ചരിത്രം

പുരാതന വൈത്തിരി പ്രദേശത്തേക്ക് ആന്ധ്രപ്രദേശ്, കര്‍ണ്ണാടക, തമിഴ്നാട്, മലബാര്‍, തിരുവിതാംകൂര്‍ എന്നീ ഭാഗങ്ങളില്‍ നിന്നുള്ള കുടിയേറ്റം പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളില്‍ ആരംഭിച്ച് പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യ ദശകങ്ങള്‍ വരെ തുടര്ന്നതായി കാണാം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യദശകങ്ങള്‍ ആയപ്പോഴേക്കും വൈത്തിരി, ഒരു കോസ്മോ പൊളിറ്റന്‍ ചായ്വിലേക്ക് എത്തിത്തുടങ്ങിയിരുന്നു. വന്ദ്യവയോധികരുടെ ബാക്കിയുള്ള ഓര്‍മ്മകളുടെ ചെപ്പേടുകളും സര്‍ വില്ല്യം ലോഗന്റെ മലബാര്‍ മാന്വലും അല്പം ചില ചരിത്ര സ്മാരകങ്ങളും വൈത്തിരിയുടെ ചരിത്ര നിര്‍മ്മാണത്തെ സഹായിച്ചിട്ടുണ്ട്. ടിപ്പുസുല്‍ത്താന്റെ പടയോട്ടകാലത്ത് സൈനിക ആവശ്യങ്ങള്‍ക്ക് വേണ്ടി നിര്‍മ്മിച്ചതുമായിരുന്നു താമരശ്ശേരി മലമ്പാത. 1773-ല്‍ കുടക് പിടിച്ചെടുത്ത ഹൈദരാലി കോഴിക്കോട്ടേക്ക് പോയത് ഈ പാതയിലൂടേയാണ്. പഴശ്ശിരാജാവിന്റെ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ കമ്പനിസൈന്യത്തിന്റെ കമാന്‍ഡറായിരുന്ന ആര്‍തര്‍ വെല്ലസ്ളി തെരഞ്ഞെടുത്ത തന്ത്രപ്രധാനമായ മാര്‍ഗ്ഗവും ഇതുതന്നയായിരുന്നു. 1805 നവംബര്‍ 30-ാം തീയതി പഴശ്ശിരാജാവ് ബ്രീട്ടിഷുകാരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരചരമം പ്രാപിച്ചതോടെ വയനാട് എന്ന ഭൂപ്രദേശം ഇംഗ്ളീഷ് ഈസ്റ് ഇന്ത്യാകമ്പനിയുടെ കീഴിലായി. പിന്നീട് അവര്‍ വയനാടന്‍ മേഖലയില്‍ സ്വര്‍ണ്ണം കണ്ടെത്താനുള്ള ശ്രമങ്ങളിലേക്കു തിരിഞ്ഞു. വൈത്തിരിയില്‍ ചാരിറ്റി, അരുണഗിരി, പൂക്കോട് എന്നീ പ്രദേശങ്ങളില്‍ ഇങ്ങനെ ഖനനം നടന്നിരുന്നു. സ്വര്‍ണ്ണഖനനം ലാഭകരമല്ലാതായോടെ വലിയ രീതിയില്‍ കാപ്പി, തേയില തോട്ടങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു.

