ചരിത്രം

സാമൂഹിക സാംസ്കാരിക ചരിത്രം

50 കൊല്ലങ്ങള്‍ക്ക്മുമ്പ് വെങ്ങപ്പള്ളിദേശം എന്ന പ്രദേശം വൈത്തിരി പഞ്ചായത്തില്‍പെട്ട തരിയോട് വില്ലേജിന്റെ ഒരു ഭാഗമായിരുന്നു. വില്ലേജ് പുനഃസംഘടന നടന്നപ്പോള്‍ തൊട്ടടുത്ത വില്ലേജിലെ തെക്കുംതറ ദേശവും തരിയോട് വില്ലേജിലെ വെങ്ങപ്പള്ളിദേശവും ചേര്‍ന്ന് വെങ്ങപ്പള്ളി വില്ലേജ് രൂപപ്പെട്ടു. തെക്കുംതറ അന്ന് ഒരു പഞ്ചായത്തിന്റേയും ഭാഗമായിരുന്നില്ല. പിന്നീട് കോട്ടത്തറ പഞ്ചായത്ത് രൂപീകരിക്കപ്പെടുകയും അതില്‍ കോട്ടത്തറ, കുപ്പാടിത്തറ എന്നീ വില്ലേജുകള്‍ക്കൊപ്പം വെങ്ങപ്പള്ളി വില്ലേജും ഉള്‍പ്പെട്ടു. കോട്ടത്തറയിലെ വെണ്ണിയോട് എന്ന സ്ഥലമായിരുന്നു പഞ്ചായത്ത് ആസ്ഥാനം. 1979-ന് മുന്‍പ് കോട്ടത്തറ പഞ്ചായത്തിന്റെ ഭാഗമായിരുന്ന വെങ്ങപ്പള്ളി 1979-ല്‍ ആണ് പഞ്ചായത്ത് ആയി രൂപം കൊണ്ടത്. പഞ്ചായത്ത് രൂപം കൊണ്ട സമയത്ത് പാര്‍പ്പിട സൌകര്യങ്ങള്‍ പഞ്ചായത്തില്‍ വളരെ കുറവായിരുന്നു. ഓടിട്ട വീടുകളും, പുല്ലുപുരകളും, ഓലപുരകളും ഷെഡ്ഡുകളുമായിരുന്നു കൂടുതല്‍. വയനാട് ജില്ലയില്‍ വൈത്തിരി താലൂക്കിലെ ജനസംഖ്യ കൊണ്ടും, ഭൂവിസ്തീര്‍ണ്ണം കൊണ്ടും ചെറിയ പഞ്ചായത്താണ് വെങ്ങപ്പള്ളി. പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാരുടെ എണ്ണം ഈ പഞ്ചായത്തിലെ മൊത്തം ജനസംഖ്യയുടെ 30 ശതമാനത്തിലധികം വരും. ഒരു കാലത്ത് വെങ്ങപ്പള്ളി നായര്‍, പനിച്ചാടത്ത് നായര്‍, ഒരവുമ്മല്‍ നായര്‍, കരിങ്കുറ്റി ഗൌഡര്‍, കാച്ചാനോട്ട് ദേവസ്വം, തേതണ ദേവസ്വം, പുല്ലഞ്ചരി ദേവസ്വം, പുനത്തില്‍ അഹമ്മദ് ഹാജി എന്നിവരായിരുന്നു ഇവിടുത്തെ ഭൂവുടമകള്‍. എന്നാല്‍ ഭൂപരിഷ്ക്കരണ നിയമം നടപ്പില്‍ വന്നതോടു കൂടി ജന്‍മി കുടിയാന്‍ വ്യവസ്ഥ അവസാനിക്കുകയും പാട്ടക്കുടിയാന്‍മാരെല്ലാം കൈവശസ്വത്തിന്റെ ഉടമകളാവുകയും ചെയ്തു.പഞ്ചായത്ത് നിവാസികളില്‍ ഹിന്ദു, ഇസ്ളാം, ക്രൈസ്തവ മതങ്ങളില്‍പ്പെട്ടവരാണ് ഭൂരിഭാഗവും ജനസംഖ്യയില്‍ 30 ശതമാനത്തിന് മുകളില്‍ കുറിച്യ, പണിയ വിഭാഗങ്ങളില്‍പ്പെടുന്ന പട്ടിക വര്‍ഗ്ഗക്കാരാണ്.ഏതാനും നായ്ക്കന്‍മാരും, മുള്ളക്കുറുമരും കൂടി ഇവിടുത്തെ നിവാസികളാണ്. വളരെ സൌഹാര്‍ദ്ദത്തോടുകൂടിയാണ് ഇവിടുത്തെ മതവിഭാഗങ്ങള്‍ പെരുമാറുന്നത്. കുറിച്ച്യ സമുദായക്കാരില്‍ ഭൂരിഭാഗവും ഇന്ന് മരുമക്കത്തായ വ്യവസ്ഥയാണ് തുടര്‍ന്നുവരുന്നത്. “പിട്ടന്‍” എന്നറിയപ്പെടുന്ന കാരണവരാണ് കുടുംബനാഥന്‍, ‘മിറ്റ’ ത്തിലെ (വീട്ടിലെ) ബാക്കി അംഗങ്ങള്‍ പിട്ടന്റെ നിയന്ത്രണത്തില്‍ കാര്‍ഷികവ്യത്തിയിലും, നായാട്ടിലും, മീന്‍പിടുത്തത്തിലും മറ്റും ഏര്‍പ്പെട്ട് ഉപജീവനം നടത്തിവന്നു. മുമ്പുകാലങ്ങളില്‍ സ്വന്തം ഭൂമിയില്‍ കൃഷി ചെയ്യുന്നതിനു പുറമെ ജന്‍മിമാരുടെ തരിശു ഭൂമികള്‍ കാടു തെളിച്ച് മുത്താറി, ചാമ, തിന മുതലായ കാലികകൃഷികള്‍ ചെയ്യുമായിരുന്നു. പൊതുവെ സത്യസന്ധരും ഈശ്വര വിശ്വാസികളും അദ്ധ്വാനികളുമായിരുന്ന കുറിച്ച്യര്‍ വയനാട്ടിലെ ആദിവാസി വിഭാഗത്തില്‍ ഏറെ മുന്‍പന്തിയില്‍ തന്നയാണ്.

