ചരിത്രം

സാമൂഹിക സാംസ്കാരിക ചരിത്രം

ആലപ്പുഴ ജില്ലയുടെ  തെക്കുകിഴക്കു ഭാഗത്ത് ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളെ വേര്‍തിരിക്കുന്ന അച്ചന്‍കോവിലാറിന്റെ ആന്ദോളനമേറ്റു കിടക്കുന്ന അഴകാര്‍ന്ന ഗ്രാമമാണ് വെണ്മണി. പ്രകൃതിഭംഗി കവിഞ്ഞൊഴുകുന്ന ഈ പ്രദേശം ഫലഭൂയിഷ്ഠമായ മണ്ണുകൊണ്ട് അനുഗ്രഹീതമാണ്. കേരളത്തിലെ ആദികാല ജനപഥങ്ങളില്‍ ഏറ്റവും പ്രാചീനമായ ജനവാസകേന്ദ്രങ്ങളില്‍ ഒന്നായിരുന്നു വെണ്മണി. 64 ബ്രാഹ്മണ ആവാസകേന്ദ്രങ്ങളായി അറിയപ്പെട്ടിരുന്ന ഗ്രാമങ്ങളില്‍ വച്ച് തെക്കേ അറ്റത്തുള്ളതാണ് വെണ്മണി ഗ്രാമം. ഒരു കുടുംബം (കല്ലമണ്‍ മഠം) ഒഴികെയുള്ളവയെല്ലാം ഈ ഗ്രാമം വിട്ട് പന്തളം, അടൂര്‍, കുന്നത്തൂര്‍ തുടങ്ങിയ  തെക്കന്‍ ദിക്കുകളിലേക്ക് താമസം മാറ്റുകയുണ്ടായി. ഇരുനൂറ്റിഅന്‍പതു വര്‍ഷങ്ങള്‍ക്കു മുമ്പ് തിരുവിതാംകൂര്‍ (വേണാട്) മഹാരാജാവ് മാര്‍ത്താണ്ഡവര്‍മ്മ കായംകുളം രാജാവിനെ യുദ്ധത്തില്‍ തോല്പിച്ചു. അക്കാലത്ത് മാര്‍ത്താണ്ഡവര്‍മ്മയുടെ അപ്രീതിക്കു പാത്രമായ ബുധനൂര്‍ പ്രദേശത്തെ പ്രമാണിമാരെ ഒരു പാഠം പഠിപ്പിക്കുക എന്ന ഉദ്ദ്യോശത്തോടെ വെണ്മണി, ബുധനൂര്‍, പാണ്ടനാടു വഴി ഒഴുകികൊണ്ടിരുന്ന അച്ചന്‍കോവിലാര്‍, ശാര്‍ങരക്കാവു ക്ഷേത്രത്തിനു തൊട്ടു പടിഞ്ഞാറു വച്ച് ഗതിമാറ്റി ഒഴുക്കാന്‍ തീരുമാനിച്ചു. അങ്ങിനെയാണ് പുത്താറ്റിന്‍കര നിന്നും പുതിയ മാര്‍ഗ്ഗത്തിലൂടെ വെട്ടിയ ആറ് വെട്ടിയാര്‍ പ്രദേശത്തും കൊല്ലകടവ് പ്രദേശത്തും കൂടി ഒഴുകിത്തുടങ്ങിയത്. കൊല്ലകടവു ഭാഗത്തെ മലപിളര്‍ന്നുള്ള അതിന്റെ ഗതി ഇടുങ്ങിയ മാര്‍ഗ്ഗത്തിലൂടെ ആയതിനാല്‍ വെണ്മണി, പുന്തല പ്രദേശങ്ങള്‍ നിരന്തരമായി വെള്ളപ്പൊക്കക്കെടുതികള്‍ക്ക് ഇരയായിത്തീര്‍ന്നു. തന്മൂലം അന്നുവരെ നിലനിന്നിരുന്ന കൃഷിരീതി ആകെ മാറിമറിഞ്ഞു. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ വെണ്മണി നിവാസികളില്‍ 90 ശതമാനവും കൃഷിയെ ആശ്രയിച്ചു കഴിഞ്ഞു പോന്നവരായിരുന്നു. 