വേളം

കോഴിക്കോട് ജില്ലയിലെ, വടകര താലൂക്കില്‍, കുന്നുമ്മല്‍ ബ്ളോക്കിലാണ് വേളം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. വേളം വില്ലേജുപരിധിയില്‍ ഉള്‍പ്പെടുന്ന വേളം ഗ്രാമപഞ്ചായത്തിനു 25.8 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് പുറമേരി, കുറ്റ്യാടി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് കുറ്റ്യാടി, ചങ്ങരോത്ത് പഞ്ചായത്തുകളും, തെക്കുഭാഗത്ത് ചെറുവണ്ണൂര്‍, ചങ്ങരോത്ത്, പേരാമ്പ്ര പഞ്ചായത്തുകളും,   പടിഞ്ഞാറുഭാഗത്ത് പുറമേരി, ആയഞ്ചേരി, തിരുവള്ളൂര്‍ പഞ്ചായത്തുകളുമാണ്. വടകര താലൂക്കിന്റെ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ചതുരാകൃതിയിലുള്ള ഒരു ഭൂപ്രദേശമാണ് വേളം ഗ്രാമപഞ്ചായത്ത്. നിമ്നോന്നതമായ ഭൂരൂപമാണ് വേളം പഞ്ചായത്തിന്റേത്. മധ്യഭാഗത്തായി മണിമല, വടക്കുഭാഗത്തായി തുവ്വമല, മയിലാടിക്കുന്ന്, കാപ്പുമല എന്നിവയും ഏകദേശം തെക്കുകിഴക്കായി കുളിക്കുന്നും, ആലക്കാട് തറകുന്നും ഏകദേശം വടക്കുകിഴക്കായി ഒഴിഞ്ഞിലോട്ട് തറകുന്നും വടക്കുമധ്യത്തായി കണ്ടിവീട്കുന്നും ഇവിടെ സ്ഥിതിചെയ്യുന്നു. സമതലപ്രദേശങ്ങളും നെല്‍പ്പാടങ്ങളും ഈ പ്രദേശത്തിന് പ്രകൃതിരമണീയത നല്‍കുന്നു. സമുദ്രനിരപ്പില്‍ നിന്നും ഏറെ എഴുന്നുനില്‍ക്കുന്ന മണിമലയുടെ ഉച്ചിയില്‍ നിന്നും നോക്കിയാല്‍ അകലെ വെള്ളിയാംകല്ല് കാണാം. കോട്ടക്കല്‍പുഴ അഥവാ കുറ്റ്യാടിപ്പുഴ എന്നറിയപ്പെടുന്ന പുഴയുടെ ഭാഗമാണ്, പഞ്ചായത്തിന്റെ തെക്കുകിഴക്കു ഭാഗങ്ങളിലൂടെ ഒഴുകുന്ന ഗുളികപ്പുഴ. ഇത് അറബിക്കടലിലാണ് ഒഴുകിച്ചെന്നു ചേരുന്നത്. വേളം പഞ്ചായത്തിന്റെ പഴയകാലത്തെ പ്രധാന ജലഗതാഗത മാര്‍ഗ്ഗമായിരുന്നു ഗുളികപ്പുഴ. കൊല്ലങ്ങള്‍ക്കു മുമ്പ്, കുറ്റ്യാടിയില്‍ നിന്നും ഈ പുഴയിലൂടെ വടകര മൂരാട്ടേക്ക് മോട്ടോര്‍ബോട്ടു സര്‍വ്വീസ് നടത്തിയിരുന്നു. ചരല്‍ക്കല്ല് നിറഞ്ഞതാണ് കരഭൂമിയിലെ മണ്ണ്. തെക്കുകിഴക്ക് ഭാഗത്ത് ഇഷ്ടികയ്ക്കും, ഓടിനും അനുയോജ്യമായ ഒന്നാംതരം കളിമണ്ണുണ്ട്. മറ്റു ചില സ്ഥലങ്ങളില്‍ ചൈനാകളിമണ്ണിനോട് സാമ്യമുള്ള ഒരു തരം വെളുത്ത മണ്ണും, വടക്കുപടിഞ്ഞാറു ഭാഗത്തുള്ള ചില വയലുകളില്‍ പഞ്ചാരമണലും കാണപ്പെടുന്നു. പടിഞ്ഞാറുഭാഗത്ത് പുഞ്ചക്കൃഷി ചെയ്യുന്ന, എപ്പോഴും വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശത്തിനെ പുഞ്ചപ്പാണ്ടി എന്നുപറയുന്നു. ഇവിടെയും വളരെ ആഴത്തില്‍ ഒന്നാംതരം കളിമണ്ണാണുള്ളത്. ഈ പാണ്ടിനിലങ്ങളില്‍ സുലഭമായി ശുദ്ധജല മത്സ്യങ്ങളെയും കാണാം. കുഞ്ഞുകുന്ന്, കുളിക്കുന്ന്, കോയൂറക്കുന്ന്, മണിമല, തുവ്വമല, മങ്ങാട്കുന്ന് എന്നിവിടങ്ങളില്‍ ചെങ്കല്ല് നിറഞ്ഞ ഭൂപ്രകൃതിയാണ്.