പഞ്ചായത്തിലൂടെ

വെള്ളിനേഴി - 2010

ഭുപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന ഒരു കാര്‍ഷിക ഗ്രാമമാണ് വെള്ളിനേഴി. തൂതപ്പുഴ അതിരുകാക്കുന്ന വെള്ളിനേഴി പഞ്ചായത്തിനെ പൊതുവേ മലകളും കുന്നുകളും, കുന്നിന്‍ ചരിവുകള്‍, ഉയര്‍ന്ന സമതലം, വയലുകള്‍ എന്നിങ്ങനെ നാലായി തിരിച്ചിരിക്കുന്നു. ഭുവിസ്തൃതിയുടെ വളരെ ചെറിയ ശതമാനം മാത്രമേ വനപ്രദേശം ഉള്ളൂവെങ്കിലും ദൂരത്തുമല, നെല്ലിപ്പറ്റക്കുന്ന്, കടുക്കാം കുന്ന് തുടങ്ങി മനോഹരമായ പ്രദേശങ്ങളാല്‍ സമ്പന്നമാണ് വെള്ളിനേഴി. ഭുമിയുടെ പൊതുവായ കിടപ്പനുസരിച്ച് കിഴക്കുനിന്നു പടിഞ്ഞാറോട്ട് ചരിഞ്ഞാണ് ഈ ഭുപ്രദേശം സ്ഥിതി ചെയ്യുന്നത്. ആരംഭഘട്ടത്തില്‍ നെല്ലും അല്‍പ്പം കിഴങ്ങ് വര്‍ഗ്ഗങ്ങളും കൃഷി ചെയ്തിരുന്ന ഒരുപ്പൂവല്‍, ഇരുപ്പൂവയല്‍ നിലങ്ങളും തെങ്ങും കവുങ്ങും മാവും, പ്ളാവും, ഇടക്ക് കുരുമുളകും വെറ്റിലയും കൃഷി ചെയ്തു വന്ന കുടിയിരുപ്പുകളും ഇടചേര്‍ന്ന്നിന്നതായിരുന്നു വെള്ളിനേഴി. കാഞ്ചന, ജ്യോതി, ഐശ്വര്യ, ഉമ, മകരം തുടങ്ങിയ വിത്തിനങ്ങളാണ് നെല്‍കൃഷിക്ക് പ്രധാനമായും ഉപയോഗിക്കുന്നത്. ഈ പ്രദേശത്തെ ഇന്നത്തെ മറ്റ് പ്ര ധാന കൃഷികള്‍ തെങ്ങ്, റബ്ബര്‍, വാഴ, ചേന, കവുങ്ങ്, കുരുമുളക്, കശുമാവ് തുടങ്ങിയവയാണ്. കോട്ടയം, പാളയംകോട്, ഞാലിപ്പൂവന്‍, മാണിലാകുന്നന്‍, മൈസൂര്‍ തുടങ്ങിയ ഇനങ്ങളാണ് വാഴകൃഷിക്ക് പ്രധാനമായും ഉപയോഗിക്കുന്നത്. ഏകദേശം 6 കിലോമീറ്റര്‍ നീളത്തില്‍ പഞ്ചായത്തിന്റെ വടക്കന്‍ അതിര്‍ത്തിയിലൂടെ ഒഴുകുന്ന തൂതപ്പുഴയാണ് വെള്ളിനേഴിയിലെ കര്‍ഷകര്‍ക്ക് കാര്‍ഷികാവശ്യങ്ങള്‍ക്കായി കുറച്ചെങ്കിലും ആശ്വാസം നല്‍കുന്നത്. പഞ്ചായത്തിലെ മറ്റ് ജലസ്രോതസ്സുകളാണ് തോടുകളും കൈത്തോടുകളും എങ്കിലും കര്‍ഷകര്‍ ജലസേചനത്തിനായി പ്രധാനമായും ആശ്രയിക്കുന്നത് കുളങ്ങളെയാണ്. 