ചരിത്രം

1952 ല്‍ പതിനാലു സ്ക്വയര്‍ മൈല്‍ വിസ്തൃതിയോടെ അന്നത്തെ വെങ്ങോല വില്ലേജ് മുഴുവന്‍ ഉള്‍ക്കൊണ്ട് രൂപം കൊണ്ടതാണ് വെങ്ങോല പഞ്ചായത്ത്. പ്രധാനമായും ഇടപ്പള്ളി സ്വരൂപം വരിയ്ക്കാശ്ശേരി മന, പുത്തോര്‍ക്കോട്ട് മന, ഇലങ്ങല്ലൂര്‍ സ്വരൂപം കൊച്ചി സര്‍ക്കാര്‍, ഉദയംകുഴി അകത്തൂട്ട് എന്നിവരുടെ വകയായിരുന്നു ഭൂമിയില്‍ ബഹുഭൂരിപക്ഷവും. കൊല്ലും കൊലയും നടത്തിയിരുന്ന ചില പടനായകരുടെ മേധാവിത്വവും അതിനുമുമ്പുണ്ടായിരുന്നു. എന്നാല്‍ 1800-കളോടനുബന്ധിച്ച് വ്യാപകമായി പല പ്രദേശങ്ങളിലും നിന്നുള്ള കുടിയേറ്റം ഈ പ്രദേശത്തേക്ക് നടന്നതായി കാണാനുണ്ട്. 1900-മായതോടെ വെങ്ങോലയിലെ മിക്കവാറും പ്രദേശങ്ങളില്‍ ജനവാസം കടന്നു. ആരാധനാലയങ്ങളെ ആദ്യകാല ജനവാസ കേന്ദ്രങ്ങളായി കണക്കാക്കിയാല്‍ വാലാക്കരക്കാവ്, പുനൂര്‍ അമ്പലം, തേക്കമല ക്ഷേത്രം, പുതുപ്പാറക്കാവ് പുറക്കാട്ടമ്പലം, പോഞ്ഞശ്ശേരി പൂക്കുളം ക്ഷേത്രം എന്നിവിടങ്ങള്‍ പ്രധാന ജനവാസ കേന്ദ്രങ്ങളായി കാണാം. പുറക്കാട്ടമ്പലത്തില്‍ പുരാതന ലിഖിതങ്ങള്‍ കാണാനുണ്ട്. ഇതില്‍ പലതിനും 400-500 വര്‍ഷത്തെ പഴക്കമുള്ളതായും അനുമാനിക്കാം. വെങ്ങോല ജുമാമസ്ജിദിന് ഏതാണ്ട് 300-ല്‍ പരം വര്‍ഷത്തെ പഴക്കമുണ്ട്. ക്രിസ്ത്യന്‍ പള്ളികളില്‍ ആദ്യത്തേതായ വെങ്ങോല പള്ളിക്ക് 185 വര്‍ഷത്തെ പഴക്കമുണ്ട്. 100 വര്‍ഷത്തിലേറെ പഴക്കമുള്ള ക്രിസ്ത്യന്‍ ദേവാലയങ്ങളാണ് തുരുത്തിപ്ളി, അല്ലപ്ര പള്ളികള്‍. കണ്ടന്തറ, തണ്ടയ്ക്കാട് ജുമാമസ്ജിദുകള്‍ക്ക് 100 വര്‍ഷത്തിലേറെ പഴക്കമുണ്ട്. 1911-ല്‍ ഓണംകുളങ്ങരയില്‍ ആരംഭിച്ച ലോവര്‍ പ്രൈമറി സ്കൂളിന്റെ ആരംഭത്തോടെയാണ് ആധുനിക വിദ്യാഭ്യാസം വെങ്ങോലയിലേയ്ക്ക് കടന്നുവന്നത്. ആ സ്കൂളിന്റെ രൂപീകരണത്തില്‍ നാട്ടുകാരോടൊപ്പം മുന്‍പില്‍ നിന്ന് പ്രവര്‍ത്തിച്ച പട്ലാട്ട് മത്തായി കോര്‍ എപ്പിസ്കോപ്പ പ്രത്യേകം സ്മരണീയനാണ്. 