വേങ്ങൂര്‍

എറണാകുളം ജില്ലയില്‍ കുന്നത്തുനാട് താലൂക്കില്‍ കൂവപ്പടി ബ്ളോക്കിലാണ് വേങ്ങൂര്‍ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. വേങ്ങൂര്‍, കൊമ്പനാട് എന്നീ വില്ലേജുകളിലായി  വ്യാപിച്ചു കിടക്കുന്ന ഈ പഞ്ചായത്തിന് 48.01 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വേങ്ങൂര്‍ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് അയ്യമ്പുഴ, മലയാറ്റൂര്‍ നീലേശ്വരം, ഒക്കല്‍ പഞ്ചായത്തുകളും, തെക്കുഭാഗത്ത് മുടക്കുഴ, അശമന്നൂര്‍, കോട്ടപ്പടി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് അയ്യമ്പുഴ, പിണ്ടിമന, കോട്ടപ്പടി, കുട്ടമ്പുഴ പഞ്ചായത്തുകളും പടിഞ്ഞാറുഭാഗത്ത് മുടക്കുഴ, ഒക്കല്‍ പഞ്ചായത്തുകളുമാണ്. 1949 സെപ്റ്റംബര്‍ 24-ാം തിയതി കുന്നത്തുനാട് താലൂക്കിലെ വേങ്ങൂര്‍ പകുതിയില്‍പ്പെട്ട ഇന്നത്തെ വേങ്ങൂര്‍, മുടക്കുഴ പഞ്ചായത്തുപ്രദേശങ്ങള്‍ കൂട്ടിചേര്‍ത്ത് വേങ്ങൂര്‍ വില്ലേജ് നിലവില്‍ വന്നു. യൂണിയന്റെ ഭരണം നടത്തിയിരുന്നത് 5 ജനപ്രതിനിധികളും 3 ഉദ്യോഗസ്ഥന്‍മാരും ഉള്‍പ്പെട്ട സമിതിയായിരുന്നു.  ഭരണസമിതിയില്‍ റവ.ഫാദര്‍ ജോസഫ് ആലിയാട്ടുകുടി പ്രസിഡന്റും കെ.കെ.നാരായണന്‍ നായര്‍ വൈസ്പ്രസിഡന്റും ആയിരുന്നു.  1952-ലെ പഞ്ചായത്ത് രൂപീകരണത്തെ തുടര്‍ന്ന് 1953 ഏപ്രില്‍ മാസത്തില്‍ നടന്ന തെരഞ്ഞെടുപ്പോടുകൂടി പഞ്ചായത്ത് സംവിധാനം നിലവില്‍ വന്നു. കെ.വി.പൌലോസ് പ്രസിഡന്റും കെ.എം.പൈലി വൈസ്പ്രസിഡന്റുമായിട്ടുള്ള പത്തംഗ ഭരണ സമിതി രൂപീകരിച്ചു. 1963-ല്‍ കുന്നത്തുനാട് താലൂക്കിലെ വേങ്ങൂര്‍ ഈസ്റ്റ് വില്ലേജ് പ്രദേശം വേങ്ങൂര്‍  പഞ്ചായത്തും വെസ്റ്റ് വില്ലേജ് പ്രദേശം മുടക്കുഴ പഞ്ചായത്തുമായി പുനര്‍നിര്‍ണ്ണയം ചെയ്തു. പടുകൂറ്റന്‍ വേങ്ങ മരങ്ങള്‍ എമ്പാടും ഇടതൂര്‍ന്ന് വളര്‍ന്നു നിന്നിരുന്ന പ്രദേശമായിരുന്നതിനാല്‍ വേങ്ങയുടെ ഊര് എന്ന അര്‍ത്ഥം വരുന്ന വേങ്ങൂര്‍ എന്ന പേര് ഈ ഗ്രാമത്തിന് വീണുകിട്ടി എന്നാണ് പഴമക്കാര്‍ പറയുന്നത്. വനപ്രദേശമായ വെമ്പൂരവും, ചൂരമുടിക്കുന്നും, പുലിയണിപ്പാറയും, മുനിപ്പാറയും, കോട്ടപ്പാറയും ഈ ഗ്രാമത്തിന്റെ ഭാഗങ്ങളാണ്.  പഴയകാലം മുതല്‍ കൊച്ചി കമ്പോളത്തില്‍ അറിയപ്പെട്ടിരുന്ന ചുക്കാണ് ഈ പഞ്ചായത്തിലെ പാണിയേലി ചുക്ക്.