ചരിത്രം

ചരിത്രം

തിരു കൊച്ചി സംസ്ഥാനത്തിലെ തിരുവല്ലം പഞ്ചായത്തില്‍ ഉള്‍പെട്ട പ്രദേശമാണ് വെങ്ങാനൂര്‍ . 1962 ജനുവരി 1 നാണ് വെങ്ങാനൂര്‍ പഞ്ചായത്ത് രൂപം കൊളളുന്നത്. വിശ്വ പ്രസിദ്ധ വിനോദ സഞ്ചാര കേന്ദ്രമായ കോവളവും ചരിത്രപ്രസിദ്ധമായ വിഴിഞ്ഞം തുറമുഖവും കാര്‍ഷിക ഗവേഷണകേന്ദ്രമായ വെളളായണിയും വ്യാപാരകേന്ദ്രമായ ബാലരാമപുരവും വെങ്ങാനൂരിലെ ഏലപ്രദേശവുമാണ് വെങ്ങാനൂരിനു ചുറ്റും നില്‍ക്കുന്നത്.

നാനാജാതി മതസ്ഥര്‍ തിങ്ങിപാര്‍ക്കുന്ന ഭൂപ്രദേശം. സാഹോദര്യം പുലരുന്ന നാട്. കര്‍ഷകതൊഴിലാളികളാണ് അധികവും. കൈത്തറിതൊഴിലാളികളും കുറവല്ല. ശേഷിക്കുന്നത് അസംഘടിതരായ മറ്റു തൊഴിലാളികളാണ്.

വിദ്യാഭ്യാസപരമായി വെങ്ങാനൂര്‍ പഞ്ചായത്ത് മുന്നിലാണെന്ന് തന്നെ പറയാം.അധസ്ഥിതജനവിഭാഗത്തിനു വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലഘട്ടത്തിന്‍റെ സൃഷ്ടിയായിരുന്നു ശ്രീ. അയ്യന്‍കാളി . അദ്ദേഹത്തെ പോലുളള മഹാന്‍മാരുടെ പ്രയത്നം പില്‍ക്കാലത്ത് വളരെ മാറ്റം ഈ രംഗത്ത് ഉണ്ടായിട്ടുണ്ട്. ഈ പഞ്ചായത്തിലെ അധസ്ഥിതരില്‍ ബഹുഭൂരിഭാഗവും വിദ്യാസമ്പന്നരും സര്‍ക്കാരുദ്യോഗസ്ഥരുമാണ്.

ആയ് രാജാക്കന്മാരുടെ ഭരണകാലം മുതലേ വെങ്ങാനൂര്‍ പ്രസിദ്ധമാണ്. ആയ് രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു വിഴിഞ്ഞം. അവരുടെ സൈനിക കേന്ദ്രവും വെടിക്കോപ്പ് ശാലയും കുതിരാലയവും സ്ഥിതി ചെയ്തിരുന്നത്  തൊട്ടടുത്തുളള വെങ്ങാനൂര്‍ പ്രദേശത്തായിരുന്നു.

വേണാടിന്‍റെ ചരിത്രവുമായി വെങ്ങാനൂരിന് അഭേദ്യമായ ബന്ധമുണ്ട്. ഏകാധിപത്യ ഫ്യൂഡല്‍ രാജവാഴ്ചയ്ക്കെതിരായി സംഘടിത പോരാട്ടങ്ങള്‍ നടത്താന്‍ മുന്‍കൈയെടുത്ത വെങ്ങാനൂര്‍പിളളയുടെ കാലം മുതല്‍ ആരംഭിച്ച പരമ്പരാഗത സാമൂഹ്യഘടനയുടെ മാറ്റത്തിനു വഴിയൊരുക്കിയ ചരിത്ര പശ്ചാത്തലം വെങ്ങാനൂരിനുണ്ട്.

വേണാടിന്‍റെ ചരിത്രത്തില്‍ മിന്നിത്തിളങ്ങിയ ചെമ്പകരാമന്‍പിളള , മലയാളസിനിമാരംഗത്ത് ഹാസ്യനടനായി മിന്നിത്തിളങ്ങിയ അടൂര്‍ഭാസിയുടെ പിതാവും പ്രശസ്തഹാസ്യ സാഹിത്യകാരനുമായ ഇ.വി.കൃഷ്ണപിളള ജന്മത്വത്തിനെതിരായി , അടാച്ചമര്‍ത്തപെട്ട ജനവിഭാഗത്തെ സംഘടിപ്പിച്ച് ദേശീയ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന്റെ ഭാഗമാക്കി വെഭ്ഭാനൂരിനെ മാറ്റിയ ശ്രീ.അയ്യന്‍കാളി തുടങ്ങിയ മഹാരഥന്മാര്‍ക്ക് ജന്‍മം നല്‍കിയ ഭൂമിയാണ് വെങ്ങാനൂര്‍ ശ്രീ. അയ്യന്‍കാളിയുടെ നേതൃത്വത്തിലാരംഭിച്ച സാധുജനപരിപാലനസംഘവും അതിന്‍റെ പ്രവര്‍ത്തനങ്ങളും ,ഇന്‍ഡ്യാ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളാണ്.മഹാത്മജിയും ആചാര്യ വിനോബാഭാവെയും ശ്രീ.അയ്യന്‍കാളിയുടെ സേവനങ്ങളെ പ്രകീര്‍ത്തിക്കാന്‍ വെങ്ങാനൂര്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

