ചരിത്രം

1952-ല്‍ നടന്ന പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഗ്രാമോദ്ധാരണ മുന്നണി വെമ്പായം പഞ്ചായത്തിലെ ഏഴില്‍ അഞ്ചു സീറ്റും, മാണിക്കല്‍ പഞ്ചായത്തില്‍ എട്ടില്‍ എട്ടു സീറ്റും നേടുകയുണ്ടായി. എം.ഗോപാല പിള്ളയായിരുന്നു ആദ്യത്തെ പഞ്ചായത്തു പ്രസിഡന്റ്, എന്‍.എഡ്വേര്‍ഡ് വൈസ് പ്രസിഡന്റുമായിരുന്നു. കന്യാകുളങ്ങര കാവില്‍ നടന്ന തടിമുറിപ്പു കേസുമായി ബന്ധപ്പെട്ട് എം.ഗോപാല പിള്ളയ്ക്ക് പ്രസിഡന്റ് സ്ഥാനം രാജിവക്കേണ്ടി വരികയും കെ.പി.കേശവന്‍ നായര്‍ പ്രസിഡന്റാവുകയും ചെയ്തു.പഞ്ചായത്തിന്റെ കാലാവധി സര്‍ക്കാര്‍ നീട്ടിക്കൊടുത്തതിന്റെ ഫലമായി പത്തുവര്‍ഷം വരെ കമ്മിറ്റി ഭരണം നടത്തി. 1962-ല്‍ നടന്ന രണ്ടാമതു പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണി ഒമ്പതില്‍ ആറു സീറ്റും കരസ്ഥമാക്കിയിരുന്നു. അഞ്ചു കൊല്ലത്തേക്കാണ് പഞ്ചായത്തു സമിതി തെരഞ്ഞെടുക്കപ്പെട്ടതെങ്കിലും സംസ്ഥാനം ഭരിച്ച നിരവധി സര്‍ക്കാരുകള്‍ കാലാവധി നീട്ടിക്കൊടുത്തതിന്റെ ഫലമായി 16 വര്‍ഷം ഈ ഭരണ സമിതി ഭരണം നടത്തിയിരുന്നു. ഈ കാലഘട്ടത്തിലാണ് സംസ്ഥാനത്തെ ഏറ്റവും മികച്ച പഞ്ചായത്തായി വെമ്പായം പഞ്ചായത്ത് തെരഞ്ഞെടുക്കപ്പെട്ടത്. ഈ പഞ്ചായത്തിലെ ജി.അപ്പുക്കുട്ടന്‍പിള്ളയെ ഏറ്റവും നല്ല ഗ്രാമസേവകനായും തെരഞ്ഞെടുത്തിരുന്നു. സ്വാതന്ത്ര്യത്തിനുമുമ്പ് പഞ്ചായത്തിലെ പ്രധാന റോഡ് വെമ്പായം, കന്യാകുളങ്ങര വഴി കടന്നു പോകുന്ന എം.സി.റോഡായിരുന്നു. ഇത് കൂടാതെ  മറ്റൊരു റോഡായി പറയാന്‍ കഴിയുമായിരുന്നത് തേക്കട, മേലേമുക്കില്‍ തുടങ്ങി പോത്തന്‍കോട്, മേലേ മുക്കില്‍ കൂടി കടന്നു പോകുന്ന നെടുമങ്ങാട്-പോത്തന്‍കോട് റോഡ് (മണ്‍റോഡ്) ആയിരുന്നു. ബാക്കിയുള്ളതൊക്കെ ജനങ്ങള്‍ നടന്നു പോകുന്ന ആറടി പാതകളോ ഊടുവഴികളോ ആയിരുന്നു. 1912-ന് മുമ്പ് കന്യാകുളങ്ങര ഒന്നു മുതല്‍ നാലുവരെ ക്ളാസുകളുള്ള മലയാളം പ്രൈമറി സ്കൂളായിരുന്നു ഏക വിദ്യാഭ്യാസ സ്ഥാപനം. നന്നാട്ടുകാവില്‍ ചാത്തന്‍പ്പാട്ടും വേറ്റിനാട് നിരപ്പിലും ഓരോ കൂടിപള്ളിക്കൂടം ഉണ്ടായിരുന്നു. 1934 ജനുവരി 20-ന് മഹാത്മാഗാന്ധി വേറ്റിനാട് ഊരൂട്ടുമണ്ഡപം ക്ഷേത്രം സന്ദര്‍ശിക്കുകയും ക്ഷേത്രപ്രവേശന വിളംബരത്തിന് രണ്ടുകൊല്ലം മുമ്പേ ഈ ക്ഷേത്രം ഹരിജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയും ചെയ്തിട്ടുണ്ട്.  