4300 ഏക്കറോളം വരുന്ന ഭൂമിയില്‍ അതാതിടത്തിനു പറ്റിയ കൃഷി ചെയ്തുപോന്നു. കാര്‍ഷികവൃത്തിയിലൂടെ ഉപജീവനം നടത്തിയിരുന്ന ഈ ഗ്രാമവാസികള്‍ അദ്ധ്വാനശീലരും സംസ്കാര സമ്പന്നരുമായിരുന്നു. വിദ്യാഭ്യാസരംഗത്ത് അസൂയാവഹമായ മുന്നേറ്റമാണ് ഈ പ്രദേശത്തുണ്ടായത്. ഒരു നൂറ്റാണ്ടു പഴക്കമുള്ള കല്യാത്ര ജെ ബി സ്കൂളും (അന്നത്തെ മലയാളം പള്ളിക്കൂടം), വെണ്മണി മാര്‍ത്തോമാ യു പി സ്കൂളും, മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് ഹൈസ്കൂളും പന്തളം എന്‍ എസ്സ് എസ്സ് കോളേജും വെണ്മണിയുടെ വിദ്യാഭ്യാസ പുരോഗതിയില്‍ ആദ്യഘട്ടത്തില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ച സ്ഥാപനങ്ങളാണ്. സ്റ്റേറ്റു കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തകരായി അന്നു വില്ലേജില്‍ അറിയപ്പെട്ടിരുന്നത് വെട്ടത്തു ജി.വേലുപ്പിളള, ഇടശ്ശേരേത്തു കൃഷ്ണപിള്ള, കാട്ടുവടക്കേതില്‍ സി ഒ ജോര്‍ജ്ജ്, കൊച്ചമ്പോലില്‍ എം കെ രാഘവപ്പണിക്കര്‍, കള്ളോട്ടു മാധവക്കുറുപ്പ്, കോഴശ്ശേരില്‍ ഗോപാലപിള്ള തുടങ്ങിയ ചുരുക്കം ചിലര്‍ മാത്രമായിരുന്നു. പഞ്ചായത്തിന്റെ പൂര്‍വ്വ രൂപമായിരുന്ന വില്ലേജ് യൂണിയന്‍ വെണ്മണിയില്‍ നിലവില്‍ വന്നത് 1949 ഏപ്രില്‍ മാസത്തിലാണ്. അന്നു കൊല്ലം ജില്ലയിലെ തിരുവല്ലാ താലൂക്കില്‍പ്പെട്ട പ്രദേശമായിരുന്നു വെണ്മണി. ഒരു രൂപാ കരം തീരുവയുള്ളവര്‍ക്കു മാത്രം വോട്ടവകാശം ഉണ്ടായിരുന്ന കാലം തിരുവല്ല തഹസീല്‍ദാര്‍ വെണ്മണിയില്‍ വിളിച്ചു കൂട്ടിയ  ഒരു പൌരയോഗത്തില്‍  വച്ച് ആദ്യത്തെ വില്ലേജ് യൂണിയന്‍ അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. 1953-ല്‍ ആദ്യത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പു നടന്നു. കല്ലമണ്‍ മഠത്തില്‍ ദേവര്‍ ശ്രീധര്‍‍ പ്രസിഡന്റും പി ജി അച്ചുതന്‍ പിള്ള വൈസ് പ്രസിഡന്റുമായുള്ള ഭരണസമിതിയില്‍ പാതാനി ഇല്ലത്തു പരമേശ്വരന്‍ നമ്പൂതിരി, ചക്രത്തറ കേശവപിള്ള, തേക്കില്‍ കെ ചാക്കോ, കോഴശ്ശേരില്‍ ഗോപാലപിള്ള, കള്ളോട്ടു മാധവക്കുറുപ്പ്, തുണ്ടില്‍ കണ്ടന്‍ കാളി, ചക്രപ്പുര കുഞ്ഞുപിള്ള, (അന്ന് കൊഴുവല്ലൂര്‍ വെണ്മണി പഞ്ചായത്തിന്റെ ഭാഗമായിരുന്നു) എന്നിവര്‍ അംഗങ്ങളുമായിരുന്നു. ജന്മിത്തത്തിനെതിരെയുള്ള പോരാട്ടം കേരളമാകെ ശക്തി പ്രാപിച്ചിരുന്ന അന്‍പതുകളില്‍ വെണ്മണിയിലും അതിന്റെ അലയടി ഉണ്ടായിട്ടുണ്ട്. 