37 പൊതുകുളങ്ങളും 300 സ്വാകാര്യകുളങ്ങളും ഉള്‍പ്പെടെ പഞ്ചായത്തില്‍ 337 കുളങ്ങളുണ്ട്. ജലസേചനത്തിനായി വെള്ളിനേഴിയില്‍ ഒന്നും അടക്കാതുരുത്തില്‍ രണ്ടും ന്താളാകുറിശ്ശിയില്‍ ഒന്നും ക്രോസ്ബാറുകള്‍ പരമ്പരാഗത തോടുകളില്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പു നിര്‍മ്മിച്ചിരിക്കുന്നു. വന്‍കിട ജലസേചന പദ്ധതിയായ കാഞ്ഞിരപ്പുഴ പദ്ധതിയുടെ ഇടതു കനാല്‍ 4000 മീറ്റര്‍ ഈ പഞ്ചായത്തിലൂടെ കടന്നുപോകുന്നു. കര്‍ഷക ഗ്രാമമായ വെള്ളിനേഴി പഞ്ചായത്തില്‍  കുളക്കാട് ഒരു മൃഗാശുപത്രിയും കുറ്റാനശ്ശേരിയില്‍ ഒരു ഐ. സി. സി. പി. സബ് സെന്ററും പ്രവര്‍ത്തിക്കുന്നു. 1960-ല്‍ ആണ് കര്‍ഷക ഗ്രാമമായ വെള്ളിനേഴി ഗ്രാമപഞ്ചായത്ത് ഔദ്യോഗികമായി നിലവില്‍ വന്നത്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കില്‍ ശ്രീകൃഷ്ണപുരം ബ്ളോക്ക് പരിധിയിലാണ് വെള്ളിനേഴി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 26.86 ച.കി.മീ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് തൂതപ്പുഴ, കരിമ്പുഴ പഞ്ചായത്തും, തെക്ക് പൂക്കോട്ടുകാവ്, തൃക്കടീരി പഞ്ചായത്തുകളും കിഴക്ക് ശ്രീകൃഷ്ണപുരം പഞ്ചായത്തും പടിഞ്ഞാറ് ചെര്‍പുളശ്ശേരി പഞ്ചായത്തുമാണ്. 8017 പുരുഷന്‍മാരും 8751 സ്ത്രീകളും ഉള്‍പ്പെടെ 16768 ആണ് ഗ്രാമത്തിലെ മൊത്തം ജനസംഖ്യ. ഇതില്‍ 88.45% ത്തോളം പേര്‍ സാക്ഷരരാണ്. ഗ്രാമവാസികളുടെ മുഖ്യകുടിനീര്‍സ്രോതസ്സ് കിണറുകളാണ്. 86 പൊതുകിണറുകളും 69 കുടിവെള്ള ടാപ്പുകളും ശുദ്ധജല ആവശ്യങ്ങള്‍ക്കായി പഞ്ചായത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള തെരുവുവിളക്കുകള്‍ പഞ്ചായത്തില്‍ രാത്രികാല ഗതാഗതം സുഗമമാക്കുന്നു. പഞ്ചായത്തിന്റെ പൊതുവിതരണ മേഖലയില്‍ 8 റേഷന്‍കടകള്‍ പ്രവര്‍ത്തിക്കുന്നു. വെള്ളിനേഴി, മുളക്കാട് വില്ലേജോഫീസുകളുടെ ഭരണപരിധിയില്‍ പ്രവര്‍ത്തിക്കുന്ന വെള്ളിനേഴി ഗ്രാമപഞ്ചായത്തില്‍ ഒരു പഞ്ചായത്ത് ഓഫീസും കര്‍ഷകരുടെ ആശാകേന്ദ്രമായി കൃഷിഭവനും കുളക്കാട് ഒരു വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസും പ്രവര്‍ത്തിക്കുന്നു. തിരുനാരായണപുരത്ത് ഒരു കല്യാണമണ്ഡപവും അടക്കാപൂത്തൂരില്‍ ഒരു ടെലഫോണ്‍ എക്സ്ചേഞ്ചും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. ശ്രീകൃഷ്ണപുരം പോലീസ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്  വെള്ളിനേഴി പഞ്ചായത്തിലെ തിരുവാഴിയോടാണ്. വെള്ളിനേഴി ഗ്രാമപഞ്ചായത്തില്‍ രണ്ട് സബ് തപാല്‍ ഓഫീസുകളും നാലു ബ്രാഞ്ചുകളും പ്രവര്‍ത്തിച്ചു വരുന്നു. പ്രശസ്ത കവി ഒളപ്പമണ്ണ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാടിന്റെ തറവാടായ ഒളപ്പമണ്ണ മന ഈ പഞ്ചായത്തിലാണ്. ഇന്ന് ഇത് ഒരു ഷൂട്ടിങ്ങ് കേന്ദ്രവും അതിലുപരി ഒരു കഥകളി പഠനകേന്ദ്രവും കൂടിയാണ്. ഈ ഗ്രാമത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങള്‍ തിരുവാഴിയോട്, വെള്ളിനേഴി, അടക്കാപുന്നൂര്‍ എന്നിവയാണ്. പൊതുവേ കാര്‍ഷിക ഗ്രാമമായ വെള്ളിനേഴി വ്യാവസായികമായി പിന്നാക്കം നില്‍ക്കുന്ന പഞ്ചായത്താണ്. വന്‍കിട വ്യാവസായ രംഗത്തോ പൊതുമേഖലയിലോ വന്‍കിട വ്യവസായങ്ങള്‍ ഒന്നും തന്ന ഇല്ല എങ്കിലും പരമ്പരാഗത മേഖലയില്‍ നെയ്ത്ത്, ഓട്ടുപാത്ര-കൌതുക വസ്തു നിര്‍മ്മാണം, ഇരുമ്പുപണി, മരപ്പണി, കഥകളി കോപ്പ് നിര്‍മ്മാണം എന്നിങ്ങനെയുള്ള തൊഴിലുകളില്‍ ഏര്‍പ്പെട്ടിട്ടുള്ള ധാരാളം കുടുംബങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. അങ്ങേയറ്റം വൈദഗ്ദ്ധ്യം ആവശ്യമുള്ള ആധുനിക സര്‍ജിക്കല്‍ ഉപകരണങ്ങളുടെ നിര്‍മ്മാണത്തിലേര്‍പ്പെട്ടിട്ടുള്ള ഇരുമ്പുപണിക്കാരും ആറന്‍മുള കണ്ണാടിയെ വെല്ലുന്ന അടയാക്കാപുത്തൂര്‍ കണ്ണാടികള്‍ നിര്‍മ്മിക്കുന്ന വിദഗ്ദ്ധരായ ഓടുവാര്‍പ്പുകാരും ഇക്കൂട്ടത്തില്‍ എടുത്തു പറയേണ്ടവര്‍ ആണ്. അടയ്ക്കാ പുത്തൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കോഴിവളര്‍ത്തല്‍ കേന്ദ്രവും കുളക്കാട്ടുള്ള മരമില്ലും ചെറുകിട വ്യവസായമായി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങളാണ്. തിരുവാഴിയോടുള്ള ഐ. ബി. പി പെട്രോള്‍ ബങ്ക് പഞ്ചായത്തിലെ മോട്ടോര്‍ വാഹനം ഉപയോഗിക്കുന്നവര്‍ക്ക് ഒരു അനുഗ്രഹമാണ്. വെള്ളിനേഴിയിലെ സ്ഥാപനാധിഷ്ഠിതമായ വിദ്യാഭ്യാസത്തിന് ഏതാണ്ട് ഒന്നകാല്‍ നൂറ്റാണ്ടിന്റെ ചരിത്രമുണ്ട്. 