വേങ്ങാട്

കണ്ണൂര്‍ ജില്ലയില്‍, തലശ്ശേരി താലൂക്കില്‍, തലശ്ശേരി് ബ്ളോക്കിലാണ് വേങ്ങാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പടുവിലായി, പാതിരിയാടു വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന വേങ്ങാട് ഗ്രാമപഞ്ചായത്തിനു 28.09 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 21 വാര്‍ഡുകളുള്ള ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് അഞ്ചരക്കണ്ടി, കീഴല്ലൂര്‍ പഞ്ചായത്തുകളും, മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയും, കിഴക്കുഭാഗത്ത് മങ്ങാട്ടിടം, കോട്ടയം, കതിരൂര്‍ പഞ്ചായത്തുകളും, മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയും, തെക്കുഭാഗത്ത് കതിരൂര്‍, പിണറായി പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് പിണറായി, പെരളശ്ശേരി, അഞ്ചരക്കണ്ടി പഞ്ചായത്തുകളുമാണ്. ഇടനാട് ഭൂപ്രകൃതിമേഖലയിലാണ് ഈ പഞ്ചായത്ത് ഉള്‍പ്പെടുന്നത്. നൂറ്റിപത്തൊമ്പതടി നീളമുള്ള വെല്‍മണല്‍കുന്നാണ് ഇവിടുത്തെ ഏറ്റവും ഉയര്‍ന്ന പ്രദേശം. ചെങ്കല്ലും, കരിങ്കല്ലും വ്യാപകമായി ഖനനം ചെയ്യുന്ന ഭൂപ്രദേശങ്ങളും ഇവിടെയുണ്ട്. ഈ പ്രദേശത്തു വിളയുന്ന കുരുമുളക് ഏറ്റവും മുന്തിയതാണെന്ന് മനസ്സിലാക്കിയ ഈസ്റ്റ് ഇന്ത്യാക്കമ്പനി കുരുമുളകും മറ്റും ശേഖരിക്കുന്നതിനു അഞ്ചരക്കണ്ടിയുടെ തീരത്ത് വേങ്ങാട്ട് ഒരു പാണ്ടികശാല സ്ഥാപിച്ചതായി ചരിത്രരേഖകളില്‍ കാണുന്നു. സുപ്രസിദ്ധമായ ഇന്ദുലേഖയെന്ന മലയാളത്തിലെ ലക്ഷണമൊത്ത ആദ്യനോവലിന്റെ കര്‍ത്താവ് ഒ.ചന്തുമേനോന്റെ പിതൃഗൃഹം ഈ പഞ്ചായത്തില്‍പ്പെട്ട മഠത്തില്‍ വീടാണ്. ചന്തുമേനോന്‍ ഈ വീട്ടില്‍ താമസിച്ച കാലത്താണ് ഇന്ദുലേഖ എഴുതാന്‍ തുടങ്ങിയതെന്നും കരുതപ്പെടുന്നു. പ്രോജ്ജ്വലമായ ചരിത്രവും അഭിമാനാര്‍ഹമായ സാമൂഹ്യ സാംസ്കാരിക പാരമ്പര്യവും ഈ പഞ്ചായത്തിനുണ്ട്. ഈ ഗ്രാമപഞ്ചായത്തില്‍പ്പെടുന്ന ഭൂവിഭാഗങ്ങള്‍ ഒരുകാലത്ത് പഴശ്ശിരാജാവിന്റെ അധീനതയില്‍പെട്ട പ്രദേശങ്ങളായിരുന്നു. ഇംഗ്ളീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ പഴശ്ശിരാജാവിന്റെ പടയാളികള്‍ ഈ പ്രദേശത്ത് പോരാടിയിട്ടുണ്ട്. ഈ ഗ്രാമത്തിലെ ആദ്യത്തെ വിദ്യാലയം, മലയാളഭാഷയിലെ ആദ്യനിഘണ്ടുവിന്റെ കര്‍ത്താവായ ഹെര്‍മന്‍ ഗുണ്ടര്‍ട്ടാണ് സ്ഥാപിച്ചത്. ഉത്തമമായ ഗുണനിലവാരവും അനിതരസാധാരണമായ കരകൌശല ചാതുര്യവും ഒത്തുചേരുന്ന വേങ്ങാടന്‍ പാവുമുണ്ട് എന്ന ഉല്‍പന്നം പ്രചുരപ്രചാരം കൈവരിച്ചിരുന്നതും പ്രസിദ്ധമായിരുന്നു. വേങ്ങമരങ്ങള്‍ ധാരാളമായി വളര്‍ന്നു നിന്ന പ്രദേശമായിരുന്നു വേങ്ങാട് എന്നു പറയപ്പെടുന്നു. വേങ്ങാടിന്റെ ആദ്യകാല പേരു വേങ്കാട് എന്നായിരുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കാലത്തു തന്നെ ഇവിടെ ഒരു സുഗന്ധവിള പരീക്ഷണ തോട്ടം തുടങ്ങുകയുണ്ടായി. ഈ തോട്ടമാണ് പില്‍ക്കാലത്ത് പ്രസിദ്ധമായ അഞ്ചരക്കണ്ടി ബ്രൌണ്‍ സായിപ്പിന്റെ കറപ്പത്തോട്ടം (കറുവപ്പട്ട-സിനമണ്‍). അഞ്ചരക്കണ്ടിപ്പുഴയുടെ തീരത്താണ് വേങ്ങാട് പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. 1961-ലെ സര്‍ക്കാര്‍ ഉത്തരവനുസരിച്ച് പാതിരിയാട്, പടുവിലായി പഞ്ചായത്തുകള്‍ സംയോജിപ്പിച്ചുകൊണ്ട് വേങ്ങാട് ഗ്രാമപഞ്ചായത്ത് രൂപീകരിക്കപ്പെട്ടു. 1963-ലെ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കാനത്തായി നാരായണന്‍ പ്രസിഡന്റായ പുതിയ ഭരണസമിതി നിലവില്‍ വന്നു.