ചരിത്രം

സാമൂഹ്യചരിത്രം

നാട്ടുരാജാക്കന്‍മാരുടെ ഭരണത്തിന്റേയും, ബ്രിട്ടീഷ് തേര്‍വാഴ്ചയുടേയും, ഫ്യൂഡല്‍ ജന്മിമാരുടെ സര്‍വ്വാധിപത്യത്തിന്റേയും തിക്താനുഭവങ്ങളിലൂടെ കടന്നുവന്നവരാണ് ഇവിടുത്തെ അടിസ്ഥാനവര്‍ഗ്ഗം. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടം വരേയും, സാധാരണക്കാര്‍ക്ക് നല്ല വസ്ത്രങ്ങള്‍ ധരിക്കാനോ, ചെരുപ്പുകള്‍ ഉപയോഗിക്കാനോ, സ്ത്രീകള്‍ക്കു മാറുമറയ്ക്കാനോ പോലും സവര്‍ണ്ണര്‍ അനുവദിച്ചിരുന്നില്ല. മാത്രമല്ല, പിന്നോക്ക വിഭാഗങ്ങള്‍ക്കു സവര്‍ണ്ണമേധാവികളുടെ വടക്കിനിമുറ്റത്ത് കിരാതവും നിന്ദ്യവുമായ രീതിയില്‍ മണ്ണില്‍ കുഴികുത്തിവെച്ച ഇലയിലായിരുന്നു കഞ്ഞി വീഴ്ത്തി കൊടുത്തിരുന്നത്. ജന്മം, കാണം തുടങ്ങിയ രീതികളായിരുന്നു ഇവിടുത്തെ ഭൂവുടമസ്ഥതയുമായി ബന്ധപ്പെട്ടുണ്ടായിരുന്നത്. ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന സമ്പ്രദായവും നിലവിലുണ്ടായിരുന്നു. വേങ്ങര പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലും ഒരു വരുമാനമാര്‍ഗ്ഗമെന്ന നിലയില്‍ പുരാതനകാലം മുതല്‍ തന്നെ ആടുമാടുകളേയും കോഴികളേയും വളര്‍ത്തിയിരുന്നു. പഞ്ചായത്തിന്റെ വടക്കുഭാഗത്തുള്ള മലമ്പ്രദേശത്തും അതിനോടു ചേര്‍ന്നുള്ള പ്രദേശങ്ങളിലും ഒരുകാലത്ത് ജനങ്ങളുടെ പ്രധാന വരുമാന മാര്‍ഗ്ഗം തന്നെ കാലിവളര്‍ത്തലായിരുന്നു. വളരെക്കാലം മുമ്പ് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കാലത്ത് വേങ്ങര അങ്ങാടിക്ക് “മുണ്ടിയംതടം” എന്നു പേരുണ്ടായിരുന്നു. അന്ന് വേങ്ങര ടൌണില്‍, മാര്‍ക്കറ്റ് ബോര്‍ഡിന്റെ കീഴിലുണ്ടായിരുന്ന മത്സ്യ-മാംസ മാര്‍ക്കറ്റ്, കേരളപ്പിറവിക്കു ശേഷം വേങ്ങര പഞ്ചായത്തിനു കീഴിലായി. വേങ്ങര പ്രദേശം 1920-കളില്‍ തന്നെ വിദ്യാഭ്യാസരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. മതപഠനരംഗത്ത് പള്ളിദര്‍സുകള്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ കാഴ്ച വെച്ചിരുന്നുവെന്നു പറയാം. മൊല്ലാക്കമാര്‍ നടത്തിവന്ന ഓത്തുപള്ളികള്‍ എന്നറിയപ്പെട്ടിരുന്ന കുടിപള്ളിക്കൂടങ്ങള്‍ക്കു തുല്യമായ കേന്ദ്രങ്ങളില്‍ ഖുര്‍ആന്‍ പഠിപ്പിക്കുന്നതോടൊപ്പം മലയാളം അത്യാവശ്യമായി എഴുതാനും വായിക്കാനും കൂടി പഠിപ്പിച്ചുതുടങ്ങി. കുലീന കുടുംബങ്ങളിലെ കുട്ടികള്‍ മാത്രമേ ഇതിനായി മുന്നാട്ട് വന്നുള്ളൂ. ദേശീയ സ്വാതന്ത്ര്യസമരത്തിനു ഒട്ടേറെ സംഭാവനകള്‍ നല്‍കിയ പ്രദേശമാണിത്. ദേശീയധാരയില്‍ സംഭവിച്ച എല്ലാ മാറ്റങ്ങളെയും നന്മയുടെ ഭാഗത്തുനിന്ന് വിലയിരുത്തിയ മഹത്തായ പൈതൃകമാണ് വേങ്ങരയ്ക്കുള്ളത്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിനാലും ഐ.എന്‍.എ-യില്‍ അംഗമായിരുന്നതു കൊണ്ടും നീണ്ടകാലം ജയില്‍വാസം അനുഭവിക്കേണ്ടിവന്ന ധാരാളം വ്യക്തികള്‍ ഈ പ്രദേശത്തുണ്ടായിരുന്നു. 1921-ലെ മലബാര്‍ സമരകാലത്ത് ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ചതാണ് മലപ്പുറം-പരപ്പനങ്ങാടി റോഡ്. കുന്നും മലയും വയലുകളും നിറഞ്ഞ സമ്മിശ്രമായ ഭൂപ്രകൃതിയാണ് ഈ പ്രദേശത്തിനുള്ളത്. 1945 കാലഘട്ടത്തിനു മുമ്പ് മലപ്പുറം-പരപ്പനങ്ങാടി റോഡില്‍, കൂരിയാട് മുതല്‍ ഗാന്ധിദാസ് പടി വരെയുള്ള റോഡ് മാത്രമാണ് വേങ്ങരയില്‍ ഉണ്ടായിരുന്നത്. ചാക്കീരി അഹമ്മദുകുട്ടി സാഹിബ് ആയിരുന്നു പഞ്ചായത്തിന്റെ ആദ്യപ്രസിഡന്റ്. 11 അംഗ പഞ്ചായത്തുബോര്‍ഡ് നിലവില്‍ വന്നതിനു ശേഷമാണ് വേങ്ങരയില്‍ റോഡുവികസനത്തിനു തുടക്കം കുറിച്ചത്. വേങ്ങര ഗ്രാമത്തില്‍ ആദ്യമായി വൈദ്യുതിയെത്തിയത് 1950-കളിലാണ്. മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തുകളില്‍ ഒന്നാണ് വേങ്ങര.

