വെള്ളിനേഴി

പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലം താലൂക്കിലെ ശ്രീകൃഷ്ണപുരം ബ്ളോക്കില്‍ വെള്ളിനേഴി വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് വെള്ളിനേഴി ഗ്രാമപഞ്ചായത്ത്. 1960-ല്‍ രൂപീകരിക്കപ്പെട്ട വെള്ളിനേഴി പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് ഒളപ്പമണ്ണ മന ചെറിയ നാരായണന്‍ നമ്പൂതിരിപ്പാടായിരുന്നു. പഞ്ചായത്തിന്റെ അതിരുകള്‍ തെക്ക് പൂക്കോട്ട്കാവ്, തൃക്കടീരി പഞ്ചായത്തുകള്‍ വടക്ക് തച്ചനാട്ടുകര, കരിമ്പുഴ പഞ്ചായത്തുകള്‍ പടിഞ്ഞാറ് ചെര്‍പ്പുളശ്ശേരി, തച്ചനാട്ടുകര പഞ്ചായത്തുകള്‍, മലപ്പുറം ജില്ലയിലെ ആലിപ്പറമ്പ് പഞ്ചായത്ത് കിഴക്ക് ശ്രീകൃഷ്ണപുരം, പൂക്കോട്ട്കാവ് പഞ്ചായത്തുകള്‍ എന്നിവയാണ്. ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ മലകളും കുന്നുകളും, കുന്നില്‍ ചെരിവുകളും ഉയര്‍ന്ന സമതലം, താഴ്ന്ന സമതലം എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. മാരിയമ്മന്‍ കോവില്‍, വൈഷ്ണവ ശിവക്ഷേത്രങ്ങള്‍, ഭഗവതിക്കാവ്, മുസ്ളീം പള്ളികള്‍ തുടങ്ങിയവ ഈ പഞ്ചായത്തിലെ പ്രധാന ആരാധനാലയങ്ങളാണ്. ആറന്‍മുള കണ്ണാടിയോളം പ്രസിദ്ധമായ അടയ്ക്കാപുത്തൂര്‍ കണ്ണാടിയുടെ ജന്‍മദേശം വെള്ളിനേഴിയാണ്. ഓട്ടുപാത്രനിര്‍മ്മാതാവായ കുമാര നിലയത്തിലെ ബാലനാണ് ഈ ലോഹകണ്ണാടിയുടെ ശില്‍പ്പിയും ഉപഞ്ജാതാവും. പ്രശസ്ത കവി ഒളപ്പമണ്ണ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാടിന്റെ തറവാടായ ഒളപ്പമണ്ണ മന ഈ പഞ്ചായത്തിലാണ്. ഇന്ന് ഇത് ഒരു ഷൂട്ടിങ്ങ് കേന്ദ്രവും അതിലുപരി ഒരു കഥകളി പഠനകേന്ദ്രവും കൂടിയാണ്. ഭുവിസ്തൃതിയുടെ വളരെ ചെറിയ ശതമാനം മാത്രമേ വനപ്രദേശം ഉള്ളൂവെങ്കിലും ദൂരത്തുമല, നെല്ലിപ്പറ്റക്കുന്ന്, കടുക്കാംകുന്ന് തുടങ്ങി മനോഹരമായ പ്രദേശങ്ങളാല്‍ സമ്പന്നമാണ് വെള്ളിനേഴി. ഏകദേശം 6 കിലോമീറ്റര്‍ നീളത്തില്‍ പഞ്ചായത്തിന്റെ വടക്കന്‍ അതിര്‍ത്തിയിലൂടെ ഒഴുകുന്ന തൂതപ്പുഴയാണ് വെള്ളിനേഴിയിലെ കൃഷിക്ക് സഹായകമാകുന്നത്. ജലസേചനത്തിനായി വെള്ളിനേഴിയില്‍ ഒന്നും അടക്കാതുരുത്തില്‍ രണ്ടും ന്താളാകുറിശ്ശിയില്‍ ഒന്നും ക്രോസ്ബാറുകള്‍ പരമ്പരാഗത തോടുകളില്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പു നിര്‍മ്മിച്ചിട്ടുണ്ട്. വന്‍കിട ജലസേചന പദ്ധതിയായ കാഞ്ഞിരപ്പുഴ പദ്ധതിയുടെ ഇടതു കനാല്‍ 4000 മീറ്റര്‍ ഈ പഞ്ചായത്തിലൂടെ കടന്നുപോകുന്നു. പരമ്പരാഗത മേഖലയില്‍ നെയ്ത്ത്, ഓട്ടുപാത്ര-കൌതുക വസ്തു നിര്‍മ്മാണം, ഇരുമ്പുപണി, മരപ്പണി, കഥകളി കോപ്പ് നിര്‍മ്മാണം എന്നിങ്ങനെയുള്ള തൊഴിലുകളില്‍ ഏര്‍പ്പെട്ടിട്ടുള്ള ധാരാളം കുടുംബങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. അങ്ങേയറ്റം വൈദഗ്ദ്ധ്യം ആവശ്യമുള്ള ആധുനിക സര്‍ജിക്കല്‍ ഉപകരണങ്ങളുടെ നിര്‍മ്മാണത്തിലേര്‍പ്പെട്ടിട്ടുള്ള ഇരുമ്പുപണിക്കാരും ആറന്‍മുള കണ്ണാടിയെ വെല്ലുന്ന അടയാക്കാപുത്തൂര്‍ കണ്ണാടികള്‍ നിര്‍മ്മിക്കുന്ന വിദഗ്ദ്ധരായ ഓടുവാര്‍പ്പുകാരും ഇക്കൂട്ടത്തില്‍ എടുത്തു പറയേണ്ടവര്‍ ആണ്.