എറണാകുളം ജില്ലയിലെ കണയന്നൂര്‍ താലൂക്കിലാണ് വൈപ്പിന്‍ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മുളവുകാട്, ഞാറക്കല്‍, നായരമ്പലം, എടവനക്കാട്, എളങ്കുന്നപ്പുഴ, പള്ളിപ്പുറം, കുഴുപ്പിള്ളി എന്നീ ഗ്രാമപഞ്ചായത്തുകളാണ് വൈപ്പിന്‍ ബ്ളോക്ക് പഞ്ചായത്തിലുള്പ്പെടുന്നത്. ഞാറക്കല്‍, നായരമ്പലം, എടവനക്കാട്, എളങ്കുന്നപ്പുഴ, പുതുവൈപ്പ്, കുഴുപ്പിള്ളി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന വൈപ്പിന്‍ ബ്ളോക്ക് പഞ്ചായത്തിന് 87.35 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. അതിരുകള്‍ വടക്ക് കൊടുങ്ങല്ലൂര്‍ ബ്ളോക്കും, കിഴക്ക് ഇടപ്പള്ളി ബ്ളോക്കും കൊച്ചി കോര്‍പ്പറേഷനും, തെക്ക് കൊച്ചി കോര്‍പ്പറേഷനും, പടിഞ്ഞാറ് അറബിക്കടലുമാകുന്നു. പഞ്ചായത്ത് സംവിധാനം നിലവില്‍ വരുന്നതിനു മുമ്പ് മഹാരാജാവിന്റെ അനുവാദത്തോടെ നാട്ടു പ്രമാണികള്‍ ആയിരുന്നു ഇവിടങ്ങളില്‍ ഭരണം നടത്തിയിരുന്നത്. വൈപ്പിന്‍ ബ്ളോക്കിലുള്പ്പെടുന്ന ഭൂരിഭാഗം പഞ്ചായത്തുകളും ഭൂമിശാസ്ത്രപരമായി പറഞ്ഞാല്‍ കടല്‍ വച്ചുപോയ കരപ്രദേശമാണ്. എ.ഡി. 1341-ല്‍ പെരിയാറില്‍ ഉണ്ടായ അതിശക്തമായ വെള്ളപ്പൊക്കത്തില്‍ വെപ്പിന്‍കര ഉടലെടുത്തു എന്നാണ് കരുതപ്പെടുന്നത്. എ.ഡി.1341-ല്‍ ഉണ്ടായ അധിവര്‍ഷം മൂലം പെരിയാറും ചാലക്കുടിപ്പുഴയും കര കവിഞ്ഞൊഴുകുകയും, മലവെള്ളം കുത്തിയൊഴുകി വലിയൊരു പ്രളയമായി വരികയും താഴ്ന്ന പ്രദേശമായ ഇപ്പോഴത്തെ കൊച്ചി ഭാഗത്ത് ഒരു തുറമുഖം (അഴിമുഖം) രൂപപ്പെടുകയും ചെയ്തു. പ്രസ്തുത അഴിയെ ‘കൊച്ച് അഴി’ എന്നു വിളിച്ചുവരുകയും, പിന്നീടത് ലോപിച്ച് ‘കൊച്ചി’ എന്നറിയപ്പെടുകയും ചെയ്തു. എന്നാല്‍ അതിനു മുമ്പുമുതല്‍ തന്നെ ദീര്‍ഘകാലമായി നദി ഒഴുക്കിക്കൊണ്ടുവന്നിട്ടുള്ള എക്കലും മണ്ണും ഈ പ്രദേശങ്ങളില്‍ അടിഞ്ഞുകൂടിയിട്ടുണ്ടാകണം. ഇപ്രകാരം വൈപ്പിന്‍കര രൂപപ്പെടുന്നതിനു മുമ്പു തന്നെ നെടുങ്ങാട്, പുക്കാട്, എളങ്കുന്നപ്പുഴ, മഞ്ഞനക്കാട്, ഓച്ചന്തുരുത്ത് തുടങ്ങിയ പ്രദേശങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് നിഗമനം. വെള്ളപ്പൊക്കത്തിന്റെ അനന്തരഫലമായി ഈ പ്രദേശങ്ങളെല്ലാം പരസ്പരം ബന്ധിക്കപ്പെടുകയും, വിപുലീകരിക്കുകയും ചെയ്തിട്ടുണ്ടാകും. ക്രമേണ സമുദ്രം പിന്‍വാങ്ങുകയും കൂടി ചെയ്തപ്പോള്‍ ഇപ്പോഴത്തെ വൈപ്പിന്‍കര രൂപപ്പെടുകയായിരുന്നു. അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന കൊച്ചി തുറമുഖത്തിനും ഒരു കാലഘട്ടത്തില്‍ ഇന്ത്യയുടെ പശ്ചിമ തീരത്തെ ഏറ്റവും പ്രധാനപ്പെട്ട വിദേശ വാണിജ്യ കേന്ദ്രമായിരുന്ന മുസിരിസ് എന്ന കൊടുങ്ങല്ലൂരിനും ഇടയിലായി 25 കി.മീ നീളത്തിലും ശരാശരി 2 കി.മീ വീതിയിലും കിടക്കുന്ന ജനസാന്ദ്രമായ ദ്വീപാണ് വൈപ്പിന്‍കര. പണ്ടു സമുദ്രം ഇപ്പോഴത്തെ കായലുകളുടെ കിഴക്കേക്കര വരെ വ്യാപിച്ചിരുന്നതായി പറയപ്പെടുന്നു. കായലിന്റെ കിഴക്കേക്കര കടക്കര (കടല്ക്കര), ഏഴിക്കര (ആഴിക്കര) എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. ഇതില്‍ നിന്ന് വൈപ്പിന്‍കര പ്രദേശങ്ങള്‍ സമുദ്രഭാഗമായിരുന്നുവെന്ന് സ്പഷ്ടമാണ്. കടല്‍ വച്ചുണ്ടായ ഭൂമി എന്ന അര്‍ത്ഥത്തില്‍ ഈ പ്രദേശം വൈപ്പുകള്‍ എന്നു വിളിക്കപ്പെട്ടുപോന്നിരിക്കണം. പിന്നീട് ഇംഗ്ളീഷുകാരുടെ വരവിനുശേഷം വൈപ്പിന്‍ എന്നായി തീര്‍ന്നു. പിന്നീട് കര കൂടിച്ചേര്‍ന്നപ്പോള്‍ വൈപ്പിന്കരയായി മാറി. ഏഷ്യയിലെ തന്നെ ഏറ്റവും ഉയരമുള്ള ലൈറ്റ് ഹൌസ് വൈപ്പിന്കരയിലെ പുതുവൈപ്പിനിലാണ്. 1979-ല്‍ സ്ഥാപിച്ച ഈ ലൈറ്റ്ഹൌസ് 36 കിലോമീറ്ററോളം ദൂരത്തില്‍ 20 ലക്ഷം മെഴുകുതിരികള്‍ ഒരുമിച്ചു കത്തിച്ചാലുള്ള വെളിച്ചമാണ് ഓരോ 20 സെക്കന്റിലും നാലു പ്രാവശ്യം വീതം ചൊരിയുന്നത്. വൈപ്പിന്‍ ബ്ളോക്കിലെ ഏതു പഞ്ചായത്തിനും അഭിമാനിക്കാവുന്ന ഒന്നാണിത്.