ചരിത്രം

സാമൂഹ്യ സാംസ്ക്കാരിക ചരിത്രം

കേരള സംസ്ഥാനത്ത് ഇടുക്കി ജില്ലയില്‍ തൊടുപുഴ താലൂക്കില്‍ ഇളംദേശം ബ്ളോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെട്ട പ്രദേശമാണ് വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത്. പണ്ട് കേരളം ഭരി ച്ചിരുന്നത് പല നാട്ടുരാജാക്കന്‍മാരായിരുന്നു. തൊടുപുഴ, വെള്ളിയാമറ്റം പ്രദേശങ്ങള്‍ വടക്കുംകൂര്‍ രാജ്യത്തില്‍പെട്ട പ്രദേശങ്ങളായിരുന്നു. വടക്കുംകൂര്‍ രാജാവിന്റെ ആസ്ഥാനം കാരിക്കോട് ഭഗവതി ക്ഷേത്രത്തിനു സമീപം  ആയിരുന്നു. അവിടെ രാജകൊട്ടാരത്തിന്റേയും കോട്ടയുടേയും അവശിഷ്ടങ്ങള്‍ ഇന്നും കാണാം. തൊടുപുഴ നിന്നും തമിഴ്നാട്ടിലേയ്ക്ക് വ്യാപാരത്തിനായി വെള്ളിയാമറ്റം വഴി ആയിരുന്നു ഗതാഗതമാര്‍ഗ്ഗം ഉണ്ടായിരുന്നത്. ചുക്ക്, കുരുമുളക്, ഏലം, സുഗന്ധവ്യജ്ഞനങ്ങള്‍ എന്നിവ ഇവിടുത്തെ വ്യാപാരവിഭവങ്ങള്‍ ആയിരുന്നു. വെള്ളിയാമറ്റം ഭാഗത്തുള്ള ചൌക്ക എന്ന സ്ഥലത്ത് പഴയകാലത്ത് ചുങ്കം പിരിക്കുന്ന ചെക്കൂപോസ്റ്റും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. 1884നുമുന്‍പ് ഈ പ്രദേശങ്ങള്‍ കാടും വന്യമൃഗങ്ങളും ഉള്ള വനപ്രദേശങ്ങള്‍ ആയിരുന്നു. ജനവാസം ഇവിടെ തീരെ ഇല്ലായിരുന്നു. എന്നാല്‍ 1884-ല്‍ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയില്‍ വന്ന രണ്ട് യൂറോപ്യന്‍മാര്‍ റബ്ബര്‍ കൃഷിക്കായി കുന്നത്തുനാട് താലൂക്കില്‍ പുത്തന്‍കുരിശുഭാഗത്ത് കിഴക്കും ഭാഗത്ത് ഇല്ലത്ത് ഗോദന്‍ നമ്പൂതിരിയുടെ 2400 ഏക്കറില്‍പ്പെട്ട 1300 ഏക്കര്‍ ഭൂമി 99 വര്‍ഷത്തേക്ക് പാട്ടവ്യവസ്ഥയില്‍ വാങ്ങിക്കുകയും റബ്ബര്‍ പ്ളാന്റ് ചെയ്യുകയും ചെയ്തു. തീരെ യാത്രാസൌകര്യമില്ലായിരുന്ന വെള്ളിയാമറ്റം പ്രദേശത്തേക്ക് പ്ളാന്റന്‍മാര്‍ കുതിരയെക്കെട്ടിയ വില്ലുവണ്ടി കൊണ്ടുവരുന്നതിനായി അന്നു വെട്ടിയ റോഡാണ് ഇന്നത്തെ തൊടുപുഴ വെള്ളിയാമറ്റം റോഡ്. പുരാതനമായ ആരാധന സ്ഥലങ്ങള്‍ കലയന്താനി പള്ളിയും കൊന്താപ്പള്ളി മുസ്ളീം പള്ളിയും, വെള്ളിയാമറ്റം ശ്രീദേവി ക്ഷേത്രവും ആയിരുന്നു. ബാക്കിയുള്ള ദേവാലയങ്ങള്‍ ജനങ്ങള്‍ കുടിയേറിയതിനുശേഷം ഉണ്ടായിട്ടുള്ളതാണ്. വെള്ളിയാമറ്റം ശ്രീദേവി ക്ഷേത്രത്തിലേയ്ക്ക് പോകുന്നതിന് കമ്പിപ്പാലം ഉപയോഗിച്ചിരുന്നു. 1890 മുതല്‍ മീനച്ചില്‍ മൂവാറ്റുപുഴ താലൂക്കുകളില്‍ നിന്നും ജനങ്ങള്‍ ഈ പ്രദേശത്ത് കുടിയേറി പാര്‍ത്തു തുടങ്ങി. അതിനുമുന്‍പ് പതിക്കമലഭാഗത്ത് പട്ടികവര്‍ഗ്ഗക്കാരായ പതിക്കല്‍ കുടുംബക്കാരും ആദിവാസികളായ ഊരാളികളും താമസിച്ചിരുന്നു. ഈ കാലത്ത് തന്നെ മൈലാടിയില്‍ മത്തായി എന്ന കര്‍ഷകന്‍ പതിക്കമലഭാഗത്തുള്ള താഴ്വരയില്‍ കുടിയേറിപ്പാര്‍ത്തു. കലയന്താനി കറുകപ്പിള്ളി ഭാഗങ്ങളിലും പല കര്‍ഷകരും കുടിയേറി. ഇപ്രകാരം കുടിയേറിയ ഹിന്ദുക്കളും, ക്രിസ്താനികളും, മുസ്ളീങ്ങളും ആയ കര്‍ഷകര്‍ വളരെ യോജിപ്പിലും സൌഹാര്‍ദ്ദത്തിലും കഴിഞ്ഞിരുന്നു. ഈ പഞ്ചായത്തിലെ ഏറ്റവും പുരാതനമായ വെള്ളിയാമറ്റം ശ്രീദേവി ക്ഷേത്രത്തിന് നാലൂനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. കൊന്താല പള്ളിയും പഴക്കമേറിയ തീര്‍ത്ഥാടന കേന്ദ്രമാണ്. പഞ്ചായത്തിലെ പ്രമുഖ ക്രിസ്ത്യന്‍ തീര്‍ത്ഥാടന കേന്ദ്രമാണ് പന്നിമറ്റം കത്തോലിക്കാ ദേവാലയം.

