വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത്

vgp2

വയനാട് ജില്ലയില്‍ വൈത്തിരി താലൂക്കില്‍ കല്‍പ്പറ്റ ബ്ളോക്ക് പരിധിയില്‍ വെങ്ങപ്പള്ളി വില്ലേജ് ഉള്‍പ്പെടുന്ന പഞ്ചായത്താണ് വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത്. 21.16 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് കോട്ടത്തറ പഞ്ചായത്ത്, പടിഞ്ഞാറ് തരിയോട് പഞ്ചായത്ത്, തെക്ക് പൊഴുതന പഞ്ചായത്ത്, കിഴക്ക് കല്‍പ്പറ്റ മുനിസിപ്പാലിറ്റി എന്നിവയാണ്. പഞ്ചായത്തില നിലവിലെ വാര്‍ഡുകളുടെ എണ്ണം 13 ആണ്. കുന്നുകളും കുന്നിന്‍ചെരിവുകളും, നെല്‍പാടങ്ങളും ചതുപ്പു നിലങ്ങളും ചേര്‍ന്നതാണ് വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന ലക്കിടി എന്ന സ്ഥലം ഈ പഞ്ചായത്തതിര്‍ത്തിയില്‍ നിന്നും അധികം ദൂരത്തല്ല. ടൂറിസ്റുകള്‍ക്ക് പറ്റിയ കാലാവസ്ഥയാണ് ഇവിടുത്തെ സമ്മര്‍ സീസണ്‍. ചരിത്രപരമായ കാരണങ്ങളാല്‍ സംസ്ഥാനത്തെ ഏറ്റവും ചെറിയ പഞ്ചായത്തുകളില്‍ ഒന്നാണ് വെങ്ങപ്പള്ളി. ജനസംഖ്യയില്‍ ഭൂരിഭാഗവും ചെറുകിട നാമമാത്ര കൃഷിക്കാരാണ്. തെക്കും തറയിലെ അമ്പലപടിക്കല്‍ എടച്ചന കുഞ്ഞിരാമന്‍ നായര്‍ കൊല്ലങ്ങള്‍ക്കു മുമ്പ് വിജ്ഞാനത്തിന്റെ ദീപം കൊളുത്തിക്കൊണ്ട് ആരംഭിച്ച സ്ഥാപനമാണ് അമ്മാ സഹായം യു.പി. സ്ക്കൂള്‍.ആദിവാസി മേഖലയില്‍ ഗവണ്‍മെന്റ് പദ്ധതികള്‍ ആരംഭിക്കുന്നതിന് മുമ്പ്, 1950 കാലങ്ങളില്‍, വിനോബ ബാവയുടെ ഭൂദാന പ്രസ്ഥാനത്തില്‍ പങ്കുചേര്‍ന്ന് പതിനഞ്ച് ഏക്കര്‍ സ്വന്തം ഭൂമി ദാനമായി ആദിവാസികള്‍ക്ക് നല്‍കുകയും അവിടെ സ്വന്തം ചിലവില്‍ ഓടിട്ട വീടുകള്‍ നിര്‍മ്മിച്ച് നല്‍കുകയും ഉണ്ടായി. കൂടാതെ തെക്കുംതറയില്‍ ഒരു ഭൂദാന സമിതി രൂപീകരിക്കുകയും പലരില്‍ നിന്നും ഭൂമി ദാനമായി സ്വീകരിച്ച് ഭൂരഹിതരായ ആദിവാസികള്‍ക്ക് വിതരണം ചെയ്യുകയുമുണ്ടായി. വയനാട്ടിലെ നടുവയല്‍, പുല്‍പ്പള്ളി പോലുള്ള സ്ഥലങ്ങളില്‍ കേരളത്തിന്റെ തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുണ്ടായ കുടിയേറ്റത്തിന്റെ ഫലമായി കാര്‍ഷിക മേഖലയില്‍ ഉണ്ടായ പുരോഗതിയുടെ അലയടി വെങ്ങപ്പള്ളിയിലും ഉണ്ടായി..