1876-ല്‍ അടക്കാപുത്തൂരിലും 1885-ല്‍ വെള്ളിനേഴിയിലും 1896-ല്‍ കുറുവട്ടൂരും 1905-ല്‍ കുളക്കാട്ടും വിദ്യാലയങ്ങള്‍ സ്ഥാപിച്ചതോടെയാണ് വെള്ളിനേഴിയില്‍ ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കമായത്. ഇന്ന് പഞ്ചായത്തില്‍ 10 എയ്ഡഡ് സ്ക്കൂളുകളും മൂന്ന് സര്‍ക്കാര്‍ സ്ക്കൂളുകളും ഉള്‍പ്പെടെ 13 സരസ്വതി മന്ദിരങ്ങള്‍ കുട്ടികള്‍ക്ക് അറിവ് പകര്‍ന്നു കൊടുക്കുന്നു. ഒരു പ്രദേശത്തെ ആരോഗ്യമുള്ള ജനത ആ പ്രദേശത്തിന്റെ വികസനത്തിന് അടിസ്ഥാനമായ ഘടകമാണ്. വെള്ളിനേഴി ഗ്രാമപഞ്ചായത്ത് ആരോഗ്യരംഗത്ത് പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്ന ഗ്രാമങ്ങളില്‍ ഒന്നാണ്. ഈ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ പഞ്ചായത്തിനകത്തുണ്ട്. ഇവിടെ സര്‍ക്കാര്‍ തലങ്ങളില്‍ 3 ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നു. കുറ്റാനശ്ശേരി ഗവണ്‍മെന്റ്  ആയുര്‍വേദ ഡിസ്പെന്‍സറി, അടക്കാപുന്നൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രം, കുറ്റുവട്ടൂരിലുള്ള വെള്ളിനേഴി പ്രാഥമിക ആരോഗ്യകേന്ദ്രം എന്നിവയാണ് അവ. കൂടാതെ കുളക്കാട്, വെള്ളിനേഴി, കുറ്റാനശ്ശേരി എന്നിവിടങ്ങളിലായി 5 ഉപകേന്ദ്രങ്ങളും ആതുരശുശ്രൂഷാ സൌകര്യങ്ങള്‍ ഒരുക്കി ഈ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്നു. സ്വാകാര്യമേഖലയില്‍ ആയുര്‍വേദരംഗത്ത് കുളക്കാട് ‘പൂന്തോട്ടം’ ആയുര്‍വേദാശ്രമവും പ്രവര്‍ത്തിക്കുന്നു. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും കുടുംബക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ കൊടുത്തുകൊണ്ട് വിവിധ ആരോഗ്യരക്ഷാപ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ നടന്നു വരുന്നു. വ്യാപാരി വ്യാവസായി ഏകോപന സമിതിയുടേയും കോ-ഓപ്പറേറ്റീവ് ആശുപത്രിയുടെയും കീഴിലുള്ള ആംബുലന്‍സ് സേവനങ്ങളെയാണ് ഗ്രാമവാസികള്‍ ആശ്രയിക്കുന്നത്.പഞ്ചായത്തില്‍ കൃഷിക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും വിവിധതരത്തിലുള്ള വായ്പകള്‍ ലഭിക്കുന്നതിനും അവരുടെ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും പ്രയോജനപ്പെടുന്ന ബാങ്കിംഗ് സ്ഥാപനങ്ങള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. വെള്ളിനേഴി, വടക്കന്‍ വെള്ളിനേഴി, കുറ്റാനശ്ശേരി എന്നീ പ്രദേശങ്ങളുടെ പ്രവര്‍ത്തന