സാംസ്കാരികചരിത്രം

അമ്മാഞ്ചരി ഭഗവതിക്ഷേത്രത്തിലെ താലപ്പൊലിമഹോത്സവവും, മടപ്പള്ളി ജാറംനേര്‍ച്ചയും ഈ പഞ്ചായത്തിലെ പ്രധാനപ്പെട്ട രണ്ടു ദേവാലയോത്സവങ്ങളാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ മലയാളഭാഷാ സാഹിത്യത്തില്‍ നിറഞ്ഞുനിന്നിരുന്ന “ബദര്‍ഖിസ്സാ”പ്പാട്ടിന്റെ ഉപജ്ഞാതാവ് വേങ്ങര പഞ്ചായത്തുനിവാസിയായ ചേറൂര്‍ സ്വദേശിയായ ചാക്കീരി മൊയ്തീന്‍കുട്ടി സാഹിബായിരുന്നു. പ്രമുഖ മതപണ്ഡിതനും, ചിന്തകനും, സാഹിത്യരചയിതാവുമായ സി.എന്‍.അഹമ്മദ് മൌലവിയും ഈ പ്രദേശത്തുകാരന്‍ തന്നെ. ഇദ്ദേഹം രചിച്ച ഇംഗ്ളീഷ് പുസ്തകങ്ങള്‍ ചില വിദേശ സ്കൂളുകളില്‍ പാഠപുസ്തകമായിരുന്നുവെന്നു കേള്‍ക്കുന്നു. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ പാരിതോഷികങ്ങളും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 1957-ല്‍ കേരള സര്‍ക്കാര്‍ പഞ്ചായത്തിന്റെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന് ഒരു ഹൈസ്കൂള്‍ അനുവദിക്കുകയുണ്ടായി. സാംസ്കാരികപ്രവര്‍ത്തനത്തിന്റെ ഭാഗമായി ചില കുടുംബങ്ങളില്‍ ഹോംലൈബ്രറികള്‍ പണ്ടുകാലം മുതല്‍ക്കേ പ്രവര്‍ത്തിച്ചിരുന്നു. നാടന്‍ കലാരൂപങ്ങളായ പൂതംകെട്ട്, ചെണ്ടകൊട്ട്, ഉടുക്ക്, തുടി, തോറ്റംപാട്ട്, ഞാറ്റുപാട്ട്, ചവിട്ടുകളി, കോല്‍ക്കളി, പരിചമുട്ടുകളി, കൈകൊട്ടിപ്പാട്ട്, ഒപ്പന, ചിത്രരചന, ഖിസ്സാപാട്ടുകള്‍ എന്നിവയും, കൂടാതെ പകിടകളി, പടകളി, കാറകളി, കബടി, തുടങ്ങിയ കായികവിനോദങ്ങളും മുന്‍കാലത്ത് ഇവിടെ ഏറെ പ്രചാരത്തിലുണ്ടായിരുന്നു. ചാക്കീരി മൊയ്തീന്‍ക്കുട്ടി സാഹിബ്, സി.പി.മുഹമ്മദ് സാഹിബ് തുടങ്ങിയ മാപ്പിള കവികളും, സി.എന്‍.അഹമ്മദ്മൌലവി, ചെണ്ടകൊട്ടുകാരന്‍ രാവുണ്ണി, കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ സി.എം.തെയ്യുണ്ണി, കെ.പി.ശങ്കരന്‍ മാസ്റ്റര്‍ എന്നിവര്‍ ഈ നാടിന്റെ യശസ്സ് ഉയര്‍ത്തിയവരാണ്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത്, താമ്രപത്രം ലഭിച്ച ടി.കെ.മുഹമ്മദ് സാഹിബ്, പാലേരി ആലി എന്നിവര്‍ ഈ ഗ്രാമം സ്വാതന്ത്ര്യസമരത്തിനു നല്‍കിയ സംഭാവനകളായിരുന്നു. മാമന്‍മാപ്പിള നോവല്‍ അവാര്‍ഡ് ലഭിച്ച സുകുമാര്‍ കക്കാട്, വി.പി.വലിയോറ, പി.എ.ബി.അച്ചനമ്പലം, എസ്.മൊയ്തീന്‍കുട്ടി മാസ്റ്റര്‍, ഹൈദര്‍ കുറ്റൂര്‍, വടക്കന്‍ ജബ്ബാര്‍, ബാലന്‍ വേങ്ങര, തുടങ്ങിയ സാഹിത്യകാരന്‍മാര്‍ ഈ പഞ്ചായത്തിന്റെ സാംസ്കാരികരംഗത്തെ സമ്പുഷ്ടമാക്കി.