വെള്ളൂര്‍

കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ കടുത്തുരുത്തി ബ്ളോക്കില്‍ വെള്ളൂര്‍ വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് വെള്ളൂര്‍ ഗ്രാമപഞ്ചായത്ത്. 19.29 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്ക് മുളക്കുളം പഞ്ചായത്ത്, വടക്ക് എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍, എടയ്ക്കാട്ടുവയല്‍, പിറവം പഞ്ചായത്തുകള്‍, തെക്ക് തലയോലപ്പറമ്പ്, മറവന്‍തുരുത്ത്, മുളക്കുളം പഞ്ചായത്തുകള്‍, പടിഞ്ഞാറ് ചെമ്പ്, മറവന്‍തുരുത്ത്, ആമ്പല്ലൂര്‍(എറണാകുളം ജില്ല) പഞ്ചായത്തുകള്‍ എന്നിവയാണ്. പഞ്ചായത്തിന്റെ ഏകദേശം മദ്ധ്യത്തിലൂടെ ഒഴുകുന്ന മൂവാറ്റുപുഴയാറിന്റെ ഇരുകരകളിലുമായി വ്യാപിച്ചു കിടക്കുന്ന തീരപ്രദേശവും, താഴ്വരകളും, കുന്നിന്‍ പ്രദേശങ്ങളും നയനമനോഹരമാണ്. ഇവിടുത്തെ ഏറ്റവും ഉയര്‍ന്ന പ്രദേശം വടക്കുകിഴക്കന്‍ അതിര്‍ത്തിയിലെ 60-മീറ്ററിലും അധികമുയരമുള്ള ചെമ്മഞ്ചി മലയാണ്. സമുദ്രനിരപ്പില്‍ നിന്നും 5 മീറ്റര്‍ മുതല്‍ 7 മീറ്റര്‍ വരെ ഉയരത്തിലാണ് മൂവാറ്റുപുഴയാറിന്റെ തീരപ്രദേശങ്ങള്‍. വിശാലമായ പാടശേഖരങ്ങളും കേരവൃക്ഷങ്ങളുടെ സമൃദ്ധിയും സുഗന്ധവ്യജ്ഞനങ്ങളും ഫലവൃക്ഷങ്ങളും കര്‍ഷകതൊഴിലാളികളും അവരുടെ കൊയ്ത്തുപാട്ടും എല്ലാമെല്ലാം വെള്ളൂരിന്റെ കാര്‍ഷിക ചരിത്രത്തില്‍ ഊടും പാവുമായി ഇഴ ചേര്‍ന്നിരിക്കുന്നു. ഒരു കാര്‍ഷിക ഗ്രാമമായിരുന്ന വെള്ളൂര്‍ ഏഷ്യയിലെ ഏറ്റവും വലിയ പത്രകടലാസ്സ് നിര്‍മ്മാണശാലയായ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ഫാക്ടറിയുടെ വരവോടെ വ്യവസായിക പ്രാധാന്യമുള്ള പ്രദേശമായി മാറി. 1971-ല്‍ വെട്ടിക്കാട്ടുമുക്കു പാലം നിലവില്‍ വന്നതോടുകൂടി ഗതാഗത സൌകര്യത്തിന്റെ കാര്യത്തില്‍ വലിയൊരു വഴിത്തിരിവുണ്ടായി. ഈ റോഡില്‍ കൂടി ബസ് സര്‍വീസ് ധാരാളമായതോടെ എറണാകുളം, വൈക്കം, കടുത്തുരുത്തി, കോട്ടയം മുതലായ സ്ഥലങ്ങളിലേക്കുള്ള യാത്ര സുഗമമായി. കോളോത്തു പാലത്തിന്റെ വരവോടെയാണ് വെട്ടിക്കാട്ടുമുക്ക് മുളക്കുളം റോഡ് ഒരു പ്രധാന യാത്രാ മാര്‍ഗ്ഗമായത്.