ചരിത്രം

പഞ്ചായത്തുരൂപീകരണചരിത്രം

പഴയ മദിരാശി സംസ്ഥാനത്തിലെ മലബാര്‍ ജില്ലയില്‍ വള്ളുവനാട്, ഏറനാട്, കുറുമ്പനാട് എന്നിങ്ങനെ പത്ത് താലൂക്കുകളുണ്ടായിരുന്നു. കുറുമ്പനാട് താലൂക്കില്‍ നൂറ്റിനാല് അംശങ്ങളുമുണ്ടായിരുന്നു. കുറുമ്പനാട് താലൂക്കിനെ പിന്നീട് കൊയിലാണ്ടി, വടകര താലൂക്കുകളായി വിഭജിച്ചു. നൂറ്റിനാല് അംശങ്ങളില്‍ ചേരാപുരം, വേളം എന്നീ അംശങ്ങളും ഉള്‍പ്പെടുന്നു. അംശങ്ങളെയെല്ലാം അക്കാലത്ത് ദേശങ്ങളായി വിഭജിച്ചിരുന്നു. വേളം, കുറിച്ചകം, ചെറുകുന്ന് എന്നിങ്ങനെ മൂന്നു ദേശങ്ങള്‍ ഉള്‍ക്കൊണ്ടതായിരുന്നു വേളം അംശം. ചേരാപുരം അംശത്തില്‍ ചേരാപുരം എന്ന ഓരൊറ്റ ദേശം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അംശാതിര്‍ത്തികളും ദേശാതിര്‍ത്തികളും കരിങ്കല്ലില്‍ അടയാളപ്പെടുത്തി മണ്ണിനു മുകളില്‍ കാണത്തക്കനിലയില്‍ കുഴിച്ചിട്ടും, വലിയ പാറകളില്‍ എക്സ് അടയാളം കൊത്തിയുമാണ് വേര്‍തിരിച്ചിരുന്നത്. 1960-ല്‍ ചേരാപുരം, വേളം എന്നീ അംശങ്ങള്‍, അവയുടെ എല്ലാ ദേശങ്ങളും ഉള്‍പ്പെടുത്തി സംയോജിപ്പിച്ച് രൂപീകരിച്ചതാണ് ഇപ്പോഴത്തെ വേളം ഗ്രാമപഞ്ചായത്ത്. 1963 ഡിസംബര്‍ മാസത്തിലാണ് ഈ പഞ്ചായത്തില്‍ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുഭരണസമിതി നിലവില്‍ വന്നത്. രൂപീകരണം മുതല്‍ 1984 വരെ വേളം പഞ്ചായത്ത് കൊയിലാണ്ടി താലൂക്കില്‍ ആയിരുന്നു സ്ഥിതി ചെയ്തിരുന്നത്. റവന്യൂഫര്‍ക്കയും നിയോജകമണ്ഡലവും വികസനബ്ളോക്കും പേരാമ്പ്രയായിരുന്നു. മുന്‍സിഫ് കോടതി പയ്യോളിയും, മജിസ്ട്രേറ്റുകോടതി വടകരയുമായിരുന്നു. വേളം അംശമാകട്ടെ കൊയിലാണ്ടി മജിസ്ട്രേറ്റു കോടതിയുടെ പരിധിയിലും. എന്നാല്‍ ജനങ്ങളുടെ നിരന്തര ആവശ്യം പരിഗണിച്ച് ഈ ഗ്രാമപഞ്ചായത്തിനെ കുന്നുമ്മല്‍ വികസനബ്ളോക്കിലും വടകര താലൂക്കിലും ഉള്‍പ്പെടുത്തി. സബ്ബ് കോടതി (അസിസ്റ്റന്റ്സെഷന്‍സ്) വടകരയോട് ചേര്‍ക്കാതെ കൊയിലാണ്ടിയില്‍ തന്നെ നിലനിര്‍ത്തി.