സാമൂഹിക ചരിത്രം

 വൈത്തിരി അങ്ങാടിയിലെ ആദ്യകാല താമസക്കാര്‍ ആന്ധ്രപ്രദേശില്‍ നിന്നും കണ്ണൂരില്‍ താവളമടിച്ച് അവിടെ നിന്നും പല കൈവഴികളായി പിരിഞ്ഞു വൈത്തിരിയിലുമെത്തിയ യാദവരാണെന്ന് കരുതപ്പെടുന്നു. വൈത്തിരി ടൌണിന്റെ ഹൃദയഭാഗം കേന്ദ്രമാക്കി താമസമാക്കിയ ഇവരുടെ സന്തതിപരമ്പരകള്‍ ഇന്ന് വൈത്തിരിയുടെ സാമൂഹ്യ-സാംസ്ക്കാരിക മണ്ഡലങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത ഒരു സ്വാധീന ശക്തിയാണ്. 19 -ാം നൂറ്റാണ്ടിന്റെ ആരംഭഘട്ടത്തില്‍ മലബാര്‍ പ്രദേശത്തു നിന്നും പഞ്ചായത്തിന്റെ കോളിച്ചാല്‍ പ്രദേശത്തും നിന്നും തലശ്ശേരിയില്‍ നിന്നും 12-ാം പാലം ജൂബ്ളി പ്രദേശങ്ങളിലും മലയാളം പ്ളാന്റേഷന്‍ തുടങ്ങിയ എസ്റേറ്റുകളില്‍ നിന്നും തമിഴ്നാട്, കര്‍ണ്ണാടക, കേരള സംസ്ഥാനത്തില്‍ വിവിധ ഭാഗങ്ങള്‍ എന്നിവടങ്ങളില്‍ നിന്നും വന്നത്തിയവരാണ് ആദ്യകാലകുടിയേറ്റക്കാര്‍. 1940-50-60 കാലഘട്ടങ്ങളില്‍ തിരുവിതാംകൂര്‍ ഭാഗത്തു നിന്നും കുടിയേറി സ്വകാര്യഭൂമി സമ്പാദിച്ചവരും തോട്ടം മേഖലയില്‍ തൊഴില്‍ നേടിയവരും ആയിരിക്കണം വൈത്തിരിയുടെ ഇന്നത്തെ ജനസാമാന്യത്തിന് അടിത്തറ പാകിയത്.വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ ജനസംഖ്യയുടെ ഏകദേശം മുക്കാല്‍ ഭാഗത്തോളം വരുന്ന തോട്ടം തൊഴിലാളികളുടെ സാമൂഹ്യ-സാംസ്ക്കാരിക മണ്ഡലങ്ങളിലെ സ്പന്ദനം വൈത്തിരിയുടെ ചരിത്രമാണ്. ഒരു പാടിമുറിയില്‍ നാലും അഞ്ചും കുടുംബങ്ങള്‍ ഒന്നിച്ചു കഴിഞ്ഞുകൂടിയിരുന്നു. വൈകുന്നരം കോല്‍ മേസ്ത്രി മുറിയുടെ വാതില്‍ പുറമെ നിന്ന് പൂട്ടും. വിസര്‍ജ്ജനത്തിന് ഒരു മണ്‍കലം മുറിയില്‍ വെച്ചു കൊടുക്കും. സുഖമില്ലാതെ കിടക്കുന്നവരെയും വെറുതേ വിട്ടിരുന്നില്ല. തൊഴിലാളി ഓടിപ്പോയാല്‍ എവിടെ നിന്നങ്കിലും പിടിച്ചുകൊണ്ടുവന്ന് അതിഭീകരമായ മര്‍ദ്ദനങ്ങള്‍ക്ക് വിധേയരാക്കുമായിരുന്നു. കങ്കാണി വ്യവസ്ഥിതിയില്‍ തൊഴിലാളികളുടെ കൂലി മേസ്ത്രിമാര്‍ വാങ്ങി തൊഴിലാളികള്‍ക്ക് കൊടുത്തിരുന്ന വ്യവസ്ഥിതിക്കെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു.. 1937 ല്‍ ചുണ്ടേല്‍ എസ്റ്റേറ്റ് മാനേജര്‍ മി.ജേ.എഗ്വിന്‍ എസ്ക്വയര്‍ കൂലിക്കാര്‍ക്ക് ഇടനിലക്കാരെ ഒഴിവാക്കി കൂലി നേരിട്ടു നല്‍കി. 1948 ല്‍ സ്ത്രീ പുരുഷ തൊഴിലാളികള്‍ക്ക് കൂലി യഥാക്രമം 12,14 അണയുണ്ടായിരുന്നത് 1996 ആയപ്പോഴേക്കും ഏകദേശം 52 രൂപയോളമായി. ഇതിന് പുറമേ മറ്റാനുകുല്യങ്ങളും. ഈ പരിണാമത്തിന് കളമൊരുക്കിയ സംഭവങ്ങളില്‍ ഒന്നാണ്. 