കാര്‍ഷിക ചരിത്രം

ആദ്യകാലത്ത് പേരെടുത്തു പറയാവുന്ന ഒരു കൃഷി നെല്‍കൃഷി മാത്രമായിരുന്നു. പഞ്ചായത്തില്‍ ആ കാലഘട്ടത്തില്‍ അറിയപ്പെട്ടിരുന്ന വെങ്ങപ്പള്ളി എടം, പിണങ്ങോട് അറയില്‍, ചോലപ്പുറത്ത് മഠത്തില്‍, മാമ്പിലിച്ച, ചെമ്പ്രാട്, ഒരുവുമ്മല്‍, അമ്പലപ്പടി എന്നീ ജന്മി കുടുംബങ്ങളെ കേന്ദ്രീകരിച്ചായിരുന്നു നെല്‍കൃഷി നടത്തിപ്പോന്നിരുന്നത്. ഇതിന് മേല്‍പറഞ്ഞ ജന്മികുടുംബങ്ങള്‍ ഇവിടെ പരമ്പരാഗതമായി ഉണ്ടായിരുന്ന ആദിവാസികളെയാണ് അടിമകളായി ഉപയോഗിച്ചുപോന്നിരുന്നത്.ഇന്നത്തേതില്‍ നിന്നും വ്യത്യസ്ഥമായി ജന്മികുടുംബങ്ങളില്‍ നിപ്പ് പണി എന്നാരു സംവിധാനം നിലനിന്നിരുന്നു. വിഷുവിന് മുമ്പായി ഒരു പണിയനെയും പണിച്ചിയെയും നെല്ല്, മുറുക്കാന്‍, വെളിച്ചെണ്ണ തുടങ്ങി ചില പാരിതോഷികങ്ങള്‍ നല്‍കി ഒരു ജന്മി തന്റെ അടിമയായി നിയമിക്കുന്നു. തുടര്‍ന്ന് വിഷു പിറ്റേന്ന് മേടം ഒന്നിന് വയലിന്റെ ഒരു മൂലയില്‍ കുടുംബാചാരത്തോടുകൂടി നിലവിളക്ക് കത്തിച്ച് വിത്തിടുന്നതോടുകൂടി ഒരു അടിമ കുടുംബം അവന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയായി. തുടര്‍ന്ന് അങ്ങോട്ട് അതിരാവിലെയുള്ള കന്നുപൂട്ടല്‍, കന്നുകാലി മേയ്ക്കല്‍, ഞാറിടല്‍, ഞാറ് പറിക്കല്‍, ഞാറ് നടല്‍ തുടങ്ങി ആ ജന്മി കുടുംബത്തിന്റെ എല്ലാ പണികളും നോക്കി നടത്തേണ്ട ഭാരിച്ച ഉത്തരവാദിത്വം ഈ അടിമ കുടുംബത്തിന്റെ തലയില്‍ വന്നു ചേരുന്നു. എന്നാല്‍ ഇത് തങ്ങള്‍ക്കുള്ള അവകാശമാണ് എന്ന സംതൃപ്തിയോടുകൂടി ആ കടമകള്‍ നിര്‍വഹിക്കുന്നു. ഒരു ദിവസത്തെ പണിക്ക് ഒരു വല്ലി, ഒന്നര വല്ലി നെല്ലാണ് കൂലിയായി ലഭിക്കുന്നത്. പണി കയറിയതിന് ശേഷം എടുക്കുന്ന അധികം പണിക്ക് അധികം വല്ലി കിട്ടും. ഞാറു പറിക്കുന്നതിന് കുത്തക നിശ്ചയിച്ചുകൊടുക്കുന്ന രീതിയാണു നിലനിന്നിരുന്നത്. പൊടി ഞാറ് ആണെങ്കില്‍ ഒരു സ്ത്രീ തൊഴിലാളി മൂന്ന് കൊളകം വിത്തിന്റെയും, ചെളി ഞാറാണെങ്കില്‍ അഞ്ച് കൊളകത്തിന്റെയും ഞാറ് പറിച്ചിരിക്കണം. കന്നി മാസത്തിലെ മകം നാളില്‍ കതിര് കുളിപ്പിക്കുന്ന ഒരാഘോഷം നിലനിന്നിരുന്നു. ജന്മി കുടുംബവും അടിമ കുടുംബവും