പഞ്ചായത്തിലൂടെ

വെളിയാമറ്റം - 2010

1961 ഡിസംബര്‍ 28-നാണ് വെളളിയാമറ്റം ഗ്രാമപഞ്ചായത്ത് രൂപീകരിച്ചത്. 36.6 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് ഉടുമ്പന്നൂര്‍ പഞ്ചായത്ത്, തെക്ക് അറക്കുളം, കുടയത്തൂര്‍ പഞ്ചായത്തുകള്‍, കിഴക്ക് അറക്കുളം പഞ്ചായത്ത്, പടിഞ്ഞാറ് ആലക്കോട് പഞ്ചായത്ത് എന്നിവയാണ്. മൊത്തം വിസ്തൃതിയുടെ 10 ശതമാനം വനമേഖലയാണ്. 27270 വരുന്ന ജനസംഖ്യയില്‍ 14105 പേര്‍ സ്ത്രീകളും 13165 പേര്‍ പുരുഷന്‍മാരുമാണ് ജനതയുടെ സാക്ഷരത 90 ശതമാനം ആണ്. വെള്ളിയാമറ്റം പഞ്ചായത്ത് മലനാട് മേഖലയില്‍ പെടുന്ന ഒരു കാര്‍ഷിക ഗ്രാമമാണ്. ഉയര്‍ന്ന കുന്നുകളും താഴ്വരകളും പാറക്കെട്ടുകളും നിറഞ്ഞ ഭൂപ്രകൃതി പഞ്ചായത്തിന്റെ പ്രത്യേകതയാണ്. പൊതുവെ ഭൂമി കിഴക്കു നിന്നും പടിഞ്ഞാറോട്ടു ചെരിഞ്ഞു കിടക്കുന്നു. പഞ്ചായത്തില്‍ പ്രധാനമായും മണല്‍ കലര്‍ന്ന മണ്ണ്, ചുവന്ന മണ്ണ്, കറുത്ത മണ്ണ്, പാറ പൊടിഞ്ഞുണ്ടായ മണ്ണ്, ചെളിമണ്ണ് എന്നിവയാണ് കാണപ്പെടുന്നത്. ബ്രിട്ടീഷ് കമ്പനി 1901-ല്‍ തുടങ്ങി തോട്ട അടിസ്ഥാനത്തിലുള്ള റബ്ബര്‍ കൃഷിയില്‍ നിന്നാണ് ഈ പഞ്ചായത്തിലെ ആധുനിക കാര്‍ഷിക ചരിത്രത്തിന്റെ ആരംഭം. ഈ പഞ്ചായത്തില്‍ ഏറ്റവുമധികം കൃഷി ചെയ്യപ്പെടുന്ന ഒന്നാണ് റബ്ബര്‍. തെങ്ങ് , കാപ്പി, കുരുമുളക്, കമുക് എന്നിവയും കൃഷി ചെയ്തു വരുന്നു. തെങ്ങും തോട്ടങ്ങളില്‍ ഇടവിളയായി കൊക്കോ കൃഷി ചെയ്തു വരുന്നു. പൈനാപ്പിള്‍, പച്ചക്കറികള്‍, വാഴ, ഇഞ്ചി, മഞ്ഞള്‍, നെല്ല് എന്നിവയും പഞ്ചായത്തില്‍ കൃഷി ചെയ്യുന്നുണ്ട്. അറക്കുളം പഞ്ചായത്തിലെ പോത്തുമറ്റത്തു നിന്നും ഉത്ഭവിക്കുന്ന കിങ്ങിണിത്തോടും കലംകമഴ്ത്തിയില്‍ നിന്നും ആരംഭിക്കുന്ന കലംകമഴ്ത്തിത്തോടും വെളിയാമറ്റം പഞ്ചായത്തില്‍ സന്ധിച്ചുണ്ടാകുന്ന വടക്കനാറാണ് പഞ്ചായത്തിന്റെ ജീവനാഡി. ഈ പുഴയാണ് വെള്ളിയാമറ്റം പഞ്ചായത്തിന്റെ കാര്‍ഷികമേഖലയുടെ പച്ചപ്പിനും ഐശ്വര്യത്തിനും ആധാരം. ചേന്തനാറും പഞ്ചായത്തിലെ ജലസ്രോതസ്സുകളില്‍പ്പെടുന്നു. കൂടാതെ രണ്ട് കുളങ്ങളും ജലസേചനത്തിനായി ഉപയോഗിക്കുന്നു. പറമ്പുകാട്ടുമല, നെല്ലിക്കാമല, നാടുകാണി എന്നീ മലമടക്കുകള്‍ സമുദ്രനിരപ്പില്‍ നിന്നും 750 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളാണ്. ഇവ ഉയര്‍ന്ന പാറക്കെട്ടുകള്‍ ഉല്‍ക്കൊള്ളുന്ന മേഖലയാണ്. ഇമ്പിച്ചിമല, മേത്തൊട്ടിമല, കിഴക്കന്‍മല, കോഴിപ്പള്ളിമല, കരിപ്പലങ്ങാടി എന്നിവയാണ് പഞ്ചായത്തിലെ മറ്റു മലകള്‍. 