ചരിത്രം

സാമൂഹ്യസാംസ്കാരികചരിത്രം

പ്രോജ്ജ്വലമായ ചരിത്രവും അഭിമാനാര്‍ഹമായ സാമൂഹ്യ സാംസ്കാരിക പാരമ്പര്യവും ഈ പഞ്ചായത്തിനുണ്ട്. ഈ ഗ്രാമപഞ്ചായത്തില്‍പ്പെടുന്ന ഭൂവിഭാഗങ്ങള്‍ ഒരുകാലത്ത് പഴശ്ശിരാജാവിന്റെ അധീനതയില്‍പെട്ട പ്രദേശങ്ങളായിരുന്നു. ഇംഗ്ളീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ പഴശ്ശിരാജാവിന്റെ പടയാളികള്‍ ഈ പ്രദേശത്ത് പോരാടിയിട്ടുണ്ട്. ചില പ്രത്യേക സമുദായത്തിന്റെ ആസ്ഥാനമെന്ന നിലയിലും ഭൂപ്രകൃതിയുടെ സവിശേഷത അടിസ്ഥാനമാക്കിയുമാണ് ചില സ്ഥലനാമങ്ങള്‍ ഉണ്ടായതെന്നു കരുതാം. പടുവിലായി എന്നത് പടുവിലാന്‍ കുടുംബം താമസിച്ച സ്ഥലമാണെന്നാണ് വിശ്വാസം. വേങ്ങാട് വേങ്ങമരങ്ങള്‍ ധാരാളമായി വളര്‍ന്നു നിന്ന പ്രദേശമായിരുന്നുവെന്നും പറയപ്പെടുന്നു. കൈത്തറി മേഖലയില്‍ വളരെ പ്രശസ്തരായ ശാലീയ സമുദായക്കാര്‍ തിങ്ങിപാര്‍ത്തിരുന്ന പ്രദേശമാണ് ചാപുപറമ്പ്. കാര്‍ഷിക വികസനചരിത്രം ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കാലംവരെ എത്തുന്നുണ്ട്. വേങ്ങാട് കുരുമുളകിന് പേരുകേട്ട ഒരു പ്രദേശമായിരുന്നു. ഇവിടുത്തെ കുരുമുളക് ശേഖരിച്ച് വിദേശത്തേക്കയക്കാന്‍, കമ്പനിയ്ക്കു അഞ്ചരക്കണ്ടിയില്‍ ഒരു സംസ്കരണകേന്ദ്രമുണ്ടായിരുന്നു. കമ്പനിയുടെ കാലത്തുതന്നെ ഇവിടെ ഒരു സുഗന്ധവിളഗവേഷണ തോട്ടം തുടങ്ങുകയുണ്ടായി. ഈ തോട്ടമാണ് പില്‍ക്കാലത്ത് പ്രസിദ്ധമായിത്തീര്‍ന്ന അഞ്ചരക്കണ്ടി ബ്രൌണ്‍ സായിപ്പിന്റെ കറപ്പത്തോട്ടം (കുരുമുളകുതോട്ടം). ഈ ഗ്രാമത്തിലെ ആദ്യത്തെ വിദ്യാലയം, മലയാളഭാഷയിലെ ആദ്യനിഘണ്ടുവിന്റെ കര്‍ത്താവായ ഹെര്‍മന്‍ ഗുണ്ടര്‍ട്ടാണ് സ്ഥാപിച്ചത്. അതിനു മുമ്പ് വിദ്യാഭ്യാസ രംഗത്ത് ഗുരുകുല സമ്പ്രദായം നിലനിന്നിരുന്നു. പതിരിയാട്ട് സ്ഥാപിക്കപ്പെട്ട ഒരു ഗുരുകുലം വര്‍ഷങ്ങള്‍ക്കു ശേഷം പടുവിലായിക്കാവ് ദേവസ്വം ഊരാളിമാരുടെ നേതൃത്വത്തില്‍ പ്രൈമറി സ്കൂളായി മാറി. സുപ്രസിദ്ധമായ ഇന്ദുലേഖയെന്ന മലയാളത്തിലെ ലക്ഷണമൊത്ത ആദ്യനോവലിന്റെ കര്‍ത്താവ് ഒ.ചന്തുമേനോന്റെ പിതൃഗൃഹം ഈ പഞ്ചായത്തില്‍പ്പെട്ട മഠത്തില്‍ വീടാണ്. ചന്തുമേനോന്‍ ഈ വീട്ടില്‍ താമസിച്ച കാലത്താണ് ഇന്ദുലേഖ എഴുതാന്‍ തുടങ്ങിയതെന്നും കരുതപ്പെടുന്നു. 