സാമൂഹ്യചരിത്രം

ഈ ഗ്രാമത്തിന് വേളം എന്ന പേര്‍ എങ്ങനെ ലഭിച്ചു എന്നതിനെ സംബന്ധിച്ച് വ്യക്തമായ സൂചനകളോ, ഐതീഹ്യങ്ങളോ നിലവിലില്ല. ചേരാപുരം ചേരമാന്‍ പെരുമാളുടേതായിരുന്നുവെന്നും, അതല്ലാ, ചിറക്കല്‍ തമ്പുരാക്കന്‍മാരുടേതായിരുന്നുവെന്നും അഭ്യൂഹമുണ്ട്. സാമൂതിരി രാജവംശത്തിനു ഇവിടെ ഭരണാധികാരം ഉണ്ടായിരുന്നാ എന്നും വ്യക്തമല്ല. തളിയും, തളി ശിവക്ഷേത്രവും സാമൂതിരിഭരണത്തിന്റെ സൂചനകളിലേക്കു വിരല്‍ചൂണ്ടുന്നു. ചിറക്കല്‍ ക്ഷേത്രത്തിനു ചിറക്കല്‍ രാജാക്കന്മാരുമായി ബന്ധമുണ്ടാകാം. പുളിയര്‍ എന്ന ഒരു ജനവിഭാഗം ഇവിടെ താമസിച്ചുവന്നിരുന്നതായി കേള്‍ക്കുന്നുണ്ട്. പുളിയര്‍കണ്ടി എന്ന സ്ഥലപ്പേര്‍ ഇതിലേക്കുള്ള ചൂണ്ടുപലകയാണ്. ടിപ്പുസുല്‍ത്താന്‍ വയനാട്ടിലെത്തിയതോടെ, സുല്‍ത്താന്‍ പടയെ ചെറുത്തു തോല്‍പിക്കാന്‍, ഇവിടുത്തെ നാട്ടുരാജാക്കന്മാര്‍ പുളിയര്‍ പടയെ സജ്ജമാക്കി നിറുത്തിയിരുന്നതായും പറഞ്ഞുകേള്‍ക്കുന്നുണ്ട്. ഇടക്കുളംവയല്‍, വരപ്രത്ത്വയല്‍, പെരുവയല്‍, അടിവയല്‍, ഒളോര്‍വയല്‍ എന്നീ പേരുകളില്‍ ഒട്ടേറെ വയലുകളും അതുമായി ബന്ധപ്പെട്ട സ്ഥലനാമങ്ങളും, ഇവിടെയുണ്ട് എന്നതില്‍നിന്നും, ഇവിടെ ഭൂരിഭാഗവും നെല്‍വയലുകളായിരുന്നുവെന്ന് അനുമാനിക്കാം. കൃഷിയിടങ്ങള്‍ എന്ന അര്‍ത്ഥം വരുന്ന വിളയളങ്ങള്‍ എന്ന പദത്തില്‍ നിന്നാണോ, വേളം എന്ന പേര്‍ ഈ ഗ്രാമത്തിനു കൈവന്നതെന്ന് സംശയിക്കപ്പെടുന്നു. കടത്തനാട് വലിയ രാജാവ്, അമ്പിളാട് എന്ന കുറ്റ്യാടി കോവിലകം തമ്പുരാക്കന്മാര്‍, നാടുവാഴിയായ മൂര്‍ച്ചിലോട്ട് മൂപ്പസ്ഥാനി എന്നിവരുടെ പേരിലാണ് ഇവിടുത്തെ ഭൂമിയിലധികവും തിരിച്ചുകാണിച്ചിട്ടുള്ളത്. വേളം അംശമാണ് കുറ്റ്യാടി കോവിലകക്കാരുടേത്. തിയ്യര്‍ക്ക് തണ്ടാനും തറക്കാരനും, പുലയര്‍ക്ക് മരത്തനും ചിണ്ടാരിയും മൂപ്പന്മാരായിരുന്നു. തണ്ടാന്മാരില്‍ തയ്യില്‍ ചന്ദനപ്പുറത്തുകാരും, നിടൂളളി വീട്ടുകാരും, പഴയവീട്ടില്‍ക്കാരും ചേരാപുരം അംശത്തില്‍ പ്രമുഖരായിരുന്നു. ഗുളികപ്പുഴ (കുറ്റ്യാടിപുഴ) വേളം പഞ്ചായത്തിനെ, ഭൂമിശാസ്ത്രപരമായി മറ്റുപ്രദേശങ്ങളില്‍ നിന്നും ഒറ്റപ്പെടുത്തുന്നു. വെള്ളത്താല്‍ ചുറ്റപ്പെട്ട