വെട്ടിക്കവല

കൊല്ലം ജില്ലയില്‍ കൊട്ടാരക്കര താലൂക്കിലാണ് വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഉമ്മന്നൂര്‍, വെട്ടിക്കവല, മേലില, മൈലം, കുളക്കട, പവിത്രേശ്വരം എന്നീ ഗ്രാമപഞ്ചായത്തുകള്‍ വെട്ടിക്കവല ബ്ളോക്കിലുള്‍പ്പെടുന്നു. വെട്ടിക്കവല, ചക്കുവരയ്ക്കല്‍, ഉമ്മന്നൂര്‍, മേലില, മൈലം, കുളക്കട, പവിത്രേശ്വരം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്തിന് 169.47 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 1955 ജൂണ്‍ 17-ാം തീയതിയാണ് വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്ത് രൂപീകൃതമായത്. കൊട്ടാരക്കര മണ്ഡപത്തില്‍, വാളക്കല്‍ വെട്ടിക്കവല പ്രവൃത്തിയില്‍, മേലിലാ പകുതിയില്‍ ഉള്‍പ്പെട്ട പ്രദേശമായിരുന്നു പുരാതന രാജഭരണകാലത്ത് ഈ പ്രദേശം. കൊട്ടാരക്കര ഇളയിടത്തുറാണിയുടെ ഭരണത്തിന്‍കീഴിലായിരുന്നു വെട്ടിക്കവലയും പരിസരഗ്രാമങ്ങളും. വാതുക്കല്‍ ഞാലിക്കുഞ്ഞിന്റെ പ്രതിഷ്ഠയുള്ള വെട്ടിക്കവലക്ഷേത്രം ഈ രാജ്ഞിയുടെ ഉത്തരവിന്‍പ്രകാരം നിര്‍മ്മിച്ചതാണെന്ന് കരുതപ്പെടുന്നു. വെട്ടിക്കവല സ്കൂളിലെ ആഡിറ്റോറിയത്തിനടുത്ത് കല്ലുകെട്ടി സംരക്ഷിച്ചിരുന്നതും, പുല്ലാഞ്ഞി വള്ളികളാല്‍ നിബിഡവുമായിരുന്ന ഒരു സ്ഥലമുണ്ടാായിരുന്നുവെന്നും മുന്‍കാലത്ത് അവിടെ തണല്‍ വിരിച്ചുകൊണ്ട് ഒരു വെട്ടിമരം നിന്നിരുന്നുവെന്നും പറയപ്പെടുന്നു. വെട്ടിമരം നിന്നിരുന്ന കവലയായതിനാലാണ് ഈ സ്ഥലത്തിന് വെട്ടിക്കവല എന്ന പേരു ലഭിച്ചതെന്നും സ്ഥലനാമനിഗമനമുണ്ട്. കോട്ടവട്ടം സി.കൃഷ്ണന്‍പോറ്റി, വെട്ടിക്കവല പി.കെ.ഗോവിന്ദപിള്ള, വെട്ടിക്കവല നാരായണനുണ്ണി, തലച്ചിറ ആര്‍.ഈശ്വരന്‍ എന്നിവര്‍ ഈ പ്രദേശത്തുനിന്നുള്ള പ്രമുഖ സ്വാതന്ത്ര്യസമര സേനാനികളായിരുന്നു. വെട്ടിക്കവല ബ്ളോക്കിലെ സദാനന്ദപുരത്ത് സ്ഥിതിചെയ്യുന്ന അവധൂതാശ്രമം പ്രശസ്തമായ സാംസ്കാരിക-ആത്മീയ കേന്ദ്രമാണ്. സദാനന്ദസ്വാമി, മഹാപ്രസാദം സ്വാമി, സ്വാമി പ്രേമാനന്ദഭാരതി എന്നീ ആത്മീയാചാര്യന്മാര്‍ ഈ ആശ്രമത്തിനു നേതൃത്വം കൊടുത്തിട്ടുണ്ട്. ഭൂപ്രകൃതിയനുസരിച്ച് ഈ ബ്ളോക്ക് പ്രദേശത്തിനെ സമാന്തരങ്ങളായ കുന്നിന്‍ നിരകള്‍, ഒറ്റപ്പെട്ടു നില്‍ക്കുന്ന പ്രദേശങ്ങള്‍, ചെരിഞ്ഞ പ്രദേശങ്ങള്‍, താഴ്വരകള്‍, പാടശേഖരങ്ങള്‍ എന്നിങ്ങനെ തരം തിരിക്കാം.