പഞ്ചായത്തിലൂടെ
വെട്ടത്തൂര്‍ - 2010
മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണ താലൂക്കിലെ പെരിന്തല്‍മണ്ണ ബ്ളോക്കിലാണ് വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1961 ലാണ് വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്ത് ഔദ്യോഗികമായി നിലവില്‍ വന്നത്. 35.84 ച.കി.മീ വിസ്തൃതിയുള്ള ഗ്രാമപഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് അലനല്ലൂര്‍(പാലക്കാട് ജില്ല), മേലാറ്റൂര്‍, കീഴാറ്റൂര്‍ പഞ്ചായത്തുകള്‍, തെക്ക് താഴെക്കോട് പഞ്ചായത്ത്, പെരിന്തല്‍മണ്ണ നഗരസഭ, കിഴക്ക് അലനല്ലൂര്‍(പാലക്കാട് ജില്ല), താഴെക്കോട് പഞ്ചായത്തുകള്‍, പടിഞ്ഞാറ് കീഴാറ്റൂര്‍, അങ്ങാടിപ്പുറം പഞ്ചായത്ത്, പെരിന്തല്‍മണ്ണ നഗരസഭ എന്നിവയാണ്. പഞ്ചായത്തിന്റെ മൊത്തം ജനസംഖ്യ 26138 ആണ്. അതില്‍ 13448 പേര് സ്ത്രീകളും 12690 പേര് പുരുഷന്മാരുമാണ്. ഈ പഞ്ചായത്തിന്റെ സാക്ഷരത നിരക്ക് 90% എന്നത് അഭിമാനാര്‍ഹമാണ്. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയിലാണ് വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. നെല്ല്, കവുങ്ങ്, തെങ്ങ്, വാഴ, മരച്ചീനി, തേക്ക്, കശുമാവ്, കുരുമുളക്, ഇഞ്ചി, റബ്ബര്‍ തുടങ്ങിയവയാണ് പഞ്ചായത്തിലെ പ്രധാന കൃഷി വിളകള്‍. പഞ്ചായത്തിലെ 150 കുളങ്ങളാണ് ഇവിടത്തെ പ്രധാന ജലസ്രോതസ്സ്. മണ്ണാര്‍മല, തെക്കന്‍മല എന്നിവ ഈ പഞ്ചായത്തിലെ പ്രധാന മലകളാണ്. വെട്ടത്തൂര്‍ പഞ്ചായത്തിന്റെ മൊത്തം വിസ്തൃതിയില്‍ 283.36 ഏക്കര്‍ വനപ്രദേശമാണ്. 51 തെരുവുവിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത് പഞ്ചായത്തിന്റെ വീഥികള്‍ രാത്രികാലങ്ങളില്‍ സഞ്ചാരയോഗ്യമാക്കുന്നു. പൊതുകിണറുകളും, പൊതുകുടിവെള്ള ടാപ്പുകളുമാണ് പഞ്ചായത്തിലെ ജനങ്ങള്‍ ശുദ്ധജലത്തിനായി ആശ്രയിക്കുന്നത്. വിദേശയാത്രക്കായി പഞ്ചായത്ത് നിവാസികള്‍ ആശ്രയിക്കുന്നത് ഏറ്റവും അടുത്ത വിമാനത്താവളമായ കോഴിക്കോട്-കരിപ്പൂര്‍ വിമാനത്താവളത്തെയാണ്. പട്ടിക്കാട് റയില്‍വേ സ്റ്റേഷനാണ് പഞ്ചായത്തിലെ ഏറ്റവും അടുത്ത റയില്‍വേ സ്റ്റേഷന്. തുറമുഖം എന്ന നിലയില്‍ കൊച്ചി തുറമുഖമാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത്. പെരിന്തല്‍മണ്ണ കെ.എസ്.ആര്.ടി.