ചരിത്രം

വെള്ളിനേഴിയിലെ സ്ഥാപനാധിഷ്ഠിതമായ വിദ്യാഭ്യാസത്തിന് ഏതാണ്ട് ഒന്നകാല്‍ നൂറ്റാണ്ടിന്റെ ചരിത്രമുണ്ട്. 1876-ല്‍ അടക്കാപുത്തൂരിലും 1885-ല്‍ വെള്ളിനേഴിയിലും 1896-ല്‍ കുറുവട്ടൂരും 1905-ല്‍ കുളക്കാട്ടും വിദ്യാലയങ്ങള്‍ സ്ഥാപിച്ചതോടെയാണ് വെള്ളിനേഴിയില്‍ ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കമായത്. ഇന്ന് പഞ്ചായത്തില്‍ 10 എയ്ഡഡ് സ്ക്കൂളുകളും മൂന്ന് സര്‍ക്കാര്‍ സ്ക്കൂളുകളും ഉള്‍പ്പെടെ 13 സരസ്വതി മന്ദിരങ്ങള്‍ കുട്ടികള്‍ക്ക് അറിവ് പകര്‍ന്നു കൊടുക്കുന്നു. സമ്പന്നമായ ഒരു സാംസ്കാരിക ചരിത്രവും തനിമയും പാരമ്പര്യവും സ്വന്തമായുള്ള വെള്ളിനേഴി എന്ന കര്‍ഷകഗ്രാമത്തിന് കേരളത്തിന്റെ സാംസ്കാരിക ഭുപടത്തില്‍ പ്രത്യേക സ്ഥാനമുണ്ട്. വള്ളുവനാടന്‍ പൂരങ്ങളുടെ വര്‍ണ്ണവിസ്മയങ്ങളും കളിവിളക്കിനു മുന്നില്‍ തെളിഞ്ഞുവിടരുന്ന കഥകളിയുടെ മായിക ലോകവും പറയടിയുടെ പരുക്കന്‍ താളങ്ങള്‍ക്കൊത്ത് ചുവടുവെച്ച് നീങ്ങുന്ന തിറയും ഈ ഗ്രാമത്തിന്റെ മാത്രം പ്രത്യേകതകളാണ്. സാംസ്കാരിക തനിമ വിളിച്ചോതുന്ന ധാരാളം ക്ഷേത്രങ്ങളുടെ ഒരു ഗ്രാമം കൂടിയാണ് വെള്ളിനേഴി. ഉത്രത്തിന്‍ കാവ് ഭഗവതി ക്ഷത്രം, കാന്തള്ളൂര്‍ ശ്രീകൃഷ്ണക്ഷേത്രം, ത്രിപുലിക്കല്‍ ശിവക്ഷേത്രം, കാട്ടിലയ്യപ്പന്‍ ക്ഷേത്രം ചക്കിമുറ അയ്യപ്പന്‍ ക്ഷേത്രം, കിള്ളിക്കുറുശ്ശികാവ് തുടങ്ങിയവ അതില്‍ ചിലത് മാത്രം. പൂരങ്ങളും വേലകളുമാണ് ഇവിടുത്തെ പ്രധാന ഉത്സവങ്ങള്‍. അടക്കാപുത്തൂരിലുള്ള ജുമാ മസ്ജിദ് ആണ് വെള്ളിനേഴിയിലെ ഒരേ ഒരു മുസ്ളീം ആരാധനാലയം. കഥകളി രംഗത്ത് ചൈതന്യവത്തായ ഓര്‍മ്മകളിലൂടെ ഇന്നും കലാകാരന്‍മാര്‍ക്ക് പ്രചോദനം നല്‍കുന്ന മണ്‍മറഞ്ഞ ഒട്ടേറെ പ്രഗത്ഭമതികളുടെ നാട് കൂടിയാണ് വെള്ളിനേഴി. ഗുരുശ്രേഷ്ഠനായ പട്ടിക്കാംതൊടി രാമനുണ്ണി മേനോന്‍, ഇട്ടിരാരിച്ചമേനോന്‍, രൌദ്രഗംഭീരമായ ചുവന്നതാടി വേഷങ്ങളില്‍ തിളങ്ങുന്ന വെള്ളിനേഴി നാണു നായര്‍, കഥകളി സംഗീതത്തെ ഉദാത്തമേഖലയിലേക്കുയര്‍ത്തിയ കലാമണ്ഡലം ഉണ്ണിക്കുറുപ്പ്, ചെണ്ട വിദഗ്ദന്‍ കൃഷ്ണന്‍കുട്ടിപ്പെരുമാള്‍, അച്ചുണ്ണിപെരുമാള്‍, തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം. സാമൂഹ്യ പ്രവര്‍ത്തകനും, സംസ്കൃത പണ്ഡിതനുമായ ഒ.എം.