മേഖലയില്‍ വരുന്ന ചെര്‍പുളശ്ശേരി സഹകരണ ബാങ്കിന്റെ ഒരു ശാഖ ഈ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. ദേശസാല്‍കൃത ബാങ്കായ കാനറാബാങ്കിന്റെ ഒരു ശാഖയും, പട്ടികജാതി സര്‍വ്വീസ് സഹകരണ സംഘവും കാര്‍ഷിക വികസനബാങ്കും പഞ്ചായത്തിലെ തിരുവാഴിയോട് പ്രവര്‍ത്തനം തുടര്‍ന്ന് വരുന്നു. കൂടാതെ കുളക്കാട് ബാങ്ക്, വെള്ളിനേഴി സര്‍വ്വീസ് സഹകരണ ബാങ്ക്, ഒറ്റപ്പാലം പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമം വികസന ബാങ്കിന്റെ തിരുവാഴിയോട് ശാഖ എന്നിവ ജനങ്ങളുടെ വിവിധ സാമ്പത്തിക ആവശ്യങ്ങള്‍ക്കായി പ്രവര്‍ത്തിച്ച് വരുന്നു. സമ്പന്നമായ ഒരു സാംസ്കാരിക ചരിത്രവും തനിമയും പാരമ്പര്യവും സ്വന്തമായുള്ള വെള്ളിനേഴി എന്ന കര്‍ഷകഗ്രാമത്തിന് കേരളത്തിന്റെ സാംസ്കാരിക ഭുപടത്തില്‍ പ്രത്യേക സ്ഥാനമുണ്ട്. വള്ളുവനാടന്‍ പൂരങ്ങളുടെ വര്‍ണ്ണവിസ്മയങ്ങളും കളിവിളക്കിനു മുന്നില്‍ തെളിഞ്ഞുവിടരുന്ന കഥകളിയുടെ മായിക ലോകവും പറയടിയുടെ പരുക്കന്‍ താളങ്ങള്‍ക്കൊത്ത് ചുവടുവെച്ച് നീങ്ങുന്ന തിറയും ഈ ഗ്രാമത്തിന്റെ മാത്രം പ്രത്യേകതകളാണ്. സാംസ്കാരിക തനിമ വിളിച്ചോതുന്ന ധാരാളം ക്ഷേത്രങ്ങളുടെ ഒരു ഗ്രാമം കൂടിയാണ് വെള്ളിനേഴി. ഉത്രത്തിന്‍ കാവ് ഭഗവതി ക്ഷത്രം, കാന്തള്ളൂര്‍ ശ്രീകൃഷ്ണക്ഷേത്രം, ത്രിപുലിക്കല്‍ ശിവക്ഷേത്രം, കാട്ടിലയ്യപ്പന്‍ ക്ഷേത്രം ചക്കിമുറ അയ്യപ്പന്‍ ക്ഷേത്രം, കിള്ളിക്കുറുശ്ശികാവ് തുടങ്ങിയവ അതില്‍ ചിലത് മാത്രം പൂരങ്ങളും വേലകളുമാണ് ഇവിടുത്തെ പ്രധാന ഉത്സവങ്ങള്‍ അടക്കാപുത്തൂരിലുള്ള ജുമാ മസ്ജിദ് ആണ് വെള്ളിനേഴിയിലെ ഒരേ ഒരു മുസ്ളീം ആരാധനാലയം.കഥകളി രംഗത്ത് ചൈതന്യവത്തായ ഓര്‍മ്മകളിലൂടെ ഇന്നും കലാകാരന്‍മാര്‍ക്ക് പ്രചോദനം നല്‍കുന്ന മണ്‍മറഞ്ഞ ഒട്ടേറെ പ്രഗത്ഭമതികളുടെ നാട് കൂടിയാണ് വെള്ളിനേഴി.