പഞ്ചായത്തിലൂടെ

ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍ താലൂക്കിന്റെ തെക്കു കിഴക്കു ഭാഗത്തായി  വെണ്മണി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തിലെ അച്ചന്‍കോവില്‍ മലകളില്‍ നിന്നുത്ഭവിച്ച് ഉദ്ദേശം 90 കി.മീ. ഒഴുകി പമ്പയോട് ചേര്‍ന്ന് വേമ്പനാട്ടു കായലില്‍ പതിക്കുന്ന അച്ചന്‍കോവിലാറ് ഏകദേശം 8 കി.മീ. നീളത്തില്‍ വെണ്മണിയുടെ തെക്കേ അതിരിട്ടൊഴുകുന്നു. പഞ്ചായത്തിന്റെ മൊത്ത വിസ്തീര്‍ണ്ണം 1803 ഹെക്ടര്‍, 92 ആര്‍, 45 ച: മീ. (വില്ലേജ് ആഫീസിലെ കണക്ക്) ആണ്. ഒന്നാം വാര്‍ഡില്‍പ്പെടുന്ന ആമക്കുന്നു മോടിയും പത്താം വാര്‍ഡില്‍പ്പെടുന്ന കുതിരവട്ടവുമാണ് വെണ്മണി പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശങ്ങള്‍. ചെങ്കല്‍ മണ്ണാണ് ഈ പ്രദേശത്തു കാണപ്പെടുന്നത്. ഏറ്റവും താഴ്ന്ന പ്രദേശം ഏഴാം വാര്‍ഡിലെ മുണ്ടോടി. തോടുകള്‍, ചാലുകള്‍, കുളങ്ങള്‍, കുഴികള്‍ എന്നിങ്ങനെ 14 പ്രധാന ജലാംശങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. പരമ്പരാഗതമായി കാര്‍ഷികവൃത്തി ജീവിതോപാധിയായി സ്വീകരിച്ച   ഒരു ഗ്രാമമാണ് വെണ്മണി. 4451 ഏക്കര്‍ ഭൂവിസ്തൃതിയുള്ള ഈ പഞ്ചായത്ത് അച്ചന്‍കോവിലാറിന്റെ തീരത്തായി സ്ഥിതി ചെയ്യുന്നു. ഈ പ്രദേശത്തെ മുഖ്യകൃഷി നെല്ല്, മരച്ചീനി, കിഴങ്ങു വര്‍ഗ്ഗങ്ങള്‍, നേന്ത്രവാഴ, കുടിവാഴ എന്നിവയാണ്. ഭൂരിഭാഗം ഉടമസ്ഥരും ഒരു ഹെക്ടറില്‍ താഴെ മാത്രം ഭൂമി കൈവശമുള്ളവരാണ്. ആലപ്പുഴ ജില്ലയിലെ പഞ്ചായത്തുകളില്‍ വച്ച് വിദ്യാഭ്യാസപരമായും സാംസ്കാരികമായും വളരെ മുന്‍പന്തിയില്‍ നില്ക്കുന്ന ഒരു പ്രദേശമാണ് വെണ്മണി. ഗള്‍ഫ് പണത്തിന്റെ സ്വാധീനം ഈ പഞ്ചായത്തിന്റെ സാമ്പത്തികമേഖലയിലെ നിര്‍ണ്ണായകഘടകമാണ്. 1920 കാലഘട്ടത്തിലാണ് മാര്‍ത്തോമാസഭയുടെ നേതൃത്വത്തില്‍ വെണ്മണിയില്‍ ആദ്യമായി ഒരു അപ്പര്‍പ്രൈമറി സ്കൂള്‍ സ്ഥാപിതമാകുന്നത്. 1950-ലാണ് കല്യാത്രയുള്ള എം റ്റി യു പി എസ്സ് ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യുന്നത്, അതിനുശേഷം 1968-69 ല്‍ ലോഹ്യാമെമ്മോറിയല്‍ അപ്പര്‍ പ്രൈമറിസ്കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുകയും 1971-72 ല്‍ അതൊരു ഹൈസ്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്തു. അതോടുകൂടി വെണ്മണി പഞ്ചായത്തില്‍ 14 വിദ്യാലയങ്ങള്‍ നിലവില്‍വന്നു.