സി ബസ്സ്റ്റാന്റ്, മനയടി പ്രൈവറ്റ് ബസ് സ്റ്റാന്റ്, അലനല്ലൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്റ്, മേലാറ്റൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്റ് എന്നിവയാണ് പഞ്ചായത്തിന്റെ റോഡ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്ന പ്രധാന സ്ഥലങ്ങള്‍. ഊട്ടി നിലമ്പൂര്‍ അന്തര്‍ സംസ്ഥാന പാത പഞ്ചായത്തിലൂടെ കടന്നു പോകുന്നു. എടുത്തു പറയത്തക്ക വ്യവസായങ്ങള്‍ ഈ ഗ്രാമത്തില്‍ ഇല്ല എങ്കിലും കാപ്സ്സണ് ഗ്രനൈറ്റ് തുടങ്ങി ഇടത്തരം വ്യവസായങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. പഞ്ചായത്തിന്റെ പൊതുവിതരണ മേഖലയില്‍ 9 റേഷന്‍കടകള്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ 2 നീതി സ്റ്റോറുകളും പൊതുവിതരണ രംഗത്തെ മറ്റു സംവിധാനങ്ങളാണ്. പഞ്ചായത്തിലെ പ്രധാനപ്പെട്ട വ്യാപാര കേന്ദ്രം ചുങ്കത്താണ് പ്രവര്‍ത്തിക്കുന്നത്. നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. 4 ക്ഷേത്രങ്ങളും, 2 ക്രിസ്ത്യന്‍ പള്ളികളും, 10 മുസ്ളിം പള്ളികളും പഞ്ചായത്തിന്റെ അങ്ങിങ്ങായി നിലകൊള്ളുന്നു. മികച്ച അദ്ധ്യാപികക്കുള്ള ദേശീയ അവാര്‍ഡ് നേടിയ കുഞ്ഞിരുമ്മ ടീച്ചര്‍, മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ കുഞ്ഞാപ്പു മാസ്റ്റര്‍, സ്വാതന്ത്ര്യസമര സേനാനിയായിരുന്ന കൊടക്കാട് മൊയ്തൂപ്പ മൊല്ലാക്ക സാദിഖ് മൌലവി, ഖിലാഫത്ത് പ്രസ്ഥാനത്തില്‍ പങ്കെടുത്ത വ്യക്തിയും സ്വാതന്ത്ര്യസമര സേനാനിയുമായ കക്കാടന്‍ അഹ്മ്മദ് മുസ്ള്യാര്, ഗ്രന്ഥകാരനും പഞ്ചവര്ണ്ണിനിയെന്ന പഞ്ചഭാഷാ നിഘണ്ടുവിന്റെ രചയിതാവായ പി.എന്‍ സെയ്താലിക്കുട്ടി സാഹിബ് എന്നിവര്‍ പഞ്ചായത്തിന്റെ സാമൂഹ്യ സാംസ്കാരിക മേഖലയെ പുഷ്ടിപ്പെടുത്തിയവരാണ്. ആരോഗ്യ പരിപാലന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന നിരവധി ആരോഗ്യകേന്ദ്രങ്ങള്‍ പഞ്ചായത്തിനകത്തുണ്ട്. സ്വകാര്യ മേഖലയില്‍ നടത്തുന്ന ഒരു അലോപ്പതി ആശുപത്രിയും രണ്ട് ഹോമിയോ ഡിസ്പെന്‍സറികളും പഞ്ചായത്തിലുണ്ട്. ഇതുകൂടാതെ വെട്ടത്തൂരിലും മണ്ണാര്‍മലയിലും ഓരോ കുടുംബക്ഷേമ കേന്ദ്രവും മണ്ണാര്‍മല, തേലക്കാട് എന്നിവിടങ്ങളില്‍ ഓരോ ഐ.പി.പി സെന്ററും നിലവില്‍ ഉണ്ട്. വെട്ടത്തൂരില്‍ ഒരു പ്രാഥമികാരോഗ്യ കേന്ദ്രവും പ്രവര്‍ത്തിച്ചു വരുന്നു. മേലാറ്റൂര്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍, പെരിന്തല്‍മണ്ണ അല്‍-ഷിഫാ, അല്‍സലാമ കണ്ണാശുപത്രി എന്നിവിടങ്ങളില്‍ നിന്നാണ് പഞ്ചായത്തിന് ആംബുലന്‍സ് സേവനം ലഭിക്കുന്നത്. മൃഗസംരക്ഷണത്തിനായി ഒരു വെറ്റിനറി ആശുപത്രി കാര്യവട്ടത്തും അതിന്റെ ഉപകേന്ദ്രം വെട്ടത്തൂരിലും പ്രവര്‍ത്തിക്കുന്നു. ആധുനിക വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ മേഖലയില്‍ 4 എല്‍.പി സ്ക്കൂളും, 2 യു.പി സ്ക്കൂളും, ഒരു ഹൈസ്ക്കൂളും എയ്ഡഡ് മേഖലയില്‍ ഒരു എല്‍.പി സ്ക്കൂളും. 2 യു.