പഞ്ചായത്തിലൂടെ

ഭൂപ്രകൃതി

വെട്ടിക്കവല പഞ്ചായത്ത് സമതലങ്ങളും കുന്നുകളും താഴ്വരകളും നിറഞ്ഞ ഒരു ഭൂപ്രദേശമാണ്. കല്ലടയാറിന്റെയും ഇത്തിക്കരയാറിന്റെയും പോഷകനദികള്‍ ഇവിടെ നിന്നും ഉത്ഭവിക്കുന്നു. കേരളത്തിന്റെ ഭൂപ്രകൃതിയെ അടിസ്ഥാനമാക്കി വെട്ടിക്കവല പഞ്ചായത്തിന്റെ സ്ഥാനം ഇടനാട്ടിലാണെങ്കിലും കിഴക്കന്‍പ്രദേശങ്ങള്‍ ഉന്നതി അനുസരിച്ച് മലനാട് മേഖലയില്‍ സ്ഥിതി ചെയ്യുന്നു. പ്രദേശത്തിന്റെ പൊതുവായ ചരിവ് തെക്കുനിന്നും വടക്കോട്ടാണ്, എന്നാല്‍ തെക്കുനിന്നും പടിഞ്ഞാറോട്ടും വടക്കുനിന്നും കിഴക്കോട്ടും ചരിവുകളുളളതായിക്കാണാം. വടക്കുഭാഗത്ത് മേലില പഞ്ചായത്ത്, വടക്കുകിഴക്കുഭാഗത്ത് വിളക്കുടി പഞ്ചായത്ത്, കിഴക്കുഭാഗത്ത് കരവാളൂര്‍ പഞ്ചായത്ത്, തെക്കുഭാഗത്ത് ഉമ്മന്നൂര്‍ പഞ്ചായത്ത്, തെക്കുകിഴക്കുഭാഗത്ത് ഇടമുളയ്ക്കല്‍ പഞ്ചായത്ത്, പടിഞ്ഞാറുഭാഗത്ത് കൊട്ടാരക്കര പഞ്ചായത്ത് എന്നിവയാണ് വെട്ടിക്കവലയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങള്‍. ഭൂപ്രകൃതി അനുസരിച്ച് വെട്ടിക്കവലയെ സമാന്തരങ്ങളായ കുന്നില്‍നിരകള്‍, ഒറ്റപ്പെട്ടുനില്‍ക്കുന്ന പ്രദേശങ്ങള്‍, ചരിവുപ്രദേശങ്ങള്‍, താഴ്വരകള്‍ എന്നിങ്ങനെ പ്രധാനമായും നാലായി തരംതിരിക്കാം. വടക്കുഭാഗത്ത് വെട്ടിക്കവല മുതല്‍ പടിഞ്ഞാറോട്ട് കിടക്കുന്ന നീണ്ട ഉയര്‍ന്ന പ്രദേശങ്ങള്‍, ഇതിനു സമാന്തരമായി കണ്ണംകോടിന് വടക്കായി കാണുന്ന താരതമ്യേന ഉയര്‍ന്ന പ്രദേശങ്ങള്‍, സദാനന്ദപുരം, കണ്ണംകോട്, ചിരട്ടക്കോണം തുടങ്ങി കുരുമ്പേലില്‍ ജംഗ്ഷന്‍ വരെ കാണുന്ന ഉയര്‍ന്ന നിരകള്‍ എന്നിവ ഉയര്‍ന്ന കുന്നിന്‍പ്രദേശങ്ങള്‍ എന്ന വിഭാഗത്തില്‍പ്പെടുന്നു. ഇവിടെ റബ്ബറും, മിശ്രിതമരങ്ങളും കൃഷി ചെയ്യപ്പെടുന്നു. ലാറ്ററൈറ്റ് മണ്ണാണ് ഇവിടെ കാണുന്നത്. പഞ്ചായത്തിന്റെ ആകെ വിസ്തൃതിയുടെ 51.8% വരുന്ന ചരിവുപ്രദേശങ്ങളെ താരതമ്യേന ചരിവു കൂടിയ പ്രദേശങ്ങളെന്നും ചെറിയ ചെരിവുള്ള പ്രദേശങ്ങളെന്നും