പഞ്ചായത്തിലൂടെ

വേങ്ങാട്  - 2010

കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരി താലൂക്കില്‍ കൂത്തുപറമ്പ് ബ്ളോക്കിലാണ് വേങ്ങാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പടുവിലായി, പാതിരിയാട് എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ പഞ്ചായത്തിന് 28.09 ച.കി.മീ വിസ്തൃതിയുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് അഞ്ചരക്കണ്ടി, കീഴല്ലൂര്‍ പഞ്ചായത്തുകളും, മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയും, കിഴക്കുഭാഗത്ത് മങ്ങാട്ടിടം, കോട്ടയം, കതിരൂര്‍ പഞ്ചായത്തുകളും, മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയും, തെക്കുഭാഗത്ത് കതിരൂര്‍, പിണറായി പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് പിണറായി, പെരളശ്ശേരി, അഞ്ചരക്കണ്ടി പഞ്ചായത്തുകളുമാണ്.  35801 വരുന്ന മൊത്തം ജനസംഖ്യയില്‍ 18571 സ്ത്രീകളും 17230 പുരുഷന്‍മാരും ഉള്‍പ്പെടുന്നു. ഏഷ്യയിലെ വലിയ കറപ്പ തോട്ടത്തിന്റെ ഒരുഭാഗം ഈ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്നു. ഇത് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരിടമാണ്. മമ്പറം ഇന്ദിരാഗാന്ധി ചില്‍ഡ്രന്‍സ് പാര്‍ക്ക് ഈ പഞ്ചായത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. പഞ്ചായത്തിലെ മുഖ്യ കുടിനീര്‍ സ്രോതസ്സ് കിണറുകളാണ്. 13 പൊതു കിണറുകളും നിരവധി സ്വകാര്യ കിണറുകളും പഞ്ചായത്തു നിവാസികള്‍ ശുദ്ധജലത്തിനായി ഉപയോഗിക്കുന്നു. പഞ്ചായത്തിന്റെ പൊതുവിതരണമേഖലയില്‍ 14 റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുന്നു. രണ്ട് മാവേലി സ്റ്റ്റോറുകളും ഒരു നീതി സ്റ്റോറും പഞ്ചായത്തിന്റെ പൊതുവിതരണരംഗത്തെ മറ്റു സംവിധാനങ്ങളാണ്. 508 പൊതുവിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത് പഞ്ചായത്തിലെ വീഥികളെ രാത്രികാലങ്ങളില്‍ സഞ്ചാരയോഗ്യമാക്കുന്നു.
കാര്‍ഷികരംഗം
ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന പഞ്ചായത്താണ് വേങ്ങാട്. അഞ്ചരക്കണ്ടിയിലെ പട്ടത്തായികുന്നാണ് ഈ പഞ്ചായത്തിലെ ഏറ്റവും വലിയ കുന്നിന്‍ പ്രദേശം. ഈ പഞ്ചായത്തിന്റെ കാര്‍ഷിക ചരിത്രം ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ കാലം വരെ എത്തുന്നുണ്ട്. ഇവിടുത്തെ കുരുമുളക് ശേഖരിച്ച് വിദേശത്തേക്ക് അയക്കാന്‍ കമ്പനി അഞ്ചരക്കണ്ടിയില്‍ ഒരു ശാല സ്ഥാപിച്ചിരുന്നു. കമ്പനിയുടെ കാലത്ത് തന്നെ ഇവിടെ തുടങ്ങിയ ഒരു സുഗന്ധവിളത്തോട്ടമാണ് പില്‍ക്കാലത്ത് പ്രസിദ്ധമായ അഞ്ചരക്കണ്ടി ബ്രൌണ്‍ സായിപ്പിന്റെ കറപ്പത്തോട്ടം. നെല്ല്, വാഴ, മരച്ചീനി, തെങ്ങ്, കൈതച്ചക്ക, റബര്‍, കശുമാവ് എന്നിവയാണ് ഇന്നു കൃഷി ചെയ്തുവരുന്ന വിളകള്‍. അഞ്ചരക്കണ്ടി പുഴയും 36 പൊതു കുളങ്ങളും നിരവധി കൈത്തോടുകളുമാണ് പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകള്‍. കൃഷിയാവശ്യങ്ങള്‍ക്ക് ഈ ജലസ്രോതസ്സുകള്‍ വേണ്ടവിധം പരിപാലിച്ച് ഉപയോഗപ്പെടുത്തുന്നത് കാര്‍ഷിക മേഖലയുടെ പുരോഗതിക്ക് സഹായകമാണ്. പഴശ്ശികനാലും പാതിരിയാട്, പടുവിലായ് എന്നിവിടങ്ങളിലെ പഴശ്ശി കനാലിന്റെ രണ്ടു കൈവഴികളും പരിപാലിച്ച് ഉപയോഗപ്പെടുത്തുന്നത് കാര്‍ഷികമേഖയുടെ നിലനില്‍പ്പിനും പുരോഗതിക്കും അത്യാവശ്യമാണ്.