പി സ്ക്കൂളും ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി സാമൂഹ്യ സ്ഥാപനങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. അഗതിമന്ദിരമായ ആകാശപ്പറവ, യത്തീംഖാന എന്നിവയാണ് പഞ്ചായത്തിലെ പ്രധാന സാമൂഹ്യസ്ഥാപനങ്ങള്‍. സഹകരണ ബാങ്കുകളായ വനിതാ സഹകരണ ബാങ്ക്, കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നിവയാണ് പഞ്ചായത്തിലെ പ്രധാന ധനകാര്യ സ്ഥാപനങ്ങള്‍. മണ്ണാര്‍മലയിലെ വിദ്യാപോഷിണിയാണ് ഈ പഞ്ചായത്തിലെ പ്രധാന ഗ്രന്ഥശാല. പഞ്ചായത്തിലെ പൊതുപരിപാടികളും വിവാഹവും മറ്റും നടത്തുന്നതിനായി മണ്ണാര്‍മല ഇമ്മു ഓഡിറ്റോറിയം ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പെരിന്തല്‍മണ്ണയിലാണ് ഈ പഞ്ചായത്തിലെ വൈദ്യുതി ബോര്‍ഡ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. പട്ടിക്കാട്, മണ്ണാര്‍മല, വെട്ടത്തൂര്‍ എന്നിവിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന പോസ്റ്റ് ഓഫീസുകള്‍, പട്ടിക്കാട് റെയില്‍വേ സ്റ്റേഷന്, കാപ്പ് ടെലിഫോണ്‍ എക്സ്ചേഞ്ച് തുടങ്ങിയവ പഞ്ചായത്തിലെ പ്രധാന കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളാണ്. വെട്ടത്തൂര്‍, കാര്യവട്ടം എന്നിവിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന വില്ലേജ് ഓഫീസുകളും, തേലക്കാട് പഞ്ചായത്തോഫീസും, വെട്ടത്തൂര്‍ കൃഷിഭവന് തുടങ്ങിയവ ഈ പഞ്ചായത്തിലെ സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളാണ്. വെട്ടത്തൂര്‍ കോപ്സണ്‍ ഗ്രാനൈറ്റ്സ്, കോപ്സണ്‍ എസ്റ്റേറ്റ് എന്നിവ പഞ്ചായത്തിലെ സ്വകാര്യ സ്ഥാപനങ്ങളാണ്. പെരിന്തല്‍മണ്ണയിലാണ് ഈ പഞ്ചായത്തിലെ വാട്ടര്‍ അതോറിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. മേലാറ്റൂരിലും പെരിന്തല്‍മണ്ണയിലും ഈ പഞ്ചായത്തിലെ പോലീസ് സ്റ്റേഷനും പെരിന്തല്‍മണ്ണയില്‍ ഒരു ജയിലും സ്ഥിതി ചെയ്യുന്നു.
പഞ്ചായത്തിന്റെ സവിശേഷതകള്‍
മലപ്പുറം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം ആദിവാസി കുടിലുകള്‍ ഇന്നും നിലനില്‍ക്കുന്ന അപൂര്‍വ്വം ഗ്രാമപഞ്ചായത്തുകളിലൊന്നാണ്. ഈ പഞ്ചായത്തിലെ മണ്ണാര്‍മല മേഖലയിലാണ് ഈ ആദിവാസി പുരയിടങ്ങള്‍. മലപ്പുറത്തെ ഡാം (അണക്കെട്ട്) സ്ഥിതി ചെയ്യുന്നത് ഈ പഞ്ചായത്തുള്‍പ്പെടുന്ന മേഖലയിലാണ്. കൃഷി ആവശ്യങ്ങള്‍ക്ക് നിര്‍മ്മിച്ച ഈ അണക്കെട്ട് അശാസ്ത്രീയ നിര്‍മ്മാണം മൂലം ഇന്ന് ഉപയോഗശൂന്യമാണ്. ഏകദേശം നൂറ് നൂറ്റിയന്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മന്ത്രയന്ത്രസാഗ്രികള് കണ്ടുപിടിക്കപ്പെടുന്നതിന് മുമ്പ് തന്നെ ഇവിടുത്തുകാര്‍ ഇരുമ്പ് കുഴിച്ചെടുത്ത് വേര്‍തിരിച്ച് ആയുധങ്ങളുണ്ടാക്കിയിരുന്നു എന്നത് അത്ഭുതകരമാണ്.