പഞ്ചായത്ത് ആയതിനാല്‍, പണ്ടുമുതല്‍ തന്നെ, ഇവിടെയുള്ളവര്‍ക്കു ആശ്രയം ജലമാര്‍ഗ്ഗമുള്ള ഗതാഗതമായിരുന്നു. ആദ്യകാലത്ത് തോണിയും പില്‍ക്കാലത്ത് ബോട്ടുമായിരുന്നു ഇതിനായി ഉപയോഗിച്ചിരുന്നത്. യാത്രചെയ്യാനും ചരക്കുകള്‍ കൊണ്ടുവരാനും ജലമാര്‍ഗ്ഗം മാത്രമായിരുന്നു ആശ്രയം. രോഗികളെ ആശുപത്രികളിലെത്തിക്കുവാന്‍ മഞ്ചലുകള്‍ മാത്രമായിരുന്നു ആശ്രയം. വെറും ഊടുവഴികളും നടപ്പാതകളും മാത്രമുണ്ടായിരുന്ന ഈ പഞ്ചായത്തില്‍ ക്രമേണ, പൊതുജനങ്ങള്‍ തന്നെ വെട്ടിയുണ്ടാക്കിയ റോഡുകള്‍ രൂപം കൊണ്ടു. ഗതാഗതയോഗ്യമായ ഏറ്റവും പ്രധാനപ്പെട്ട റോഡ് അരൂര്-ഗൂളികപ്പുഴ റോഡാണ്. 1948-ല്‍ കമ്മ്യൂണിസ്റ്റുകാര്‍ വേട്ടയാടപ്പെട്ട കാലത്ത്, എം.കെ.കേളു, എം.കുമാരന്‍മാസ്റ്റര്‍, യു.കുഞ്ഞിരാമന്‍, പി.ആര്‍.നമ്പ്യാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കര്‍ഷകപ്രസ്ഥാനം ഈ ഗ്രാമത്തിലേക്ക് കടന്നുവന്നു. ചങ്ങനാശ്ശേരിയില്‍ നിന്നും വന്ന മാത്തച്ചന്‍ എന്ന ഒരു ക്രിസ്ത്യന്‍ പ്രമാണി, വേളം മണിമലയില്‍ പുതിയോട്ടില്‍ അമാനത്ത് ഹാജിയില്‍നിന്നും, ധാരാളം ഏക്കര്‍ വനഭൂമി വാങ്ങി വെട്ടിത്തെളിയിച്ച്, ഇരുനൂറ് ഏക്കറോളം റബ്ബര്‍കൃഷി ആരംഭിക്കുകയും, അത് പിന്നീട് വളര്‍ച്ച പ്രാപിച്ച്, ചങ്ങനാശ്ശേരി റൂബി റബ്ബര്‍ എസ്റ്റേറ്റ് മണിമല എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു. 1969-ലാണ് ഇവിടെ ട്രേഡുയൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. നിരവധി പോരാട്ടങ്ങളുടെ ധീരോദാത്തമായ കഥകള്‍ വേളത്തിന്റെ ഓരോ മണല്‍ത്തരിക്കും പറയാനുണ്ട്. ശീലക്കുട ചൂടാനുള്ള അവകാശത്തിനുവേണ്ടി, ചെരിപ്പ് ധരിക്കാനുള്ള അവകാശത്തിനുവേണ്ടി, മാറ്റുവിലക്കിനെതിരായി, ബലിക്കളം മുടക്കലിനെതിരായി, സ്ത്രീകള്‍ക്ക് മാറുമറയ്ക്കാനുള്ള അവകാശത്തിനായി; അങ്ങനെയങ്ങനെ ആ പട്ടിക നീണ്ടു പോകുന്നു. 1971-ല്‍ ഇവിടെ കര്‍ഷകത്തൊഴിലാളി പ്രസ്ഥാനം ഉടലെടുത്തു. ഈ പ്രസ്ഥാനത്തിനു നേതൃത്വം കൊടുത്തത് എ.കണാരനായിരുന്നു. 1985-ലാണ് എസ്.എസ്.ഐ (സ്മാള്‍ സ്കെയില്‍ ഇന്‍ഡസ്ട്രി) യൂണിറ്റുകളുടെ രജിസ്ട്രേഷന്‍ പഞ്ചായത്തിനകത്ത് ആരംഭിക്കുന്നത്.

