്ന്, വിദ്യാഭ്യാസ-സാംസ്ക്കാരിക രംഗങ്ങളില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കിടയിലും അഭൂതപൂര്‍വ്വമായ വളര്‍ച്ച ഉണ്ടായി. കാര്‍ഷിക മത്സ്യഗവേഷണ മേഖലയില്‍ ഭാരതത്തിന്റെ തിലകക്കുറിയായി പനങ്ങാട് ഫിഷറീസ് കോളേജ് പ്രവര്‍ത്തിച്ചുവരുന്നു.
 
Archive