ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം
കൊട്ടാരക്കര മണ്ഡപത്തില്‍, വാളക്കല്‍ വെട്ടിക്കവല പ്രവൃത്തിയില്‍, മേലിലാ പകുതിയില്‍ ഉള്‍പ്പെട്ട പ്രദേശമായിരുന്നു പുരാതന രാജഭരണകാലത്ത് ഈ പ്രദേശം. രണ്ടര നൂറ്റാണ്ട് മുമ്പു വരെ ഇളയിടത്ത് സ്വരൂപത്തിന്റെ (കൊട്ടാരക്കര രാജകുടുംബം) ഒരു ഭാഗമായിരുന്നു വെട്ടിക്കവല. ഇളയിടത്തു സ്വരൂപത്തിന്റെ പല പണ്ടകശാലകളും കോട്ടകൊത്തളങ്ങളും വെട്ടിക്കവലയുടെ പ്രാന്തപ്രദേശങ്ങളിലുണ്ടായിരുന്നു. അവയിലൊന്ന് ഇപ്പോഴത്തെ കഴിവിടാന്‍ കുന്നിനു സമീപത്തായിരുന്നു. അവിടെ വച്ചായിരുന്നു കൊട്ടാരക്കര രാജാവിന്റെ ശിക്ഷാവിധികള്‍ നടപ്പാക്കിയിരുന്നത്. വാതുക്കല്‍ ഞാലിക്കുഞ്ഞിന്റെ പ്രതിഷ്ഠയുള്ള വെട്ടിക്കവലക്ഷേത്രം ഇളയിടത്തു റാണിയുടെ ഉത്തരവിന്‍പ്രകാരം നിര്‍മ്മിച്ചതാണെന്ന് കരുതപ്പെടുന്നു. വെട്ടിക്കവല സ്കൂളിലെ ഇന്നത്തെ ആഡിറ്റോറിയം നില്‍ക്കുന്നയിടം പണ്ടുകാലത്ത് കല്ലുകെട്ടി സംരക്ഷിച്ചിരുന്നതും, പുല്ലാഞ്ഞി വള്ളികളാല്‍ നിബിഡവുമായിരുന്ന ഒരു സ്ഥലമായിരുന്നുവെന്നും അന്നവിടെ തണല്‍ വിരിച്ചുകൊണ്ട് ഒരു വെട്ടിമരം പടര്‍ന്നുപന്തലിച്ച് നിന്നിരുന്നുവെന്നും പറയപ്പെടുന്നു. അതിന്‍പ്രകാരം വെട്ടിമരം നിന്നിരുന്ന കവലയായതിനാലാണ് ഈ സ്ഥലത്തിന് വെട്ടിക്കവല എന്ന പേരു ലഭിച്ചതെന്ന് കരുതാം. കോട്ടവട്ടം സി.കൃഷണന്‍ പോറ്റി, വെട്ടിക്കവല പി.കെ ഗോവിന്ദന്‍പിളള (ശൂരനാടന്‍), വെട്ടിക്കവല നാരായണനുണ്ണി, തലച്ചിറ ആര്‍.ഈശ്വരന്‍, എ.കെ.നാരായണന്‍ വൈദ്യര്‍ എന്നിവര്‍ ഈ ഗ്രാമത്തിലെ പ്രമുഖ സ്വാതന്ത്ര്യ സമരസേനാനികളാണ്. സദാനന്ദപുരത്ത് സ്ഥിതിചെയ്യുന്ന അവധൂതാശ്രമം പ്രശസ്തമായ സാംസ്കാരിക-ആത്മീയ കേന്ദ്രമാണ്. സദാനന്ദസ്വാമി, മഹാപ്രസാദം സ്വാമി, സ്വാമി പ്രേമാനന്ദഭാരതി എന്നീ ആത്മീയാചാര്യന്മാര്‍ ഈ ആശ്രമത്തിനു നേതൃത്വം കൊടുത്തിട്ടുണ്ട്. സദാനന്ദപുരം, കോട്ടവട്ടം ചക്കുവരയ്ക്കല്‍, കോക്കാട് എന്നിവിടങ്ങളിലെ ഗ്രന്ഥശാലകള്‍ അരനൂറ്റാണ്ടിനു മുമ്പുതന്നെ പ്രവര്‍ത്തിച്ചുതുടങ്ങിയിരുന്നു. ഒരു നൂറ്റാണ്ടിനു മുമ്പുതന്ന വെട്ടിക്കവല കേന്ദ്രീകരിച്ച് വിദ്യാലയങ്ങള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയിരുന്നു. പ്രശസ്തമായ എം.സി റോഡ്, ഇന്നത്തെ 208-ാം നമ്പര്‍ ദേശീയപാതയായ കൊല്ലം-തിരുമംഗലം റോഡ് (പഴയ കൊല്ലം-ചെങ്കോട്ട റോഡ്) എന്നീ പ്രമുഖ ഗതാഗതപാതകള്‍ ഈ ഗ്രാമത്തിലൂടെ കടന്നുപോകുന്ന പുരാതനറോഡുകളാണ്. പനവേലി മാര്‍ത്തോമ്മാ ചര്‍ച്ച്, വെട്ടിക്കവല മഹാദേവര്‍ ക്ഷേത്രം, കഴുവിടാന്‍ കോവില്‍ എന്നിവ അതിപുരാതനകാലത്ത് നിര്‍മ്മിക്കപ്പെട്ട ആരാധനാലയങ്ങളാണ്. ഋഷിതുല്യരായ സദാനന്ദ സ്വാമികളും മഹാപ്രസാദം സ്വാമിയും നേതൃത്വം കൊടുക്കുന്ന അവധൂതാശ്രമം ഭാരതം മുഴുവന്‍ അറിയപ്പെടുന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ റിസര്‍ച്ച് സ്റ്റേഷനും കൊല്ലം ജില്ലയിലെ കൃഷി വിജ്ഞാന കേന്ദ്രവും ഈ ബ്ളോക്കിലാണ് സ്ഥിതിചെയ്യുന്നത്.