വിദ്യാഭ്യാസചരിത്രം

ഓത്തുപള്ളിയും, എഴുത്തുപള്ളിയും പഴയ കാലത്ത് നിലവിലുണ്ടായിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഹരിജനോദ്ധാരണ പ്രവര്‍ത്തനം നടക്കവേ, സാമൂഹ്യപരിഷ്ക്കര്‍ത്താവും ധീരദേശാഭിമാനിയുമായിരുന്ന മാണിക്കോത്തറമല്‍ ഗോപാലക്കുറുപ്പ് എന്ന വ്യക്തി, ഒരു ഹരിജന്‍ ബാലനെ സ്ക്കുളില്‍ ചേര്‍ക്കാന്‍ വളരെദൂരം നടന്ന്, ചേരാപുരം സൌത്തില്‍ ഉണ്ടായിരുന്ന ഗവണ്‍മെന്റ് സ്ക്കൂളില്‍ കൊണ്ടുവന്നപ്പോള്‍, സവര്‍ണ്ണ മേധാവികളായിരുന്ന സ്ക്കൂളധികൃതര്‍ കുട്ടിക്കു പ്രവേശനം നിഷേധിച്ചു എന്നു മാത്രമല്ല, യാഥാസ്ഥിതിക സവര്‍ണ്ണമേധാവികളായ പുറത്തുള്ളവരുംകൂടി ചേര്‍ന്നുകൊണ്ട്, ഗോപാലക്കുറുപ്പിനെ അടിച്ചോടിച്ച് ഗുളികപ്പുഴയില്‍ തളളിയ സംഭവമുണ്ടായിട്ടുണ്ട്. സ്വാതന്ത്ര്യസമ്പാദനത്തിനു മുമ്പുതന്നെ വേളംപഞ്ചായത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിലവില്‍ വന്നിരുന്നു. ഐക്യകേരളം നിലവില്‍ വരുന്നതിനു മുന്‍പു വേളംപഞ്ചായത്തില്‍ ഉണ്ടായിരുന്ന സ്വകാര്യസ്ക്കൂളുകള്‍ ഉന്നതവിഭാഗത്തിന്റെ കൈയ്യിലായിരുന്നു. സ്വാതന്ത്ര്യത്തിനു മുമ്പു ചേരാപുരം യു.പി.സ്ക്കൂളില്‍ മാത്രമായിരുന്നു അപ്പര്‍പ്രൈമറി വിദ്യാഭ്യാസത്തിനു കുറച്ചെങ്കിലും സൌകര്യം ലഭിച്ചിരുന്നത്. ലോകം അറിയപ്പെടുന്ന അത്ലറ്റിക് കോച്ച് (പി.ടി.ഉഷയുടെ കോച്ച്) ഒ.എം.നമ്പ്യാര്‍ക്ക് ജന്മം നല്‍കിയ നാടാണ് വേളം. അധ്യാപകസംഘടനാ നേതൃനിരയിലെത്തിയ (സംസ്ഥാനത്ത്) പി.കെ.നമ്പ്യാര്‍ പ്രാഥമിക വിദ്യാഭ്യാസം ചെയ്തതും വേളത്തായിരുന്നു. മാണിക്കോത്ത് മൊയ്തീന്‍ മാസ്റ്റര്‍ ഒരു സാമൂഹ്യ പരിഷ്കര്‍ത്താവും, വിദ്യാഭ്യാസ പരിഷ്ക്കരണ പ്രസ്ഥാനത്തിന്റെ ഭാഗത്ത്, പ്രത്യേകിച്ച് മുസ്ളീം വിഭാഗത്തിന് ഭൌതിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെപ്പറ്റി ശബ്ദമുയര്‍ത്തിയ വ്യക്തിയായിരുന്നു. ഔപചാരിക വിദ്യാഭ്യാസരംഗത്ത് വേളത്ത് ആദ്യമായി ഒരു ഹൈസ്ക്കൂള്‍ ആരംഭിച്ചത് 1975-ലാണ്.