കാര്‍ഷിക ചരിത്രം

1901-ല്‍ ബ്രിട്ടീഷ് കമ്പനി തുടങ്ങിയ തോട്ട അടിസ്ഥാനത്തിലുള്ള റബ്ബര്‍ കൃഷിയാണ് ഈ പഞ്ചായത്തിലെ ആധുനിക കാര്‍ഷിക ചരിത്രത്തിന്റെ ആരംഭം എന്നുപറയാം. മീനച്ചില്‍, മൂവാറ്റുപുഴ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് കുടിയേറിയ കര്‍ഷകര്‍ ആദ്യകാലങ്ങളില്‍ തെങ്ങ്, കമുക്, പ്ളാവ്, മാവ്, കശുമാവ്, തെരുവപ്പുല്ല് തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന സമ്മിശ്രകൃഷിരീതി ആയിരുന്നു ഭൂരിപക്ഷം പ്രദേശത്തും സ്വീകരിച്ചിരുന്നത്. എന്നാല്‍ സമീപ കാലത്ത് തെങ്ങ്, കമുക്  തുടങ്ങിയ വിളകളുടെ ഉത്പ്പാദനത്തില്‍ വന്ന ഭീമമായ കുറവും രോഗ ബാധകളും മൂലം ഈ കൃഷികളില്‍ നിന്നും കര്‍ഷകന്‍ പിന്നാട്ട് പോയി. ആദ്യകാലങ്ങളില്‍ അയല്‍പഞ്ചായത്തുകളായ അറക്കുളം, ആലക്കോട് തുടങ്ങിയ പഞ്ചായത്തുകളിലെ സ്ക്കൂളുകളില്‍ ദീര്‍ഘദൂരം നടന്നുപോയി ആളുകള്‍ വിദ്യാഭ്യാസം നടത്തിയിരുന്നു. ഇന്ന് സ്ഥിതി അതല്ല. ഏതാണ്ട് ശരാശരി 4 കിലോ മീറ്റര്‍ ഉള്ളില്‍ ഒരു എല്‍.പി സ്കൂളും 4 കിലോ മീറ്റര്‍  ഉള്ളില്‍ 3 യു.പി സ്കുളും  6 കിലോമീറ്റര്‍ ഉള്ളില്‍ ഒരു ഹൈസ്ക്കൂളും എന്ന നിലയില്‍ വിദ്യാഭ്യാസ സൌകര്യം ലഭ്യമാണ്.