വ്യാവസായികരംഗം
എടുത്തുപറയത്തക്ക വന്‍കിട വ്യവസായങ്ങള്‍ ഈ പഞ്ചായത്തിലില്ലെങ്കിലും പി.വി.സി. പൈപ്പ് നിര്‍മ്മാണം, ഓയില്‍മില്ല്, ഫ്ളോര്‍ മില്ല് എന്നീ ഇടത്തരം വ്യവസായങ്ങള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു.  പഞ്ചായത്തില്‍ നിലവിലുള്ള ചെറുകിട വ്യവസായങ്ങള്‍ ഫര്‍ണിച്ചര്‍ യൂണിറ്റ്, ഗാര്‍മെന്റ് യൂണിറ്റ്, ഖാദി ഗ്രാമവ്യവസായ സഹകരണസംഘം എന്നിവയാണ്. ബീഡി തെറുപ്പ്, നെയ്ത്ത് തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങളും നിലനിന്നുപോരുന്നു. കാര്‍ഷിക-കാര്‍ഷികേതര വ്യവസായങ്ങള്‍ക്ക് ഏറെ സാധ്യതകളുള്ള പഞ്ചായത്താണ് വേങ്ങാട് ഗ്രാമപഞ്ചായത്ത്. അഞ്ചരക്കണ്ടിയില്‍ ഒരു പെട്രോള്‍ബങ്കും വേങ്ങാട് ഒരു ഗ്യാസ് ഏജന്‍സിയും പ്രവര്‍ത്തിക്കുന്നു. ഒരു ഗ്യാസ്  സര്‍വ്വീസ് സെന്റര്‍ മമ്പറത്ത് സ്ഥിതിചെയ്യുന്നു.
വിദ്യാഭ്യാസരംഗം
18-ാം നൂറ്റാണ്ടിന്റെ അവസാനകാലത്തോടുകൂടി വിദ്യാഭ്യാസ പ്രവര്‍ത്തനം പഞ്ചായത്തില്‍ ആരംഭിച്ചിരുന്നു. അധുനിക വിദ്യാഭ്യസ സമ്പ്രദായം പഞ്ചായത്തില്‍ നടപ്പിലാക്കുന്നതിന് മുമ്പ് ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായം നിലവിലുണ്ടായിരുന്നു. 1869-ല്‍ സ്ഥാപിക്കപ്പെട്ട ബി. ഇ.എം.യു.പി.സ്കൂളാണ് പഞ്ചായത്തിലെ ആദ്യ സ്കൂള്‍. പഞ്ചായത്തിലെ ആദ്യ ഹൈസ്കൂള്‍ പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളാണ്. 2010-ല്‍ എത്തിനില്‍ക്കുമ്പോള്‍ വിദ്യാലയങ്ങളുടെ എണ്ണം കൊണ്ട് സമ്പന്നമാണ് വേങ്ങാട് പഞ്ചായത്ത്. സര്‍ക്കാര്‍ മേഖലയിലെ ഇ.കെ.നായനാര്‍ സ്മാരക ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍, വേങ്ങാട് സ്ഥിതിചെയ്യുന്നു. സ്വകാര്യമേഖലയിലെ 30 സ്കൂളുകള്‍ പഞ്ചായത്തിന്റെ അങ്ങിങ്ങായി പ്രവര്‍ത്തിച്ചുവരുന്നു. ഒരു ഐ.ടി.സി.സെന്റര്‍ മമ്പറത്ത് സ്ഥിതിചെയ്യുന്നു. ഇതുകൂടാതെ ഈ പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസ സൌകര്യം ഒരുക്കികൊണ്ട് ഇന്ദിരാഗാന്ധി കോളേജ് ഓഫ് സയന്‍സ് ആന്റ് ടെക്നോളജി പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു.
