ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം
കര്‍ഷകര്‍ ജന്മിമാരില്‍ നിന്ന് ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തിയിരുന്ന സമ്പ്രദായമാണ് ഇവിടെ നടപ്പുണ്ടായിരുന്നത്. 1950-കളുടെ അവസാനം വരെയും കൃഷിഭൂമി ജന്മിമാരുടെയോ, ദേവസ്വങ്ങളുടെയോ അധീനതയിലായിരുന്നു. ഭൂപരിഷ്കരണ നിയമം നിലവില്‍ വന്നതോടെ കൃഷിഭൂമി കൃഷിക്കാരന് ലഭിക്കുകയുണ്ടായെങ്കിലും തുണ്ടുവല്‍ക്കരണം കൃഷിയെ സാരമായി ബാധിച്ചു. ഭൂപരിഷ്കരണ നിയമം സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളില്‍ ഒട്ടനവധി മാറ്റങ്ങള്‍ ഉണ്ടാക്കിയെങ്കിലും കാര്‍ഷിക ഉല്‍പാദന രംഗത്ത് വേണ്ടത്ര പുരോഗതി ഉണ്ടാക്കിയില്ല. നെല്ല്, തെങ്ങ്, കവുങ്ങ്, വെറ്റില, വാഴ, കപ്പ, കുരുമുളക്, മധുരകിഴങ്ങ്, ഇഞ്ചി, ചേമ്പ്, ചേന, കാച്ചില്‍, മഞ്ഞള്‍, കശുവണ്ടി തുടങ്ങിയവയും പയര്‍, മത്തന്‍, വെള്ളരി, വെണ്ട, വഴുതന തുടങ്ങിയ പച്ചക്കറികളും ഇവിടെ ധാരാളമായി കൃഷി ചെയ്തു വന്നിരുന്നു. മൂന്നര പതിറ്റാണ്ടു മുമ്പുവരെയങ്കിലും കാര്‍ഷിക രംഗത്തെ ഉല്‍പാദനമായിരുന്നു സമ്പദ്വ്യവസ്ഥയുടെ അടിത്തറ. വിശാലമായ പാടശേഖരങ്ങളും കൃഷിക്കുപയോഗിച്ചിരുന്ന പുരയിടങ്ങളും ഇവിടത്തെ പ്രത്യേകതകളായിരുന്നു. ഗള്‍ഫ് പണത്തിന്റെ സ്വാധീനം ജീവിതനിലവാര ക്രമത്തിലും മാറ്റങ്ങളുണ്ടാക്കി. 1950-കളുടെ മുമ്പ് ഇവിടെ വിരലിലെണ്ണാവുന്ന റോഡുകളേ ഉണ്ടായിരുന്നുള്ളൂ. 1921-ലെ മലബാര്‍ ലഹളക്കാലത്ത് ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച മലപ്പുറം-പരപ്പനങ്ങാടി റോഡൂം, മദ്രാസ് അസംബ്ളി അംഗമായിരുന്ന മര്‍ഹൂം ചാക്കീരി അഹമ്മദ് കുട്ടി സാഹിബ് സ്വന്തം ചെലവില്‍ നിര്‍മ്മിച്ചതും പിന്നീട് പി.ഡബ്യു.ഡി ഏറ്റെടുത്തതുമായ വേങ്ങര-അച്ചനമ്പലം-കുന്നുംപുറം റോഡുകളുമാണ് ഈ പ്രദേശത്തുണ്ടായിരുന്നത്. 1939-ല്‍ പറപ്പൂരിലെ കാവുംപറമ്പില്‍ നടന്ന കെ.പി.സി.