സി. നാരായണന്‍ നമ്പൂതിരി, കഥകളി കോപ്പ് നിര്‍മ്മാണ വിദഗ്ധനായ കോതാവില്‍ കൃഷ്ണനാശാരി, പ്രശസ്ത കവി ഒളപ്പമണ്ണ സുബ്രഹ്മണ്യന്‍ നമ്പൂതിരി എന്നിവരും ഈ നാടിന്റെ സംഭാവനകളാണ്. വെള്ളിനേഴി പഞ്ചായത്തിലാണ് തൊട്ടടുത്ത ഗ്രാമങ്ങളിലേയും മറ്റു സ്ഥലങ്ങളിലേയും ക്ഷേത്രങ്ങളിലേക്കുള്ള വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്നത്. വിഗ്രഹകലയില്‍ പേരുകേട്ട വ്യക്തിയാണ് ഹരിഗോവിന്ദന്‍്. ആറന്‍മുള കണ്ണാടിയോളം പ്രസിദ്ധമായ അടയ്ക്കാപുത്തൂര്‍ കണ്ണാടിയുടെ ജന്‍മദേശം വെള്ളിനേഴിയാണ്. ഓട്ടുപാത്രനിര്‍മ്മാതാവായ കുമാര നിലയത്തിലെ ബാലനാണ് ഈ ലോഹകണ്ണാടിയുടെ ശില്‍പ്പിയും ഉപഞ്ജാതാവും. വെള്ളോടു മിനുക്കിയാണ് കണ്ണാടിയുണ്ടാക്കുന്നത്. ഈയവും ചെമ്പും പ്രത്യേക അനുപാതത്തില്‍ കൂട്ടി ലോഹക്കൂട്ട് തയ്യാറാക്കുന്നതിലാണ് കണ്ണാടിയുടെ പൂര്‍ണ്ണത. കൂട്ടുലോഹത്തകിട് തയ്യാറാക്കി കഴിഞ്ഞാല്‍ ഉരക്കടലാസിലിട്ട് പ്രതലം ഉരച്ച് മിനുക്കും അതിന് ശേഷം മൂശാപ്പാടി കൊണ്ടുള്ള പ്രയോഗം കൂടി കഴിഞ്ഞാല്‍ അടയ്ക്കാ പുത്തൂര്‍ കണ്ണാടി തയ്യാര്‍. ജന്മിത്വ ഭരണം നിലനിന്നിരുന്ന വെള്ളിനേഴി ആദ്യകാലത്ത് ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ ആയിരുന്നു. കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ നടന്ന ദേശീയ പ്രസ്ഥാന സമരങ്ങളില്‍ പങ്കെടുത്തപ്രമുഖരാണ് ഈ പഞ്ചായത്തിലെ തേലക്കാട് ശങ്കരനാരായണന്‍ നമ്പൂതിരി, കിഴക്കെപ്പാട് ശിവരാമമേനോന്‍, ഒ.എം.നീലകണ്ഠന്‍ നമ്പൂതിരിപ്പാട് എന്നിവര്‍. കുടിയൊഴിപ്പിക്കലിനെതിരെയുള്ള സമരം, പെരുമാങ്ങോട്ടു ചന്തയിലെ സമരം, പെരിന്തല്‍മണ്ണയില്‍ പാട്ടമൊഴിവാക്കണമെന്നാവശ്യപ്പെട്ട് ബി.ജി.പണിക്കരുടെ നേതൃത്വത്തില്‍ നടന്ന കര്‍ഷകജാഥ എന്നിവ ഈ പഞ്ചായത്തില്‍ നടന്ന പ്രമുഖ സമരങ്ങളാണ്. നമ്പൂതിരി സമുദായ നവീകരണ പ്രവര്‍ത്തനങ്ങളുമായി പ്രവര്‍ത്തിച്ചിരുന്ന നരിക്കാട്ടുകാരിയായ ദേവകി ഗാന്ധിജിയുടെ വാര്‍ധയിലെ ആശ്രമത്തില്‍ മൂന്നു വര്‍ഷം അന്തേവാസിയായിരുന്നു. സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങള്‍ വഴി ഗ്രന്ഥശാലാപ്രസ്ഥാനങ്ങള്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍, ദേശീയപതാക ഉയര്‍ത്തല്‍, ഖദര്‍ നൂല്‍നൂല്‍പ്പ് പ്രചരിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടത്തപ്പെടുകയുണ്ടായി. വാണിജ്യ ഗതാഗത പ്രാധാന്യമുള്ള വെള്ളിനേഴി പഞ്ചായത്തിലെ അടക്കപുത്തൂര്‍ മുതല്‍ മംഗലാപുരംകുന്നു വഴി കടന്നുപോകുന്ന ചെര്‍പ്പുളശ്ശേരി പാലക്കാട് റോഡും, തിരുവാഴിയോട്-മണ്ണാര്‍ക്കാട് റോഡിലെ സുമാര്‍ 700 മീറ്റര്‍ റോഡുമാണ് ആദ്യകാല ഗതാഗത മാര്‍ഗങ്ങള്‍.