ഈ ക്ഷേത്രത്തില്‍ പുനരുദ്ധാരണത്തിനായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവെങ്കിലും, രാഷ്ട്രപിതാവ് ഹരിജനങ്ങള്‍ക്കായി തുറന്നു കൊടുത്ത ആ വാതില്‍ ഇന്നും നിലനിര്‍ത്തിയിട്ടുണ്ട്. കുറ്റ്യാണി നാരായണന്‍ നായര്‍ അന്ന് മഹാത്മാഗാന്ധിക്ക് മംഗളപത്രം സമര്‍പ്പിച്ചിരുന്നു. ഈ സംഭവം വെമ്പായം വില്ലേജില്‍ ദേശീയ പ്രസ്ഥാനത്തിലേക്ക് ബഹുജനങ്ങളെ ആകൃഷ്ടരാക്കി. എന്നാല്‍ സ്വാതന്ത്ര്യത്തിനു മുമ്പേ ഈ പ്രദേശത്ത് സംഘടിതമായ ഒരു ദേശീയ പ്രസ്ഥാനം ഉണ്ടായിരുന്നില്ല. കെ.പി.കേശവന്‍നായര്‍, കുറ്റിയാണി നാരായണന്‍ നായര്‍, വി.കൃഷ്ണന്‍ ‍നായര്‍, പി.ശിവശങ്കര പിള്ള എന്നിവര്‍ ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നവരില്‍ പ്രമുഖരാണ്. സ്വാതന്ത്ര്യാനന്തരം ആചാര്യ വിനോബാഭാവെ ഭൂദാന പ്രസ്ഥാനത്തിന്റെ പ്രചരണാര്‍ത്ഥം കന്യാകുളങ്ങര ജംഗ്ഷനില്‍ വന്ന് ഒരു ദിവസം താമസിക്കുകയുണ്ടായി. അതിന്റെ ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ച ഒരു കിണര്‍ ജംഗ്ഷന് സമീപം ഇപ്പോഴുമുണ്ട്. സാമ്പത്തികമായി ഭേദപ്പെട്ടവര്‍ വില്ലുവണ്ടിയിലും മറ്റുള്ളവര്‍ കാല്‍നടയായുമാണ് യാത്ര ചെയ്തിരുന്നത്. എം.സി റോഡില്‍ കൂടിയാണ് ആദ്യമായി പ്രൈവറ്റ് ബസ് സര്‍വ്വീസ് തുടങ്ങിയത്. ആദ്യകാല ബസ്സുകള്‍ ഓപ്പണ്‍ ബോഡി ബസ്സുകളായിരുന്നു. രണ്ടാം ലോക മഹായുദ്ധ കാലത്ത് പെട്രോള്‍ക്ഷാമം നേരിട്ടപ്പോള്‍ കരിഗ്യാസ് ഉപയോഗിച്ച് ബസ്സുകള്‍ സര്‍വ്വീസ് നടത്തിയിരുന്നു. രാധാകൃഷ്ണന്‍ എന്ന ബസ്സായിരുന്നു വെമ്പായം വഴി കല്ലറ-പാങ്ങോട്ടു നിന്നും നെടുമങ്ങാട്ടേക്ക് ആദ്യമായി ഓടിത്തുടങ്ങിയത്. രാജവാഴ്ചക്കാലത്ത് സര്‍.സി.പി.രാമസ്വാമി അയ്യര്‍ ദിവാനായി ഭരിക്കുന്ന കാലത്താണ് എം.സി റോഡില്‍ കൂടി ആദ്യമായി ട്രാന്‍സ്പോര്‍ട്ട് ബസ്സ് ഓടിത്തുടങ്ങിയത്. 1975-നു ശേഷമാണ് പെരുങ്കൂരില്‍ ഹോമിയോ ഡിസ്പെന്‍സറിയും വേറ്റിനാട്ട് ആയൂര്‍വേദ ഡിസ്പെന്‍സറിയും നിലവില്‍ വന്നത്. 1952-ലാണ് കന്യാകുളങ്ങര ഫോറസ്റ്റ് റെയിഞ്ചാപ്പീസ് കെട്ടിടത്തില്‍ അന്നത്തെ ആരോഗ്യ മന്ത്രി എ.ജെ.ജോണ്‍ ഉദ്ഘാടനം ചെയ്ത ഗവ.അലോപ്പതി ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചത്. 