സി സമ്മേളനത്തിനു വേണ്ടി മര്‍ഹൂം മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്ബിന്റെ നേതൃത്വത്തില്‍ ശ്രമദാനമായി നിര്‍മ്മിച്ചതാണ് ഇന്നത്തെ കോട്ടക്കല്‍-പറപ്പൂര്‍ പി.ഡബ്ള്യു.ഡി റോഡ്. പണ്ടുകാലത്ത് ജനങ്ങള്‍ അവരുടെ മലഞ്ചരക്ക് ഉല്‍പ്പന്നങ്ങള്‍ കടലുണ്ടിപുഴ വഴി തോണി ഉപയോഗിച്ചും, റോഡിലൂടെ കാളവണ്ടി ഉപയോഗിച്ചുമാണ് വിപണിയില്‍ എത്തിച്ചിരുന്നത്. 1961-ല്‍ നിലവില്‍ വന്ന ദേശീയപാത ഈ ബ്ളോക്കിലെ എടരിക്കോട്, തെന്നല, ഏ.ആര്‍.നഗര്‍, വേങ്ങര പഞ്ചായത്തുകളിലൂടെയാണ് കടന്നുപോകുന്നത്. കൂടിപ്പള്ളിക്കൂടങ്ങള്‍ക്ക് സമാനമായ കൂടിയോത്തുപള്ളികള്‍ സ്ഥാപിച്ച് മൊല്ലാക്കമാര്‍ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കിയിരുന്നു. മലയാള ലിപിയോടു അലര്‍ജി പുലര്‍ത്തിയിരുന്നങ്കിലും അറബിലിപിയോടു സാദൃശ്യമുള്ള അറബി-മലയാളം ലിപി ആവിഷ്ക്കരിച്ചുകൊണ്ടുള്ള പഠനമായിരുന്നു ഓത്തുപള്ളികളില്‍ നടന്നുവന്നിരുന്നത്. അക്കാലത്തു പ്രചാരത്തിലിരുന്ന മാപ്പിളപ്പാട്ടുകള്‍, സീറകള്‍, മാലമൌലൂദുകള്‍ തുടങ്ങിയവയെല്ലാം ഈ ലിപിയില്‍ തന്നെ എഴുതപ്പെട്ടു. 1921-ലെ കലാപത്തോടെ ഈ നിലയിലുള്ള ഓത്തുപള്ളികള്‍ പ്രാഥമിക വിദ്യാലയങ്ങളായി അംഗീകരിക്കപ്പെടുകയും അവയ്ക്ക് സര്‍ക്കാര്‍ സഹായങ്ങള്‍ നല്‍കുകയുമുണ്ടായി. കളരികള്‍ സ്ഥാപിച്ചിരുന്നത് കളരിപണിക്കന്മാര്‍ അഥവാ കണിയാന്മാര്‍ എന്ന വിഭാഗത്തില്‍പെട്ടവരായിരുന്നു. സ്ത്രീകള്‍ക്കു ഉന്നത വിദ്യാഭ്യാസം നല്‍കുന്ന കാര്യത്തില്‍ ജനങ്ങള്‍ ഏറെക്കുറെ വിമുഖരായിരുന്നു. ഹൈസ്കൂളുകളും കോളേജുകളും ഈ ബ്ളോക്കുപരിധിക്ക് പുറത്ത് സ്ഥാപിക്കപ്പെടാനിടയാക്കിയതും ഈ വിമുഖതയുടെ പരിണതഫലമായാണ്. മലപ്പുറം ഗവ.ഹൈസ്ക്കൂളും കോട്ടക്കല്‍ രാജാസ് ഹൈസ്ക്കൂളും മാത്രമായിരുന്നു ഏറ്റവും അടുത്തുണ്ടായിരുന്നത്. അക്കാലത്ത് കലാശാലാ വിദ്യാഭ്യാസം നേടണമെങ്കില്‍ ഫാറൂക്ക് കോളേജ് വരെ പോകേണ്ടതുണ്ടായിരുന്നു. 