ചരിത്രം

18-ാം നൂറ്റാണ്ടിന്റെ മദ്ധ്യകാലഘട്ടംവരെ ഈ പ്രദേശം തെക്കുംകൂര്‍ രാജവംശത്തിന്റെ ഭരണത്തിന്‍ കീഴിലായിരുന്നു. കോട്ടയം പട്ടണത്തില്‍ താഴത്തങ്ങാടിയിലായിരുന്നു തെക്കുംകൂറിന്റെ ആസ്ഥാനം. അക്കാലത്ത് പ്രധാന ഗതാഗതം ജലമാര്‍ഗ്ഗമായിരുന്നതുകൊണ്ട് കോട്ടയം പട്ടണത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള തീരപ്രദേശങ്ങളായിരുന്നു പ്രധാന ജനവാസ കേന്ദ്രങ്ങള്‍. 1749-ല്‍ മാര്‍ത്തണ്ഡവര്‍മ്മയുടെ സൈന്യവുമായി മാങ്ങാനത്ത് പടച്ചിറ എന്ന സ്ഥലത്തുവച്ച് ഉണ്ടായ യുദ്ധത്തില്‍ പരാജയം നേരിട്ട തെക്കുംകൂര്‍ സൈന്യത്തിന് മണര്‍കാട് കവലയ്ക്ക് വടക്ക്, ശ്രീകൃഷ്ണ സ്വാമിക്ഷേത്രം സ്ഥിതിചെയ്യുന്നതിനു സമീപത്തുവച്ച് താല്ക്കാലിക വിജയമുണ്ടായി എന്നും അതുകൊണ്ട് ആ ഭാഗത്തിന് വിജയപുരം എന്നു പേരുണ്ടായി എന്നും ഐതിഹ്യമുണ്ട്. പാണ്ഡവരുടെ വനവാസകാലത്ത് കൃഷ്ണ ഭക്തനായ അര്‍ജ്ജുനന്‍ ശ്രീകൃഷ്ണ ക്ഷേത്രം സ്ഥാപിച്ച് ഇവിടെ താമസമാക്കിയെന്നും വിജയന്‍ (അര്‍ജ്ജുനന്‍) വസിച്ച സ്ഥലമായതുകൊണ്ട് വിജയപുരം എന്നു പേരുണ്ടായതായും ഐതിഹ്യമുണ്ട്. ഇതിന് ഒരു കിലോമീറ്റര്‍ കിഴക്കു ഭാഗത്ത് ഉള്ള പാണ്ഡവര്‍കളരിയെന്ന സ്ഥലവും വടവാതൂര്‍ വലിയപാറയില്‍ ഭീമന്റെ കാല്പാദം പതിഞ്ഞിട്ടുണ്ടെന്നുള്ള വിശ്വാസവും പാണ്ഡവന്മാര്‍ ഈ പ്രദേശത്ത് താമസിച്ചിരുന്നു എന്നതിന് തെളിവായി ചൂണ്ടിക്കാണിക്കുന്നു. 1968 മുതല്‍ വിജയപുരം പഞ്ചായത്തിന്റെ ആസ്ഥാനം മണര്‍കാട് കവലയിലാണ്. ഈ പഞ്ചായത്തു പ്രദേശത്തിന്റെ സിരാകേന്ദ്രമായി മണര്‍കാട് മാറിക്കഴിഞ്ഞിരിക്കുന്നു. തെക്കുംകൂര്‍ രാജാക്കന്മാരുടെ അധീനതയില്‍പ്പെട്ട സര്‍പ്പാരാധന നടത്തിയിരുന്ന കാടായിരുന്നു ഈ പ്രദേശം എന്നു പറയപ്പെടുന്നു. മന്നന്റെ (രാജാവിന്റെ) അധീനതയിലും, പ്രത്യേക മേല്‍നോട്ടത്തിലും ഇരുന്ന കാടായതു കൊണ്ട് ഈ പ്രദേശത്തിന് മണര്‍കാട് എന്ന പേരുണ്ടായി എന്നും അതു പിന്നീട് മണര്‍കാട് ആയി എന്നുമാണ് ഐതിഹ്യം. മണര്‍കാട് കവല ഭാഗത്തിന് നായാടിമറ്റം എന്നു പേരുണ്ടായിരുന്നതായും പ്രായമുള്ളവര്‍ പറയുന്നു. വിജയപുരം പഞ്ചായത്തിന്റെ സാമൂഹിക സാംസ്കാരിക ചരിത്രം ഈ പ്രദേശത്തെ ഹിന്ദു-ക്രിസ്ത്യന്‍ സമുദായങ്ങളുടെയും, സാമൂഹിക സാംസ്കാരിക പ്രസ്ഥാനങ്ങളുടെയും വിവിധ രംഗങ്ങളില്‍ പ്രഗത്ഭരും പ്രശസ്തരുമായ സമുന്നത വ്യക്തികളുടെയും പ്രവര്‍ത്തന മണ്ഡലവുമായി ബന്ധപ്പെട്ടതാണ്. വിദ്യാഭ്യാസരംഗത്തും