18-12-1950-ല്‍ കാര്‍ഷിക വിഭവ സംഭരണ-വിതരണ സഹകരണ സംഘം രജിസ്റ്റര്‍ ചെയ്ത് കൊഞ്ചിറ ജംഗ്ഷനില്‍ വി.കേശവന്റെ ഇരുനിലക്കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി. കൊഞ്ചിറ ജംഗ്ഷനില്‍ നിന്നും കൊച്ചാലുംമൂട്, പെരുങ്കൂര്‍, വീണ്ടും കൊഞ്ചിറ എന്നീ കേന്ദ്രങ്ങളില്‍  മാറി മാറി സംഘം ഓഫീസ് പ്രവര്‍ത്തിച്ചിരുന്നു. 1956-ല്‍ പന്തലക്കോട് ഗിരിവര്‍ഗ്ഗ വിവിധോദ്ദേശ്യ സഹകരണ സംഘം രജിസ്റ്റര്‍ ചെയ്ത് പന്തലക്കോട് ജംഗ്ഷനില്‍ പ്രവര്‍ത്തനമാരംഭിച്ചു. 1930-ല്‍ കുറ്റ്യാണി ഹൃദയ നന്ദിനി ഗ്രന്ഥശാല ഫാ.ജോസഫ് തങ്കപ്പന്‍ പ്രസിഡന്റായും കെ.ഗംഗാധരപ്പണിക്കര്‍ സെക്രട്ടറിയായും പ്രവര്‍ത്തനമാരംഭിച്ചു. അത് 1948-ല്‍ കുറ്റ്യാണി ദേശസേവിനി ഗ്രന്ഥശാലയായി രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തനം തുടര്‍ന്നു. 1950-കളില്‍ വെമ്പായം മഹാത്മജി ഗ്രന്ഥശാല, കൊഞ്ചിറ ഗ്രാമോദ്ധാരണ ഗ്രന്ഥശാല, വേറ്റിനാട് യുവജന സമാജം ഗ്രന്ഥശാല, നന്നാട്ടുകാവ് നാഷണല്‍ ലൈബ്രറി എന്നിവ സ്ഥാപിച്ച് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. 1960-തിനുശേഷം വെമ്പായം പഞ്ചായത്തിന്റെ കീഴില്‍ പെരുകൂര്‍ എന്ന സ്ഥലത്ത് ഒരു ലൈബ്രറി തുടങ്ങുകയും കൂറെക്കാലം പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഇതോടൊപ്പം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കലാ-കായിക സമിതികളും രൂപീകൃതമായി. അക്കാലത്ത് വോളിബാളിനായിരുന്നു കായിക രംഗത്ത് പ്രാധാന്യം. ഗ്രന്ഥശാലകളിലേയും കലാസമിതികളിലേയും വാര്‍ഷികാഘോഷങ്ങളില്‍ നാടകങ്ങള്‍ അരങ്ങേറിയിരുന്നു. സ്ത്രീവേഷം ധരിച്ച പുരുഷന്മാരായിരുന്നു അക്കാലത്ത് നാടകങ്ങളില്‍ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

സാംസ്കാരിക ചരിത്രം

ഓണവും ക്ഷേത്രോത്സവങ്ങളും വിഭാഗീയമായി നടത്തിയിരുന്ന കാലമുണ്ടായിരുന്നു. ഓണക്കാഴ്ച വയ്ക്കുന്ന ഏര്‍പ്പാടും ഉണ്ടായിരുന്നു. എന്നാല്‍ ക്രമാനുഗതമായി ഇതിന് മാറ്റമുണ്ടായി. ഓണക്കളികളില്‍ ഓണപ്പന്ത്, കിളിത്തട്ട്, തോലുമാടന്‍കളി, പുലിക്കളി, കമ്പടവുകളി, തിരുവാതിരക്കളി, കള്ളനും പോലീസും കളി, ഊഞ്ഞാല്‍പ്പാട്ട്, ഊഞ്ഞാലാട്ടം, ഉറിയടി തുടങ്ങിയവ വ്യാപകമായിരുന്നു. പൂക്കളം ഉണ്ടാക്കാനും