ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം

പെരുമ്പടപ്പ് സ്വരൂപത്തിന്റെ ഒരു സാമന്തരാജാവായിരുന്ന തലപ്പിള്ളി രാജാവിന്റെ ഭരണാതിര്‍ത്തിയില്‍ ഉള്‍പ്പെട്ടതായിരുന്നു ഈ പ്രദേശം. ചെങ്ങഴി നമ്പ്യാര്‍ ഈ പ്രദേശത്തെ നാടുവാഴിയായിരുന്നു. സാമൂതിരിയുടെ ആക്രമണ ഫലമായി പെരുമ്പടപ്പ് പ്രദേശം അന്യാധീനപ്പെടുകയാല്‍, പിന്നീട് പെരുമ്പടപ്പ് സ്വരൂപത്തിന്റെ ആസ്ഥാനം കൊച്ചിയിലേക്ക് മാറ്റുകയും തലപ്പിള്ളി, കൊച്ചിരാജ്യത്തിന്റെ ഭാഗമാവുകയും ചെയ്തു. പതിനെട്ടു പ്രദേശങ്ങളുടെ പ്രാദേശികഭരണാധികാരം നമ്പ്യാര്‍ക്ക് ആയിരുന്നു. ഭരണസൌകര്യത്തിന് വേണ്ടി ഓരോ ദേശത്തും ഓരോ സ്ഥാനിനായരെ പടത്തലവന്‍മാരായി നിയോഗിച്ച് അധികാരം കൊടുത്തിരുന്നു. സാമ്പത്തികചുമതല ജന്‍മിമാരില്‍ നിക്ഷിപ്തമായിരുന്നു. ജന്‍മിമാരാകട്ടെ മിക്കവരും ബ്രാഹ്മണര്‍ ആയിരുന്നുതാനും. ആത്മീയാധിപത്യവും ബ്രാഹ്മണര്‍ക്ക് (നമ്പൂതിരിമാര്‍ക്ക്) നല്‍കിയിരുന്നു. ഈ പഞ്ചായത്തിലെ മണിമലര്‍ക്കാവ് നമ്പ്യാരുടെ പരദൈവക്ഷേത്രമായി കരുതി, പതിനെട്ടു ദേശങ്ങളും മണിമലര്‍ക്കാവിന്റെ തട്ടകമെന്ന പേരില്‍ വന്നു. തട്ടകത്തിന്റെ ഭൌതികവും ആത്മീയവുമായ കേന്ദ്രമായി കരുതിപ്പോന്ന പ്രസ്തുതക്ഷേത്രത്തില്‍ ആണ്ടില്‍ ഒരിക്കല്‍ കുംഭഭരണി നാളില്‍, തട്ടകനിവാസികള്‍ മുഴുവന്‍ സമ്മേളിക്കുക നിര്‍ബന്ധമായിരുന്നു. സൈനികമേധാവിത്വവും പരിശീലന ഉടമസ്ഥതയും പണിക്കന്‍മാര്‍ക്കായിരുന്നു. ദേശങ്ങളില്‍  കാവുകള്‍  ഉണ്ടായിരുന്നുവെങ്കിലും ക്ഷേത്രങ്ങള്‍ക്കായിരുന്നു പ്രാധാന്യം. ദേശത്തുള്ള ഭൂമി മുഴുവനും ദേവസ്വമായിരുന്നു. അവയുടെ നിയന്ത്രണാധികാരം ഊരായ്മക്കാരായ നമ്പൂതിരിമാര്‍ക്ക് ആയിരുന്നു. അവരുടെ അധീനതയില്‍ കുടിയാന്‍മാര്‍ കൃഷിഭൂമിയില്‍ മാടുകളെപോലെ കൃഷി ചെയ്തുകൊണ്ട് നിശ്ചിതമായ പാട്ടം ജന്‍മിമാര്‍ക്ക് കൊടുത്തിരുന്നു. തൊഴിലുകള്‍ ഉത്തമമധ്യമങ്ങളായി തരം തിരിച്ചിരുന്നതുവഴി സമൂഹത്തില്‍ ജാതിവ്യവസ്ഥയും ഉച്ഛനീചത്വവും ശക്തമായി നിലനിന്നിരുന്നു. കൃഷിക്കാരന് ഭൂമിയില്‍ യാതൊരവകാശവും ഉണ്ടായിരുന്നില്ല. കിട്ടുന്ന ഉല്‍പന്നങ്ങളില്‍ ഭൂരിപക്ഷവും ജന്‍മിയ്ക്ക് പാട്ടമായി കൊടുക്കേണ്ടിവന്നു. പാട്ടം കൃത്യമായി അടയ്ക്കാത്ത കുടിയാനെ നിഷ്കരുണം