സ്ഥാപനങ്ങള്‍
മൃഗസംരക്ഷണത്തിനായി  മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു മൃഗാശുപത്രി പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു. കുഴിയില്‍ പീടികയില്‍ ഐ. സി. ഡി. പി. യുടെ ഒരു ശാഖ സ്ഥിതിചെയ്യുന്നു. നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്റേയും സിന്‍ഡിക്കേറ്റ് ബാങ്കിന്റേയും ഓരോ ശാഖകള്‍ പഞ്ചായത്തില്‍ നിലകൊള്ളുന്നു. കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക്, കൂത്ത്പറമ്പ് സഹകരണ ബാങ്ക്, പാതിരിയാട് സര്‍വ്വീസ് സഹകരണ ബാങ്ക്, കുന്നിരിക്ക സര്‍വ്വീസ് സഹകരണ ബാങ്ക്, വേങ്ങാട് സര്‍വ്വീസ് സഹകരണബാങ്ക്,പാതിരിയാട് വനിതാ സര്‍വ്വീസ് സഹകരണ ബാങ്ക് എന്നിവ സഹകരണ മേഖലയിലെ സ്ഥാപനങ്ങളാണ്.
കേരളപ്പിറവി സുവര്‍ണ്ണ ജൂബിലി സ്മാരക കമ്മ്യൂണിറ്റി ഹാള്‍ വേങ്ങാട്, കുഴിയില്‍ പീടിക കമ്മ്യൂണിറ്റി ഹാള്‍, തട്ടാരി കമ്മ്യൂണിറ്റി ഹാള്‍ എന്നിവയാണ് പഞ്ചായത്തിലെ പ്രധാന കമ്മ്യൂണിറ്റി ഹാളുകള്‍. വൈദ്യൂതി ബോര്‍ഡിന്റെ ഓഫീസ് വേങ്ങാട് സ്ഥിതിചെയ്യുന്നു. മമ്പറം, വേങ്ങാട് എന്നിവിടങ്ങളില്‍ ടെലിഫോണ്‍ എക്സ്ചേഞ്ച് നിലവിലുണ്ട്. മമ്പറം, പാതിരിയാട്, അഞ്ചരക്കണ്ടി, വേങ്ങാട,് പാച്ചപ്പൊയ്ക, ശങ്കരനെല്ലൂര്‍ എന്നിവിടങ്ങളില്‍ പോസ്റ്റ് ഓഫീസുകള്‍ സ്ഥിതിചെയ്യുന്നു. സബ് രജിസ്ട്രാര്‍ ഓഫീസ് അഞ്ചരക്കണ്ടി, കൃഷിഭവന്‍ വേങ്ങാട്, ഗവ. വിത്തുല്‍പാദന കേന്ദ്രം വേങ്ങാട്, വാട്ടര്‍ ട്രീറ്റ്മെന്റ് പ്ളാന്റ് അഞ്ചരക്കണ്ടി എന്നിവയാണ് പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, എവര്‍ഷൈന്‍ പി. വി. സി. പൈപ്പ് ഫാക്ടറി, റെഡിമെയ്ഡ് ഗാര്‍മെന്റ്സ്, മിഠായി ഫാക്ടറി, ഓയില്‍ മില്ല് തുടങ്ങിയവ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളാണ്. മത്സ്യഭവന്‍ മമ്പറത്ത് നിലകൊള്ളുന്നു. പാതിരിയാട്, പടുവിലായി എന്നിവിടങ്ങളിലാണ് വില്ലേജ് ഓഫീസുകള്‍ സ്ഥിതിചെയ്യുന്നത്.