1940-ല്‍ ആരംഭിച്ച ശാലേം മിഡില്‍ സ്കൂളിനും മുന്നിട്ട് നിന്ന് പ്രവര്‍ത്തിച്ചതും ഇദ്ദേഹം തന്നെ. 1953-ല്‍ ആരംഭിച്ച ശാലേം ഹൈസ്കൂളാണ് പ്രഥമ ഹൈസ്കൂള്‍. ആദ്യകാലത്തെ സ്വാതന്ത്ര്യസമര പ്രവര്‍ത്തകര്‍ മുന്‍കൈ എടുത്ത് ആരംഭിച്ച വെങ്ങോല കര്‍ഷക ഗ്രന്ഥാലയമാണ് ആദ്യത്തെ വായനശാല. 1949 ജനുവരി 30 ന് ഈ വായനശാല പ്രവര്‍ത്തനം ആരംഭിച്ചു. പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലയില്‍ 1945 കാലത്ത് തന്നെ പ്രവര്‍ത്തനമാരംഭിച്ച വളയന്‍ചിറങ്ങരയിലെ വി.എന്‍.കേശവപിള്ള സ്മാരക വായനശാല സാംസ്കാരികരംഗത്ത് ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അല്ലപ്ര കേന്ദ്രീകരിച്ച് ഇതിന് മുമ്പ് തന്നെ വായനശാല പ്രവര്‍ത്തിച്ചിരുന്നതായി അറിയാം. ഞാറുനടുന്നവരുടെ ഞാറ്റുപ്പാട്ട്, തേകുന്നവരുടെ തേക്കുപ്പാട്ട്, കുടതുള്ളല്‍, വീണവായന, കോല്‍കളി, ദഫ്മുട്ട്, ഉടുക്ക്പാട്ട്, മ്ടാവേലി തുടങ്ങിയ നാടന്‍ പാട്ടുകളോ, കലകളോ മാത്രമായിരുന്നു പരമ്പരാഗത കലകള്‍. ഇതില്‍ മിക്കതും സംഘഗാനങ്ങളും, അദ്ധ്വാനത്തിന്റെ ശക്തിയില്‍ ഊന്നുന്നതുമായിരുന്നു. ഇതോടൊപ്പം തന്നെ ഉന്നത കുല കുടുംബങ്ങളില്‍ തിരുവാതിരക്കളിയും, ക്ഷേത്രങ്ങളില്‍ ഗരുഡന്‍ തൂക്കം, കാവടി തുള്ളല്‍, കൊടിയേറ്റം, കഥകളി തുടങ്ങിയ കലാ രൂപങ്ങളും അരങ്ങേറിയിരുന്നു. പഞ്ചായത്തില്‍ പുനൂര്‍, വെങ്ങോല, അറയ്ക്കാപ്പടി, മേപ്രത്തുപ്പടി, പാലായിക്കുന്ന്, അല്ലപ്ര, പോഞാശ്ശേരി, നെടുംന്തോട് എന്നിവിടങ്ങളിലായി 8 ലൈബ്രറികളാണ് ഉള്ളത്. ഇതില്‍ ഏറ്റവും പഴക്കവും കൂടുതല്‍ പുസ്തകങ്ങളും ഉള്ളത് വെങ്ങോല കര്‍ഷക ഗ്രന്ഥാലയത്തിലാണ്. വെങ്ങോലയിലെ ഒരു കാലത്തെ സാമൂഹ്യ-രാഷ്ട്രീയ നായകര്‍ നേതൃത്വം കൊടുത്ത് ആരംഭിച്ച ഈ വായനശാല വെങ്ങോലയിലെ ഏക സാംസ്കാരിക കേന്ദ്രമായിരുന്നു.