വിദ്യാഭ്യാസചരിത്രം

1930കളില്‍ ഇന്നത്തെ ഒന്നാം വാര്‍ഡില്‍ സെന്റ് ജോസഫ്സ് ലോവര്‍ പ്രൈമറി സ്കൂള്‍ ഇളംദേശം  എന്ന പേരില്‍ ആരംഭിച്ച വിദ്യാലയമാണ് ഈ പഞ്ചായത്തിലെ പ്രഥമ വിദ്യാലയം. ഹൈസ്കൂളുകളില്‍ ആദ്യമായി തുടങ്ങിയത് ക്രൈസ്റ്റ് കിംഗ് ഹൈസ്കൂള്‍ വെള്ളിയാമറ്റമാണ്. 1952ല്‍ പ്രസ്തുത വിദ്യാലയം വിജയപുരം രൂപതയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ചത് ഒരു യു.പി സ്കൂള്‍ മാത്രമായിട്ടാണ്. പിന്നീട് 1964-ല്‍ ഇതൊരു ഹൈസ്കൂളായി ഉയര്‍ത്തുകയും ചെയ്തു. രണ്ടാമത്തേത് ഗവണ്‍മെന്റ് ട്രൈബല്‍ ഹൈസ്ക്കൂള്‍ പൂമലയാണ്. പ്രസ്തുത വിദ്യാലയം 1954-ല്‍ ആരംഭിച്ചത് ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ ആയിട്ടാണ്. തുടര്‍ന്ന് 1976-ല്‍ യു.പി സ്കൂളായും 1981ല്‍ ഹൈസ്കൂളായി ഉയര്‍ത്തുകയും ചെയ്തു.

ഗതാഗതചരിത്രം

1948-ല്‍ ആണ് ഈ പഞ്ചായത്തിലേക്ക് ഒരു ബസ് സര്‍വ്വീസ് ആദ്യമായി കടന്നുവന്നത്. എസ്.എം.എസ് കമ്പനി വക ഒരു കരിഗ്യാസ് വണ്ടി തൊടുപുഴ നിന്നും ഇളംദേശം വരെ ദിവസവും ഏതാനും ട്രിപ്പുകള്‍ സര്‍വ്വീസ് നടത്തിയിരുന്നു. തുടര്‍ന്ന് 1950-ല്‍ പ്രകാശ് ബസും പിന്നീട് യു.എം.എസ് ബസും സര്‍വ്വീസ് ആരംഭിച്ചു. പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലയില്‍ ഉള്ളവര്‍ വളരെ അത്യാവശ്യ കാര്യങ്ങള്‍ക്ക് ഇളംദേശം വരെ നടന്നുചെന്ന് ബസ് യാത്ര നടത്തിയിരുന്നു.  1965-ല്‍ വെള്ളിയാമറ്റം കറുകപ്പിള്ളി ഭാഗത്തേക്ക് ബസ് സര്‍വ്വീസ് ആരംഭിച്ചു. ഈ ബസ് വടക്കനാറ്റില്‍ കൂടി കയറിയിറങ്ങിപ്പോയിരുന്നു. 1958-ല്‍ പന്നിമറ്റം പള്ളിവികാരിയായി വന്ന ഫാദര്‍ ജോര്‍ജ്ജ് നമ്പ്യാപറമ്പിലിന്റെ നേതൃത്വത്തില്‍ ജനങ്ങളുടെ ശ്രമദാനം കൊണ്ട് ബസ് റൂട്ട് വികസിപ്പിച്ചു. തോട്ടം മേഖലയിലെ റോഡുകള്‍ക്ക് വീതി കൂട്ടി ബസ് റൂട്ട് പന്നിമറ്റം വരെ എത്തിച്ചു. ചരക്കുഗതാഗതത്തിന് ലോറികളും ജീപ്പുകളും ഉപയോഗിച്ചു തുടങ്ങി. തുടര്‍ന്ന് ഈ ഭാഗങ്ങളില്‍ മണ്‍റോഡുകള്‍ രൂപം കൊണ്ടു. ഇവയെല്ലാം മനുഷ്യവിഭവശേഷി കൊണ്ട് നിര്‍മ്മിച്ചവയാണ്. 1960കളില്‍ വനംമേഖലയിലെ പൂമാല, കൂവകണ്ടം, പൂച്ചപ്ര, കോഴിപ്പിള്ളി എന്നീ ഭാഗങ്ങളില്‍ ഏതാനും പുതിയ കൂപ്പ് റോഡുകള്‍ രൂപം കൊണ്ടു. ഈ റോഡുകള്‍ പലതും പിന്നീട് ഗ്രാമീണ റോഡുകളായി രൂപാന്തരപ്പെട്ടു.