വേങ്ങര

മലപ്പുറം ജില്ലയിലെ തിരൂര്‍, തിരൂരങ്ങാടി താലൂക്കുകളിലായാണ് വേങ്ങര ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. എ.ആര്‍ നഗര്‍, എടരിക്കോട്, ഒതുക്കുങ്ങല്‍, പറപ്പൂര്‍, തെന്നല, വേങ്ങര, കണ്ണമംഗലം എന്നീ ഏഴു ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് വേങ്ങര ബ്ളോക്ക് പഞ്ചായത്ത്. വേങ്ങര, എടരിക്കോട്, കോട്ടക്കല്‍, തേഞ്ഞിപ്പാലം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന വേങ്ങര ബ്ളോക്ക് പഞ്ചായത്തിന് 123.72 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണവും 15 വാര്‍ഡുകളുമുണ്ട്. വടക്കുഭാഗത്ത് കൊണ്ടോട്ടി ബ്ളോക്കും, കിഴക്കുഭാഗത്ത് മലപ്പുറം ബ്ളോക്കും, തെക്കുഭാഗത്ത് താനൂര്‍, മലപ്പുറം ബ്ളോക്കുകളും, പടിഞ്ഞാറുഭാഗത്ത് തിരൂരങ്ങാടി, താനൂര്‍ ബ്ളോക്കുകളുമാണ് വേങ്ങര ബ്ളോക്ക് പഞ്ചായത്തിന്റെ അതിരുകള്‍. ഭൂപ്രകൃതിയനുസരിച്ച് ഈ ബ്ളോക്കുപ്രദേശത്തിനെ ഉയര്‍ന്ന സമതലം, ചെരിവുകള്‍, താഴ്വരകള്‍, സമതലങ്ങള്‍, പുഴ, തോടുകള്‍ എന്നിങ്ങനെ തരം തിരിക്കാം. ചരല്‍മണ്ണ്, വെട്ടുപാറ, ചെളിമണ്ണ്, ചെമ്മണ്ണ്, മണല്‍ മണ്ണ് എന്നീ മണ്‍തരങ്ങളാണ് ഇവിടെ സാധാരണയായി കാണപ്പെടുന്നത്. ബ്ളോക്കിന്റെ വടക്കേയറ്റത്തായി ഊരകംമലയും, ചെരുപടിയന്‍ മലയും സ്ഥിതി ചെയ്യുന്നു. ബ്ളോക്കിനെ നെടുകെ പിളര്‍ത്തി കൊണ്ട് കടലുണ്ടിപ്പുഴ ഒഴുകുന്നു. ബ്ളോക്ക് പ്രദേശത്തെ താപനില സംസ്ഥാന ശരാശരിയേക്കാള്‍ അല്‍പം കൂടുതലാണ്. ചരല്‍മണ്ണും, ചെമ്മണ്ണും, വെട്ടുപാറയും, കരിങ്കല്ലും, മണല്‍മണ്ണും, ചെളിമണ്ണും ചേര്‍ന്ന പ്രദേശമാണിത്. 1963 മെയ്മാസം 1-ാം തീയതിയാണ് വേങ്ങര ബ്ളോക്ക് പഞ്ചായത്ത് രൂപീകൃതമായത്. രൂപീകൃതമായ ഘട്ടത്തില്‍, എ.ആര്‍.നഗര്‍, വേങ്ങര, പറപ്പൂര്‍, ഒതുക്കുങ്ങല്‍, തെന്നല എന്നീ പഞ്ചായത്തുകളും തേഞ്ഞിപ്പാലം പഞ്ചായത്തിന്റെ ചെറിയൊരു ഭാഗവുമായിരുന്നു ഈ ബ്ളോക്കില്‍ ഉള്‍പ്പെട്ടിരുന്നത്.