ഗതാഗതതരംഗം
19-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധം വരെ ഇവിടെ വണ്ടികളോ നടപ്പാതകളോ ഉണ്ടായിരുന്നില്ല. ടിപ്പു സുല്‍ത്താന്റെ ആക്രമണകാലത്ത് പീരങ്കികള്‍ വലിച്ചുകൊണ്ടുപോകാനാണ് മലബാറില്‍ റോഡുകള്‍ ഉണ്ടാക്കപ്പെട്ടത്. കണ്ണൂര്‍-കൂത്തുപറമ്പ് റോഡ്, അഞ്ചരക്കണ്ടി-കൂത്തുപറമ്പ് റോഡ്, തലശ്ശേരി-മമ്പറം റോഡ് എന്നിവയാണ് പഞ്ചായത്തിലെ ആദ്യകാല റോഡുകള്‍. മമ്പറ പാലവും അഞ്ചരക്കണ്ടി പാലവും നിര്‍മ്മിച്ചതോടെ വേങ്ങാട്ടു പഞ്ചായത്തിലെ ഗതാഗതവികസന ചരിത്രത്തില്‍ വഴിത്തിരിവായി. കുളത്തുമല-കല്ലായിറോഡ്, കിണവക്കല്‍-വേങ്ങാട്റോഡ്, കിണവക്കല്‍-ചാമ്പാട്റോഡ് എന്നിവ പഞ്ചായത്തിലെ ഗതാഗതയോഗ്യമായ റോഡുകളാണ്. പഞ്ചായത്ത് റോഡുകള്‍ യാത്രസൌകര്യം ലഭ്യമാക്കുന്നുണ്ടെങ്കിലും പഞ്ചായത്തിന്റെ വികസനപദ്ധതികള്‍ക്ക് കൂടൂതല്‍ ഗതാഗതസൌകര്യങ്ങള്‍ അത്യന്താപേക്ഷിതമാണ്. വിദേശയാത്രക്കായി പഞ്ചായത്ത് നിവാസികള്‍ ആശ്രയിക്കുന്നത് കരിപ്പൂര്‍ വിമാനത്താവളത്തെയാണ്. തലശ്ശേരി റെയില്‍വേ സ്റ്റേഷനാണ് പഞ്ചായത്തിന്റെ ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍. മംഗലാപുരം തുറമുഖമാണ് തുറമുഖമെന്ന നിലയില്‍ പഞ്ചായത്തിനോട് ഏറ്റവും അടുത്തുള്ളത്. അഞ്ചരക്കണ്ടി ബസ്സ്റ്റാന്റാണ് പഞ്ചായത്തിലെ റോഡ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്ന സ്ഥലം ആദ്യകാലങ്ങളില്‍ ഓടക്കാട് കടവുമായി ബന്ധിപ്പിക്കുന്ന ഒരു കടത്തു തോണി ഉണ്ടായിരുന്നു എന്നതൊഴികെ നിലവില്‍ ജലഗതാഗതം പഞ്ചായത്തില്‍ ഇല്ല എന്നു തന്നെ പറയാം. ഗതാഗതമേഖലയിലെ പുരോഗതി വിളിച്ചറിയിക്കുന്നവയാണ് ഇവിടുത്തെ പാലങ്ങള്‍. മമ്പറം പാലം, ചാമ്പാട് പാലം, ഇരിപ്പുകടവ് പാലം, അഞ്ചരക്കണ്ടി പാലം, എന്നിവ ഇവിടുത്തെ പ്രധാന പാലങ്ങളാണ്.
വാണിജ്യരംഗം
പഞ്ചായത്തിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളാണ് മമ്പറം, അഞ്ചരക്കണ്ടി, വേങ്ങാട് എന്നീ സ്ഥലങ്ങള്‍. മമ്പറത്ത് രണ്ട് ഷോപ്പിംഗ് കോംപ്ളക്സുകളും തട്ടാരിയില്‍ ഒരു ഷോപ്പിംഗ് കോംപ്ളക്സും സ്ഥിതി ചെയ്യുന്നു. മമ്പുറത്ത് ഒരു മത്സ്യ മാര്‍ക്കറ്റ് നിലവിലുണ്ട്. ഇതു കൂടാതെ ഒരു റൂറല്‍ മാര്‍ക്കറ്റ് തട്ടാരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്നു.