20 പൊതുകിണറുകളാണ് പഞ്ചായത്തിലുള്ളത്. 394 പൊതുകുടിവെള്ള ടാപ്പുകള്‍ ശുദ്ധജല വിതരണത്തിനായി പഞ്ചായത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. 116 തെരുവുവിളക്കുകളാണ് പഞ്ചായത്തിലെ വീഥികളില്‍ സ്ഥാപിച്ചിട്ടുള്ളത്. കുന്നുകളും മലകളും നിറഞ്ഞ പഞ്ചായത്തിന്റെ പ്രകൃതി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. നാടുകാണിമല, തുമ്പിച്ചിമല, ഞണ്ടിറുക്കി വെള്ളച്ചാട്ടം, കാലന്‍മാലി വെള്ളച്ചാട്ടം എന്നിവ പഞ്ചായത്തിലെ പ്രകൃതിസുന്ദരപ്രദേശങ്ങളാണ്. വ്യോമ ഗതാഗതത്തിനായി പഞ്ചായത്തിന്റെ ഏറ്റവും അടുത്തുളള വിമാനത്താവളം നെടുമ്പാശ്ശേരിയാണ്. കോട്ടയം, ആലുവ, എറണാകുളം റെയില്‍വേ സ്റ്റേഷനുകളെയാണ് ജനങ്ങള്‍ റെയില്‍ ഗതാഗതത്തിനായി ആശ്രയിക്കുന്നത്. തുറമുഖമെന്ന നിലയില്‍ കൊച്ചി തുറമുഖമാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത്. ബസ് ഗതാഗതത്തിന് പഞ്ചായത്തിനോട് ഏറ്റവും അടുത്തുള്ളത് തൊടുപുഴ ബസ് സ്റ്റാന്റാണ്. തൊടുപുഴ -മൂലമറ്റം-ഇടുക്കി റോഡ് പഞ്ചായത്തിലൂടെ കടന്നു പോകുന്നു. തൊടുപുഴ-പന്നിമറ്റം, തൊടുപുഴ വെട്ടിമറ്റം, പൂച്ചപ്രദേവരുപാറ, തൊടുപുഴ കലയന്‍താന്നി എന്നീ റോഡുകളും പഞ്ചായത്തിലെ പ്രധാന ഗതാഗതമാര്‍ഗ്ഗങ്ങളാണ്. പാലം സിറ്റി, കൂവക്കണ്ടം, ഇറക്കുമ്പാലം, പന്നിമറ്റം-വെളിയാമറ്റം പാലം എന്നീ പാലങ്ങളും പഞ്ചായത്തിലുണ്ട്. ചെറുകിട ഇടത്തരം വ്യവസായങ്ങളാണ് പഞ്ചായത്തിലെ വ്യവസായരംഗത്തുള്ളത്. ചെറുകിട വ്യവസായ സ്ഥാപനമായ ഹൈറേഞ്ച് പോളിമേഴ്സ് പന്നിമറ്റത്ത് പ്രവര്‍ത്തിക്കുന്നു. വാട്ടര്‍ ടാങ്ക് ആണ് ഈ സ്ഥാപനത്തില്‍ പ്രധാനമായും ഉത്പാദിപ്പിക്കുന്നത്. ഇടത്തരം വ്യവസായ സ്ഥാപനമായ കുര്യന്‍ എബ്രഹാം പ്രൈവറ്റ് ലിമിറ്റഡ് പന്നിമറ്റത്ത് പ്രവര്‍ത്തിക്കുന്നു. 3 ഗ്യാസ് എജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത് തൊടുപുഴയിലാണ്. പഞ്ചായത്തിലെ പൊതുവിതരണ മേഖലയില്‍ 10 റേഷന്‍കടകള്‍ പ്രവര്‍ത്തിക്കുന്നു. ഒരു മാവേലി സ്റ്റോറും ഒരു നീതി സ്റ്റോറും പഞ്ചായത്തിലെ പൊതുവിതരണരംഗത്തുണ്ട്. ഹിന്ദു,ക്രിസ്ത്യന്‍, മുസ്ളീം വിഭാഗങ്ങളില്‍പ്പെട്ട ജനങ്ങള്‍ അധിവസിക്കുന്ന പ്രദേശമാണ് വെള്ളിയാമറ്റം പഞ്ചായത്ത്. പുരാതനമായ ഹിന്ദു ക്രിസ്ത്യന്‍ മുസ്ളീം ദേവാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. വെളിയാമറ്റം ശ്രീദേവിക്ഷേത്രത്തിന് നാലു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. കൊന്താലപ്പള്ളി ജുമാമസ്ജിദും പഴക്കമേറിയ തീര്‍ത്ഥാടന കേന്ദ്രമാണ് പന്നിമറ്റം സെന്റ് സെബാസ്റ്യന്‍സ് പള്ളി ഇവയുള്‍പ്പെടെ 12 ക്ഷേത്രങ്ങളും 4 ക്രിസ്ത്യന്‍ പള്ളികളും 5 മുസ്ളീം പള്ളികളും പഞ്ചായത്തില്‍ അങ്ങിങ്ങായി സ്ഥിതി ചെയ്യുന്നു. ക്ഷേത്രോത്സവങ്ങളും പള്ളിപെരുന്നാളുകളും പഞ്ചായത്തില്‍ ആഘോഷിക്കപ്പെടുന്നു. തൊടുപുഴ താലൂക്കിലെ പ്രധാന കുരിശുമലയായ തുമ്പിച്ചിയിലെ മലകയറ്റം എല്ലാ ദുഃഖ വെള്ളിയും ആചരിച്ചുവരുന്നു.ആരോഗ്യപരിപാലന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ പഞ്ചായത്തിലുണ്ട്. ഇളംദേശത്തും പൂമാലയിലുമാണ് പ്രാഥമികരോഗ്യകേന്ദങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പി.എച്ച്,സി.യുടെ ഉപകേന്ദ്രങ്ങള്‍ പന്നിമറ്റം, കൂവക്കണ്ടം, പൂച്ചപ്ര എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. നാളിയാനിയിലും കുരുതിക്കളത്തുമുള്ള സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രികളും ആരോഗ്യമേഖലയിലെ പ്രധാന സ്ഥാപനങ്ങളാണ്. കറുകപള്ളിയില്‍ സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറിയും പ്രവര്‍ത്തിക്കുന്നുണ്ട്. പന്നിമറ്റത്ത് രണ്ട് സ്വകാര്യ അലോപ്പതി ആശുപത്രിയും ഒരു ഹോമിയോ ഡിസ്പെന്‍സറിയും പ്രവര്‍ത്തിക്കുന്നു. തൊടുപുഴ മുനിസിപ്പാലിറ്റി, തൊടുപുഴ താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ നിന്നുമുള്ള ആംബുലന്‍സ് സേവനം പഞ്ചായത്തില്‍ ലഭ്യമാണ്. തൊടുപുഴ സ്നേഹദീപം, മുതലക്കോട് ഹോളിഫാമിലി ഹോസ്പിറ്റല്‍, മൂലമറ്റം ബിഷപ്പ് വയലില്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്നും ആംബുലന്‍സ് സേവനം പഞ്ചായത്തില്‍ ലഭ്യമാക്കുന്നുണ്ട്. മൃഗചികിത്സയ്ക്കായി പന്നിമറ്റത്ത് ഒരു മൃഗാശുപത്രി പ്രവര്‍ത്തിച്ചുവരുന്നു. 1930 കളില്‍ ആരംഭിച്ച ഇളംദേശം സെന്റ് ജോസഫ് എല്‍.പി സ്കൂള്‍ ആണ് പഞ്ചായത്തിലെ പ്രഥമ വിദ്യാലയം. ഇന്ന് വെളിയാമറ്റം പഞ്ചായത്തില്‍ 9 വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നു. പൂമാല ഗവ.ട്രൈബല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, പൂച്ചപ്ര ഗവ.യു.പി.എസ്, നാളിയാനി ഗവ.