വെണ്മണി

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ ബ്ളോക്ക് പിരിധിയില്‍ വരുന്ന ഒരു പഞ്ചായത്താണ് വെണ്‍മണി ഗ്രാമപഞ്ചായത്ത്. ആലപ്പുഴ ജില്ലയുടെ  തെക്കുകിഴക്കു ഭാഗത്ത് ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളെ വേര്‍തിരിക്കുന്ന അച്ചന്‍കോവിലാറിന്റെ ആന്ദോളനമേറ്റു കിടക്കുന്ന അഴകാര്‍ന്ന ഗ്രാമമാണ് വെണ്മണി. പ്രകൃതിഭംഗി കവിഞ്ഞൊഴുകുന്ന ഈ പ്രദേശം ഫലഭൂയിഷ്ഠമായ മണ്ണുകൊണ്ട് അനുഗ്രഹീതമാണ്. കേരളത്തിലെ ആദികാല ജനപഥങ്ങളില്‍ ഏറ്റവും പ്രാചീനമായ ജനവാസകേന്ദ്രങ്ങളില്‍ ഒന്നായിരുന്നു വെണ്മണി. 64 ബ്രാഹ്മണ ആവാസകേന്ദ്രങ്ങളായി അറിയപ്പെട്ടിരുന്ന ഗ്രാമങ്ങളില്‍ വച്ച് തെക്കേ അറ്റത്തുള്ളതാണ് വെണ്മണി ഗ്രാമം.  15 വാര്‍ഡുകള്‍ ഉള്ള പഞ്ചായത്തിന്റെ ആസ്ഥാനം കല്യാത്ര ജംഗ്ഷന്‍ആണ്. 8.01 ച.കി.മീ വിസ്തൃതിയുള്ള ഈ പഞ്ചായത്തിന്റെ കിഴക്ക്, പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കില്‍പെട്ട കുളനട പഞ്ചായത്തും വടക്ക് ആലപ്പുഴ ജില്ലയിലെ മുളക്കുഴ പഞ്ചായത്തും വടക്കു പടിഞ്ഞാറ് ആലാ പഞ്ചായത്തും നേരെ പടിഞ്ഞാറ് ചെറിയനാട് പഞ്ചായത്തും അതിര്‍ത്തി കുറിക്കുന്നു. കാര്‍ഷികവൃത്തിയിലൂടെ ഉപജീവനം നടത്തിയിരുന്ന ഈ ഗ്രാമവാസികള്‍ അദ്ധ്വാനശീലരും സംസ്കാര സമ്പന്നരുമായിരുന്നു. പഞ്ചായത്തിന്റെ പൂര്‍വ്വ രൂപമായിരുന്ന വില്ലേജ് യൂണിയന്‍ വെണ്മണിയില്‍ നിലവില്‍ വന്നത് 1949 ഏപ്രില്‍ മാസത്തിലാണ്. അന്നു കൊല്ലം ജില്ലയിലെ തിരുവല്ലാ താലൂക്കില്‍പ്പെട്ട പ്രദേശമായിരുന്നു വെണ്മണി. ഒരു രൂപാ കരം തീരുവയുള്ളവര്‍ക്കു മാത്രം വോട്ടവകാശം ഉണ്ടായിരുന്ന കാലം തിരുവല്ല തഹസീല്‍ദാര്‍ വെണ്മണിയില്‍ വിളിച്ചു കൂട്ടിയ  ഒരു പൌരയോഗത്തില്‍  വച്ച് ആദ്യത്തെ വില്ലേജ് യൂണിയന്‍ അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. 1953-ല്‍ ആദ്യത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പു നടന്നു. പ്രതിഭാധനരായ പല മഹത് വ്യക്തികളേയും സാഹിത്യ-സാംസ്കാരിക മണ്ഡലത്തിന് സംഭാവന ചെയ്യാന്‍ നാടിനു കഴിഞ്ഞിട്ടുണ്ട്. വിക്ടര്‍ ഹ്യൂഗോയുടെ പ്രസിദ്ധമായ ‘ദി ഹഞ്ച് ബാക്ക് ഓഫ് നോത്രദാം’ എന്ന കൃതി ‘നോത്രദാമിലെ കുനന്‍’ എന്ന പേരില്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ വെണ്മണി ശങ്കരവാര്യര്‍ കേരള സാഹിത്യ ചരിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.