സാംസ്കാരികചരിത്രം

ജനസംഖ്യയില്‍ ഹിന്ദുക്കളും മുസ്ളീങ്ങളുമാണ് ഈ പഞ്ചായത്തില്‍ കൂടുതലായുള്ളത്. മുസ്ളീങ്ങളില്‍ ഭൂരിഭാഗവും കച്ചവടക്കാരായിരുന്നു. പഴയ പ്രമാണങ്ങളില്‍ മാപ്പിള-കച്ചവടം എന്നാണ് എഴുതിക്കാണുന്നത്. ഒട്ടേറെ മുസ്ളീം പള്ളികള്‍  ഇവിടെയുണ്ട്. കുന്നുമ്മല്‍ വികസനബ്ളോക്കില്‍ ഏറ്റവും കൂടുതല്‍ പട്ടികജാതിക്കാരുള്ളത് വേളം ഗ്രാമപഞ്ചായത്തിലാണ്. പഴയകാലത്ത് കൃഷിത്തൊഴിലും, പരമ്പരാഗതമായ പായനെയ്ത്തും, നാടന്‍ മീന്‍പിടുത്തവും ഉപജീവനമാര്‍ഗ്ഗമാക്കി ജീവിച്ചുപോന്നവരായിരുന്നു ഇവര്‍. അന്തിയൂര്‍ നായന്മാര്‍ എന്ന ഒരു ജാതിക്കാര്‍ ഇവിടെ ഉണ്ട്. ആന്ധ്രയിലെ ആദിവാസിവിഭാഗമാണ് ഇക്കൂട്ടരെന്ന് അഭിപ്രായമുണ്ട്. കോട്ട എന്ന ഒരു കുന്നിന്‍ പ്രദേശത്താണ് ഈ വിഭാഗം താമസിക്കുന്നത്. മണ്‍കലം മെനയലാണ് പ്രധാന തൊഴില്‍. ഇവര്‍ക്ക് തമ്മില്‍ സംസാരിക്കുന്നതിനായി പ്രാകൃതമായ ഒരു ഭാഷ നിലവിലുണ്ട്. പഴയകാലത്ത് നാട്ടിന്‍പുറങ്ങളിലെ എല്ലാ പ്രശ്നങ്ങളും നാട്ടുപ്രമാണിമാര്‍ പരിഹരിക്കാന്‍ ശ്രമിക്കുമായിരുന്നു. അധികാരിമാര്‍ ചെറിയ ക്രിമിനല്‍ കേസുകളും 50 രൂപ വരെ അന്യായ തുകയുള്ള സിവില്‍ കേസുകളും കൈകാര്യം ചെയ്തിരുന്നു. വ്യത്യസ്ത സമുദായക്കാര്‍ക്കു വിവാഹത്തിനും വിവാഹമോചനത്തിനും പ്രത്യേക ആചാരമുണ്ടായിരുന്നു. നായന്മാര്‍ പുടമുറി (പുടവ മുറിച്ച് വധുവിനു നല്‍കല്‍) നടത്തി രാത്രികാലങ്ങളിലാണ് വിവാഹം നടത്തിയിരുന്നത്. നായന്മാരുടെ ഇടയില്‍ വിവാഹമോചനം വളരെ അപൂര്‍വ്വമായിരുന്നു. മുസ്ളീങ്ങളുടെ നിക്കാഹിനു കനോത്ത് എന്നും പറയാറുണ്ട്. “ഉമ്മളെ ജാത്യാചാരപ്രകാരം കാണോം പുടേം കൊടുക്കട്ടെ” എന്ന് വരന്റെ തണ്ടാന്‍ ഉച്ചരിക്കുകയും “നല്ലകാര്യം, നല്ലകാര്യം, നല്ലകാര്യം” എന്ന് അവിടെ കൂടിയവര്‍ ഏറ്റു വിളിക്കുകയും ചെയ്താല്‍ വധൂവരന്‍മാര്‍ വിവാഹിതരായി. പുരുഷന്‍ സ്ത്രീക്ക് ഇരുപത്തൊന്നകാല്‍ പണം കാണപ്പണമായി നല്‍കേണ്ടതുണ്ട്. ദമ്പതികളുടെ വസ്ത്രത്തില്‍ നിന്നും ഓരോ നൂല്‍ പറിച്ചെടുത്ത് ഊതിപ്പറപ്പിച്ചാല്‍ വിവാഹമോചനമായി. തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ, അയിത്തം, അനാചാരം, ക്ഷേത്രങ്ങളില്‍ താണജാതിക്കാര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടത് തുടങ്ങി വളരെ സങ്കീര്‍ണ്ണമായ ദുരാചാരങ്ങളായിരുന്നു അക്കാലത്ത് വേളത്തുണ്ടായിരുന്നത്. വേളം പഞ്ചായത്തിലെ മുസ്ളീം സമുദായം വിദ്യാഭ്യാസ, സാംസ്ക്കാരിക രംഗങ്ങളില്‍  വളരെ അധികം പിന്നിലായിരുന്നു. മതകര്‍മ്മങ്ങള്‍ നടത്താനാവശ്യമായ മതവിദ്യാഭ്യാസം മാത്രം മതി എന്ന ബോധമായിരുന്നു മുസ്ളീങ്ങളില്‍ നിലനിന്നിരുന്നത്. ക്ഷേത്രങ്ങളിലെ ഉത്സവം തുലാമാസത്തോടുകൂടിയാണ് ആരംഭിക്കുന്നത്. കടത്തനാടില്‍ ഉത്സവം ആരംഭിക്കുന്നതു തന്നെ, തുലാമാസത്തില്‍ ഉമയന്‍കുന്നുമ്മല്‍ ക്ഷേത്രത്തിലെ ഉത്സവത്തെ തുടര്‍ന്നാണ്. തിറ, തെയ്യം, വെള്ളാട്ട് തുടങ്ങിയവയാണ് ഏതാണ്ട് എല്ലാ ക്ഷേത്രങ്ങളിലും നടന്നുവരുന്നത്. ചെണ്ടമേളം നടത്തുന്നത് മലയ സമുദായക്കാരാണ്. ചില ക്ഷേത്രങ്ങളില്‍ മുന്നൂറ്റന്‍, വണ്ണാന്‍, മലയന്‍ എന്നിവരാണ് വേഷങ്ങള്‍ കെട്ടുന്നത്. പഞ്ചായത്തിന്റെ മിക്ക ഭാഗങ്ങളിലും പള്ളികളുമുണ്ട്. ഏറ്റവും പ്രധാനപ്പെട്ട പള്ളി, ചേരാപുരത്ത് പൂളക്കൂലില്‍ നിന്നും പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ചേരാപുരം ജുമാമസ്ജിദ് ആണ്. പള്ളിയത്ത്, വലകെട്ട്, കാക്കുനി, അരിമ്പോല്‍, ചോയിമഠം, ചമ്പോട്ട്, പുത്തലത്ത് തുടങ്ങിയവയാണ് മറ്റു പ്രധാന പള്ളികള്‍. ചിരപുരാതനമായ ചേരാപുരം ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്ന ഏകദേശം 8 ഏക്കറോളം വരുന്ന സ്ഥലം അന്നത്തെ മൂര്‍ച്ചിലോട്ട് മൂപ്പസ്ഥാനി മുസ്ളീങ്ങള്‍ക്കു പള്ളി നിര്‍മ്മിക്കാന്‍ സൌജന്യമായി നല്‍കിയതാണ്. ചേരാപുരത്ത് പള്ളിയില്‍ നേര്‍ച്ചകള്‍ നേരുന്നത് മുസ്ളീങ്ങള്‍ മാത്രമല്ല, ഹിന്ദുമത വിഭാഗത്തില്‍പ്പെട്ടവരുമുണ്ട്. സാംസ്കാരികരംഗത്ത് കാര്യമായ സംഭാവന നല്‍കിവരുന്ന കേന്ദ്രങ്ങളാണ് വായനശാലകളും, ക്ളബുകളും. സിനിമാനടന്‍ വെള്ളൂര്‍.പി.രാഘവന്‍ , ആകാശവാണിയിലൂടെ പ്രശസ്തനായ ലളിതഗാന രചയിതാവ് അബ്ദുള്‍ മജീദ് വേളം, യുവ കവികളില്‍ ശ്രദ്ധേയനായ പവിത്രന്‍ തീക്കൂനി, അത്ലറ്റിക് കോച്ച് ഒ.എം.നമ്പ്യാര്‍ എന്നിവര്‍ സാംസ്കാരിക രംഗത്തെ കെടാവിളക്കുകളായി പ്രശോഭിക്കുന്നു.