രണ്ടായിത്തിരിക്കാം. കമുകീന്‍കോടു വാര്‍ഡിന്റെ തെക്കുകിഴക്കു കാണുന്ന കുന്നിന്‍ചരിവുകള്‍, ഇരണൂറിന് പടിഞ്ഞാറു കാണുന്ന കുന്നിന്‍ചരിവുകള്‍, കോക്കാടിന് പടിഞ്ഞാറുള്ള കുന്നിന്‍ചരിവുകള്‍, ഇവയാണ് താരതമ്യേന ചരിവുകൂടിയ പ്രദേശങ്ങള്‍. മഴക്കാലത്ത് ഇവിടെ മണ്ണൊലിപ്പ് ഉണ്ടാകാറുണ്ട്. റബ്ബര്‍, മരച്ചീനി, വാഴ, അപൂര്‍വ്വമായി തെങ്ങുകള്‍ എന്നിവ ഇവിടെ കൃഷിചെയ്യുന്നു. തലച്ചിറ, കണ്ണംകോട്, തെറ്റിയോട് ഭാഗങ്ങള്‍ വെട്ടിക്കവലയുടെ പടിഞ്ഞാറുഭാഗങ്ങള്‍ എന്നിവ ചെറിയ ചരിവുള്ള പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നു. റബ്ബര്‍, മിശ്രിതവിളകള്‍, തെങ്ങ്, മിശ്രിതമരങ്ങള്‍ എന്നിവ ഈ പ്രദേശങ്ങളില്‍ കൃഷിചെയ്യുന്നു. ജല ലഭ്യത മിതമായിട്ടുള്ള പ്രദേശങ്ങളാണിവ. താഴ്വരകള്‍ എല്ലാംതന്നെ തോടുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. പനവേലി തോട് ഒഴുകുന്ന ഭാഗങ്ങള്‍ പ്രത്യേകിച്ച് പനവേലിക്കു പടിഞ്ഞാറു തുടങ്ങി നെടുമണ്‍കാവു വഴി പടിഞ്ഞാറോട്ടു പോകുന്ന ഭാഗങ്ങള്‍, വടക്കോട്ട് ചക്കുവരയ്ക്കല്‍ ഭാഗത്തേയ്ക്ക് പോകുന്ന തലച്ചിറതോടും അതുമായി ബന്ധപ്പെട്ടുകിടക്കുന്ന പ്രദേശങ്ങളും നെല്ലിക്കോട് ഏലാ എന്നിവയും ഈ വിഭാഗത്തില്‍പ്പെടുന്നു. ഇത് ആകെ വിസ്തൃതിയുടെ 33.6% ആണ്. ഇവിടത്തെ പ്രധാന കൃഷി നെല്ലാണ്. കൂടാതെ വാഴ, ഇഞ്ചി, മരച്ചീനി എന്നിവയും കൃഷിചെയ്യുന്നു. തെക്കന്‍ ഇടനാട് കാര്‍ഷികമേഖലയിലാണ് വെട്ടിക്കവല പഞ്ചായത്ത് ഉള്‍പ്പെടുന്നത്. ജില്ലയിലെ കാലാവസ്ഥ തന്നെയാണ് വലിയ ഏറ്റക്കുറച്ചിലുകള്‍ ഇല്ലാതെ പഞ്ചായത്തിലും അനുഭവപ്പെടുന്നത്.       തോടുകള്‍, കുളങ്ങള്‍, കിണറുകള്‍ എന്നിവയാണ് ഇവിടത്തെ പ്രധാന ജലസ്രോതസ്സുകള്‍. ഇടവം, തുലാം, വൃശ്ചികം, മാസങ്ങളിലാണ് പഞ്ചായത്തില്‍ നല്ല മഴ ലഭിക്കുന്നത്. വരള്‍ച്ച അനുഭവപ്പെടുന്നത് മകരം, കുംഭം മാസങ്ങളിലാണ്. രണ്ടു പ്രധാന നദികളുടെ തോടുകളാണ് പഞ്ചായത്തിലുള്ളത്. വടക്കുഭാഗത്തുള്ള പുഴകള്‍ കല്ലട നദീതല വ്യവസ്ഥയിലും തെക്കു പടിഞ്ഞാറുള്ള പനവേലിതോട്, തെറ്റിയോട്, ഏലാ തോട് എന്നിവ ഇത്തിക്കര നദീതട വ്യവസ്ഥയിലുമാണ്. കോട്ടവട്ടം, ചക്കുവരയ്ക്കല്‍ തോട്, നെല്ലിക്കോട് ഏലാ തോട്, തെറ്റിയോട് ഏലാ തോട്, പനവേലി തോട്, കോട്ടൂര്‍ തോട്, എന്നിവയാണ് പഞ്ചായത്തിലെ പ്രധാന തോടുകള്‍. ഇവയുടെ ആകെ നീളം 55 കി.മീറ്ററാണ്. ഇവ കൂടാതെ കനാലുകളും പഞ്ചായത്തിനാവശ്യമായ ജലം നല്‍കുന്നുണ്ട്. പഞ്ചായത്തിലെ കനാലുകളുടെ ആകെ നീളം 10.92 കിലോമീറ്ററാണ്.

കൃഷി

പഞ്ചായത്തിന്റെ എല്ലാ ഭാഗത്തും റബ്ബര്‍ കൃഷി ചെയ്തുവരുന്നുണ്ടെങ്കിലും കൂടുതലായി കാണുന്നത് കിഴക്കുഭാഗത്തും മദ്ധ്യഭാഗത്തുമാണ്. സദാനന്ദപുരത്തിന് പടിഞ്ഞാറ്, തെറ്റിയോട് പടിഞ്ഞാറുഭാഗം, ചിരട്ടക്കോണത്തിനു വടക്കുഭാഗങ്ങള്‍, തോട്ടശ്ശേരി ഭാഗം, ചക്കാലക്കുന്ന് ഭാഗം, കുരിയാണി ഭാഗം, വലിയടിത്തേരി, കോക്കാട് ജംഗ്ഷന് വടക്കുകിഴക്ക്, വടക്കുപടിഞ്ഞാറ് ഭാഗങ്ങള്‍, മുടക്കുഴി ജംഗ്ഷനും പരിസരപ്രദേശങ്ങളും, ചേന്ദംകുഴി മാക്കന്തൂര്‍, മരങ്ങാട് പ്രദേശങ്ങള്‍, തുടങ്ങി പഞ്ചായത്തിന്റെ വടക്കുകിഴക്ക് പ്രദേശങ്ങളില്‍ കൂടുതലായും റബ്ബറാണ് കൃഷി ചെയ്യുന്നത്. റബ്ബര്‍ കൃഷി പഞ്ചായത്തിന്റെ ആകെ വിസ്തൃതിയുടെ 43% വരുന്നു. ഭൂവിനിയോഗത്തില്‍ രണ്ടാം സ്ഥാനത്തു വരുന്ന നെല്‍കൃഷി ആകെ വിസ്തൃതിയുടെ 17% ആണ്. ജലത്തിന്റെ ലഭ്യതയനുസരിച്ച് വിരിപ്പ്, മുണ്ടകന്‍ എന്നീ രണ്ടു കൃഷിയാണ് ഇവിടെ ചെയ്യുന്നത്. പ്രധാനമായും പഞ്ചായത്തിലെ പ്രധാന തോടുകളോടു ചേര്‍ന്ന പ്രദേശങ്ങളിലാണ് നെല്‍കൃഷി ധാരാളമായി കാണുന്നത്. തെറ്റിയോട് ഏല, നെല്ലിക്കോട് ഏല, ചിരട്ടക്കോണത്തിന് തെക്കുപടിഞ്ഞാറന്‍ വശങ്ങള്‍, പച്ചൂര്‍ ഏല, പനവേലി തോടിന്റെ സമീപത്തുള്ള പാടങ്ങള്‍, വടക്കു കിഴക്കായി കാണുന്ന കോട്ടവട്ടം ചക്കുവരയ്ക്കല്‍ തോടിന്റെ പ്രാന്തപ്രദേശങ്ങള്‍, എന്നിവിടങ്ങളിലാണ് നെല്‍കൃഷി ചെയ്യുന്നത്. എന്നാല്‍ മിക്ക പാടങ്ങളിലും റോഡിനോടനുബന്ധിച്ച് കിടക്കുന്ന