ഗുരുശ്രേഷ്ഠനായ പട്ടിക്കാംതൊടി രാമനുണ്ണി മേനോന്‍, ഇട്ടിരാരിച്ചമേനോന്‍, രൌദ്രഗംഭീരമായ ചുവന്നതാടി വേഷങ്ങളില്‍ തിളങ്ങുന്ന വെള്ളിനേഴി നാണു നായര്‍, കഥകളി സംഗീതത്തെ ഉദാത്തമേഖലയിലേക്കുയര്‍ത്തിയ കലാമണ്ഡലം ഉണ്ണിക്കുറുപ്പ്, ചെണ്ട വിദഗ്ദന്‍ കൃഷ്ണന്‍കുട്ടിപ്പെരുമാള്‍, അച്ചുണ്ണിപെരുമാള്‍, തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം. സാമൂഹ്യ പ്രവര്‍ത്തകനും, സംസ്കൃത പണ്ഡിതനുമായ ഒ. എം. സി. നാരായണന്‍ നമ്പൂതിരി, കഥകളി കോപ്പ് നിര്‍മ്മാണ വിദഗ്ധനായ കോതാവില്‍ കൃഷ്ണനാശാരി, പ്രശസ്ത കവി ഒളപ്പമണ്ണ സുബ്രഹ്മണ്യന്‍ നമ്പൂതിരി എന്നിവരും ഈ നാടിന്റെ സംഭാവനകളാണ്. അനൌപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി ആരംഭിച്ച വായനശാലകള്‍ ഇന്ന് പഞ്ചായത്തിലെ പ്രമുഖ സാംസ്കാരിക കേന്ദ്രങ്ങളാണ്. നിലവില്‍ പഞ്ചായത്തില്‍ മുളക്കാട് സാംസ്ക്കാരിക നിലയം, വെള്ളിനേഴിയിലെ മായംകുളം വായനശാല തുടങ്ങി പത്തോളം വായനശാലകള്‍ ഉണ്ട്. സാംസ്കാരിക പരമായും കലാപരമായും കേരളത്തില്‍ അറിയപ്പെടുന്ന ഒളപ്പമണ്ണമന, നാണുനായര്‍ സ്മാരക കേന്ദ്രം എന്നിവയും കലയെ പ്രോത്സാഹിപ്പിക്കുന്ന പഞ്ചായത്തിലെ സ്ഥാപനങ്ങളാണ്.വെള്ളിനേഴി പഞ്ചായത്തില്‍ നിന്നാണ് തൊട്ടടുത്ത ഗ്രാമങ്ങളിലേയും മറ്റു സ്ഥലങ്ങളിലേയും ക്ഷേത്രങ്ങളിലേക്കുള്ള വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്നത്. വിഗ്രഹകലയില്‍ പേരുകേട്ട ഹരിഗോവിന്ദനാണ് ഈ നിര്‍മ്മാണ രംഗത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. തലമുറകളായി കൈമാറി വന്ന ഈ കലാപാരമ്പര്യം വരും തലമുറയിലേക്കും പകര്‍ന്നു വരുന്നു.ആറന്‍മുള കണ്ണാടിയോളം പ്രസിദ്ധമായ അടയ്ക്കാപുത്തൂര്‍ കണ്ണാടിയുടെ ജന്‍മദേശം വെള്ളിനേഴിയാണ്. ഓട്ടുപാത്രനിര്‍മ്മാതാവായ കുമാര നിലയത്തിലെ ബാലനാണ് ഈ ലോഹകണ്ണാടിയുടെ ശില്‍പ്പിയും ഉപഞ്ജാതാവും. വെള്ളോടു മിനുക്കിയാണ് കണ്ണാടിയുണ്ടാക്കുന്നത്. ഈയവും ചെമ്പും പ്രത്യേക അനുപാതത്തില്‍ കൂട്ടി ലോഹക്കൂട്ട് തയ്യാറാക്കുന്നതിലാണ് കണ്ണാടിയുടെ പൂര്‍ണ്ണത. കൂട്ടുലോഹത്തകിട് തയ്യാറാക്കി കഴിഞ്ഞാല്‍ ഉരക്കടലാസിലിട്ട് പ്രതലം ഉരച്ച് മിനുക്കും അതിന് ശേഷം മൂശാപ്പാടി കൊണ്ടുള്ള പ്രയോഗം കൂടി കഴിഞ്ഞാല്‍ അടയ്ക്കാ പുത്തൂര്‍ കണ്ണാടി തയ്യാര്‍.അടക്കാ പുത്തൂര്‍ കണ്ണാടി സ്വകാര്യ സ്വത്താണ്. മൂശാരി കുടുംബത്തിലെ അംഗമായ ബാലന് പത്ത് വര്‍ഷം മുന്‍പാണ് ഈ കണ്ണാടിയുടെ രഹസ്യം കിട്ടുന്നത്.