1956-ല്‍ കെ.കുമാരന്‍ നടത്തിയ 19 ദിവസത്തെ ഐതിഹാസികമായ നിരഹാരസമരം. അന്ന് കോഴിക്കോടുണ്ടായിരുന്ന മദ്രാസ് മുഖ്യമന്ത്രി സി.രാജഗോപാലാചാരി മന്ത്രി കുട്ടികൃഷ്ണന്‍ നായരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി നിരാഹാരം അവസാനിപ്പിക്കാന്‍ വേണ്ട ഉറപ്പുകള്‍ നല്‍കിയെന്നും ചില രേഖകളില്‍ കാണുന്നു. ഇതാണ് പിന്നീട് മദ്രാസ് കരാറിന് അടിത്തറ പാകിയത്. ദേശീയ പ്രസ്ഥാനത്തിന്റെ സ്പന്ദനം വൈത്തിരിയേയും തൊട്ടുണര്‍ത്തിയിരുന്നു. 1937-ല്‍ തന്ന മഹാത്മജിയുടെ ഛായാപടം പഞ്ചായത്ത് ഓഫീസില്‍ സ്ഥാപിക്കുവാന്‍ ഭരണസമിതി തീരുമാനിച്ചിരുന്നു. സ്റേറ്റ് കോണ്‍ഗ്രസ്സ് തടവുകാരെ തിരുവിതാംകൂര്‍ മഹാരാജാവിന്റെ ജന്മനാളില്‍ മോചിപ്പിക്കാന്‍ വേണ്ടി ക്രിമനല്‍ ഭേദഗതി നിയമം നിര്‍ത്തിവെക്കാന്‍ തീരുമാനമായതിനു ഭരണസമിതി നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്. 1934 ജനുവരി 14 ന് മഹാത്മജിക്ക് ലക്കിടിയില്‍ സ്വീകരണം കൊടുത്തതും പ്രതിപാദിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് വൈത്തിരിയില്‍ ഒരു ബോര്‍ഡ് സ്കൂളായിരുന്നു ആദ്യകാലങ്ങളില്‍ ഉണ്ടായിരുന്നത്. പിന്നീട് ചൂണ്ടേല്‍ ആര്‍.സി സ്കൂള്‍ സ്ഥാപിതമായി.ഗതാഗതത്തില്‍ 1773 ല്‍ ടിപ്പു സൈനിക നീക്കങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന മലമ്പാത ബ്രിട്ടീഷുകാരുടെ കാലമായപ്പോഴേക്കും പ്രാകൃത രൂപത്തിലുള്ള നിരത്തുകളായി രൂപാന്തരപ്പെട്ടിരുന്നു. 1936 കാലമായപ്പോഴേക്കും മണ്‍ റോഡുകളായി ഇവയിലുണ്ടായിരുന്ന പൊടിശല്യം ശമിപ്പിക്കാന്‍ ഭരണസമിതി രണ്ടു നേരവും വെള്ളം നനച്ചിരുന്നു. യഥേഷ്ടം കാളവണ്ടികള്‍ ഉപയോഗിച്ചിരുന്ന അക്കാലത്ത് പഴയ വൈത്തിരിയില്‍ ഒരു വണ്ടിപ്പേട്ടയും വൈത്തിരിയില്‍ ഒരു പൊന്തുചന്തയും ഉണ്ടായിരുന്നു. കോഴിക്കോട്-വയനാട് മേഖലകളില്‍ ബസ് റൂട്ടുകള്‍ നടത്തിയിരുന്ന രണ്ടു പ്രമുഖ കമ്പനികളായിരുന്ന സി.ഡബ്ള്യൂ.എം.എസ്(എം) സി.ഡി.എ ലിമിറ്റഡ് എന്നിവയുടെ ആസ്ഥാനം യഥാക്രമം ചൂണ്ടയും പഴയ വൈത്തിരിയുമായിരുന്നു. ആദ്യകാലങ്ങളില്‍ കോഴിക്കോട്-മൈസൂര്‍, കോഴിക്കോട്-ഊട്ടി, കോഴിക്കോട്-മാനന്തവാടി എന്നിങ്ങനെ 3 റൂട്ടുകളിലെ ബസ്സുകളാണ് വയനാട്ടില്‍ ഉണ്ടായിരുന്നത്. കരി കൊണ്ട് ഓടിയിരുന്ന ബസ്സുകളാണ് ആദ്യകാലങ്ങളില്‍ ഉപയോഗിച്ചിരുന്നത്. ഒരു കാലത്ത് മുന്‍സിഫ് കോടതി വരെ ഉണ്ടായിരുന്ന താലൂക്ക് ആസ്ഥാനത്തു നിന്നും ഓഫീസുകള്‍ പലതും സമീപ പ്രദേശമായ കല്‍പ്പറ്റയിലേക്ക് കൂടുമാറിപ്പോയി.

