പഞ്ചായത്തിലൂടെ

വെമ്പായം, തേക്കട റവന്യൂ വില്ലേജുകളും വട്ടപ്പാറ വില്ലേജിന്റെ വേറ്റിനാട് (ഭാഗികം), കണക്കോട്, കുറ്റ്യാണി വാര്‍ഡുകളും ചേര്‍ന്നതാണ് വെമ്പായം ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശം ചീരാണിക്കര വാര്‍ഡിലെ കൊടിതൂക്കിയാണ്. ഏറ്റവും താഴ്ന്ന പ്രദേശം തിട്ടയത്തുകോണവുമാണ്. മൊത്തം വിസ്തൃതിയുടെ 15% ഉയര്‍ന്ന പ്രദേശങ്ങളും 60% ചരിവു പ്രദേശങ്ങളുമാണ്. 35% താഴ്ന്ന സമതലങ്ങളും വരും. നാണ്യവിളയായ റബ്ബറിന്റെ കടന്നുകയറ്റം മൂലം ഇവിടുത്തെ പരമ്പരാഗത വിളകളായിരുന്ന ഫവലൃക്ഷങ്ങളും കുരുമുളകും മരച്ചീനിയും എന്തിന് കരപ്രദേശങ്ങളില്‍ സമൃദ്ധമായി വളര്‍ന്നിരുന്ന തെങ്ങുപോലും കുടിയിറക്കപ്പെട്ടിരിക്കുന്നു. കാര്‍ഷിക പ്രദേശമായ ഈ നാട്ടിലെ പ്രധാന കൃഷി നെല്ല്, തെങ്ങ്, കമുക്, കുരുമുളക്, വാഴ, പച്ചക്കറികള്‍, പ്ളാവ്, മാവ്, പറങ്കിമാവ്, മരച്ചീനി എന്നിവയായിരുന്നു. കുന്നിന്‍പ്രദേശങ്ങളും ചരിവുകളും ഇടകലര്‍ന്ന ഭൂപ്രകൃതിയാണ് നമ്മുടെ പഞ്ചായത്തിനുള്ളത്. മണ്ണിന്റെ ഘടനയില്‍ വൈവിധ്യം ദ്യശ്യമാണ്. ചരല്‍ കലര്‍ന്ന ചെമ്മണ്ണാണ് പഞ്ചായത്തിന്റെ ഭൂരിഭാഗത്തും. പൊതുവെ എല്ലാ കൃഷിയ്ക്കും അനുയോജ്യവും ഫലഭൂയിഷ്ഠവുമാണ് ഈ മണ്ണ്. പെരുംകൂര്‍ വാര്‍ഡില്‍ ചിറമുക്കിനു സമീപം ഈയം വെട്ടിയെടുത്തതിന്റെ അടയാളമുള്ള ടണല്‍  കാണാന്‍ കഴിയുന്നുണ്ട്. മെച്ചപ്പെട്ട ഗതാഗത സൌകര്യങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. തലസ്ഥാന നഗരവുമായി ബന്ധിപ്പിക്കുന്ന സ്റേറ്റ് ഹൈവേ (എം.സി.റോഡ്) പഞ്ചായത്തിന്റെ മധ്യഭാഗത്തിലൂടെ നാലര കിലോമീറ്റര്‍ നീളത്തില്‍ തെക്കുവടക്കായി കടന്നു പോകുന്നു. താലൂക്കാസ്ഥാനമായ നെടുമങ്ങാടുമായി ബന്ധിപ്പിക്കുന്ന പോത്തന്‍കോടു നിന്നുളള റോഡ് കിഴക്കു പടിഞ്ഞാറായി 7 കി.മീ നീളത്തിലും കടന്നു പോകുന്നു. മുന്‍കാലത്ത് വെമ്പായം പഞ്ചായത്തിലെ തേക്കടയില്‍ ഒരു കുടില്‍വ്യവസായമെന്ന നിലയില്‍ മണ്‍പാത്ര നിര്‍മ്മാണം സജീവമായിരുന്നു. കാലക്രമേണ അത് ക്ഷയിച്ചു. ഈറ, ഒരു കാലത്ത് ചൂരല്‍, മുള എന്നിവ കൊണ്ടുള്ള ഉത്പന്നങ്ങള്‍ ഇവിടെ കൈത്തൊഴിലായി ചെയ്തിരുന്നു. ഈ കൈത്തൊഴില്‍ രംഗം ഇന്ന് തകര്‍ന്നടിഞ്ഞു പോയിരിക്കുകയാണ്. ഗ്രാമപഞ്ചായത്തില്‍ 1950-ല്‍ 114 സഹകാരികളെ ഉള്‍പ്പെടുത്തി കൊഞ്ചിറ ആസ്ഥാനമാക്കി കാര്‍ഷിക വിഭവ സംഭരണ, വിതരണ, സഹകരണ സംഘം എന്ന പേരില്‍ ഒരു സഹകരണ സംഘം രൂപീകരിക്കപ്പെട്ടു. വന്‍കിട ജന്മിമാരുടേയും പലിശക്കാരുടെയും ചൂഷണങ്ങളില്‍പ്പെട്ട് നട്ടം തിരിയുകയായിരുന്ന വെമ്പായം ഗ്രാമപഞ്ചായത്തിലെ കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും വിത്തും വളവും കാര്‍ഷിക ഉപകരണങ്ങളും വാങ്ങാന്‍ നിവൃത്തിയില്ലാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു സംഘം രൂപീകരിച്ചത്. പഞ്ചായത്തിലുള്ള പബ്ളിക് മാര്‍ക്കറ്റുകള്‍ അയിരൂപാറ, കണക്കോട് എന്നിവയാണ്. വെമ്പായം പഞ്ചായത്തില്‍ പൊതുജനങ്ങള്‍ കുടിനീരിനായി മുഖ്യമായി ആശ്രയിക്കുന്നത് സ്വകാര്യ കിണറുകളെയാണ്. 1982 മുതലാണ് പഞ്ചായത്തില്‍ ഒരു ആയൂര്‍വേദ ഡിസ്പെന്‍സറി പ്രവര്‍ത്തനമാരംഭിക്കുന്നത്. വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രസ്തുത ഡിസ്പെന്‍സറി 1993 മുതല്‍ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഗ്രന്ഥശാലയ്ക്കു വേണ്ടി നിര്‍മ്മിച്ച കെട്ടിടത്തില്‍ 1972 മുതല്‍ ഹോമിയോ ഡിസ്പെന്‍സറി പ്രവര്‍ത്തിച്ചു വരുന്നു. ഇവ കൂടാതെ ആരോഗ്യ മേഖലയില്‍ പത്തോളം സ്വകാര്യ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചു വരുന്നു.