ചരിത്രം

സാമൂഹ്യചരിത്രം

പണ്ടേതോ ഭരണാധികാരി വെട്ടിപ്പിടിച്ചെടുത്ത ഊരാണ് വെട്ടത്തൂരായി അറിയപ്പെടാന്‍ തുടങ്ങിയതത്രെ. ഗ്രാമപഞ്ചായത്തുകള്‍ നിലവില്‍ വരുന്നതിനു മുമ്പുതന്നെ വെട്ടത്തൂരിലേയും പരിസരപ്രദേശങ്ങളിലേയും ജനങ്ങള്‍ തര്‍ക്കങ്ങളും പ്രശ്നങ്ങളും പരിഹരിക്കുന്നതിനു ഒത്തുകൂടിയിരുന്നത്, കോടതിതളമായിരുന്ന പുത്തന്‍കോട്ടെ പൂമുഖത്തായിരുന്നു. സങ്കീര്‍ണ്ണമായ ഒട്ടേറെ പ്രശ്നങ്ങള്‍ ഇവിടെ വച്ച് തീര്‍പ്പ് കല്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ഖിലാഫത്ത് പ്രസ്ഥാനത്തില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ഒട്ടനവധിപേര്‍ ഈ പഞ്ചായത്തിലുണ്ട്. 1921-ല്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നടന്ന ഖിലാഫത്ത് ലഹളകളില്‍ പങ്കെടുത്തതിന്റെ പേരില്‍, ഇവിടെ നിന്നുള്ള ഒട്ടേറെ സ്വാതന്ത്ര്യസമരസേനാനികള്‍ വെല്ലൂര്‍, വിയ്യൂര്‍ എന്നിവിടങ്ങളിലെ ജയിലുകളിലടയ്ക്കപ്പെടുകയോ, നാടുകടത്തപ്പെട്ട് ആന്റമാനിലെ കുപ്രസിദ്ധമായ കാലാപാനി കാരാഗൃഹങ്ങളില്‍ കഴിയേണ്ടിവരികയോ ചെയ്തിട്ടുണ്ട്. അക്കാലത്ത് വെള്ളപ്പട്ടാളത്തിന്റെ നോട്ടപ്പുള്ളിയായിരുന്നതു കാരണം എന്നെന്നേക്കുമായി നാടുവിട്ടോടേണ്ടി വന്ന വ്യക്തിയാണ് കാരാടന്‍ അഹമ്മദ് മുസ്ള്യാര്‍. തേലക്കാട് ആലക്കുന്നും, അതിനു പരിസരത്തുള്ള അയിര്‍മടകളും (ഇരുമ്പയിരു ഖനി) അതുപോലെത്തന്നെ വെട്ടത്തൂരിലെ ഇരുമ്പനോടും, നിരന്നപറമ്പിലെ അയിര്‍മടകളും സൂചിപ്പിക്കുന്നത്, പ്രസ്തുത പ്രദേശങ്ങളില്‍നിന്നൊക്കെ, ഒരുകാലത്ത് ഇരുമ്പയിരു ഖനനം ചെയ്തെടുത്തിരുന്നുവെന്നാണ്. തേലക്കാട്ടെ അയിര്‍മടകളില്‍ നിന്ന് പാറകള്‍ കുഴിച്ചെടുത്ത് ചൂടാക്കി ഇരുമ്പ് വേര്‍തിരിച്ചെടുത്ത് ആയുധങ്ങള്‍ ഉണ്ടാക്കിയിരുന്നു. അങ്ങിനെയാണ് ആ പ്രദേശത്തിന് ആലക്കുന്ന് എന്നും, നിരന്നപറമ്പിലെ അയിരുമടകളില്‍ ഇരുമ്പ് ഖനനം ചെയ്തെടുത്ത് ആയുധങ്ങള്‍ ഉണ്ടാക്കിയിരുന്ന സ്ഥലത്തിനു ഇരുമ്പനോട് എന്നും പേരുകള്‍ കൈവന്നത്. വെട്ടത്തൂരിലേക്ക് ബസ്സ് റൂട്ട് അനുവദിപ്പിക്കുന്നതിലും, റോഡുവികസനത്തിലും, വൈദ്യുതികണക്ഷന്‍ ലഭ്യമാക്കുന്നതിനും, വെട്ടത്തൂരിന് സ്വന്തമായി ഒരു സഹകരണ ബാങ്ക്, ക്ഷീരസംഘം എന്നിവ ഉണ്ടാക്കുന്നതിനും മുന്‍കൈയെടുത്തത് വെട്ടത്തൂര്‍ ഡവലപ്മെന്റ് കൌണ്‍സിലായിരുന്നു. എഴുപതുകളില്‍ പള്ളികുത്ത്, മണ്ണാര്‍മല, വെട്ടത്തൂര്‍ എന്നിവിടങ്ങളില്‍ രൂപീകൃതമായ മഹിളാസമാജങ്ങളാണ് ഈ പ്രദേശങ്ങളില്‍ ബാലവാടികള്‍ സ്ഥാപിച്ചത്.