എല്‍.പിഎസ് എന്നിവയാണ് സര്‍ക്കാര്‍ മേഖലയിലുള്ള വിദ്യാലയങ്ങള്‍. സ്വകാര്യമേഖലയില്‍ ഒരു വൊക്കോഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളും, ഒരു യൂ.പി സ്കൂളും, 3 എല്‍.പി സ്കൂളുകളും ഉള്‍പ്പെടെ 6 വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഫെഡറള്‍ ബാങ്കിന്റെ ഒരു ശാഖ വെള്ളിയാമറ്റം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇടുക്കി ജില്ലാ സഹകരണ ബാങ്ക്, വെളിയാമറ്റം സര്‍വ്വീസ് സഹകരണ ബാങ്ക്, പന്നിമറ്റം സര്‍വ്വീസ് സഹകരണ ബാങ്ക് എന്നിവ സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന സ്ഥാപനങ്ങളാണ്. വായനയുടെ ലോകത്ത് 4 ഗ്രന്ഥശാലകളും 4 വായനശാലകളും പഞ്ചായത്തിലെ സജീവ സാന്നിദ്ധ്യമാണ്. വെള്ളിയാമറ്റം ഗ്രന്ഥശാല, പന്നിമറ്റം ഗ്രന്ഥശാല, പൂമാല ഗ്രന്ഥശാല, നാളിയാനി ഗ്രന്ഥശാല എന്നിവയാണ് പ്രധാന ഗ്രന്ഥശാലകള്‍. ഇളംദേശം, വെട്ടിമറ്റം, ദേവരുപാറ, വെള്ളിയാമറ്റം വായനശാലകളും പഞ്ചായത്തിലെ സാംസ്കാരികരംഗത്ത് നിലകൊള്ളുന്നു. പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളുകള്‍ മേത്തൊട്ടി, കൂവക്കണ്ടം, കോഴിപ്പളളി, പന്നിമറ്റം എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്നു. പൊതുപരിപാടികള്‍ക്കും കല്ല്യാണ ചടങ്ങള്‍ക്കുമായി ജനങ്ങള്‍ ഈ കമ്മ്യൂണിറ്റി ഹാളുകള്‍ പ്രയോജനപ്പെടുന്നു. വൈദ്യുതബോര്‍ഡ് ഓഫീസ് മൂലമറ്റത്ത് സ്ഥിതിചെയ്യുന്നു . വെളിയാമറ്റം, ദേവരുപാറ, ഇളംദേശം, പന്നിമറ്റം, കൂവക്കണ്ടം എന്നീ സ്ഥലങ്ങളിലാണ് തപാല്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്. ഐ.ടി.ഡി.പി ഓഫീസ് പൂമാലയിലും റബര്‍ ബോര്‍ഡ് റീജിയണല്‍ ഓഫീസ് പൂച്ചപ്രയിലും പ്രവര്‍ത്തിക്കുന്നു. വാട്ടര്‍ അതോറിറ്റി ഓഫീസ് തൊടുപുഴയിലാണ് പ്രവര്‍ത്തിക്കുന്നത്. വെളളിയാമറ്റത്താണ് വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. വെള്ളിയാമറ്റം പഞ്ചായത്തിലെ കൃഷിഭവന്‍ പ്രവര്‍ത്തിക്കുന്നത് പന്നിമറ്റത്താണ്. കാഞ്ഞാര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന പ്രദേശമാണ് വെള്ളിയാമറ്റം പഞ്ചായത്ത്. ഇളംദേശത്തും പൂമാലയിലും ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നു. 188 കുടുംബശ്രീ യൂണിറ്റുകള്‍ വെള്ളിയാമറ്റം പഞ്ചായത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.