സാംസ്കാരികരംഗം
വൈദേശികാധിപത്യത്തിനെതിരെ പടവാളുയര്‍ത്തി വീരമൃത്യൂ വരിച്ച പഴശ്ശിരാജാവിന്റെ പാദസ്പര്‍ശംകൊണ്ട് ചരിത്രത്താളുകളില്‍ സ്ഥാനം  നേടാന്‍ വേങ്ങാട് പഞ്ചായത്തിനു കഴിഞ്ഞു. ഉത്തമമായ ഗുണനിലവാരവും കരകൌശല ചാതുര്യവും ഒത്തുചേരുന്ന വേങ്ങാടന്‍ പാവുമുണ്ട്” എന്ന ഉല്‍പ്പന്നം പ്രചുരപ്രചാരമായിരുന്നു. 15 ക്ഷേത്രങ്ങളും 6 മുസ്ളീം പള്ളികളും ഈ പഞ്ചായത്തില്‍ അങ്ങിങ്ങായി സ്ഥിതിചെയ്യുന്നു. തട്ടാരി മുസ്ളീം പള്ളിയിലെ നബിദിനാഘോഷം വിവിധമതവിഭാഗക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് വര്‍ഷംതോറും നടത്തി വരുന്നു. പുരാതനമായ പടുവിലായിക്കാവിലെ തേങ്ങാപിടി ഉത്സവം പ്രസിദ്ധമാണ്. സ്വാതന്ത്യ്ര സമര സേനാനികളായ അബു, ബാപ്പൂട്ടി, വാഴയില്‍ ഗോപി തുടങ്ങിയവര്‍ ഈ പഞ്ചായത്തിന്റെ മണ്‍മറഞ്ഞുപോയ പ്രതിഭകളാണ്. സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കേരള രാഷ്ട്രീയത്തിന് ഈ പഞ്ചായത്ത് നല്‍കിയ സംഭാവനയാണ്. കലാ-കായിക സാംസ്കാരിക രംഗങ്ങളിലായി 14 കേന്ദ്രങ്ങള്‍ പഞ്ചായത്തില്‍ അങ്ങിങ്ങായി സ്ഥിതിചെയ്യുന്നു. വേങ്ങാട് പഞ്ചായത്ത് ഗ്രാമോദ്ധാരണ വായനശാല & ഗ്രന്ഥശാല, ശ്രീ നാരായണ വായനശാല & ഗ്രന്ഥാലയം പാച്ചപ്പൊയ്ക, അഞ്ചരക്കണ്ടി സാംസ്കാരിക നിലയം എന്നിവ പഞ്ചായത്തിലെ പ്രധാന ഗ്രന്ഥാലയങ്ങള്‍ ആണ്. ഇതുകൂടാതെ മൂന്ന് വായനശാലകള്‍ ഓടക്കാട്, കമ്പനിമെട്ട, വാളാങ്കിച്ചാല്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നു.
ആരോഗ്യരംഗം
ആരോഗ്യപരിപാലന രംഗത്ത് സജീവമായി  പ്രവര്‍ത്തിക്കുന്ന  വിവിധ ആരോഗ്യകേന്ദ്രങ്ങള്‍  പഞ്ചായത്തിനകത്തുണ്ട്. ആയുര്‍വ്വേദ ഡിസ്പെന്‍സറി പാച്ചപ്പൊയ്ക, ഹോമിയോ ഡിസ്പെന്‍സറി വേങ്ങാട് എന്നിവ പ്രാഥമിക ചികിത്സാ സൌകര്യങ്ങള്‍ ലഭ്യമാക്കുന്ന കേന്ദ്രങ്ങളാണ്. അലോപ്പതി മേഖലയിലെ ഒരു സ്വകാര്യ ആശുപത്രി മമ്പറത്ത് സ്ഥിതചെയ്യുന്നു. പി.എച്ച്.സി.യുടെ ഒരു പ്രഥമിക ആരോഗ്യകേന്ദ്രം വേങ്ങാട് സ്ഥിതിചെയ്യുന്നു. ഇതിന്റെ ഉപകേന്ദ്രങ്ങള്‍ കല്ലായി, മൈലുള്ളി, വേങ്ങാട്, പറമ്പായി, ചമ്പാട് എന്നിവിടങ്ങളില്‍ നിലകൊള്ളുന്നു. അല്‍ഖസ്ന മെഡിക്കല്‍ സെന്ററിന്റെ ആംബുലന്‍സ് സേവനം പഞ്ചായത്തു നിവാസികള്‍ക്ക് ലഭ്യമാണ്.