മഹാനായ ശ്രീനാരായണഗുരുവിന്‍റേയും, ശ്രീ ചട്ടമ്പിസ്വാമികളുടേയും മഹത്വചനങ്ങള്‍ ഉള്‍ക്കൊണ്ട് നാനാജാതി മതസ്ഥരായ ആളുകള്‍ സ്വാദരത്വേന കഴിയുന്ന നാടാണ് വെങ്ങാനൂര്‍.

വെങ്ങാനൂര്‍ പ്രദേശത്തുനിന്നും ശ്രീമൂലം പ്രജാസഭയില്‍ അംഗങ്ങളായവരാണ്  ശ്രീ.അയ്യന്‍കാളിയും ശ്രീ.ഊറ്ററത്തല ഗോവിന്ദപിളളയും.

അയ്യൻകാളി

e0b4a4e0b4bfe0b4b0e0b581e0b4b5e0b4a8e0b4a8e0b58de0b4a4e0b4aae0b581e0b4b0e0b482-e0b4aae0b49fe0b58de0b49fe0b4a3e0b4a4e0b58de0b4a4e0b4bf
കേരളത്തിലെ പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച സാമൂഹിക പരിഷ്കർത്താക്കളിൽ പ്രമുഖനായിരുന്നു അയ്യൻ‌കാളി (28 ഓഗസ്റ്റ് 1863 - 18 ജൂൺ 1941) . സമൂഹത്തിൽ നിന്നു ബഹിഷ്കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയാണ് അയ്യൻ‌കാളി പോരാടിയത്. പുലയസമുദായാംഗമായിരുന്ന അദ്ദേഹം സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്ര്യം അനുവദിപ്പിച്ച് ശ്രദ്ധേയനായി. 1905-ൽ സാധുജന പരിപാലന യോഗം രൂപവത്കരിച്ചതോടെ ഹരിജനങ്ങളുടെ അനിഷേധ്യനേതാവായിമാറി.
ജനനം, ബാല്യം
തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ എന്ന ഉൾനാടൻ ഗ്രാമത്തിൽ 1863 ഓഗസ്റ്റ് 28നാണ് (കൊല്ലവർഷം 1039, ചിങ്ങം 14) അയ്യൻ‌കാളി ജനിച്ചത്.[2] ചിങ്ങമാസത്തിലെ അവിട്ടമാണ് അദ്ദേഹത്തിന്റെ ജന്മനക്ഷത്രം.അച്ഛൻ പെരുങ്കാട്ടുവിള വീട്ടിൽ അയ്യൻ. അമ്മ മാല. കുട്ടിക്കാലത്ത് കാളി എന്ന് വിളിക്കപ്പെട്ടിരുന്ന അദ്ദേഹം പിന്നീട് അയ്യൻ‌കാളിയായി. എഴുത്തും വായനയും നിഷേധിക്കപ്പെട്ട പുലയ സമുദായത്തിലായിരുന്നു അയ്യൻ‌കാളി ജനിച്ചുവീണത്. പറയർ, പുലയർ തുടങ്ങിയ അധഃസ്ഥിതർക്ക് തിരുവിതാംകൂറിലും കേരളത്തിന്റെ ഇതരഭാഗങ്ങളിലും പാടത്തു പണിയെടുക്കുന്ന കന്നിന്റെ വിലയേ ജന്മിമാർ കല്പിച്ചു നൽകിയുരുന്നുള്ളൂ. ദാരിദ്ര്യവും അവഗണനയും അപമാനങ്ങളും മാത്രമായിരുന്നു കാളിയുടെ മാതാപിതാക്കളുടെയും സമുദായാംഗങ്ങളായ മറ്റുള്ളവരുടെയും സമ്പാദ്യം. അക്കാലത്ത് പുലയ-പറയ സമൂഹത്തെ മനുഷ്യരായി പോലും പരിഗണിച്ചിരുന്നില്ല. സമൂഹത്തിൽ നിന്നും എല്ലാതരത്തിലും ബഹിഷ്കൃതരായിരുന്നു ഈ സമൂഹം. കൃഷി ചെയ്യാൻ ജന്മിമാർക്ക് വേണ്ട ഒരു ഉപകരണം മാത്രമായാണ് അതുവരെ പുലയ-പറയ സമുദായത്തെ കണ്ടിരുന്നത്. ആയിത്താചാരം മൂലം റോഡിലൂടെ നടക്കാനും വസ്ത്രം ധരിയ്ക്കാനും വിദ്യ നേടുന്നതിനും ഇവർക്ക് അവകാശമുണ്ടായിരുന്നില്ല. സ്വസമുദായത്തിന്റെ അധഃകൃത ചുറ്റുപാടുകൾ ആ മനസ്സിനെ അസ്വസ്ഥമാക്കി.

