വിവരാവകാശം
വിവരാവകാശം
പൊതു അധികാര സ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങള്‍ എല്ലാ പൌരന്മാര്ക്കും ലഭ്യമാക്കുന്നതിനും പൊതു അധികാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യതയും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കുന്നതിനും ജനങ്ങളോടുള്ള ഉത്തരവാദിത്വം നിലനിര്‍ത്തുന്നതിനും അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുമുള്ള വിവരാവകാശ നിയമം 2005 ഒക്ടോബര്‍ 12 മുതല്‍ പ്രാബല്യത്തില്‍ വന്നു. ഭരണഘടനാ പ്രകാരമോ ലോകസഭയുടെയോ നിയമസഭകളുടെയോ നിയമം വഴിയോ സര്‍ക്കാര്‍ വിജ്ഞാപനം വഴിയോ നിലവില്‍ വന്നതോ രൂപീകരിക്കപ്പെട്ടതോ ആയ എല്ലാ അധികാരികളും, സ്ഥാപനങ്ങളും സര്‍ക്കാരില്‍ നിന്നും ഏതെങ്കിലും തരത്തില്‍ സഹായധനം ലഭിക്കുന്ന സര്‍ക്കാര്‍ ഇതര സംഘടനകളും ഈ നിയമത്തിന്റെ പരിധിയില്‍ വരും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ , സര്‍ക്കാര്‍ സഹായധനം നല്കുന്ന സ്ഥാപനങ്ങള്‍ എന്നിവയുടെ അധീനതയിലുള്ള ഒരു ജോലിയോ, പ്രമാണമോ രേഖയോ പരിശോധിക്കുന്നതിനുള്ള അവകാശം, രേഖയുടെയോ പ്രമാണത്തിന്റെയോ കുറിപ്പുകളോ സംക്ഷിപ്തമോ എടുക്കല്‍ , സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ , ഏതു പദാര്‍ത്ഥത്തിന്റെയും സാക്ഷ്യപ്പെടുത്തിയ സാമ്പിളുകള്‍ എടുക്കല്‍ , കമ്പ്യൂട്ടറിലോ അതുപോലുള്ള മറ്റു ഇലക്ട്രോണിക് സംവിധാനങ്ങളിലോ ശേഖരിച്ചുവെച്ചിട്ടുള്ള വിവരങ്ങള്‍ , പ്രിന്റൌട്ടുകള്‍ , ഫ്ലോപ്പികള്‍ , ഡിസ്കുകള്‍ , ടേപ്പുകള്‍ , വീഡിയോ കാസറ്റുകള്‍ മുതലായ രൂപത്തില്‍ പകര്‍പ്പായി ലഭിക്കാനും ഏതൊരു പൌരനും അവകാശമുണ്ടെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെയും അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.
പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ - എം.ഭുവനേന്ദ്രന് നായര്‍ (സെക്രട്ടറി, വെള്ളൂര്‍ ഗ്രാമപഞ്ചായത്ത്)
അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ - എസ്.ദേവി പാര്‍വ്വതി (ജൂനിയര്‍ സൂപ്രണ്ട്, വെള്ളൂര്‍ ഗ്രാമപഞ്ചായത്ത്)
അപ്പലേറ്റ് അതോറിറ്റി - പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, കോട്ടയം
വിവരാവകാശ നിയമപ്രകാരമുള്ള വിവരങ്ങളും രേഖകളും ലഭിക്കുന്നതിന് ഒടുക്കേണ്ട ഫീസുകളുടെ വിവരം
1. വകുപ്പ് 7(1) പ്രകാരം
(എ) വിവരങ്ങള്‍ എ4 വലിപ്പത്തിലുള്ള പേപ്പറില്‍ ലഭിക്കുന്നതിന് ഓരോ പേജിനും: 2രൂപ.
(ബി) വലിപ്പം കൂടുതലുള്ള പേപ്പറില്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് : അതിനുള്ള യഥാര്‍ത്ഥ ചെലവ്.
(സി) സാമ്പിളുകളും മോഡലുകളും ലഭിക്കുന്നതിന് : അതിനുള്ള യഥാര്‍ത്ഥ വില/ചെലവ്.
(ഡി) രേഖകളുടെ പരിശോധനയ്ക്ക് : ആദ്യത്തെ ഒരു മണിക്കൂറിന് ഫീസില്ല.
അതിനുശേഷമുള്ള ഓരോ മിനിറ്റിനും അതിന്റെ അംശത്തിനും 30 രൂപ വീതം
2. വകുപ്പ് 7(5)
(എ) സി.ഡി., ഫ്ലോപ്പി തുടങ്ങിയ ഇലക്ട്രോണിക് രൂപത്തില്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് (ഓരോന്നിനും) : 50 രൂപ.
(ബി) പ്രിന്റഡ് രൂപത്തില്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് (ഓരോ പേജിനും) : 2 രൂപ.
വിവരങ്ങള്‍ /രേഖകള്‍ ലഭിക്കുന്നതിന് ചെയ്യേണ്ടത്
വിവരങ്ങളോ രേഖകളോ ആവശ്യപ്പെടുന്ന അപേക്ഷ നിശ്ചിത ഫോറത്തില്‍ സെക്രട്ടറിക്ക് നല്‍കണം. കൈമാറ്റം ചെയ്യപ്പെട്ട സ്ഥാപനങ്ങളില്‍ അപേക്ഷ ബന്ധപ്പെട്ട സ്ഥാപനത്തിലെ തലവന്‍ നല്‍കണം. അപേക്ഷയോടൊപ്പം 2 രൂപ നിരക്കില്‍ അപേക്ഷാഫീസും ഒരുവര്‍ഷത്തിലേറെ പഴക്കമുള്ള രേഖകള്‍ക്ക് തെരച്ചില്ഫീസായി വര്‍ഷംപ്രതി രണ്ടുരൂപ വീതവും പകര്‍പ്പ് ആവശ്യപ്പെടുന്നുവെങ്കില്‍ ഏകദേശം 200 വാക്കിന് 2 രൂപ നിരക്കിലും ഫീസ് ഈടാക്കി രസീത് നല്‍കേണ്ടതാണ്. രേഖ പരിശോധനയ്ക്ക് ലഭിക്കുന്നതിനോ, പകര്‍പ്പ് എടുത്തു ഒത്ത്നോക്കി സാക്ഷ്യപ്പെടുത്തി നല്‍കുന്നതിനോ ഉള്ള ദിവസവും രസീതില്‍ രേഖപ്പെടുത്തണം. രഹസ്യാത്മക വിവരം എന്ന് വിജ്ഞാപനം ചെയ്യപ്പെട്ടതാണ് ആവശ്യപ്പെടുന്ന സംഗതിയെങ്കില്‍ സെക്രട്ടറിയ്ക്കോ, ഉദ്യോഗസ്ഥനോ ആ കാരണം രേഖാമൂലം പരാമര്‍ശിച്ച് അപേക്ഷ നിരസിക്കാം.
വിവരങ്ങള്‍ നല്‍കുന്നതിന് കാലതാമസം വരുത്തിയാല്‍
നിശ്ചിത ദിവസത്തിലേറെ കാലതാമസം വരുത്തിയാല്‍ വിവരം നല്കാന് ചുമതലപ്പെട്ട വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരില്‍ നിന്ന് ദിനംപ്രതി 50 രൂപ നിരക്കില്‍ പിഴ തദ്ദേശഭരണ സ്ഥാപനത്തിന്റെ തനത് ഫീസിലേക്ക് ഈടാക്കാവുന്നതാണ്. മനപ്പൂര്‍വ്വമായോ ഉപേക്ഷ മൂലമോ വിവരം നല്കാന് പരാജയപ്പെടുകയോ, തെറ്റായ വിവരം നല്‍കുകയോ ചെയ്താല്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്നും 1000 രൂപയില്‍ കുറയാത്ത പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്.
രേഖകള്‍ ലഭ്യമല്ലെങ്കില്‍
യുക്തമായ തെരച്ചില്‍ നടത്തിയ ശേഷവും രേഖകള്‍ കിട്ടാത്തതിനാലോ, രേഖയുടെ സംരക്ഷണ കാലാവധി കഴിഞ്ഞതിനാലോ, രേഖ നിലവില്‍ ഇല്ലാത്തതിനാലോ സാധുവായ കാരണം ബോധ്യപ്പെടുത്തി അപേക്ഷ പ്രകാരം വിവരം ലഭ്യമാക്കാനാകില്ലെന്നറിയിച്ച് തീര്‍പ്പ് നല്‍കണം. ഉത്തമ ബോധ്യത്തോടെ എടുക്കുന്ന ഇത്തരം തീരുമാനങ്ങള്‍ക്ക് നിയമ പരിരക്ഷ ലഭിക്കും. രേഖ ലഭ്യമാക്കുന്നില്ലെങ്കില് ഈടാക്കിയ ഫീസ് അപേക്ഷകന് തിരികെ നല്‍കണം.
വികസന പദ്ധതികളുടെ വിവരങ്ങള്‍
വികസന പദ്ധതിയുടെ നിര്‍വ്വഹണം സംബന്ധിച്ച വിവരങ്ങള്‍ പദ്ധതി സ്ഥലത്ത് സുതാര്യമായും ലളിതമായും പരസ്യപ്പെടുത്തേണ്ടതുണ്ട്. സാങ്കേതികവും സാമ്പത്തികവുമായ വിവരങ്ങള്‍ ഭരണ നടപടികള്‍ക്കൊപ്പം പ്രസിദ്ധീകരിക്കേണ്ടതുണ്ട്. സുതാര്യത സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇതില്‍ പാലിച്ചിരിക്കണം. ഗ്രാമസഭ തദ്ദേശ സ്വയംഭരണ സ്ഥാപനം, കൈമാറിയ സ്ഥാപനങ്ങള്‍ ഇവയുടെ ഭരണപരമായ വിവരങ്ങളും യോഗനടപടിക്രമങ്ങളും പൊതുജനപ്രാപ്യമായ വിധം പ്രസിദ്ധീകരിക്കേണ്ടതാണ്.