1952-ല്‍ കല്ലമണ്‍ മഠം വക ഭൂമിയിലെ മേലടി (കാവല്‍) പ്രശ്നവുമായി ബന്ധപ്പെട്ട തൊഴിലാളി സമരം പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. ക്ഷേത്രങ്ങളുടെ കൂട്ടത്തില്‍ പ്രഥമസ്ഥാനം അര്‍ഹിക്കുന്നത് ശാര്‍ങക്കാവ് ദേവീക്ഷേത്രമാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് ഈ ക്ഷേത്രം. വനനിബിഡമായ ഈ പ്രദേശത്ത് ശാര്‍ങമഹര്‍ഷി എന്നൊരു താപസവര്യന്‍ തപസ്സിരുന്നതായും ഒരു വിഗ്രഹം പ്രതിഷ്ഠിച്ച് ആരാധിച്ചിരുന്നതായും വിശ്വസിക്കപ്പെടുന്നു. ശാര്‍ങമഹര്‍ഷി തപസ്സിരുന്ന കാവ് പില്‍ക്കാലത്ത് ശാര്‍ങക്കാവ് എന്ന പേരില്‍ അറിയപ്പെട്ടു. കുതിരവട്ടം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം ചരിത്രമുറങ്ങുന്ന മറ്റൊരു പ്രശസ്ത ദേവാലയമാണ്. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് കുതിരപ്പട്ടാളം ഇവിടെ വന്നിരുന്നു എന്നും ധര്‍മ്മശാസ്താവിന്റെ ശക്തികൊണ്ട് കുതിരകളെല്ലാം ‘പെട്ടു’ പോയെന്നും ‘കുതിരപെട്ട സ്ഥലം’ കാലക്രമത്തില്‍ കുതിരവട്ടമായെന്നും ഐതീഹ്യം. ഇവിടത്തെ ‘ഇലന്തയും പടയും’ എന്നറിയപ്പെടുന്ന പടയണി ഉത്സവം അടുത്ത ഗ്രാമപ്രദേശങ്ങളിലൊന്നും ഇല്ലാത്ത ഒരു വിശേഷാല്‍ പരിപാടിയാണ്. വെണ്മണിയിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ ഏറ്റവും പുരാതനമായത് കല്യാത്രയ്ക്കു തെക്കുള്ള പഴയ പള്ളിയാണ്. പുത്തന്‍പള്ളി എന്നറിയപ്പെടുന്ന വെണ്മണി സെഹിയോന്‍ മാര്‍ത്തോമാപള്ളി 1079 ധനുമാസം 23-ാം തീയതി വ്യാഴാഴ്ച ക്രിസ്തുമസ് ദിനത്തില്‍ സ്ഥാപിതമായി. കക്കടയിലും വെണ്മണിത്താഴത്തും സ്ഥിതിചെയ്യുന്ന രണ്ടു മുസ്ളീം ദേവാലയങ്ങള്‍ വളരെ പഴക്കമുള്ള രണ്ട് ആരാധനാലയങ്ങളാണ്. 150 വര്‍ഷത്തോളം പഴക്കമുള്ള വെണ്മണി മുസ്ലീം ജമാ-അത്ത് പള്ളി വെണ്മണിത്താഴത്ത് സ്ഥിതി ചെയ്യുന്നു. ഹിന്ദു ക്രിസ്ത്യന്‍ മുസ്ലീം സമുദായങ്ങള്‍ സൌഹാര്‍ദ്ദത്തോടെ ജീവിതം നയിച്ചു വരുന്നു. പ്രതിഭാധനരായ പല മഹത് വ്യക്തികളേയും സാഹിത്യ-സാംസ്കാരിക മണ്ഡലത്തിന് സംഭാവന ചെയ്യാന്‍ നാടിനു കഴിഞ്ഞിട്ടുണ്ട്. വിക്ടര്‍ ഹ്യൂഗോയുടെ പ്രസിദ്ധമായ ‘ദി ഹഞ്ച് ബാക്ക് ഓഫ് നോത്രദാം’ എന്ന കൃതി ‘നോത്രദാമിലെ കുനന്‍’ എന്ന പേരില്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ വെണ്മണി ശങ്കരവാര്യര്‍ കേരള സാഹിത്യ ചരിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.