അനുബന്ധ സ്ഥാപനങ്ങള്‍

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ഓംബുഡ്സ്മാന്‍

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ള ഭരണ സമിതിയംഗങ്ങളും ഉദ്യോഗസ്ഥന്മാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നേരിട്ടേ അല്ലാതെയോ നിയോഗിച്ചിട്ടുള്ളതും സ്ഥലംമാറ്റപ്പെട്ട ഉദ്യോഗസ്ഥന്മാരും ഭരണപരമായ കര്ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുമ്പോഴുണ്ടായേക്കാവുന്ന അഴിമതി , ദുര്‍ഭരണം, ക്രമക്കേടുകള്‍ എന്നിവയേക്കുറിച്ചുള്ള പരാതികള്‍ നിയമാനുസൃതം അന്വേഷിച്ച് ആവശ്യമായ നടപടിയെടുക്കുകയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാന്‍റെ ചുമതല. പരാതികള്‍ ഏതൊരുവ്യക്തിക്കും ഇടനിലക്കാരന്‍റെ സഹായമില്ലാതെ ഓംബുഡ്സ്മാന്‍ സെക്രട്ടറിയ്ക്ക് മുമ്പാകെ നേരിട്ടോ, രജിസ്ട്രേഡ് / സാധാരണ തപാല്‍ വഴിയോ നല്‍കാവുന്നതാണ്. വെള്ളക്കടലാസില്‍ എഴുതിയ പരാതിയോടൊപ്പം ശരിയായി പൂരിപ്പിച്ച ഫോറം ‘എ’ (പത്തുരൂപയുടെ കോര്‍ട്ട്ഫീസ് സ്റ്റാമ്പ് ഒട്ടിച്ചത്), പരാതിയുടെ പകര്പ്പുകള്‍ (എതിര്‍കക്ഷികളുടെ എണ്ണം + രണ്ട്) എന്നിവയും സമര്‍പ്പിക്കണം. കേരള പഞ്ചായത്ത്രാജ് നിയമത്തിലേയും ഓംബുഡ്സ്മാന്‍ (പരാതി അന്വേഷണ വിചാരണയും സേവന വ്യവസ്ഥകളും) ചട്ടങ്ങളിലേയും വ്യവസ്ഥകള്‍ പാലിച്ചിട്ടില്ലാത്ത പരാതി പരിഗണിക്കുന്നതല്ല.

ഓംബുഡ്സ്മാന്‍റെ സിറ്റിങ്ങുകള്‍ തിരുവനന്തപുരത്തുള്ള ഓഫീസിലും എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലാ ആസ്ഥാനങ്ങളിലും നടത്തിവരുന്നു. പത്തുരൂപയുടെ കോര്‍ട്ട്ഫീസ് സ്റ്റാമ്പിനുള്ള ചെലവൊഴിച്ച് മറ്റ് യാതൊരു വിധത്തിലുള്ള ഫീസുകളും കക്ഷികളില്‍ നിന്ന് ഈടാക്കുനകയില്ല. കേസുമായി ബന്ധപ്പെട്ട ഏതൊരു വ്യക്തിക്കും ഓംബുