ചരിത്രം

1924-ലെ വൈക്കം സത്യാഗ്രഹവും അതോടെ ശക്തിപ്പെടാന്‍ തുടങ്ങിയ ദേശീയപ്രസ്ഥാനവും ഈ പ്രദേശത്തും അനുരണനങ്ങളുണ്ടാക്കി. വെള്ളൂര്‍ സ്വദേശിയായ ഇ.മാധവന്റെ (മാളികയില്‍) സ്വതന്ത്രസമുദായം എന്ന പുസ്തകം സര്‍ സി.പി.യുടെ കാലത്ത് നിരോധിക്കപ്പെടുകയുണ്ടായി എന്നത് ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട ഒന്നാണ്. 15-8-1953-ലാണ് ഇന്നത്തെ വെള്ളൂര്‍ പഞ്ചായത്തിന്റെ പ്രാക് രൂപമായ  മേവെള്ളൂര്‍ പഞ്ചായത്ത് രൂപം കൊണ്ടത്. അന്ന് കളമ്പൂര്‍, തോന്നല്ലൂര്‍, വരിക്കാംകുന്ന്, വടകര, കരിപ്പാടം, ഇറുമ്പയം, കീവെള്ളൂര്‍, മേവെള്ളൂര്‍ എന്നീ പ്രദേശങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടിരുന്നത്. 1953-ലെ ആദ്യത്തെ തെരഞ്ഞെടുപ്പില്‍ പൌലോസ് തട്ടാര്‍ക്കേരിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തില്‍ വന്നു. 1956-ല്‍ കളമ്പൂര്‍ പ്രദേശം പിറവം പഞ്ചായത്തിലേക്ക് കൂട്ടിച്ചേര്‍ത്തു. പഞ്ചായത്തിന്റ ഇന്നത്തെ രൂപം കൈവന്നതിനുശേഷം നടന്ന ആദ്യതെരഞ്ഞെടുപ്പ് 1963-ലാണ് നടന്നത്. ഈ തെരഞ്ഞെടുപ്പില്‍ ശിവശങ്കരന്‍ നായരുടെ നേതൃത്വത്തില്‍ ഭരണസമിതി നിലവില്‍ വന്നു. കേരളത്തില്‍ മറ്റെല്ലായിടത്തും ഉണ്ടായിരുന്നതുപോലെ തന്നെ ജാതി വ്യവസ്ഥയുടെ തീഷ്ണത ഇവിടെയും നിലനിന്നിരുന്നു. ഭൂമിയുടെ ഉടമസ്ഥത ഭൂരിഭാഗവും സവര്‍ണ്ണ ജന്മിമാരുടെയും, ദേവസ്വത്തിന്റെയും കയ്യിലായിരുന്നു. ഒരുകാലത്ത് വൈക്കം ക്ഷേത്രത്തിന് ചുറ്റുമുള്ള വീഥികളിലൂടെ അവര്‍ണ്ണ ജാതിയില്‍പെട്ടവര്‍ക്ക് നടക്കുന്നതിന് പോലുമുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. ഇതിനെതിരെയാണ് 1924-ല്‍ ഗാന്ധിജി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്ത വൈക്കം സത്യാഗ്രഹം നടന്നത്. അയിത്താചരണത്തിനെതിരായി ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന വൈക്കം സത്യാഗ്രഹം,  വൈക്കം താലൂക്കില്‍ ഉള്‍പ്പെടുന്ന ഈ പ്രദേശത്ത് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സ്വതന്ത്ര്യാനന്തര കാലഘട്ടത്തില്‍ ഉണ്ടായ നവോത്ഥാനത്തിന്റെ അലയൊലികള്‍ വെള്ളൂരിലും എത്തുകയുണ്ടായി. അതിന്റെ ഫലമായി ഏതാനും കലാസമിതികളും വായനശാലകളും രൂപം കൊള്ളുകയും സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. വെള്ളൂര്‍, വരിയ്ക്കാംകുന്ന് തുടങ്ങിയ സ്ഥലങ്ങളില്‍ 50-കളില്‍ തന്നെ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന വായനശാലകളും അതിനോടനുബന്ധിച്ച് കലാസമിതികളും രൂപം