കൂടി വളരെ ആഘോഷപൂര്‍വ്വമായിരുന്നു ഇതു കൊണ്ടാടിയിരുന്നത്. അതുപോലെ തന്ന പ്രധാനമായ മറ്റൊരാചാരമായിരുന്നു ഭകതിരു കയറ്റല്‍. കൊയ്ത്തിനു മുമ്പ് ഒരു കറ്റ കൊയ്ത് കളത്തിന് നടുവിലുള്ള മേട്ടിയില്‍ സ്ഥാപിക്കുകയാണ് ഈ ആചാരം. ഇതിനിടയില്‍ അടിമ കുടുംബത്തിന് വിഭവ സമൃദ്ധമായ ഒരു സദ്യയും ചില്ലറ പുടവയും ഓണം നാളില്‍ കിട്ടും. ഒരു കൊല്ലത്തെ കൃഷിയുടെ വിളവെടുപ്പോടുകൂടി നിപ്പ് പണി അവസാനിക്കുകയാണ്. കൊയ്ത്ത്, വാരല്‍. കന്നുകളെ ഉപയോഗിച്ചുള്ള ഒക്കല്‍, പാറ്റല്‍, പുല്ലുമൂടയിടല്‍, നെല്ല് അളന്ന് ജന്മിയുടെ പത്തായത്തില്‍ സംഭരിക്കല്‍ ഇവയും നിപ്പ് പണിയുടെ ഭാഗം തന്നയാണ് വിളവെടുപ്പിന് ശേഷം ഒന്നരപ്പൊതി കുണ്ടലും, തണുപ്പുകാലത്ത് ഒരു കാരിക്കനും ഒരടിമയ്ക്ക് കിട്ടും.അക്കാലത്ത് നാട്ടിലെ ഏതു കുന്നരികിലും പാടങ്ങളിലും കാലികളെ കൂട്ടുന്ന പ്ടാവുകള്‍ സാധാരണ കാഴ്ചയായിരുന്നു. കാര്‍ഷിക ചരിത്രം പറയുമ്പോള്‍ കൃഷി ചരിത്രത്തില്‍ വിപ്ളവകരമായ മാറ്റം വരുത്തിയ ഒന്നാണ് 1957 ലെ ഭൂപരിഷ്കരണ ബില്‍. അക്കാലത്ത് 2 ഏക്കറില്‍ കൂടുതല്‍ നെല്‍കൃഷിയുള്ള കൃഷിക്കാരന്‍ നിശ്ചിത അളവില്‍ ലെവി സര്‍ക്കാരിന് അളക്കേണ്ടതുണ്ടായിരുന്നു ജനസംഖ്യാവര്‍ദ്ധനവും ഭൂമിയുടെ തുണ്ടുവല്‍ക്കരണവും, നാരങ്ങാ, കുരുമുളക് തുടങ്ങിയ നാണ്യവിളകളുടെ നാശവും മൂലം പരമ്പരാഗതമായ കൃഷി രീതിയില്‍ നിന്നും വ്യത്യസ്തമായ കൃഷിരീതികളും മാര്‍ഗ്ഗങ്ങളും കര്‍ഷകര്‍ സ്വീകരിക്കാന്‍ തുടങ്ങി. ഇടത്തരം കൃഷിക്കാരുടെ ഇടയില്‍ സ്വന്തമായി ഉഴവുമാടുകള്‍ ഉണ്ടായിരുന്നു. കൃഷിക്ക് യന്ത്രോപകരണങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെയും നെല്‍പ്പാടങ്ങളില്‍ വാഴകൃഷി വന്‍തോതില്‍ ആരംഭിച്ചതോടെയും ഉഴവുമാടുകള്‍ ഈ പ്രദേശത്തുനിന്ന് അപ്രത്യക്ഷമായി. ചുരുക്കം ചില കൃഷിക്കാര്‍ക്കു മാത്രമെ ഇപ്പോള്‍ ഉഴവു മാടുകള്‍ ഉള്ളു. പഴയ കാലത്ത് ആവശ്യത്തില്‍ കൂടുതല്‍ വരുന്ന പാല്‍ ഉല്‍പ്പന്നങ്ങള്‍ ഈ പ്രദേശത്ത് നശിപ്പിക്കുകയായിരുന്നു പതിവ്. വയനാട്ടിലെ മോരു വിലക്കും വെറുതെയും കിട്ടില്ല എന്ന ചൊല്ല് ഈ പ്രദേശത്ത് അന്വര്‍ത്ഥമായിരുന്നു.