പഞ്ചായത്തിലൂടെ

വേങ്ങര  - 2010

1961 ലാണ് വേങ്ങര ഗ്രാമപഞ്ചായത്ത് ഔദ്യോഗികമായി നിലവില്‍ വന്നത്. ഈ പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 18.66 ച.കി.മീ ആണ്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കണ്ണമംഗലം, അബ്ദുറഹിമാന്‍ നഗര്‍ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് ഊരകം, പറപ്പൂര്‍, കണ്ണമംഗലം പഞ്ചായത്തുകളും, തെക്കുഭാഗത്ത് തിരൂരങ്ങാടി, എടരിക്കോട്, തെന്നല പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് തിരൂരങ്ങാടി, അബ്ദുറഹിമാന്‍ നഗര്‍ പഞ്ചായത്തുകളുമാണ്. പഞ്ചായത്തിന്റെ മൊത്തം ജനസംഖ്യ 43,904 ആണ്. അതില്‍ 23,013 പേര്‍ സ്ത്രീകളും 20891 പേര്‍ പുരുഷന്മാരുമാണ്. ഈ പഞ്ചായത്തിന്റെ സാക്ഷരതാ നിരക്ക് 92% എന്നത് അഭിമാനാര്‍ഹമാണ്. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയിലാണ് വേങ്ങര ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. നെല്ല്, തെങ്ങ്, കവുങ്ങ്, റബ്ബര്‍, നേന്ത്രവാഴ, മരച്ചീനി, പച്ചക്കറി, കശുമാവ് എന്നിവ പഞ്ചായത്തിലെ പ്രധാന കൃഷിവിളകളാണ്. കടലുണ്ടി പുഴയാണ് പഞ്ചായത്തിലൂടെ ഒഴുകുന്ന പ്രധാന പുഴ. പഞ്ചായത്തിലെ 18 കുളങ്ങള്‍ ഇവിടുത്തെ പ്രധാന ജലസ്രോതസ്സുകളാണ്. 62 പൊതുകിണറുകളും 68 കുഴല്‍കിണറുകളും ജനങ്ങള്‍ ശുദ്ധജലത്തിനായി ഉപയോഗിക്കുന്നു. 103 പൊതുകുടിവെള്ള ടാപ്പുകളും ഈ പഞ്ചായത്തിലുണ്ട്. വലിയോറ ലിഫ്റ്റ് ഇറിഗേഷന്‍, കൂരിയാട് ലിഫ്റ്റ് ഇറിഗേഷന്‍, കുറ്റൂര്‍ പാടം കൈതതോട് കനാല്‍ എന്നിവയും പ്രകൃതി നിര്‍മ്മിതമായ വേങ്ങര തോട്, വലിയോറ വലിയ തോട് എന്നിവയും ഈ പഞ്ചായത്തിലെ പ്രധാന ജലസേചന മാര്‍ഗ്ഗമാണ്. തട്ടാഞ്ചരിമലയാണ് പഞ്ചായത്തിലെ പ്രധാനമല. 457 തെരുവുവിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത് പഞ്ചായത്തിന്റെ വീഥികള്‍ രാത്രികാലങ്ങളില്‍ സഞ്ചാരയോഗ്യമാക്കുന്നു.