ചരിത്രം

വനപ്രദേശമായിരുന്ന വേങ്ങൂര്‍ ഗ്രാമത്തില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെതന്നെ ഒട്ടുമിക്ക പ്രദേശങ്ങളിലും കൃഷി വ്യാപിച്ചിരുന്നു. കുന്നിന്‍പ്രദേശങ്ങളുടെ ഇടയ്ക്കുള്ള ചാല്‍ പ്രദേശങ്ങളും വെള്ളച്ചാലുകളും പാടശേഖരങ്ങളായി മാറ്റുകയും പാടശേഖരങ്ങളുടെ ഇരുകരകളിലുള്ള പ്രദേശങ്ങള്‍ മാലിക്കണ്ടങ്ങളായി അടിച്ചുനിരത്തുകയും കുളങ്ങള്‍ കുഴിച്ച് തിലാവ് കെട്ടി തേകി ഇരുപ്പൂനിലങ്ങളാക്കി കൃഷി ചെയ്തുപോന്നിരുന്നു. കുന്നിന്‍പ്രദേശങ്ങളിലും ചെരിവുപ്രദേശങ്ങളിലും കൊണ്ടല്‍ കൃഷിയും കശുമാവുകൃഷിയും അന്ന് വ്യാപകമായിരുന്നു. നെല്ല് കൃഷി ചെയ്തിരുന്ന മാലിപ്പടവുകളും നിരപ്പു കരഭൂമികളും പിന്നീട് ഇഞ്ചിപ്പുല്‍കൃഷി പിടിച്ചടക്കി. ദേശീയ കമ്പോളത്തില്‍ ഈ പഞ്ചായത്തിലെ സിട്രോള്‍ കൂടിയ പുല്‍തൈലത്തിന് ഡിമാന്റ് വന്നതോടുകൂടി ഈ കൃഷി വ്യാപകമായി. മഹാഭാരതം കഥയിലെ ബകന്‍ എന്ന രാക്ഷസനുമായി ബന്ധപ്പെട്ട ഐതിഹ്യമാണ്  പെരിയാറിന്റെ കൈവഴികളാല്‍ ചുറ്റപ്പെട്ട ഈ ഗ്രാമത്തിലെ വെമ്പൂരത്തിനുള്ളത്.  42 ഇല്ലക്കാര്‍ താമസിച്ച ഭവനങ്ങളുടേയും ക്ഷേത്രങ്ങളുടേയും അവശിഷ്ടങ്ങള്‍ അവിടെ ഇന്നും ദൃശ്യമാണ്.  മുനികള്‍ താമസിച്ചിരുന്ന അറകള്‍ ഇപ്പോഴും നിലനില്‍ക്കുന്നത് മുനിപ്പാറയുടെ പ്രത്യേകതയാണ്.  48.01 ച.കി.മീ വിസ്തീര്‍ണ്ണമുള്ള ഈ പഞ്ചായത്തില്‍ കോട്ടപ്പാറയും പെരിയാറിന്റെ വടക്കു ഭാഗത്ത്  അതിരപ്പള്ളി വാഴച്ചാല്‍ വരെ വിസ്തൃതമായ വനപ്രദേശവും ഈ പഞ്ചായത്തിന്റെ പ്രത്യേകതയാണ്. സവര്‍ണ്ണ മേധാവിത്വവും ഫ്യൂഡല്‍ ജന്‍മിത്വവും കൊടികുത്തി വാണിരുന്ന വേങ്ങൂര്‍ ഗ്രാമത്തിന്റെ സാമൂഹിക സാംസ്ക്കാരിക ഘടനയില്‍ ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിന് ഒട്ടേറെ മാറ്റങ്ങള്‍ സൃഷ്ടിക്കുവാന്‍ സാധിച്ചു. ഹിന്ദുമതത്തിലെ ജാതികളും ഉപജാതികളും  ക്രിസ്തീയമതത്തിലെ വിവിധ വിഭാഗങ്ങളും ചേര്‍ന്നതാണ് വേങ്ങൂര്‍ ഗ്രാമത്തിലെ ജനവിഭാഗം. ഓരോ വിഭാഗത്തിനും അവരവരുടെ തനതായ ആചാരാനുഷ്ഠാനങ്ങള്‍ ഉണ്ടെങ്കിലും ഐക്യത്തോടെ കഴിഞ്ഞുപോരുന്നു.  ഗ്രാമീണജനതയില്‍ ഭൂരിഭാഗവും ചെറുകിട നാമമാത്ര കൃഷിക്കാരും കര്‍ഷക ത്തൊഴിലാളികളുമായിരുന്നു. ഭൂമി ജന്‍മിമാരുടേയും ദേവസ്വത്തിന്റെയും പാട്ടവാര വ്യവസ്ഥയില്‍ ഏറ്റെടുത്ത് കൃഷി ചെയ്തുപോന്നവരില്‍ പലര്‍ക്കും ഒരു തുണ്ടു ഭൂമി പോലും  സ്വന്തമായിട്ടില്ലായിരുന്നു. എന്നാല്‍ 1957-മുതല്‍ 71 വരെയുള്ള കാലഘട്ടത്തില്‍ കേരളത്തില്‍ രൂപം കൊണ്ട ഭൂപരിഷ്കരണ നിയമങ്ങളുടെ ഫലമായി ഒട്ടേറെ ഭൂരഹിതകുടിയാന്‍മാര്‍ക്ക് ഭൂമി സ്വന്തമായി ലഭിച്ചു. തിരുവിതാംകൂര്‍ ഗവണ്‍മെന്റിന്റെ കീഴിലായിരുന്ന വേങ്ങൂര്‍ ഗ്രാമത്തില്‍ 1939-മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുകയും വിദ്യാഭ്യാസ രംഗത്ത് വമ്പിച്ച പുരോഗതി ഉണ്ടാവുകയും ചെയ്തു. പൂര്‍ണ്ണ സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി പോങ്ങന്‍ചുവട് കോളനി ഉള്‍പ്പെടെ മുഴുവന്‍ പേരും സാക്ഷരരാണ്.