ടൂറിസം

ഒരു കാലത്ത് നിബിഡ വനമായിരുന്ന വൈത്തിരി പ്രദേശം വനസമ്പത്ത് കൊണ്ടും, വന്യജീവി സമ്പത്ത് കൊണ്ടും സമ്പുഷ്ടമായിരുന്നു.ടൂറിസത്തിന് വന്‍ സാധ്യതകളുള്ള ഒരു പ്രദേശമാണ് വൈത്തിരി. വശ്യസുന്ദരമായ പ്രകൃതിഭംഗിയും സുഖശീതളമായ കാലാവസ്ഥയും ഡാര്‍ജിലിംഗ് കുന്നുകളെ അനുസ്മരിപ്പിക്കുന്ന ചെറുകുന്നുകളും കണ്ണെത്താദൂരത്തോളം വ്യാപിച്ചു കിടക്കുന്ന തേയിലത്തോട്ടങ്ങളും വിദൂരതയില്‍ സഹ്യന്റെ ഇളം കറുപ്പാര്‍ന്ന മലനിരകളും കേരളത്തിന്റെ ചിറാപുഞ്ചി ആയ ലക്കിടി ഇവിടെയാണെങ്കിലും അതിഥിയെപ്പോലെ കടന്നുവരുന്ന കോടമഞ്ഞാണ് ലക്കിടിയുടെ സൌന്ദര്യം.വൈത്തിരി ടൌണില്‍ നിന്നും 3 കി.മീ മാറി പൂക്കോട് സ്ഥിതി ചെയ്യുന്ന പ്രകൃതിദത്തമായ ശുദ്ധജല തടാകം നിത്യഹരിത വനങ്ങളാലും കുന്നുകളാലും ചുറ്റപ്പെട്ട് കിടക്കുന്നു. ഇവിടെ ബോട്ടിംഗ് സൌകര്യങ്ങളും കുട്ടികള്‍ക്കായുള്ള പാര്‍ക്കും കരകൌശല വസ്തുക്കളുടെ വില്പനശാലയും ഉണ്ട്. വിവിധയിനം മത്സ്യങ്ങളുടെ ഒരു ശുദ്ധജല അക്വേറിയവും ഇവിടെയുണ്ട്.ഏകദേശം 75 വര്‍ഷം മുമ്പ് ഈ സ്ഥലം പൂക്കോട് എസ്റ്റേറ്റ് എന്ന പേരില്‍ ബ്രിട്ടീഷുകാരുടെ ഉടമസ്ഥതയിലായിരുന്നു. ഇന്നത്തെ തടാകത്തിന് അടുത്തായി ബ്രിട്ടീഷുകാരുടെ ബംഗ്ളാവും നീന്തല്‍കുളങ്ങളും മറ്റുമുണ്ടായിരുന്നു.തടാകത്തിന്റെ കിഴക്കേ, ഭാഗത്തായി, പുരാതനമായ ഒരു സെമിത്തേരി ഇന്നും നിലനില്‍ക്കുന്നു. കാലപ്പഴക്കം കൊണ്ടോ മറ്റോ കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭ്യമല്ലെങ്കിലും ഒരു കുഴിമാടത്തിന്റെ ശിലാഫലകത്തില്‍ (വാള്‍ട്ടര്‍ 24 ആഗസ്റ് 1878, സര്‍ഫീല്‍ഡ് ലോഡ്ജ് ഇംഗ്ളണ്ട്) എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്തുകൊണ്ടും ചരിത്രപ്രധാന്യമുള്ള സ്ഥലമാണ് പൂക്കോട് തടാകം.മിത്തും നിഗൂഡതയും പേറി വയനാട്ടിലേക്ക് പ്രവേശിക്കുന്ന ഏതൊരു നവാഗതനേയും സ്വാഗതം ചെയ്ത് ഇന്നും ലക്കിടിയില്‍ ചങ്ങലമരം നിലനില്‍ക്കുന്നു. പണ്ടു കാലത്തെങ്ങോ ലക്കിടി ഭാഗങ്ങളില്‍ വാഹനങ്ങള്‍ക്കും യാത്രകാര്‍ക്കും ഭീഷണിയായി ഒരു പ്രേതാത്മാവ് ചരിച്ചിരുന്നുവെന്ന് ഒരുവിശ്വാസമുണ്ട്. വയനാടന്‍ മലമ്പാതയില്‍ കൂടിയുള്ള വഴി കാണിച്ചുകൊടുത്ത ഒരു ആദിവാസിയെ ബ്രിട്ടീഷുകാരനായ എഞ്ചിനീയര്‍ വധിച്ചുവെന്നും ആ ആദിവാസിയുടെ ആത്മാവാണ് ഇങ്ങനെ ശല്യമുണ്ടാക്കിയിരുന്നത് എന്നും പറയപ്പെടുന്നു. ഈ വഴി പോകാനിടയായ ഒരു ദിവ്യനെ ഇത് ശല്യം ചെയ്തു എന്നും ദിവ്യന്‍ അടുത്തുകണ്ട ഏതോ വള്ളിയെടുത്ത് ബാധയെ മരത്തില്‍ ബന്ധിച്ച എന്നുമാണ് ഐതിഹ്യം. വളരെയധികം ടൂറിസ്റ്റുകളെ ഇത് ആകര്‍ഷിക്കുന്നുണ്ട്.