ഒഴിപ്പിക്കുവാന്‍ നിയമതടസ്സമൊന്നും ഇല്ലായിരുന്നു. അധ്വാനശക്തിയുടെ വളരെ ചെറിയ ഒരളവിലേ കൂലി കൊടുത്തിരുന്നുള്ളൂ. ജോലിസമയം ഉടമയുടെ ഇഷ്ടമായിരുന്നു. തൊഴിലവസരം വളരെ കുറച്ചു മാത്രമായിരുന്നതുകൊണ്ട് കിട്ടിയ കൂലിയും വാങ്ങി, പറഞ്ഞ വ്യവസ്ഥകള്‍ ശിരസാവഹിച്ച് അടിസ്ഥാനവര്‍ഗ്ഗം അരപ്പട്ടിണിയും, മുഴുപ്പട്ടിണിയുമായി വരേണ്യവര്‍ഗ്ഗമെന്ന ഒരു ചെറിയ വിഭാഗത്തിന്റെ സുഖലോലുപതയ്ക്കുവേണ്ടി വിയര്‍പ്പൊഴുക്കി. സമൂഹത്തില്‍ ഉയര്‍ന്ന നിലയില്‍ കഴിഞ്ഞുകൊണ്ട്, അധ്വാനമെന്തെന്നറിയാതെ ഉണ്ടുറങ്ങാന്‍ മാത്രം ശീലിച്ചിരുന്ന അക്കാലത്തെ നമ്പൂതിരി ജന്‍മികളും മറ്റ് മേല്‍ജാതിക്കാരും സര്‍വ്വസ്വതന്ത്രരും വിധിനിര്‍ണ്ണേതാക്കളുമായി ജീവിച്ചു. ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍ ഒരു ചെറിയ വരേണ്യവര്‍ഗ്ഗമൊഴിച്ചാല്‍ എല്ലാവരും അടിമകളായിരുന്നു. മനുഷ്യത്വപരമായ യാതൊരു അവകാശവും അവര്‍ക്കില്ലായിരുന്നു. പ്രത്യേകിച്ച് സ്ത്രീകളുടെ സ്ഥിതി അതിദയനീയമായിരുന്നു. മുട്ടിനുതാഴെ മറച്ച് വസ്ത്രം ധരിക്കാനോ, മാറുമറയ്ക്കാനോ പോലും കീഴ്ത്തട്ടുകാര്‍ക്ക് അവകാശമില്ലായിരുന്നു. 1950-കള്‍ വരെ കാവുകളിലെ താലപ്പൊലികള്‍ക്ക് അര്‍ദ്ധനഗ്നരായി സ്ത്രീകള്‍ താലമെടുത്ത് പൂരപറമ്പില്‍ നില്ക്കുന്ന കാഴ്ച കാണാമായിരുന്നു. തമ്പുരാന്‍ജന്‍മികളുടേയും കോമരങ്ങളുടേയും ഭീഷണിയെ ചെറുത്തുതോല്പിച്ചുകൊണ്ട് സംഘടിതമായ ബഹുജനമുന്നേറ്റത്തിലൂടെ ആ പ്രാകൃതാചാരം നാമാവശേഷമായി. 1936 നവംബര്‍ 13-ാം തിയതി പുറപ്പെടുവിച്ച ക്ഷേത്രപ്രവേശനവിളംബരത്തോടെ ഈ വ്യവസ്ഥിതിയ്ക്ക് മാറ്റംവന്നു. ഈ പഞ്ചായത്തില്‍ ഹൈന്ദവ ക്രൈസ്തവ മുഹമ്മദീയ മതാനുയായികള്‍ ഏകോദരസഹോദരങ്ങളെപ്പോലെ ജീവിക്കുന്നു. ശിവന്‍, വിഷ്ണു, ദുര്‍ഗ്ഗാ, ശാസ്താ ക്ഷേത്രങ്ങള്‍ ഈ പ്രദേശത്ത് ധാരാളമായുണ്ട്. കുടംബപരദൈവങ്ങള്‍ ഒഴികെ മറ്റെല്ലാറ്റിലും പരദേശിബ്രാഹ്മണര്‍ (കര്‍ണാടകത്തില്‍ നിന്ന് കുടിയേറിയ എമ്പ്രാന്തിരിമാര്‍) ആയിരുന്നു പൂജാദികള്‍ നിര്‍വ്വഹിച്ചിരുന്നത്. ശാസ്ത്രാക്ഷേത്രങ്ങള്‍ക്ക് ബുദ്ധമതത്തോടും, കാളിക്ഷേത്രങ്ങള്‍ക്ക് ഇളംകോവടികളുടെ ചിലപ്പതികാരത്തോടും ഉളള ബന്ധം പ്രകടമാണ്, ഇവയ്ക്കു പുറമെ കുംഭാരന്‍മാരുടെ ആരാധനാമൂര്‍ത്തിയായ മാരിയമ്മനെ പ്രതിഷ്ഠിച്ച ഒരു ആരാധനാലയവും ഈ പഞ്ചായത്തില്‍ ഉണ്ട്. തുലാമാസത്തിലെ വാവും കോടശ്ശേരി മലയിലെ ആരാധനാലയവും പ്രസിദ്ധമാണ്. ആണ്ടോടാണ്ട് നടത്തുന്ന ഉത്സവങ്ങളും പെരുന്നാളുകളും മത്സരബുദ്ധിയോടെ ആഘോഷിക്കുന്നു. കിരാലൂര്‍ ശിവക്ഷേത്രം (രണ്ടായിരം വര്‍ഷത്തെ പഴക്കം) വെങ്ങിലശേരിയിലുള്ള ചേറന്‍തല ക്ഷേത്രം എന്നീ അതിപുരാതനവും പ്രസിദ്ധങ്ങളുമായ രണ്ട് ശിവക്ഷേത്രങ്ങള്‍ പഞ്ചായത്തിലുണ്ട്. വിദ്യാഭ്യാസത്തില്‍ പരമ്പരാഗത രീതിയായ ഗുരുകുലസമ്പ്രദായമായിരുന്നു നിലനിന്നിരുന്നത്. സമുദായത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവര്‍ക്ക് മാത്രമായിരുന്നു പഠനസൌകര്യങ്ങള്‍ ഉണ്ടായിരുന്നത്. മെക്കാളേയുടെ വിദ്യാഭ്യാസപദ്ധതിയനുസരിച്ച് പൊതുവിദ്യാലയങ്ങള്‍ മിഷണറിപ്രവര്‍ത്തനത്തിന്റെ ഭാഗമായി നിലവില്‍ വന്നു. വിദ്യാലയങ്ങളും വിദ്യാഭ്യാസവും അതോടെ സാര്‍വ്വജനീനമായി. ജാതിമതവര്‍ഗ്ഗഭേദം വിദ്യാലയത്തില്‍ അനുവദിച്ചിരുന്നില്ല. ആധുനികവൈജ്ഞാനിക വിഷയങ്ങള്‍ക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള ഈ വിദ്യാഭ്യാസ സമ്പ്രദായം സാര്‍വ്വത്രികമായി അംഗീകാരം നേടി. ഗവണ്‍മെന്റ് ഉദ്യോഗങ്ങള്‍ക്കുള്ള സാധ്യത ഈ രീതിക്ക് പ്രചുരപ്രചാരം വരുത്തി. ഈ പഞ്ചായത്തില്‍ ആധുനികരീതിയില്‍ ആരംഭിച്ച ആദ്യത്തെ പള്ളിക്കൂടം സെന്റ് സേവ്യേഴ്സ് സ്കൂളായിരുന്നു. ജര്‍മ്മനിയില്‍ നിന്ന് മിഷണറി പ്രവര്‍ത്തനത്തിനുവേണ്ടി കേരളത്തിലെത്തിയ അര്‍ണോസ് പാതിരി, മലയാളവും, സംസ്കൃതവും പഠിക്കാന്‍ താല്പര്യം തോന്നിയതിനെ തുടര്‍ന്ന് ആഴ്വാഞ്ചേരിക്കാരെ സമീപിക്കുകയും അവരുടെ നിര്‍ദ്ദേശാനുസരണം മച്ചാട്ട് ഇളയതിന്റെ ശിഷ്യനായി സംസ്കൃതപഠനത്തിലേര്‍പ്പെട്ടുകൊണ്ട് വേലൂരിലാണ് തങ്ങിയത്. സംസ്കൃതവും, മലയാളവും അഭ്യസിച്ച് ഇരുഭാഷകളിലും അഗാധമായ പാണ്ഡിത്യം നേടിയ അര്‍ണോസ് പാതിരി മലയാളനിഘണ്ടുപര്‍വ്വം തുടങ്ങി നിരവധി പുസ്തകങ്ങളും പുത്തന്‍പാന മുതലായ കാവ്യങ്ങളും രചിച്ചു. വിദ്യാഭ്യാസരംഗത്ത് ക്രിസ്ത്യന്‍ മിഷനറിമാര്‍ ചെയ്ത സേവനം വിസ്മരിക്കാനാവില്ല. ഈ പഞ്ചായത്തില്‍ ആദ്യമായി സ്ഥാപിക്കപ്പെട്ട വിദ്യാലയമായ വേലൂര്‍ സെന്റ് സേവ്യേഴ്സ് വിദ്യാലയം ബഹുമാന്യനായ അര്‍ണോസ് പാതിരിയുടെ സേവനസ്ഥലത്താണ് സ്ഥാപിക്കപ്പെട്ടത്.