1930-കളോടെ ഉയര്‍ന്നുവന്ന ദേശീയപ്രസ്ഥാനത്തിനു മുന്‍പുതന്നെ, ഈ പ്രദേശങ്ങളില്‍ വൈദേശികാധിപത്യത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും പടയൊരുക്കം നടന്നിരുന്നതായി കാണാവുന്നതാണ്. 1930-ലെ സിവില്‍ നിയമ ലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി നിരവധി ചെറുപ്പക്കാര്‍ ദേശീയ പ്രസ്ഥാനത്തിന്റെ ധാരയിലേക്ക് കടന്നുവന്നു. അധ്യാപകരടക്കമുള്ള 1300-ഓളം യുവാക്കള്‍, വിദേശവസ്ത്രബഹിഷ്ക്കരണം, മദ്യഷാപ്പുപിക്കറ്റിംഗ് എന്നീ സമരമുറകളില്‍ പങ്കെടുത്തുകൊണ്ട് ദേശീയ പ്രസ്ഥാനത്തില്‍ സജീവമായി പ്രവര്‍ത്തിച്ചു. രക്തസാക്ഷി അബു ഇക്കൂട്ടത്തിലെ പ്രമുഖനായ സമരസേനാനിയായിരുന്നു. അദ്ദേഹം ഓടക്കാട് സ്കൂളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് സ്വാതന്ത്ര്യപ്രസ്ഥാനത്തിനു വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടു രക്തസാക്ഷിത്വം വരിച്ചത്. രണ്ടാം ലോക മഹായുദ്ധത്തെ തുടര്‍ന്ന്, നാടാകെ ഭക്ഷ്യക്ഷാമം കൊടുമ്പിരിക്കൊണ്ടപ്പോള്‍ കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ ജന്മിത്വത്തിനെതിരായി രൂക്ഷമായ പ്രക്ഷോഭ സമരങ്ങള്‍ ഇവിടെ നടന്നു. ജന്മിഭൂപ്രഭുത്വത്തിന്റെ കൂടപ്പിറപ്പായ വെച്ചുകാണിക്കല്‍ എന്ന ചടങ്ങിനെതിരെ, കര്‍ഷകസംഘം ജന്മിമാരുടെ വീട്ടുപടിക്കല്‍ പിക്കറ്റിംഗ് സമരം നടത്തുകയുണ്ടായി. തൊട്ടുകൂടായ്മ പോലുള്ള അനാചാരങ്ങള്‍ക്കെതിരെ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി ചെറുത്തുനില്‍പുസമരം നടക്കുകയുണ്ടായി. 1954-ല്‍ നടന്ന കേളാലൂര്‍ ക്ഷേത്രപ്രവേശന സമരം പ്രസിദ്ധമാണ്. സ്വാതന്ത്ര്യസമരസേനാനി കൂടിയായ കെ.ബാപ്പുട്ടി, സി.ഗോപാലന്‍, എ.കോരോട്ടി, ടി.കുട്ടിരാമന്‍, വി.നാണു എന്നിവരായിരുന്നു ഈ സമരത്തിന്റെ നേതൃനിരയില്‍ ഉണ്ടായിരുന്നത്. സ്വാതന്ത്ര്യസമരരംഗത്ത് ഊര്‍ജ്ജ്വസ്വലമായി പ്രവര്‍ത്തിച്ച ത്യാഗികളുടെ പട്ടികയില്‍ കെ.ഒ.കെ നമ്പ്യാര്‍, വാഴയില്‍ ഗോപി തുടങ്ങിയവര്‍ ഉള്‍പ്പെട്ടിരുന്നു. അയിത്താചരണത്തിനെതിരെയും ജന്മിഭൂപ്രഭുത്വത്തിനെതിരെയും ആഞ്ഞടിച്ച സാമൂഹ്യ പ്രവര്‍ത്തകരുടെ നിരയില്‍ ഉണ്ടായിരുന്ന കെ.വി.കുഞ്ഞിരാമന്‍ മാസ്റ്റര്‍, കെ.