വിദേശയാത്രക്കായി പഞ്ചായത്ത് നിവാസികള്‍ ആശ്രയിക്കുന്നത് ഏറ്റവും അടുത്ത വിമാനത്താവളമായ കോഴിക്കോട്-കരിപ്പൂര്‍ വിമനാത്താവളത്തെയാണ്. പരപ്പനങ്ങാടി റയില്‍വേ സ്റ്റേഷനാണ് പഞ്ചായത്തിന്റെ ഏറ്റവും അടുത്ത റയില്‍വേ സ്റ്റേഷന്‍. തുറമുഖം എന്ന നിലയില്‍ പൊന്നാനി തുറമുഖമാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത്. വേങ്ങര ബസ് സ്റ്റ്റാന്റ് ആണ് പഞ്ചായത്തിലെ റോഡ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്ന പ്രധാന സ്ഥലം. പൊന്നാനിയാണ് ഇവിടുത്തെ പ്രധാന ജലഗതാഗതകേന്ദ്രം. മംഗലാപുരം-എടപ്പള്ളി നാഷണല്‍ ഹൈവേ 17, മലപ്പുറം-പരപ്പനങ്ങാടി സംസ്ഥാന ഹൈവേ തുടങ്ങിയവ ഈ പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാന റോഡുകളാണ്. ഗതാഗതമമേഖലയിലെ പുരോഗതി വിളിച്ചറിയിക്കുന്ന ചിഹ്നങ്ങളാണ് ഇവിടുത്തെ പാലങ്ങള്‍. കൂരിയാട് പനമ്പുഴക്കല്‍ പാലമാണ് പഞ്ചായത്തിലെ പ്രധാന പാലം. എടുത്തുപറയത്തക്ക വന്‍കിട വ്യവസായങ്ങള്‍ ഈ ഗ്രാമത്തില്‍ ഇല്ല എങ്കിലും ഈര്‍ച്ച മില്ല്, ധാന്യം പൊടിക്കുന്ന മില്ല്, ഫര്‍ണിച്ചര്‍ വര്‍ക്ക് ഷോപ്പ്, മെറ്റല്‍ ഇന്‍ഡസ്ട്രി, മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, പ്ളാസ്റ്റിക്ക് കമ്പനി, ഓയില്‍ മില്ല് എന്നീ വിവിധയിനം ചെറുകിട വ്യവസായ യൂണിറ്റുകള്‍ എന്നിവ പഞ്ചായത്തില്‍ അങ്ങിങ്ങായി പ്രവര്‍ത്തിച്ചു വരുന്നു. വേങ്ങര ഗ്യാസ് ഏജന്‍സിയും ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്തിന്റെ പൊതുവിതരണ മേഖലയില്‍ 6 റേഷന്‍കടകള്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ ഒരു മാവേലി സ്റ്റോറും ഈ പഞ്ചായത്തിലെ പൊതുവിതരണരംഗത്തെ മറ്റു സംവിധാനങ്ങളാണ്.പഞ്ചായത്തിലെ പ്രധാനപ്പെട്ട വ്യാപാരകേന്ദ്രം വേങ്ങര അങ്ങാടിയാണ്. ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ളക്സും, മാര്‍ക്കറ്റ് ഷോപ്പിംഗ് കോംപ്ളക്സുമാണ് ഈ പഞ്ചായത്തിലെ പ്രധാന ഷോപ്പിംഗ് കോംപ്ളക്സുകള്‍. വേങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന മീന്‍ മാര്‍ക്കറ്റും, പച്ചക്കറി മാര്‍ക്കറ്റുമാണ് പഞ്ചായത്തിലെ പ്രധാന മാര്‍ക്കറ്റുകള്‍.നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. പറമ്പില്‍പ്പടി അമ്മാഞ്ചരി ഭഗവതി ക്ഷേത്രം, കച്ചേരിപ്പടി കുണ്ടൂര്‍ ചേല ശിവക്ഷേത്രം തുടങ്ങി 5 ക്ഷേത്രങ്ങളും, അരീക്കുളം ജുമാമസ്ജിദ്, വേങ്ങര മഖ്ദുമിയ ജുമാമസ്ജിദ്, പുത്തനങ്ങാടി ജമാഅത്ത് പള്ളി തുടങ്ങി 10 മുസ്ളീം പള്ളികളും പഞ്ചായത്തിന്റെ അങ്ങിങ്ങായി നിലകൊള്ളുന്നു.