വെള്ളിയാമറ്റം

ഇടുക്കി ജില്ലയില്‍ തൊടുപുഴ താലൂക്കില്‍ ഇളംദേശം ബ്ളോക്ക്, വെള്ളിയാമറ്റം, ആലക്കോട്, അറക്കുളം വില്ലേജ് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് വെളളിയാമറ്റം ഗ്രാമപഞ്ചായത്ത്. 36.6 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് ഉടുമ്പന്നൂര്‍, തെക്ക് കുടയത്തൂര്‍, കിഴക്ക് അറക്കുളം, പടിഞ്ഞാറ് ആലക്കോട് എന്നിവയാണ്. വെള്ളിയാമറ്റം പഞ്ചായത്ത് മലയോരമേഖലയില്‍പെടുന്ന ഒരു കാര്‍ഷികഗ്രാമമാണ്. ഉയര്‍ന്ന കുന്നുകളും താഴ്വരകളും പാറക്കെട്ടുകളും നിറഞ്ഞ ഭൂപ്രകൃതി ഈ പഞ്ചായത്തിന്റെ പ്രത്യേകതയാണ്. 1952-53 കാലഘട്ടത്തില്‍ വെള്ളിയാമറ്റം പ്രദേശം മുഴുവന്‍ തോട്ടം മേഖലയില്‍ ഉള്‍പ്പെട്ടിരുന്നതിനാല്‍ ഒരു പഞ്ചായത്ത് രൂപീകരണത്തിനുള്ള ജനസംഖ്യയും വരുമാനവും ഇല്ലായിരുന്നു. ഇപ്പോഴത്തെ വെള്ളിയാമറ്റം പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന വെള്ളിയാമറ്റം വില്ലേജ് അറക്കുളം പഞ്ചായത്തിലും ഇളംദേശം ഭാഗം ആലക്കോട് പഞ്ചായത്തിലും ഉള്‍പ്പെട്ടിരുന്നു. ഇപ്രകാരം ഈ പ്രദേശത്തെ ജനങ്ങള്‍ രണ്ട് പഞ്ചായത്തില്‍ ആയതിനാല്‍ വളരെയേറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുകയും വികസനപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുകയും ചെയ്തിരുന്നു. അതുകൊണ്ട് ഇവിടുത്തെ ജനങ്ങള്‍ സംഘടിച്ച് ഒരു പൌരമുന്നണി രൂപീകരിച്ച്  വെള്ളിയാമറ്റം പഞ്ചായത്ത് അനുവദിച്ച് കിട്ടുന്നതിനുവേണ്ടി ശ്രമങ്ങള്‍ ആരംഭിച്ചു. 1963 ഡിസംബറില്‍ ആദ്യ തെരഞ്ഞെടുപ്പ് നടത്തുകയും 9-12-1963-ല്‍ ആദ്യത്തെ പഞ്ചായത്ത് സമിതി അധികാരത്തില്‍ വരികയും ചെയ്തു. കേരളത്തിലെ പ്രകൃതിസ്നേഹികളുടെ കണ്ണിനും കരളിനും കുളിര്‍മ്മ പകരുന്ന മലനിരകളും അവയ്ക്ക് പാദസരം ചാര്‍ത്തുന്ന കൊച്ചരുവികളും, ഉള്‍കൊള്ളുന്നതും തടാകങ്ങളുടേയും, ഡാമുകളുടേയും, കൊടുമുടികളുടേയും, വന്‍മൃഗങ്ങളുടേയും അപൂര്‍വ്വസസ്യജാലങ്ങളുടേയും സങ്കലനമാണ് ഇടുക്കി. ഇടുക്കി ജില്ലയുടെ തെക്കുഭാഗത്തുള്ള ആലക്കോട്, ഉടുമ്പന്നൂര്‍, അറക്കുളം, കുടയത്തൂര്‍ പഞ്ചായത്തുകള്‍ അതിരുകളായുള്ള വെള്ളിയാമറ്റം പഞ്ചായത്തിന്റെ ജീവനാഡി, അറക്കുളം പഞ്ചായത്തിലെ പോത്തുമറ്റത്തു നിന്നും ഉത്ഭവിക്കുന്ന കിങ്ങിണിത്തോടും കലംകമഴ്ത്തിയില്‍ നിന്നും ആരംഭിക്കുന്ന കലംകമഴ്ത്തിത്തോടും വെള്ളിയാമറ്റം പഞ്ചായത്തില്‍ കാലന്‍മാലില്‍ സന്ധിച്ചുണ്ടാകുന്ന വടക്കനാറുമാണ്.