എന്‍.സി. ശേഖര്‍

N C Sekhar

കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ ഗ്രൂപ്പില്‍  അംഗമായിരുന്നു എന്‍.സി. ശേഖര്‍. അദ്ദേഹത്തിന്റെ പൂര്‍ണമായ പേര്‌ നാരായണന്‍പിള്ള ചന്ദ്രശേഖരന്‍പിള്ള. ഇദ്ദേഹം 1904 ജൂലൈ 2-ാം തീയതി തിരുവനന്തപുരത്ത്‌ വെങ്ങാനൂരാണ്‌ ജനിച്ചത്‌. 1921 ലെ നിസ്സഹകരണ പ്രസ്ഥാനത്തില്‍ എന്‍.സി സജീവമായി പങ്കെടുത്തു. 1921 ല്‍ തന്നെ എന്‍.സി സ്വരാജ്‌ ആശ്രമത്തില്‍ ചേര്‍ന്ന്‌ പതിനാറാമത്തെ വയസ്സില്‍ കോണ്‍ഗ്രസ്സ്‌ അംഗത്വം നേടി.

1930 ലെ നിയമലംഘനപ്രസ്ഥാനത്തോടനുബന്ധിച്ച്‌ തടവുശിക്ഷ അനുഭവിച്ച്‌ കണ്ണൂര്‍ ജയിലില്‍ നിന്നും തിരുവനന്തപൂരത്ത്‌ തിരിച്ചെത്തിയ എന്‍.സി തികച്ചും പുതിയൊരു വിപ്ലവാവേശത്തിന്റെ വക്താവായി കഴിഞ്ഞിരുന്നു. കണ്ണൂര്‍ ജയിലില്‍ നിന്ന്‌ മറ്റ്‌ തടവുകാരുമായി നടത്തിയ ആശയവിനിമയം (പ്രത്യേകിച്ച്‌ ഹി്‌ന്ദുസ്ഥാന്‍ സേവാദള്‍ വാളന്റിയര്‍മാര്‍) കോണ്‍ഗ്രസ്സ്‌ മുതലാളിത്തത്തിന്റെ രാഷ്‌ട്രീയസംഘടനയാണ്‌ എന്ന വസ്‌തുത മനസ്സിലാക്കുന്നതിന്‌ സഹായിച്ചു. അതോടെ ഒരൂ രഹസ്യ കമ്മ്യൂണിസ്റ്റ്‌ സംഘടന എന്ന ആശയം എന്‍.സിയുടെ മനസ്സില്‍ നാമ്പെടുത്തു. അങ്ങനെ 1931 ല്‍ കമ്മ്യൂണിസ്റ്റ്‌ ലീഗ്‌ എന്ന രഹസ്യസംഘടന രൂപീകരിച്ചു. ബോള്‍ഷെവിക്ക്‌ വിപ്ലവത്തെക്കൂറിച്ചുള്ള അറിവും അതോടൊപ്പം ജയില്‍ അനുഭവങ്ങളുമാണ്‌ പാര്‍ട്ടി രഹസ്യഗ്രൂപ്പ്‌ ഉണ്ടാക്കുന്നതിനു അദ്ദേഹത്തെ പ്രേരിപ്പിച്ചത്‌.

1934 ല്‍ മലബാറിലേക്ക്‌ വന്ന എന്‍.സി കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത്‌ പ്രവര്‍ത്തിച്ചു ട്രേഡ്‌ യൂണിയന്‍ കെട്ടിപ്പടുക്കുവാനുള്ള ചുമതല എന്‍.സിയെയാണ്‌ പാര്‍ട്ടി ഏല്‍പ്പിച്ചത്‌.

1939 ല്‍ കോയമ്പത്തൂരില്‍ പാര്‍ടി കെട്ടിപ്പടുക്കുവാന്‍ എന്‍.സി അങ്ങോട്ടുപോയി. എന്‍.സി ഉള്‍പ്പെടെ എട്ടുപേരുടെ പേരില്‍ കമ്യൂണിസ്റ്റ്‌ ഗൂഢാലോചനാ കേസ്‌ ചാര്‍ജ്‌ ചെയ്യപ്പെട്ടു. അതിനെത്തുടര്‍ന്ന്‌ ആറര വര്‍ഷക്കാലം ജയിലിലടക്കപ്പെട്ടു. 1954 മുതല്‍ 1960 വരെ രാജ്യസഭാംഗമായി പ്രവര്‍ത്തിച്ചു. എന്‍.സി 1960 ല്‍ പാര്‍ടിയില്‍ നിന്ന്‌ സസ്‌പെന്റ്‌്‌ ചെയ്യപ്പെട്ടു. 1964-ല്‍ വീണ്ടും അദ്ദേഹം സി.പി.ഐ.എം-ല്‍ അംഗമായിരുന്നുവെങ്കിലും 1967-ല്‍ പുറത്താക്കപ്പെട്ടു. 1986-ല്‍ എന്‍.സി കണ്ണൂരില്‍ വെച്ച്‌ അന്തരിച്ചു.