മഞ്ഞക്കോടി അണിയാനും കുട്ടികള്‍ ഉത്സുകരായിരുന്നു. ഇന്നതെല്ലാം മണ്‍മറഞ്ഞ ഗതകാല സ്മരണകള്‍പോലെയായിരിക്കുന്നു. തോറ്റന്‍പാട്ട്, തമ്പുരാന്‍പാട്ട്, ചാറ്റുപാട്ട്, രാപാട്ട്, ഞാറ്റുപാട്ട് (നടവുപാട്ട്) തുടങ്ങിയ നാടന്‍പാട്ടുകള്‍ ഒരു വിഭാഗം ആളുകള്‍ ആചാരാനുഷ്ഠാനങ്ങളായി ഇന്നും തുടര്‍ന്നു വരുന്നുണ്ട്. മുന്‍കാലങ്ങളില്‍ സ്ത്രീകള്‍ പുടവയും നേര്യതും റൌക്കയും ധരിച്ചു. കൂടാതെ മുലക്കച്ച കെട്ടിയുള്ള തനി കേരളീയ വസ്ത്രധാരണ രീതിയായിരുന്നു പ്രധാനം. പിന്നീട് റൌക്കയ്ക്ക് പകരം ബ്ളൌസും നിലവില്‍ വന്നു. പുരുഷന്മാര്‍ മുണ്ടും ഷര്‍ട്ടും നേര്യതുമായിരുന്നു ധരിച്ചിരുന്നത്. പുരുഷന്മാര്‍ക്ക് മുണ്ടും നേര്യതും മാത്രമുള്ള വസ്ത്രധാരണ രീതിയും നിലവിലുണ്ടായിരുന്നു. ചില ജാതിയിലും സമുദായങ്ങളിലും പെട്ട പുരുഷന്മാര്‍ക്ക് തലയില്‍ കുടുമ വെക്കുന്ന സമ്പ്രദായം ഒരാചാരമായി നിലനിന്നിരുന്നു. കൃഷിയില്‍ പ്രധാനയിനം നെല്‍കൃഷിയായിരുന്നു. ഉഴവു മാടുകളെയും പശുക്കളെയും വളര്‍ത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടതായിരുന്നു പുരാതന കുടുംബങ്ങളിലെ കെട്ടിട നിര്‍മ്മാണ രീതി. വീട്, വടക്കത്, കളിയില്‍ തൊഴുത്ത്, ഉരപ്പുര (നെല്ലു കുത്തുന്ന സ്ഥലം) എന്നിവ ചേര്‍ന്നതായിരുന്നു പല വീടുകളും. നെല്ലു സംഭരണത്തിന് പ്രാധാന്യമുള്ള നിര്‍മ്മാണ രീതിയായിരുന്നു ഇത്. ഇന്ന് ഈ കെട്ടിട നിര്‍മ്മാണ രീതി ആകെ മാറിയിരിക്കുന്നു. ആരോഗ്യ രംഗത്ത് ആയൂര്‍വേദ ചികിത്സാ രീതിയാണ് സാര്‍വ്വത്രികമായി ഉണ്ടായിരുന്നത്. പാരമ്പര്യ വൈദ്യന്മാരാണ് ഈ രംഗം കൈയ്യടക്കിയിരുന്നത്. വിഷചികിത്സാ രംഗത്തും പ്രഗത്ഭരായ നാട്ടുവൈദ്യന്മാര്‍ ഉണ്ടായിരുന്നു. ആദ്യകാലത്ത് ആഹാരരീതി നെല്ലരിയും കിഴങ്ങുവര്‍ഗ്ഗങ്ങളും ഉപയോഗിച്ചുള്ളതായിരുന്നു. പഴങ്കഞ്ഞിയായിരുന്നു പണ്ടുകാലത്ത് രാവിലത്തെ ആഹാരം. ഒറട്ടി, പുട്ട്, ദോശ എന്നിവയായിരുന്നു പ്രധാന പലഹാരങ്ങള്‍. പുട്ടിന് അരിയും മരച്ചീനിയും ഉപയോഗിച്ചിരുന്നു. എണ്ണപ്പലഹാരങ്ങള്‍ വീടുകളില്‍ ഉണ്ടാക്കിയിരുന്നു. മദ്യങ്ങളില്‍ കള്ളായിരുന്നു മുഖ്യം. ആവശ്യക്കാര്‍ ചാരായവും ഉണ്ടാക്കി ഉപയോഗിച്ചിരുന്നു. ഒറ്റനോട്ടത്തില്‍ മികച്ചൊരു കാര്‍ഷിക സംസ്കാരത്തിന്റെ നേരവകാശികളാണ് ഈ നാട്ടിലെ ജനസമൂഹം എന്ന് കാണാം.