വെട്ടത്തൂര്‍

60975_340982902675911_925464737_n

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ താലൂക്കില്‍ പെരിന്തല്‍മണ്ണ ബ്ളോക്കിലാണ് വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കാര്യവട്ടം, വെട്ടത്തൂര്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്തിനു 35.84 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് അലനല്ലൂര്‍(പാലക്കാട് ജില്ല), മേലാറ്റൂര്‍, കീഴാറ്റൂര്‍ പഞ്ചായത്തുകള്‍, തെക്ക് താഴെക്കോട് പഞ്ചായത്ത്, പെരിന്തല്‍മണ്ണ നഗരസഭ, കിഴക്ക് അലനല്ലൂര്‍(പാലക്കാട് ജില്ല), താഴെക്കോട് പഞ്ചായത്തുകള്‍, പടിഞ്ഞാറ് കീഴാറ്റൂര്‍, അങ്ങാടിപ്പുറം പഞ്ചായത്ത്, പെരിന്തല്‍മണ്ണ നഗരസഭ എന്നിവയാണ്. വെട്ടിപ്പിടിച്ചെടുത്ത ഊരാണ് വെട്ടത്തൂരായി അറിയപ്പെടാന്‍ തുടങ്ങിയതത്രെ. ഗ്രാമപഞ്ചായത്തിന്റെ തെക്കേ അതിര്‍ത്തിയില്‍ കിഴക്കു പടിഞ്ഞാറായി നീണ്ടുകിടക്കുന്ന ഉയര്‍ന്ന മലനിരയും, അത്രതന്നെ ഉയര്‍ന്നതല്ലെങ്കിലും അങ്ങിങ്ങായി പരന്നുകിടക്കുന്ന നിരവധി കുന്നിന്‍പ്രദേശങ്ങളും, അവയ്ക്കിടയിലെ വിശാലമായ പാടശേഖരങ്ങളും ഉള്‍പ്പെട്ടതാണ് പഞ്ചായത്തിന്റെ ഭൂപ്രകൃതി. സമുദ്രനിരപ്പില്‍ നിന്ന് അത്രയധികം ഉയര്‍ന്നതാണെന്നു പറയാവുന്ന പ്രദേശങ്ങളല്ല ഈ പഞ്ചായത്തിലുള്ളത്. പാറ നിറഞ്ഞതാണ് ഭൂരിഭാഗം പ്രദേശങ്ങളെങ്കിലും പാറയ്ക്കു മുകളിലുള്ള മണ്ണടുക്ക് ഫലഭൂയിഷ്ഠവും വിവിധതരം കൃഷിക്കനുയോജ്യവുമാണ്. പ്രധാനമായും റബ്ബര്‍, കശുമാവ്, തെങ്ങ്, തേക്ക് എന്നിവയാണ് ഇവിടുത്തെ കൃഷി. കപ്പ, വാഴ തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്. ചെങ്കുത്തായ ചെരിവുകള്‍ ഇവിടുത്തെ ഭൂപ്രകൃതിയില്‍ അപൂര്‍വ്വമാണ്. പൊതുവില്‍ നെല്‍കൃഷിക്കനുയോജ്യമായ മണ്ണാണെങ്കിലും പ്രധാനവിളകളുടെ പട്ടികയില്‍ ഇന്ന് കാണുന്നത് കമുങ്ങും തെങ്ങും വാഴയും കപ്പയുമൊക്കെയാണ്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി കരിങ്കല്‍ നിറഞ്ഞ കുന്നുകളും ചെങ്കല്‍കുന്നുകളുമുണ്ട്. ഇത്തരം പ്രദേശങ്ങളിലെല്ലാം ധാരാളം പറങ്കിമാവുകളും അപൂര്‍വ്വം പ്രദേശങ്ങളില്‍ തെങ്ങുകളും വളരുന്നുണ്ട്. കാര്‍ഷികവൃത്തിക്കു പ്രധാനമായും കാലവര്‍ഷത്തെയും തുലാവര്‍ഷത്തെയും തന്നെയാണ് ആശ്രയിക്കുന്നത്. വെട്ടത്തൂര്‍ പഞ്ചായത്തുബോര്‍ഡ് നിലവില്‍ വരുന്നത് 1963-ലാണ്. അന്ന് പാലക്കാട് ജില്ലയുടെ ഭാഗമായിരുന്നു വെട്ടത്തൂര്‍ പഞ്ചായത്ത്, പില്‍ക്കാലത്ത് മലപ്പുറം ജില്ലാരൂപീകരണത്തോടെ ആ ജില്ലയുടെ ഭാഗമായി.