പ്രദേശങ്ങള്‍ നികത്തുന്ന പ്രവണത കൂടിയിട്ടുണ്ട്. തെങ്ങ്, വാഴ, മരച്ചീനി, മുരിങ്ങ, ചേന, ചേമ്പ്, പൈനാപ്പിള്‍, പയര്‍ വര്‍ഗ്ഗങ്ങള്‍, വെറ്റില, മഞ്ഞള്‍, ഇഞ്ചി തുടങ്ങി വീടുകളോടനുബന്ധിച്ച് സാധാരണ കാണുന്ന മിശ്രിത രീതിയിലുള്ള കാര്‍ഷിക വിളകളാണ് മിശ്രിത വിളകളില്‍പെടുന്നത്. പഞ്ചായത്തിന്റെ ഏതാണ്ട് എല്ലാ ഭാഗത്തും ഈ വിളകള്‍ കാണപ്പെടുന്നു. മാവ്, പ്ളാവ്, തേക്ക്, ഈട്ടി, ആഞ്ഞിലി, പാഴ്മരങ്ങള്‍, തുടങ്ങി വിവിധതരം മരങ്ങള്‍ ഇടകലര്‍ന്ന് നില്‍ക്കുന്ന പ്രദേശങ്ങളാണിവ. ആകെ വിസ്തൃതിയുടെ 4 ശതമാനത്തോളം ഇവ വരുന്നു. ഇവ കൂടാതെ മിശ്രിത മരങ്ങള്‍ തെങ്ങുമായും, മിശ്രിതവിളകളുടെ കൂടെയും കാണുന്നു. കേരള കാര്‍ഷിക സര്‍വകലാശാലയുടെ റിസര്‍ച്ചു സ്റ്റേഷനും കൊല്ലം ജില്ലയിലെ കൃഷി വിജ്ഞാന കേന്ദ്രവും ഈ പഞ്ചായത്തിലെ സദാനന്ദപുരം വാര്‍ഡില്‍ 1986 മുതല്‍ പ്രവര്‍ത്തിച്ചുവരുന്നു. ഉളിയനാട്, സദാനന്ദപുരം വാര്‍ഡുകളിലായി 25 ഏക്കര്‍ സ്ഥലത്ത് ഈ സ്ഥാപനത്തിന്റെ ആധുനികകൃഷി സമ്പ്രദായങ്ങള്‍ പരീക്ഷിച്ചുവരുന്നു. കശുമാവ്, റബ്ബര്‍, വാഴ, തെങ്ങ്, കുരുമുളക് എന്നിവയുടെ കൃഷിയും അലങ്കാരച്ചെടികളുടെ നഴ്സറിയും ഇവിടെയുണ്ട്. അത്യുല്പാദനശേഷിയുള്ള തെങ്ങ്, പ്ളാവ്, കശുമാവ് എന്നിവയുടെ തൈകളും ഓര്‍ക്കിഡ്, ആന്തൂറിയം എന്നീ ചെടികളും  കര്‍ഷകര്‍ക്ക് മിതമായ നിരക്കില്‍ സെയില്‍സ് കൌണ്ടര്‍ വഴി ലഭ്യമാക്കുന്നുണ്ട്. നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ പച്ചക്കറി വിത്തുകള്‍, ഈ കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്നുണ്ട്. പഴവര്‍ഗ്ഗ സംസ്കരണം, കൂണ്‍കൃഷി, ഭക്ഷ്യ സംസ്കരണം ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്, നഴ്സറി എന്നിവയ്ക്ക് ഈ സ്ഥാപനം പരിശീലനം നല്‍കുന്നുണ്ട്. കര്‍ഷക സെമിനാറുകളും ബോധവത്കരണ ക്ളാസ്സുകളും നടത്തുന്നുണ്ട്. കൂടാതെ അന്തരീക്ഷ താപനില അളക്കുന്നതിനുള്ള സംവിധാനം ഈ സ്ഥാപനത്തിനുണ്ട്.