ചരിത്രപശ്ചാത്തലം

ജനസംഖ്യയില്‍ ന്യൂനപക്ഷമാണെങ്കിലും നവീന ശിലായുഗം മുതല്‍ വയനാട്ടില്‍ പാര്‍പ്പുറപ്പിക്കുകയും സമ്പന്നമായൊരു സംസ്ക്കാരത്തിന് പിറവി കുറിക്കുകയും ചെയ്ത ആദിവാസി വിഭാഗമായ പണിയര്‍, കാട്ടുനായ്ക്കര്‍, കുറുവര്‍ വിഭാഗങ്ങളില്‍പ്പെട്ട വര്‍ഗ്ഗക്കാരാണ് ഇന്ന് വൈത്തിരിയില്‍ അധിവസിക്കുന്നത്വേടരാജാവിനെ തോല്പിച്ച് അദ്ദേഹത്തിന്റെ അധീനതയിലുണ്ടായിരുന്ന വയനാട് കോട്ടയം രാജാവും കുറുമ്പനാട് രാജാവും വടക്കും തെക്കും വയനാടുകള്‍ യഥാക്രമം വീതിച്ചെടുത്തു. ഈ ആക്രമണത്തിന്റെ ഫലമായി വയനാട്ടില്‍ രണ്ടു ആദിവാസി വിഭാഗങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. വിദൂരതയിലുള്ള വനങ്ങളിലേക്കും മലകളിലെ നിശബ്ദതയിലേക്കും കടന്ന് അഭയം തേടിയവര്‍ കാട്ടുനായ്ക്കരായി. യുദ്ധത്തില്‍ തടവുകാരായി പിടിക്കപ്പെട്ടവര്‍ നായര്‍ ജന്മിമാരുടെ അടിമത്വം സ്വീകരിച്ചു പിന്നീട് കുറുമരായി അറിയപ്പെട്ടു.പണിയര്‍ എന്ന പദം പണിയെടുക്കന്നവന്‍ എന്നതില്‍ നിന്ന് ഉരുത്തിരിഞ്ഞുണ്ടായതാവാം. അടിമത്തൊഴിലാളികളായി കണക്കാക്കിയതിനാല്‍ തോട്ടങ്ങളോടൊപ്പം ഇവരും വില്ക്കപ്പെട്ടിരുന്നു. പുരാതനകാലത്ത് ഭൂവുടമ നിയമിക്കുന്ന ‘കുട്ടന്‍’ എന്ന പേരുള്ള ഗോത്രത്തലവന്‍ ഓരോ ഗോത്രത്തിലുമുണ്ടായിരുന്നു. കുടുംബത്തലവന്‍ ‘മുതലി’ എന്ന പേരിലറിയപ്പെട്ടു. കുട്ടന്‍, മുതലി എന്നിവര്‍ മൂപ്പന്മാര്‍ എന്ന പേരിലറിയപ്പെട്ടു. ‘ചെമ്മ’ എന്ന പേരുള്ള പുരോഹിതനും ആദ്യകാലങ്ങളില്‍ നിയോഗിക്കപ്പെട്ടതായി പറയപ്പെടുന്നു. “ചെമ്മി” സ്ഥാനം പൈത്യകമായിരുന്നു. പൊതുവേ ഏകപത്നി വ്യവസ്ഥയായിരുന്നു നിലനിന്നിരുന്നത്. വിധവാ വിവാഹം അനുവദിക്കപ്പെട്ടിരുന്നു.കാട്ടുനായ്ക്കര്‍ പേരുപോലെ വനമേഖലയിലെ രാജാക്കന്മാരായ കാട്ടുനായ്ക്കര്‍ വിഭവങ്ങള്‍ ശേഖരിച്ച് ജീവിച്ചു വന്നു. തേന്‍ ശേഖരിച്ചിച്ചിരുന്നത് കൊണ്ട് ഇവര്‍ക്ക് തേന്‍ കുറുമര്‍ എന്ന പേരുമുണ്ട്.വയനാട്ടിലെ യഥാര്‍ത്ഥ ആദിവാസികളില്‍ ഒരു വിഭാഗമാണ് കുറുമര്‍. ഇവരില്‍ ചിലര്‍ കര്‍ഷകതൊഴിലാളികളാണ്. വ്യത്തിയുള്ളതും ജനലുകളും വാതിലുകളുമുള്ളതുമായ വീടുകളിലാണ് ഇവര്‍ താമസിക്കുന്നത്. ‘കുടി’ എന്ന പേരുള്ള ഒരു ഗോത്രത്തില്‍ പത്തുപന്ത്രണ്ട് വീടുകള്‍ ഉള്‍പ്പെടുന്നു. ‘ദൈവപുര’ എന്നാരു ആരാധനലായവും കുടിയില്‍ ഉണ്ടാകും. ഇവിടെ ഒത്തുചേര്‍ന്നാണ് പൊതുപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത്. പല കുടികളുടെ നിയന്ത്രണം കുന്നുമൂപ്പന്‍ എന്ന ഗോത്രത്തലവനിലാണ്. ഒരു കുടിയുടെ തലവന്‍ പൊരുന്നവന്‍ ആകുന്നു. മരണശേഷം ശവം മറവ് ചെയ്യാറാണ് ഇവിടെ പതിവ്. പതിനൊന്ന് ദിവസത്തെ പുല ആചരിക്കപ്പെടുന്നു. കോല്‍ക്കളി കുറുമരുടെ ഒരു കലാരൂപമാണ്.

സാംസ്കാരികചരിത്രം

ഭൂവിസ്തൃതിയില്‍ 50% വരുന്ന കുന്നിന്‍ പ്രദേശങ്ങളില്‍ തേയില, ഏലം എന്നിവ കൃഷി ചെയ്യുന്നു. 30% വരുന്ന കുന്നിന്‍ചരിവില്‍ തെങ്ങ്, കാപ്പി, കവുങ്ങ്, കുരുമുളക് എന്നിവയും കൃഷി ചെയ്യുന്നു. 12% സമതലപ്രദേശങ്ങളില്‍ നെല്ല്, ഇടവിളകളായ വാഴ, ഇഞ്ചി, മരച്ചീനി തുടങ്ങിയവയും സമൃദ്ധമായി വിളവെടുക്കുന്നു. 8% വരുന്ന വനമേഖല നിബിഡ വനങ്ങള്‍ കൊണ്ട് നിറഞ്ഞതാണ്.1980 നവംബര്‍ മാസം 1-ാം തീയതിയാണ് വയനാട് ജില്ല രൂപീകൃതമായത്. അതിനു മുന്‍പ് ഇന്നത്തെ വയനാട് ജില്ലയില്‍പ്പെടുന്ന ബത്തേരി താലൂക്ക്, സൌത്ത് വയനാട് താലൂക്ക് എന്നീ രണ്ട് താലൂക്കുകള്‍് കോഴിക്കോട് ജില്ലയുടെ ഭാഗമായിരുന്നു. വയനാട്ടിലേക്ക് ബ്രീട്ടിഷ് മേധാവികള്‍ അടിവാരം വരെ അന്നത്തെ വാഹനത്തില്‍ എത്തിപ്പെടുകയും വയനാടിന്റെ മലമുകളിലേക്ക് കയറുവാന്‍ പല ശ്രമം നടത്തുകയും പരാജയപ്പെടുകയുമാണ് ചെയ്തത്. എന്നാല്‍ വയനാട്ടിലെ ആദിവാസികള്‍ നടപ്പാതകള്‍ തെളിച്ച് അടിവാരത്തിലെത്തി അവര്‍ക്കാവശ്യമായ പുകയില, ഉണക്കമത്സ്യം എന്നിവ വാങ്ങിക്കുവാന്‍ ഈ പാത ഉപയോഗിച്ചിരുന്നു. ബുദ്ധിശാലികളായ വെള്ളക്കാര്‍ ആദിവാസികള്‍ സഞ്ചരിച്ചിരുന്ന ഈ നടപ്പാത പിന്തുടര്‍ന്നു കണ്ടുപിടിക്കുകയും