വെമ്പായം

വെമ്പായം പഞ്ചായത്ത് സമുദ്ര തീരത്തുനിന്ന് 10 കിലോമീറ്റര്‍ കിഴക്കു മാറിയും സഹ്യാദ്രിസാനുക്കളില്‍ നിന്ന് 25 കിലോമീറ്റര്‍ പടിഞ്ഞാറായും സ്ഥിതി ചെയ്യുന്നു. മുന്‍കാലത്ത് ഇവിടം നിബിഡ വനങ്ങളും മലകളും താഴ്വരകളും നീരുറവകളും ചെറുതും വലുതുമായ നെല്‍പ്പാടങ്ങളും നിറഞ്ഞ ഭൂപ്രദേശമായിരുന്നു. പാവപ്പെട്ടവരും സര്‍ക്കാര്‍ഭൂമി കൈവശപ്പെടുത്തി സമ്പന്നരായ സവര്‍ണ്ണ ജന്മിമാരുമായിരുന്നു ഇവിടുത്തെ സാമൂഹ്യ ഘടനയുടെ രണ്ടു വിരുദ്ധ മുഖങ്ങള്‍. കുടാതെ കന്യാകുളങ്ങരമഠം വകഭൂമിയും ശ്രീപണ്ടാരവക ഭൂമിയും പത്മനാഭസ്വാമി ക്ഷേത്രോത്സവച്ചടങ്ങുകള്‍ക്കുവേണ്ടി ചില നായര്‍കുടുംബങ്ങള്‍ക്ക് കരമൊഴിവായി നല്‍കിയിരുന്ന ഇറയിലി നിലങ്ങളും ഉള്‍പ്പെട്ടതായിരുന്നു ഈ പ്രദേശം. പഞ്ചായത്തിലെ കൊടിക്കുന്ന്, കാപ്പിത്തോട്ടം, കൊടുതൂക്കി, കടുവാക്കുഴി, കാവിനുംപുറം എന്നീ പൊക്കം കൂടിയ പ്രദേശങ്ങളില്‍നിന്നു നോക്കിയാല്‍ തിരുവനന്തപുരം ജില്ലയുടെ ബഹുഭൂരിഭാഗം പ്രദേശത്തിന്റെയും അറബിക്കടലിന്റെയും സഹ്യാദ്രിസാനുക്കളുടേയും മനോഹരിത നുകരാന്‍ കഴിയും. പഞ്ചായത്തിലെ പ്രധാന ആരാധനാലയങ്ങളായ സിയോണ്‍കുന്നു പള്ളിയും കന്യാകുളങ്ങര ജമാ-അത്ത് പള്ളിയും  നന്നാട്ടുകാവ് ജമാ-അത്ത് പള്ളിയും കൊഞ്ചിറ മുടിപ്പുര ക്ഷേത്രവും എല്ലാം കെട്ടിലും മട്ടിലും വളരെ മാറിയിട്ടുണ്ട്. ഈന്തിവിള ക്ഷേത്രത്തിലെ വില്ലിന്‍തൂക്കം തനിമയോടെ ഇന്നും തുടരുന്നു. പഴയ കല്‍ക്കുളം രാജാവായ ഉണ്ണിക്കേരള വര്‍മ്മ സ്ഥാപിച്ചതാണത്രെ കുറ്റിയാണി ശാസ്താ ക്ഷേത്രം. ജാതിമത ചിന്തകള്‍ക്കതീതമായി സൌഹൃദത്തിന്റെ നൂലിഴ പാകിയ ശക്തമായ നാടാണിത്. ഏറെക്കുറെ മതമുക്തമായ ഒരു മേഖലയാണ് കുറ്റിയാണി. വിഭിന്ന മതക്കാര്‍ തമ്മില്‍ ബന്ധുക്കള്‍ പരസ്പരം ആലോചിച്ചുറപ്പിക്കുന്ന വിവാഹങ്ങള്‍ പോലും അവിടെ നടക്കുന്നു. ഏറ്റവും കൂടുതല്‍ മിശ്രവിവാഹം നടന്നിട്ടുള്ള മേഖല കൂടിയാണിത്.