സാംസ്കാരികചരിത്രം

കലാ-സാഹിത്യ-കായിക രംഗങ്ങളില്‍ അത്ര വലിയ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത ഒരു പ്രദേശമാണ് ഈ ഗ്രാമം. എങ്കിലും “അല്‍ഫാറൂഖ്”, “പ്രധാനം” എന്നീ മാസികള്‍ മറ്റാരുടേയും സഹായമില്ലാതെ തന്നെ പുറത്തിറക്കാന്‍ ധൈര്യം കാണിച്ച, സാദിഖ് മൌലവിയെ പോലുള്ളവര്‍ ഇവിടെ നിന്നുണ്ടായിട്ടുണ്ട്. 1943-45 കാലഘട്ടത്തില്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ഈ പ്രദേശത്തെ യുവജനങ്ങള്‍, സംഘടിച്ചുകൊണ്ട്, നാടകങ്ങളും മറ്റു കലാരൂപങ്ങളും ആയുധമാക്കി രംഗത്തു വന്നിരുന്നു. ബ്രിട്ടീഷുകാരോടുള്ള എതിര്‍പ്പിന്റെ ഭാഗമായി, ആധുനിക വിദ്യാഭ്യാസത്തോട് വിമുഖത കാണിച്ചിരുന്ന ഒരു സാമൂഹ്യാന്തരീക്ഷത്തില്‍ വളര്‍ന്നുവന്നിട്ടുപോലും അക്കാലത്തെ പല സ്ത്രീകളും അക്ഷരാഭ്യാസമുള്ളവരായിരുന്നു എന്നത് ഈ ഗ്രാമത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക പാരമ്പര്യത്തിനുള്ള തെളിവാണ്. ഈ പ്രദേശത്ത് ഒരു സവര്‍ണ്ണ സമുദായത്തില്‍ നിലനിന്നിരുന്ന ബഹുഭര്‍ത്തൃത്വം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയോടെ അവസാനിക്കുകയും, ഇന്നതൊരു കേട്ടുകേള്‍വി മാത്രമായി അവശേഷിക്കുകയും ചെയ്യുന്നു. ഒപ്പനപ്പാട്ടുകളും, കോല്‍ക്കളിയും, പരിചമുട്ടുകളിയും, ഉടുക്കുകൊട്ടും, ദഫ്മുട്ട്, അറവനമുട്ട് തുടങ്ങിയ കലാരൂപങ്ങളും, ദിവസങ്ങളോളം നീണ്ടുനിന്നിരുന്ന പകിടകളിയും ഈ ഗ്രാമത്തിന്റെ കലാസാംസ്കാരിക രംഗത്തെ സമ്പുഷ്ടമാക്കിയിരുന്നതും ഇവിടെയും പരിസരപ്രദേശങ്ങളിലും പ്രചാരത്തിലുണ്ടായിരുന്നതുമായ നാടന്‍കലാരൂപങ്ങളായിരുന്നു. മുന്‍ തലമുറയുടെ സംഘബോധത്തിന്റെയും കൂട്ടായ്മയുടെയും വിളക്കുകണ്ണികളായിരുന്നു ഇവയെല്ലാം. എന്നാല്‍ ആധുനികയുഗത്തില്‍ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളുടെ സ്വാധീനം, പാരമ്പര്യമായി കൈമാറിവന്ന ഗ്രാമീണ കലാരൂപങ്ങളെ ഏതാനും മത്സരവേദികളിലും വാര്‍ഷികാഘോഷം സ്റ്റേജുകളിലുമായി ഒതുക്കി. ഒരു പ്രത്യേക ജനവിഭാഗത്തിന്റെ തനതുകലയായ ചെറുമക്കളി എന്നറിയപ്പെടുന്ന, രസകരവും ആവേശകരവുമായ കലാരൂപം നാമമാത്രമായെങ്കിലും ഇന്നും നിലനില്‍ക്കുന്നുണ്ട്. ഗ്രാമത്തിലെ പ്രാചീന ആഘോഷങ്ങള്‍ കാലപ്രവാഹത്തിന്റെ കുത്തൊഴുക്കില്‍ പെട്ടു നാമാവശേഷമാവുകയോ, കേവലം ചടങ്ങുകള്‍ മാത്രമായി നിലനില്‍ക്കുകയോ ചെയ്യുന്നു. വെട്ടത്തൂര്‍ പാലമുറ്റത്തു ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി ഈ പ്രദേശത്തെ ദേശീയ ഉത്സവമായി തന്നെ ഇന്നും കൊണ്ടാടുന്നു.