അടിസ്ഥാന മേഖലകള്‍

ഈ പഞ്ചായത്തില്‍ സ്വാകാര്യ അലൈഡ്കാഷ്യു ഫാക്ടറി കരിക്കം, സെന്‍ഗ്രിഗോറിയസ് കാഷ്യു ഫാക്ടറി സദാനന്ദപുരം, കാഷ്യു ഫാക്ടറി വെട്ടിക്കവല, എലൈറ്റ് കാഷ്യു ഫാക്ടറി കണ്ണംകോട്, സരസ്വതി കാഷ്യു ഇന്‍ഡസ്ട്രീസ് ചക്കുവരയ്ക്കല്‍, അബല്‍ സ്റ്റാന്‍സിലാസ് കാഷ്യു ചിരട്ടക്കോണം, യുനസ് കാഷ്യു ഇന്‍ഡസ്ട്രീസ് തലച്ചിറ, ലിയെ കാഷ്യു ഫാക്ടറി കോക്കാട് എന്നിവ ഉണ്ട് ഇവയില്‍ യൂനസ് കാഷ്യു ഇന്‍ഡസ്ട്രീസ് വിജയ കാഷ്യു എന്നിവയാണ് പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന കശുവണ്ടി ഫാക്ടറികള്‍. ഇഷ്ടിക നിര്‍മ്മാണം, ഹോളോബ്രിക്സ് നിര്‍മ്മാണം, മെറ്റല്‍ ക്രഷര്‍, കറിപൌഡര്‍, തടിമില്‍, വെല്‍ഡിംഗ്, ഖാദി, ക്ഷീരോത്പാദന യൂണിറ്റ്, തീപ്പെട്ടിക്കോല്‍ നിര്‍മ്മാണം, വുഡ് കാര്‍വിംഗ് മുതലായവയാണ് പഞ്ചായത്തിലുള്ള മറ്റു വ്യവസായയൂണിറ്റുകള്‍. പരമ്പരാഗത വ്യവസായമായ കശുവണ്ടി മേഖലയില്‍ വര്‍ഷത്തില്‍ മൂന്നു മാസത്തിലധികം തൊഴിലിപ്പോള്‍ ലഭിക്കുന്നില്ല. ഈ പഞ്ചായത്തിലെ പ്രധാന ഗതാഗതമാര്‍ഗം റോഡുകള്‍ ആണ്. കെ.എസ്.ആര്‍.ടി.സി. ബസ്സുകളും പ്രൈവറ്റുബസ്സുകളും ഈ പഞ്ചായത്തില്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. എസ്.എച്ച്-1 ആയി പ്രഖ്യാപിച്ചിട്ടുള്ള എം.സി.റോഡ് ഉളിയനാട് വാര്‍ഡിലെ ലോവര്‍ കരിക്കത്തില്‍ വച്ച് ഈ പഞ്ചായത്തില്‍ പ്രവേശിക്കുകയും സദാനന്ദപുരം, ഇരണൂര്‍, പനവേലി എന്നീ വാര്‍ഡുകളിലൂടെ ഏകദേശം മൂന്നു കിലോമീറ്റര്‍ കടന്നു പോകുകയും ചെയ്യുന്നു. കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്നാണ് കൂടുതല്‍ ബസ്സുകളും സര്‍വ്വീസ് നടത്തുന്നത്. കൂടാതെ പുനലൂര്‍, കൊല്ലം, തിരുവനന്തപുരം എന്നിവടങ്ങളില്‍ നിന്നുള്ള ബസ് സര്‍വ്വീസുകളും ഈ പഞ്ചായത്തില്‍ കൂടെ കടന്നുപോകുന്നുണ്ട്.. ഈ പഞ്ചായത്തിലെ കര്‍ഷകരുടെ ഉല്പന്നങ്ങല്‍ വിറ്റഴിക്കുന്നതിനായി ആകെ നാലു മാര്‍ക്കറ്റുകളാണ് ഉള്ളത്. അവയില്‍ ചിരട്ടക്കോണം, പനവേലി, കോക്കാട് പഞ്ചായത്തു മാര്‍ക്കറ്റുകളും, വെട്ടിക്കവല, കരിക്കം എന്നിവിടങ്ങളിലേത് സ്വകാര്യ മാര്‍ക്കറ്റുകളും ആണ്. ഇവ ചെറുകിട മാര്‍ക്കറ്റുകളും ഇവയെ കൂടാതെ അഞ്ചല്‍, പുനലൂര്‍, പത്തനാപുരം എന്നിവിടങ്ങളിലെ വന്‍കിട മാര്‍ക്കറ്റുകളേയുമാണ് കര്‍ഷകര്‍ ആശ്രയിക്കുന്നത്. ഗ്രാമപഞ്ചായത്തിലെ ശുദ്ധജല ലഭ്യതയില്ലാത്ത മേഖലകളില്‍ പലയിടങ്ങളിലും റൂറല്‍ വാട്ടര്‍സപ്ളെ സ്കീം പൈപ്പ്ലൈന്‍ സ്ഥാപിച്ചിട്ടുണ്ട്. വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ പൊതുജനാരോഗ്യത്തിന് മുഖ്യപങ്ക് വഹിക്കുന്നത് തലച്ചിറ വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന പ്രാഥമികാരോഗ്യകേന്ദമാണ്. ഇത് കൂടാതെ ഉള്ളിയനാട്, പനവേലി, ഗാന്ധിഗ്രാം, കോട്ടവട്ടം, വെട്ടിക്കവല എന്നീ വാര്‍ഡുകളിലായി ആറ് സബ്സെന്ററുകളും നിലവിലുണ്ട്.

വിദ്യാഭ്യാസം

സ്വാതന്ത്ര്യസമ്പാദനത്തിനുമുമ്പ് വെട്ടിക്കവല പഞ്ചായത്തില്‍ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൌകര്യങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. സെക്കണ്ടറിതല വിദ്യാഭ്യാസത്തിനായി ഈ പഞ്ചായത്തിലെ ജനങ്ങള്‍ കൊട്ടാരക്കര, പുനലൂര്‍, തുടങ്ങിയ പ്രദേശങ്ങളെ ആശ്രയിച്ചിരുന്നു. അതിനാല്‍ ഉപരിവര്‍ഗ്ഗത്തില്‍പ്പെട്ട ചുരുക്കം ചിലര്‍ക്കു മാത്രമേ അക്കാലങ്ങളില്‍ ഉയര്‍ന്ന വിദ്യാഭ്യാസം നേടാന്‍ കഴിഞ്ഞിരുന്നുള്ളു. ഈ പഞ്ചായത്തിനുള്ളില്‍ മൂന്ന് തുടര്‍ വിദ്യാകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവ യഥാക്രമം സദാനന്ദപുരം വെട്ടിക്കവല, കോക്കാട് എന്നിവിടങ്ങളില്‍ സ്ഥിതിചെയ്യുന്നുണ്ട്. സദാനന്ദപുരം തുടര്‍വിദ്യാകേന്ദ്രം പ്രവര്‍ത്തിക്കുന്നത് സദാനന്ദപുരം പബ്ളിക്ക് ലൈബ്രറിയോടനുബന്ധിച്ചാണ്. വെട്ടിക്കവല സാംസ്കാരിക കേന്ദ്രത്തിലാണ് ഇപ്പോള്‍ വെട്ടിക്കവല തുടര്‍ വിദ്യാകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. കോക്കാട് തുടര്‍വിദ്യാകേന്ദ്രം പ്രവര്‍ത്തിക്കുന്നത് കോക്കാട് വായനശാലയോട് അനുബന്ധിച്ചാണ്. ജി.എം. എച്ച്.എസ്സ്.എസ്സ് വെട്ടിക്കവല, എച്ച്.എസ്. സദാനന്ദപുരം, എച്ച്.എസ്. കോട്ടവട്ടം, എച്ച്.എസ്. കരിക്കം, യു.പി.എസ്. തലച്ചിറ, യു.പി.എസ്. ചക്കുവരയ്ക്കല്‍, എം.റ്റി.എസ്സ്.എസ്. യു.പി.എസ്സ്. നരിയ്ക്കല്‍, യു.പി.എസ് കോക്കാട്, എല്‍.പി.എസ്. വെട്ടിക്കവല, ഡബ്ള്യു. എല്‍.പി.എസ് വെട്ടിക്കവല, ഡബ്ള്യു. എല്‍.പി.എസ്. കമുകിന്‍കോട്ഭാഗം, എല്‍.പി.എസ്സ് കോക്കാട്, എല്‍.പി.എസ്സ്. കോട്ടവട്ടം, എല്‍.പി.എസ്സ്. കരിക്കം, എല്‍.പി.എസ്സ് പനവേലി, എം.റ്റി.എസ്സ്.എസ്സ്. എല്‍.പി.എസ്സ് കോട്ടവട്ടം എന്നിവയാണ് പ്രധാന വിദ്യാലയങ്ങള്‍.

