വെങ്ങോല

എറണാകുളം ജില്ലയില്‍ കുന്നത്തുനാട് താലൂക്കില്‍ വാഴക്കുളം ബ്ളോക്കില്‍ വെങ്ങോല, അറയ്ക്കപ്പടി എന്നീ വില്ലേജ് പരിധിയില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് വെങ്ങോല ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 35.65 ച.കി.മീറ്ററാണ്. കിഴക്ക് മഴുവന്നൂര്‍, രായമംഗലം പഞ്ചായത്തുകളും, പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിയും തെക്ക് മഴുവന്നൂര്‍, കിഴക്കമ്പലം പഞ്ചായത്തുകളും  പടിഞ്ഞാറ് കിഴക്കമ്പലം, വാഴക്കുളം, കുന്നത്തുനാട് എന്നീ പഞ്ചായത്തുകളും, വടക്ക്  വാഴക്കുളം പഞ്ചായത്തും പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിയുമാണ് വെങ്ങോല പഞ്ചായത്തിന്റെ അതിരുകള്‍. ധാരാളം കുന്നിന്‍ പ്രദേശങ്ങളും, ഇടയ്ക്കിടയ്ക്ക് പാടശേഖരങ്ങളും അവയെ ബന്ധപ്പെടുത്തി ഒഴുകുന്ന തോടുകളും നിറഞ്ഞ വെങ്ങോലയില്‍ സമതല പ്രദേശങ്ങള്‍ പൊതുവെ കുറവാണ്. പഴയ ആലുവ-മൂവാറ്റുപുഴ റോഡും കോതമംഗലം-കുറുപ്പുംപടി ഭാഗത്ത് നിന്നും കാല്‍നടയായി എറണാകുളത്തിനുള്ള എളുപ്പ വഴിയും വെങ്ങോലയിലൂടെ ആയിരുന്നതു കൊണ്ട് ജില്ലയിലെ കിഴക്ക് മലമ്പ്രദേശമായും പടിഞ്ഞാറ് എറണാകുളം, ആലുവ തുടങ്ങിയ പട്ടണങ്ങളുമായും നല്ല ബന്ധത്തിനുള്ള സാധ്യതയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ നെല്ല്, കശുവണ്ടി, മുളക്, ഇഞ്ചി തുടങ്ങിയവ നടന്നു വാങ്ങി കച്ചവടം ചെയ്തിരുന്ന ധാരാളം വ്യാപാരികള്‍ വെങ്ങോലയില്‍ ഉണ്ടയിരുന്നു. വെങ്ങോല കവല ഒരുകാലത്ത് കുന്നത്തുനാട് താലൂക്കിലെ ഏറ്റവും വലിയ മലഞ്ചരക്ക് വ്യാപാര കേന്ദ്രം ആയിരുന്നിട്ടുണ്ട്. 1965-ല്‍ കമ്മീഷന്‍ ചെയ്യപ്പെട്ട പെരിയാര്‍വാലി കനാല്‍, വെങ്ങോല പഞ്ചായത്തില്‍ ജലസേചനം സുസാദ്ധ്യമാക്കി. ഒരുപൂ നിലങ്ങളും, ഇരുപൂ നിലങ്ങളും, മൂന്നുപൂ നിലങ്ങളായി. പരമ്പരാഗതമായി വെങ്ങോല പഞ്ചായത്ത് പച്ചക്കറി കൃഷിയില്‍ വളരെ മുന്നിട്ടു നിന്നിരുന്നു. പെരുമ്പാവൂര്‍ പച്ചക്കറി ചന്തയില്‍ ഏറ്റവും കൂടുതല്‍ പച്ചക്കറി എത്തിച്ചിരുന്ന കൃഷിക്കാര്‍ ഒരു പക്ഷേ വെങ്ങോലക്കാരായിരുന്നു. മരച്ചീനി വെങ്ങോല പഞ്ചായത്തിലെ ഒരു പ്രധാനപ്പെട്ട കൃഷിയായിരുന്നു. വിസ്തൃതമായ കുന്നിന്‍ പ്രദേശവും തരിശു ഭൂമിയും ഉണ്ടായിരുന്ന വെങ്ങോല പഞ്ചായത്തിന് മൃഗസംരക്ഷണ രംഗത്ത് ഒരു നല്ല ഭൂതകാലമുണ്ട്. 1967 വരെ തരിശായി കിടന്നിരുന്ന ചുണ്ടമല കാലിസമ്പത്തിന്റെ ശക്തി സ്രോതസ് ആയിരുന്നു. പെരുമ്പാവൂര്‍ ട്രാവന്‍കൂര്‍ റയോണ്‍സിന്റെ ആവിര്‍ഭാവവും തടിമില്ലുകളുടെ വളര്‍ച്ചയും വെങ്ങോലയില്‍ കുറെ വ്യവസായ തൊഴിലാളികള്‍ ഉണ്ടാകുന്നതിന് കാരണമായി. വെങ്ങോലയിലെ ആദ്യകാല വ്യവസായശാല അല്ലപ്രയില്‍ 1960-ല്‍ സ്ഥാപിച്ച എക്സലന്റ് സാമില്‍ ആണ്.