കൊണ്ടു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കലാപ്രവര്‍ത്തകര്‍ നാടകസംഘം രൂപീകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. പഴയ തിരുവിതാംകൂറിനെ കൊച്ചിയുമായി വേര്‍തിരിക്കുന്ന അതിര്‍ത്തി പ്രദേശത്താണ് വെള്ളൂര്‍ സ്ഥിതി ചെയ്യുന്നത്. പഴയകാലത്തെ കേരളത്തിലെ ഈ രണ്ട് പ്രധാന രാജ്യങ്ങളെയും വേര്‍തിരിച്ചിരുന്ന ഇല്ലിക്കോട്ടയോട് ചേര്‍ന്നുള്ള കിടങ്ങിന്റെ  അവശിഷ്ടങ്ങള്‍ ഇപ്പോഴും കാണാം. തിരുവിതാംകൂറിലെ ദിവാനായിരുന്ന രാമയ്യന്‍ ദളവ നേരിട്ട് നേതൃത്വം കൊടുത്ത് പണി കഴിപ്പിച്ചതാണ് ഈ കോട്ടയെന്ന് വിശ്വസിക്കപ്പെടുന്നു. കൊച്ചി, തിരുവിതാംകൂര്‍ നാട്ടുരാജ്യങ്ങളുടെ അതിര്‍ത്തി തിരിച്ചിരുന്ന കല്ലുകള്‍ (കൊ-തി-കല്ല്) ഇന്നും പലഭാഗത്തും കേടുകൂടാതെ നിലനില്‍ക്കുന്നുണ്ട്. സുദീര്‍ഘമായ പൈതൃകം പേറുന്ന നിരവധി ദേവാലയങ്ങള്‍ ഇവിടെയുണ്ട്. അവയില്‍ പ്രധാനപ്പെട്ടതാണ് പെരുന്തട്ട് ശിവക്ഷേത്രം, വെള്ളൂര്‍ വാമനസ്വാമിക്ഷേത്രം, മേവെള്ളൂര്‍ തൃക്ക, കരിപ്പാടത്തെ ഗണപതിപ്പാറ ക്ഷേത്രം, വടകരയിലെയും ഇറുമ്പയത്തെയും സി.എസ്.ഐ പള്ളികള്‍ എന്നിവ. പ്രസിദ്ധങ്ങളായ കേരളത്തിലെ  നൂറ്റെട്ട് ശിവക്ഷേത്രങ്ങളില്‍ പെട്ടതാണ് പെരുന്തട്ട് ശിവക്ഷേത്രം. വളരെ നാള്‍ ജീര്‍ണ്ണാവസ്ഥയില്‍ കിടന്നിരുന്ന ഈ ക്ഷേത്രം ഇപ്പോള്‍ പുനരുദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇവിടുത്തെ ശിവരാത്രി മഹോത്സവം വളരെ വിശേഷമായി ആഘോഷിക്കപ്പെടുന്നു. വിശിഷ്ടമായ ആകൃതിയോട് കൂടിയ (ഗജപൃഷ്ടാകൃതി) ശ്രീകോവിലുള്ള കേരളത്തിലെ അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണ് വെള്ളൂര്‍ വാമനസ്വാമി ക്ഷേത്രം. പെരുന്തച്ചനാണ് ഇത് പണിതതെന്ന് വിശ്വസിച്ച് വരുന്നു. ആനയും വെടിക്കെട്ടുമില്ല എന്ന അപൂര്‍വ്വതയും ഈ ക്ഷേത്രത്തിനുണ്ട്. കൂടാതെ പഞ്ചായത്തതിര്‍ത്തിയിലുള്ള പ്രധാന ആരാധനാലയങ്ങളാണ് വെള്ളൂരിലെ തിരുകുടുംബ ദേവാലയം, വെള്ളൂരിലെയും വെട്ടിക്കാട്ടുമുക്കിലെയും മുസ്ളീം പള്ളികള്‍, വരിയ്ക്കാംകുന്നിലെ ഇന്ദിരാന്‍ ചിറക്കല്‍ ക്ഷേത്രം എരട്ടാനിക്കാവ്, നീര്‍പാറയിലെ സി.എസ്.ഐ.പള്ളി, ചെറുകരയിലെ ശ്രീകൃഷ്ണക്ഷേത്രം, മേവെള്ളൂര്‍ സെന്റ് മേരീസ് ദേവാലയം, തോന്നല്ലൂരിലെ പേച്ചിയമ്മന്‍ കോവില്‍ തുടങ്ങിയവ. ഇവിടെയെല്ലാം വര്‍ഷം തോറും നാനാജാതി മതസ്ഥര്‍ പങ്കെടുക്കുന്ന ആഘോഷങ്ങളും നടന്നു വരുന്നു. ഇവയില്‍ എടുത്ത് പറയത്തക്കതാണ് ചങ്ങമ്മതയിലും പടിഞ്ഞാറ്റ് കാവിലും നടത്തിവരുന്ന പ്രാചീന അനുഷ്ഠാന കലകളായ ഗന്ധര്‍വ്വന്‍ പാട്ടും മുടിയേറ്റും.