സാംസ്കാരിക രംഗം

പ്രമുഖ സാഹിത്യകാരിയായ ശ്രീമതി ലളിതാംബിക അന്തര്‍ജനത്തിന്റെ ജന്മദേശം ഈ പഞ്ചായത്തിലാണ്. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ രാമവര്‍മ്മാഅവാര്‍ഡ് എന്നിവ നേടിയ ശ്രീമതി അന്തര്‍ജനത്തിന്റെ രചനകള്‍ എക്കാലവും സ്മരിക്കപ്പെടുന്നു. അഗ്നിസാക്ഷി എന്ന രചന പിന്നീട് അഭ്രപാളിയിലേക്ക് പകര്‍ത്തുകയുണ്ടായി കാക്കാരിശ്ശിനാടകം എന്ന നാടന്‍ കലാരൂപം ഈ പഞ്ചായത്തില്‍ ഏറെ പ്രചാരമുള്ള ഒന്നാണ്. തുളസിവനപുരസ്ക്കാര ജേതവായ വെട്ടിക്കവല കെ.എന്‍.ശശികുമാര്‍ ഇന്‍ഡ്യ മുഴുവന്‍ ശ്രദ്ധിക്കപ്പെടുന്ന നാദസ്വര വിദ്വാനാണ്. ഈ ഗ്രാമപഞ്ചായത്തിന്റെ സംസ്ക്കാരവുമായി അഭേദ്യമായി ബന്ധപ്പട്ട ഘടകങ്ങളാണ് വെട്ടിക്കവല ശ്രീമഹാദേവര്‍ ക്ഷേത്രവും, കോട്ടവട്ടം ക്ഷേത്രവും, തലച്ചിറദേവി ക്ഷേത്രവും കൂടാതെ മറ്റ് നിരവധി ക്ഷേത്രങ്ങളും. കോല്‍ക്കളി, കുത്തിയോട്ടം, കഥകളി, ഭാരതക്കളി തുടങ്ങിയ ഒട്ടനവധി കലാരൂപങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. വെട്ടിക്കവല ശ്രീമഹാദേവര്‍ ക്ഷേത്രത്തില്‍ കൊണ്ടാടുന്ന ശിവരാത്രി മഹോല്‍സവമാണ് ഇവിടുത്തെ പ്രധാന ഉത്സവം. പഞ്ചായത്തിന്റെ സാംസ്ക്കാരിക രംഗത്ത് കൃത്യമായ സംഭവനകള്‍ നല്‍കിയിട്ടുള്ള ആദ്യകാല ഗ്രാന്ഥശാലകളാണ് വെട്ടിക്കവല, കോട്ടവട്ടം, കോക്കാട് എന്നിവടങ്ങളില്‍ സ്ഥിതി ചെയ്യുന്നത്. ഈ പഞ്ചായത്തിന്റെ മിക്ക പ്രദേശങ്ങളിലും നിരവധി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ളബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.