1958-ല്‍ വേങ്ങരയില്‍ സ്ഥാപിക്കപ്പെട്ട ഗവ.ഹൈസ്കൂളാണ് ഈ പ്രദേശത്തെ ആദ്യഹൈസ്കൂള്‍. 1901-ല്‍ കൊളക്കാട്ടില്‍ കുഞ്ഞാനുമൊല്ല സ്ഥാപിച്ച പറപ്പൂര്‍ വെസ്റ് എ.എം.എല്‍.പി സ്ക്കൂളാണ് വേങ്ങര ബ്ളോക്കിലെ ആദ്യത്തെ വിദ്യാലയമെന്ന് കരുതപ്പെടുന്നു. 1910-നും 1920-തിനും ഇടയ്ക്കായി വേങ്ങര, പറപ്പൂര്‍, തെന്നല പഞ്ചായത്തുകളില്‍ ഏതാനും സ്കൂളുകള്‍ കൂടി രൂപംകൊണ്ടു. 1920-നും 30-നും ഇടയ്ക്ക് സ്ക്കൂളുകളുടെ ഒരു വേലിയേറ്റം തന്നെയുണ്ടായി. ഈ മുന്നറ്റം വളര്‍ന്ന് 1960-70 കാലമായപ്പോഴേക്കും മുക്കിലും മൂലയിലും വിദ്യാഭ്യാസത്തിന്റെ ശംഖൊലിയും വിദ്യാലയങ്ങളുടെ തള്ളിക്കയറ്റവും സാര്‍വ്വത്രികമായി. ഇവിടുത്തെ സ്വാതന്ത്ര്യസമര സേനാനികളില്‍ പ്രമുഖനായ മര്‍ഹ്യൂം സയ്യിദ് അലവികോയ തങ്ങള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ഈ പ്രദേശത്ത് നിരവധി പ്രാദേശിക സമരങ്ങള്‍ സംഘടിപ്പിക്കുകയും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുകയും ചെയ്ത വ്യക്തിയാണ്. അദ്ദേഹം രൂപം നല്‍കിയ പ്രധാനപ്പെട്ട സ്വാതന്ത്ര്യ സമരങ്ങളില്‍ ഒന്നാണ് വേങ്ങരക്കടുത്ത ചേറൂരില്‍ വച്ചുനടന്ന ചേറൂര്‍പട എന്ന പേരില്‍ അറിയപ്പെടുന്ന സമരം. എണ്‍പതോളം ആളുകള്‍ ആ സമരത്തില്‍ രക്തസാക്ഷിത്വം വരിച്ചതായി പറയപ്പെടുന്നു. അതിനടുത്ത കണ്ണമംഗലം ഭാഗത്ത് ഒരു ജന്മി ബ്രിട്ടീഷ് ഭരണാധികാരികളുമായി കൂട്ടുചേര്‍ന്നു രക്ഷകന്റെ വേഷമണിഞ്ഞ് സാധാരണക്കാരെ വിളിച്ചുവരുത്തി വെള്ള പട്ടാളത്തെക്കൊണ്ട് വെടിവെപ്പിച്ച് കൊലയ്ക്കു കൊടുത്തത് ചരിത്രത്തിലെ ഒരു ഇരുണ്ട അധ്യായമായി അവശേഷിക്കുന്നുണ്ട്. വേങ്ങരയിലെ തന്നെ വലിയോറ മുതലമാട് ഭാഗത്ത് വയലിനോട് ബന്ധപ്പെട്ട മണപ്പുറം പ്രദേശത്ത് കുഞ്ഞലവി, അബ്ദുള്ളക്കുട്ടി എന്നീ രണ്ട് സ്വാതന്ത്ര്യസമര സേനാനികളും ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടിയുണ്ടയ്ക്കിരയായിട്ടുണ്ട്. ഇതും ഒരു നാട്ടുപ്രമാണിയുടെ അതിരില്‍ കവിഞ്ഞ ബ്രിട്ടീഷ് പ്രീണനത്തിന്റെ ഉദാഹരണമായി ചരിത്രത്തില്‍ രേഖപ്പെടുത്തിക്കിടക്കുന്നു. ഈ രക്തസാക്ഷികളുടെ മൃതശരീരങ്ങളെ മറവു ചെയ്തത് സംഭവം നടന്ന സ്ഥലത്തു തന്നെയാണ്. മീസാന്‍ കല്ല് പോലും കുത്താത്ത ആ കബറിടങ്ങള്‍ ഇല്ലിമുളം കാടുകള്‍ക്കിടയില്‍ മറഞ്ഞുകിടക്കുന്നതു പഴമക്കാര്‍ക്കു മാത്രമേ അറിയാവൂ. സ്വാതന്ത്ര്യസമരത്തിലും അതുമായി ബന്ധപ്പെട്ട് ഇവിടെ സംഘടിപ്പിക്കപ്പെട്ട സമരത്തിലുമായി ഇവിടെ നിന്നുള്ള നിരവധിയാളുകള്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. മാപ്പിളകവിസാമ്രാട്ടായിരുന്ന മര്‍ഹൂം ചാക്കീരി മൊയ്തീന്‍ക്കുട്ടി സാഹിബും അദ്ദേഹത്തിന്റെ ഏക മകന്‍ 1952-ല്‍ മദ്രാസ് അസംബ്ളിയിലും എം.എല്‍.എ, കേരള വിദ്യാഭ്യാസമന്ത്രി, അസംബ്ളി സ്പീക്കര്‍ എന്നീ പദവികള്‍ അലങ്കരിച്ച മര്‍ഹൂം ചാക്കീരി അഹമ്മദ് സാഹിബും ഈ പ്രദേശത്തിന്റെ സംഭാവനകളാണ്. ഈ പ്രദേശത്തെ എടുത്തുപറയാവുന്ന ഒരു ക്ഷേത്രമാണ് ഏ.എര്‍.നഗറിലെ ശ്രീസുബ്രഹ്മണ്യക്ഷേത്രം. ഈ ക്ഷേത്രം പരശുരാമനാല്‍ പ്രതിഷ്ഠ നടത്തപ്പെട്ടതാണെന്ന് ഐതിഹ്യമുണ്ട്. ഇപ്പോള്‍ ഈ ക്ഷേത്രത്തിനോട് തൊട്ട് ഒരു ശ്രീകൃഷ്ണക്ഷേത്രവും ഒരു ശിവക്ഷേത്രവും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. ഈ ക്ഷേത്രത്തില്‍ നിന്നാണ് മറ്റു കുടുംബക്ഷേത്രങ്ങളിലേക്കു കലശങ്ങള്‍ കൊണ്ടുപോകുന്നത്. ശബരിമല തീര്‍ത്ഥാടകരുടെ ഒരിടത്താവളം കൂടിയാണ് ഈ ക്ഷേത്രം. പരശുരാമനാല്‍ പ്രതിഷ്ഠിതമാണെന്ന് ഐതിഹ്യമുള്ള, ഏ.ആര്‍.നഗര്‍ ശ്രീസുബ്രഹ്മണ്യക്ഷേത്രം, ശ്രീകൃഷ്ണക്ഷേത്രം എന്നിവയാണ് ഇവിടുത്തെ പ്രധാന ഹൈന്ദവ ആരാധനാലയങ്ങള്‍. മുസ്ളീം ഭൂരിപക്ഷ പ്രദേശമായതിനാല്‍ ഇവിടെ നിരവധി മുസ്ളീംപള്ളികളും, മദ്രസകളും സ്ഥിതിചെയ്യുന്നുണ്ട്. കുരങ്ങുകളെയും, മുള്ളന്‍പന്നികളെയും കണ്ടുവരുന്ന തൃഷ്നാംകുന്ന് നിരവധി വിനോദസഞ്ചാരികളെ ആകര്‍ഷിച്ചുവരുന്ന പ്രദേശമാണ്.