രാമന്‍ മാസ്റ്റര്‍ എന്നിവരുടെ പേരുകള്‍ എക്കാലവും സ്മരിക്കപ്പെടും. ഈ പഞ്ചായത്തില്‍ ഹിന്ദുക്കളും മുസ്ളീങ്ങളും നാമമാത്രമായി ക്രിസ്ത്യന്‍ കുടുംബങ്ങളും ഉള്‍പ്പെടുന്ന നാനാജാതിമതവിഭാഗങ്ങള്‍ ഒത്തൊരുമയോടെ അധിവസിക്കുന്നു. നമ്പൂതിരി, നമ്പ്യാര്‍ തുടങ്ങിയ മേല്‍ജാതിക്കാരുടെ അധീനതയിലായിരുന്നു ഈ പഞ്ചായത്തിലെ ഭൂസ്വത്തുക്കളില്‍ ഗണ്യമായ പങ്കും. എന്നാല്‍ ചില പ്രദേശങ്ങളില്‍ പിന്നോക്ക സമുദായത്തില്‍പ്പെട്ടവര്‍ക്കും, ഭൂസ്വത്തുക്കളില്‍ ജന്മം കൈവശാവകാശമുണ്ടായിരുന്നു. പടുവിലായി, പാതിരിയാട് പ്രദേശങ്ങളില്‍ ജാതി-ഉച്ചനീചത്വങ്ങളുടെ പേരില്‍ കീഴാളര്‍ക്കു വഴി നടക്കാന്‍ പോലും സ്വാതന്ത്ര്യം നിഷേധിച്ചിരുന്നു. ദേശീയപ്രസ്ഥാനം, ശ്രീനാരായണഗുരുവിന്റെ സാമൂഹ്യപരിഷ്കരണപ്രവര്‍ത്തനം, വിദ്യാഭ്യാസത്തിന്റെ പ്രചാരണം എന്നിവയൊക്കെ ഇത്തരം അനാചാരങ്ങള്‍ക്കും അസമത്വങ്ങള്‍ക്കും അറുതി വരുത്താന്‍ സഹായിച്ചു. ഈ പ്രദേശത്ത് വിളയുന്ന കുരുമുളക് ഏറ്റവും മുന്തിയതാണെന്ന് മനസ്സിലാക്കിയ ഈസ്റ്റ് ഇന്ത്യാ കമ്പനി കുരുമുളകും മറ്റും ശേഖരിക്കുന്നതിനു വേണ്ടി അഞ്ചരക്കണ്ടിപ്പുഴയുടെ തീരത്ത്, വേങ്ങാട്ട് ഒരു പാണ്ടികശാല സ്ഥാപിച്ചതായി ചരിത്രരേഖകളില്‍ കാണുന്നു. കണ്ണൂര്‍ ജില്ലയിലെ രണ്ടു വിത്തുല്‍പാദന കേന്ദ്രങ്ങളിലൊന്ന് 1962-ല്‍ വേങ്ങാട് പ്രവര്‍ത്തനം ആരംഭിച്ചു. ഉത്തമമായ ഗുണനിലവാരവും അനിതരസാധാരണമായ കരകൌശല ചാതുര്യവും ഒത്തുചേരുന്ന വേങ്ങാടന്‍ പാവുമുണ്ട് എന്ന ഉല്‍പന്നം പ്രചുരപ്രചാരം കൈവരിച്ചിരുന്നതും പ്രസിദ്ധമായിരുന്നു. സാമ്പത്തികമായി താരതമ്യേന താഴെത്തട്ടില്‍ നില്‍ക്കുന്നവരാണ് ഭൂരിഭാഗം ജനങ്ങളും. പഞ്ചായത്തില്‍ 20 വായനശാലകളും 38 കലാസമിതികളും നിലവിലുണ്ട്. അവയില്‍ പ്രവര്‍ത്തനക്ഷമത കൊണ്ട് ശ്രദ്ധേയമായതാണ് ശ്രീനാരായണ ഗ്രന്ഥാലയം. വിവിധ മതസ്ഥരുടെ ഉല്‍സവങ്ങളും പെരുന്നാളുകളും ഇവിടെ സജീവമായി തന്നെ കൊണ്ടാടാറുണ്ട്. തട്ടാരി പള്ളിയാണ് ഇവിടുത്തെ പ്രമുഖ മുസ്ളീം ദേവാലയം. വേങ്ങാട് ശ്രീകൂര്‍മ്പകാവ്, ചാമ്പാട് ശ്രീകൂര്‍മ്പകാവ് എന്നീ ക്ഷേത്രങ്ങളിലെ ഉല്‍സവങ്ങളില്‍ പങ്കെടുക്കാന്‍ വളരെയകലെനിന്നുപോലും ധാരാളമാളുകള്‍ വന്നുചേരാറുണ്ട്. പുരാതനമായ പടുവിലായിക്കാവിലെ തേങ്ങപടി ഉല്‍സവവും പ്രസിദ്ധമാണ്. തിരുമംഗലം ക്ഷേത്രം, കേളാലൂര്‍ അമ്പലം, പറമ്പായി പള്ളി, വേങ്ങാട് ഗണപതിക്ഷേത്രം പൊയനാട് പള്ളി, വേങ്ങാട് പള്ളി തുടങ്ങിയവയാണ് പഞ്ചായത്തിലെ മറ്റു പ്രധാന ആരാധനാലയങ്ങള്‍.