കാലക്രമത്തില്‍ കുതിരവണ്ടിയും പിന്നീട് വാഹനങ്ങളുപയോഗിച്ച് വയനാട്ടിന്റെ കവാടപ്രദേശമായ ഇപ്പോഴത്തെ ലക്കിടി എന്ന സ്ഥലത്തു എത്തിപ്പെടുകയും ചെയ്തു. വയനാടിന്റെ കവാടമായ ലക്കിടിയില്‍ വെച്ച് അടിവാരം മുതല്‍ ലക്കിടി വരെ എത്താനുള്ള ഗതാഗതത്തെപ്പറ്റി പദ്ധിതി ഉണ്ടാക്കുകയും അതുപ്രകാരം അന്നത്തെ ബ്രീട്ടിഷ് ഗവണ്‍മെന്റ് റോഡു പാലവും നിര്‍മ്മിച്ച് വയനാട്ടിലേക്കുള്ള ഗതാഗതം സുഗമമാക്കുകയും ചെയ്തു. പിന്നീട് കര്‍ണ്ണാടക സംസ്ഥാനത്തു നിന്നും തമിഴ്നാടിന്റെ ഭാഗങ്ങളില്‍ നിന്നും വന്ന ജനങ്ങള്‍ ആസൂത്രമായി ചിന്തിച്ചതിന്റെ ഫലമായി കോഴിക്കോട് വൈത്തിരി വഴി ഗുഡലൂര്‍ റോഡും രണ്ടാമതായി വൈത്തിരി വഴി മൈസൂര്‍ റോഡും സ്ഥാപിച്ചു. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷമാണ് കോഴിക്കോട് വൈത്തിരി-കല്‍പ്പറ്റ വഴി മാനന്തവടി റോഡും സ്ഥാപിച്ചത്.ഇന്ന് ഈ റോഡുകള്‍ മൂന്നും സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നു.വൈത്തിരിയുടെ സാംസ്ക്കാരികത ഉടലെടുക്കുന്നതില്‍ ആദിവാസികളും, തൊഴില്‍ അന്വേഷിച്ച് ഇവിടെയത്തിയ തമിഴ്നാട്ടുകാരും ഗോക്കളെ വളര്‍ത്തി ഉപജീവനം കഴിച്ചുവന്ന വൈത്തിരി ഗ്രാമത്തിലെ ആദ്യകാല താമസക്കാരായ ആന്ധ്രപ്രദേശില്‍ നിന്ന് വന്നവരും, തിരുവിതാംകൂറിന്റെയും മലബാറിന്റേയും ഇതരപ്രദേശങ്ങളില്‍ നിന്നും ഇവിടെയെത്തിയ മറ്റു ജനവിഭാഗങ്ങളും അവരവരുടേതായ പങ്ക് വഹിച്ചതായി കാണാന്‍ കഴിയും.കേരളീയതയില്‍ ആകൃഷ്ടനായിട്ടായിരിക്കണം ഇവിടെയത്തിയ ഒരു ഇംഗ്ളണ്ടുകാരന്‍ സ്വാമി ആശ്ചര്യാനന്ദ എന്ന പേരു സ്വീകരിച്ച് ശ്രീനാരായണഗുരുശിഷ്യനായ നടാരാജഗുരു 1962 ല്‍ പൂക്കോട്ട് സ്ഥാപിച്ച നാരായണ ഗുരുകുലത്തില്‍ അന്തേവാസിയായി കഴിഞ്ഞുവന്നത്.ഹൈന്ദവ-ക്രൈസ്തവ-ഇസ്ളാമിക മതവിഭാഗങ്ങള്‍ ഇടകലര്‍ന്നു കഴിഞ്ഞുവരുന്ന ഇവിടെ എല്ലാ മതങ്ങളുടേയും ഒട്ടേറെ ആരാധനാലയങ്ങള്‍ ഉള്ളതും അവയിലെ ആഘോഷങ്ങള്‍ സര്‍വ്വമത സാഹോദര്യത്തോടെ നടത്തിവരുന്നതും ശ്രദ്ധേയമാണ്.