പറമ്പില്‍പ്പട്ടി അമ്മാഞ്ചരിക്കാവ് ഉത്സവം, കച്ചേരിപ്പടി കുണ്ടൂര്‍ച്ചോല ശിവക്ഷേത്ര ഉത്സവം, കൂരിയാട് ശ്രീകുറുമ്പ ഭഗവതി ക്ഷേത്രം ഉത്സവം, പാക്കടപ്പുറായ ശ്രീ കരിങ്കാളി ക്ഷേത്ര ഉത്സവം, യാറംപടി മടപ്പള്ളി ജാറം നേര്‍ച്ച, കച്ചേരിപ്പടി നേര്‍ച്ച, വേങ്ങര കോയപാപ്പ ജാറം നേര്‍ച്ച എന്നീ വിവിധ ആഘോഷപരിപാടികള്‍ പഞ്ചായത്തിലെ ജനവിഭാഗത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്നവയാണ്.രാഷ്ട്രീയ രംഗത്തെ സജീവസാന്നിദ്ധ്യമായിരുന്ന ചാക്കീരി അഹമ്മദ് കുട്ടി, മാളിയേക്കല്‍ അബ്ദുള്ള ഹാജി, കെ.പി. രാമന്‍ മാസ്റ്റര്‍, കറുവണ്ണി കുഞ്ഞിമുഹമ്മദ്, ടി.കെ.മാനു, സാമൂഹികരംഗത്തെ പ്രമുഖ വ്യക്തിത്വമായ എന്‍.ടി.മുഹമ്മദ് ഹസ്സന്‍ ഹാജി എന്നിവര്‍ പഞ്ചായത്തിന്റെ സാമൂഹിക രാഷ്ട്രീയ മേഖലയെ പുഷ്ടിപ്പെടുത്തിയവരാണ്. സാഹിത്യരംഗത്തെ വി.പി. വലിയോറ പഞ്ചായത്തിന്റെ അഭിമാനമാണ്.ആരോഗ്യ പരിപാലനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ പഞ്ചായത്തിനകത്തുണ്ട.് വേങ്ങരയിലുള്ള അല്‍ സലാമ ആശുപത്രി, നൌഫ ആശുപത്രി, നഴ്സിംഗ് ഹോം, സി.എച്ച്.സി, ഗവ.ആയുര്‍വ്വേദ ആശുപത്രി എന്നിവ ഈ പഞ്ചായത്തിലെ പ്രധാന ആശുപത്രികളാണ്. കൂടാതെ പാക്കടപ്പുറായ, കൂരിയാട് എന്നിവിടങ്ങളിലായി ഓരോ ഐ.പി.പി.സബ്സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അല്‍-സലാമ്മ ആശുപത്രി, വേങ്ങര നഴ്സിംഗ് ഹോം എന്നിവിടങ്ങളില്‍ നിന്നാണ് ഈ പഞ്ചായത്തിന് ആംബുലന്‍സ് സേവനം ലഭിക്കുന്നത്.മൃഗസംരക്ഷണത്തിനായി വേങ്ങരയില്‍ ഒരു വെറ്റിനറി ഹോസ്പിറ്റലും ഒരു ഐ.സി.ഡി.പി. സബ്ബ് സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്.ആധുനിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി തട്ടാഞ്ചരിമല ജി.എല്‍.പി.എസ്, കുറ്റൂര്‍ സൌത്ത് എ.എം.എല്‍.പി.എസ് തുടങ്ങി 6 എല്‍.പി. സ്ക്കൂളും, ജി.യു.പി.എസ് കുറുക, ജി.യു.പി.എസ് വലിയോറ തുടങ്ങി 4 യു.പി. സ്കൂളുകളും, വേങ്ങര ജി.ജി.വി.എച്ച്.എസ്.എസ്, കുറ്റൂര്‍ നോര്‍ത്ത്, കെ.എം.എച്ച്.എസ്.എസ് തുടങ്ങി രണ്ട് ഹൈസ്ക്കൂളുകളും ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വേങ്ങര കോ-ഓപ്പറേറ്റീവ് കോളേജും, ദാറുല്‍ മ ആരിഫ് അറബിക് കോളേജും ഈ പഞ്ചായത്തിലെ പ്രധാന കോളേജുകളാണ്. കൂടാതെ വേങ്ങര ടി.