ആതുരസേവന രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലും മറ്റും ക്രൈസ്തവ സഭ നല്‍കിയിട്ടുള്ള സംഭാവനകള്‍ അമൂല്യമാണ്. മത സൌഹാര്‍ദ്ദത്തിന്റെ മഹനീയ മാതൃക പരമ്പരാഗതമായി തുടര്‍ന്നുവരുന്ന ഒരു പ്രദേശമാണിത്. ചരിത്ര പ്രസിദ്ധമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം പള്ളിയിലെ എട്ടുനോമ്പ് പെരുന്നാള്‍ ചടങ്ങുകളില്‍ ധാരാളം ഹൈന്ദവരും ഭക്തിപൂര്‍വ്വം പങ്കെടുക്കുന്നു. മണര്‍കാട് ദേവീക്ഷേത്രത്തില്‍ പതിനൊന്നു വര്‍ഷത്തിലൊരിക്കല്‍ മാത്രം നടത്താറുള്ള പതിനൊന്ന് ചാട് ഗരുഢന്‍ പറവയ്ക്കുള്ള ചാട് ഉയര്‍ത്തുന്നതിനു മുമ്പ് ഒരു ക്രൈസ്തവ കുടുംബത്തിലെ പ്രായമുള്ള വ്യക്തി തൊടണം എന്നുള്ള പാരമ്പര്യം ഇപ്പോഴും തുടരുന്നു. പല ക്ഷേത്രങ്ങളിലും പൂജയ്ക്കുപയോഗിക്കുന്ന അരി, ശര്‍ക്കര, വെളിച്ചെണ്ണ തുടങ്ങിയ സാധനങ്ങള്‍ തൊട്ടു ശുദ്ധീകരിക്കുന്ന ജോലി (വാണിഭം കൊള്ളുക) സുറിയാനി ക്രിസ്ത്യാനികളാണ് നിര്‍വ്വഹിച്ചിരുന്നതെന്നും, മാങ്ങാനം നരസിംഹ സ്വാമിക്ഷേത്രത്തിലേക്ക് ഈ ആവശ്യത്തിന് പ്ളാപ്പള്ളി നമ്പൂതിരി കുറവിലങ്ങാട്ടു നിന്നും ഏതാനും ക്രൈസ്തവ കുടുംബങ്ങളെ ക്ഷണിച്ചുവരുത്തി മാങ്ങാനത്തു പാര്‍പ്പിച്ചതായും മാങ്ങാനം ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മുരളീരവം എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കഥകളി പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ കേരളകലാമണ്ഡലത്തിലെ പ്രശസ്തനായ കഥകളിനടന്‍ കുറൂര്‍ വാസുദേവന്‍ നമ്പൂതിരി ഈ പഞ്ചായത്തില്‍ നട്ടാശ്ശേരി സ്വദേശിയാണ്. മാങ്ങാനം കൊച്ചുകൃഷ്ണപിള്ള, കലാനിലയം ഗോപാലകൃഷ്ണന്‍, മാങ്ങാനം രാമപ്പിഷാരടി എന്നിവര്‍ കഥകളി രംഗത്ത് പേരെടുത്തിട്ടുള്ള അനുഗ്രഹീത നടന്മാരാണ്. മാങ്ങാനത്ത് പൊതിയില്‍ ചാക്യാരന്മാര്‍ ക്ഷേത്രകലയായ ചാക്യാര്‍കൂത്തില്‍ പ്രശസ്തി നേടിയിട്ടുള്ളവരാണ്. തുള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപഞ്ജാതാവായ കുഞ്ചന്‍നമ്പ്യാര്‍ പൊതിയില്‍ ചാക്യാന്മാരുടെ മിഴാവുകൊട്ടുകാരനായി മാങ്ങാനത്ത് താമസിച്ചതായി ഐതിഹ്യമുണ്ടെന്ന് ചിലര്‍ പറയുന്നു. ക്രൈസ്തവരുടെ പൌരാണിക പാരമ്പര്യകലകളായ മാര്‍ഗ്ഗംകളിയും, പരിചമുട്ടുകളിയും പരിപോഷിപ്പിച്ചതില്‍ ഈ പഞ്ചായത്തിലെ പായിക്കാട്ട് കുട്ടപ്പനാശാനും, പറമ്പുകര ആശാനും വഹിച്ചിട്ടുള്ള പങ്ക് സ്തുത്യര്‍ഹമാണ്.