എം.ജി.ടി.എസ് എന്ന ടെക്നിക്കല്‍ സ്ക്കൂളും ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു.പുത്തനങ്ങാടി സ്ക്കൂള്‍ ഫോര്‍ മെന്റലി റിട്ടാഡഡ് ചില്‍ഡ്രന്‍, വേങ്ങരയിലുള്ള ജെറിയാറ്റിക് പാലിയേറ്റീവ് കെയര്‍, രാജീവ് ഗാന്ധി നാഷണല്‍ ക്രഷ് എന്നിവ ഈ പഞ്ചായത്തിലെ പ്രധാന സാമൂഹ്യ സ്ഥാപനങ്ങളാണ്.ബാങ്കിംഗ് രംഗത്ത് വേങ്ങരയില്‍ ദേശസാല്‍കൃത ബാങ്കുകളായ എസ്.ബി.ടി, പഞ്ചാബ് നാഷണല്‍ ബാങ്ക്, സൌത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക്, സഹകരണ ബാങ്കുകളായ വേങ്ങര എം.ഡി.സി.ബാങ്ക്, സര്‍വ്വീസ് സഹകരണ ബാങ്ക്, കോട്ടയ്ക്കല്‍ സര്‍വ്വീസ് സഹകരണ അര്‍ബന്‍ ബാങ്ക്, സ്വകാര്യ ബാങ്കുകളായ മുത്തൂറ്റ് ബാങ്ക് ആന്റ് ഫൈനാന്‍സ്, കൊശമറ്റം ഫൈനാന്‍സിയേഴ്സ്, മലബാര്‍ ബാങ്കേഴ്സ് എന്നിവ ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.വേങ്ങര കുരിക്കള്‍ സ്മാരക വായനശാല, വലിയോറ ദേശപ്രഭാ വായനശാല, കുറ്റൂര്‍ നോര്‍ത്ത് കുഞ്ഞിമൊയ്തു മെമ്മോറിയല്‍ ലൈബ്രറി തുടങ്ങിയവ വേങ്ങര പഞ്ചായത്തിലെ പ്രധാന വായനശാലകളാണ്.പഞ്ചായത്തിലെ പൊതുപരിപാടികളും, വിവാഹവും മറ്റും നടത്തുന്നതിനായി വേങ്ങരയില്‍ വ്യാപാരഭവന്‍ കമ്മ്യൂണിറ്റി ഹാള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വേങ്ങരയില്‍ ഒരു കെ.എസ്.ഇ.ബി ഓഫീസും പ്രവര്‍ത്തിക്കുന്നുണ്ട്.എ.ആര്‍.നഗര്‍, വേങ്ങര എന്നിവിടങ്ങളിലായി മൂന്ന് പോസ്റ്റ് ഓഫീസുകളും കണ്ണാടിപ്പടി, കുരിയാട് എന്നിവിടങ്ങളിലായി ബ്രാഞ്ച് പോസ്റ്റ് ഓഫീസും ഈ പഞ്ചായത്തിലെ പ്രധാന കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളാണ്. വേങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസ്, വേങ്ങര കൃഷിഭവന്‍, ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ്, എസ്.സി.ഡെവലപ്പ്മെന്റ് ഓഫീസ് തുടങ്ങി 12 സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു.വേങ്ങര പഞ്ചായത്തിലെ വില്ലേജ് ഓഫീസ് കച്ചേരിപ്പടിയിലും, കൃഷിഭവന്‍ പാലച്ചിറമാടും സ്ഥിതി ചെയ്യുന്നു. ഈ പഞ്ചായത്തില്‍ രണ്ട് കൊറിയര്‍ സര്‍വ്വീസുകളും പ്രവര്‍ത്തിക്കുന്നുണ്ട്.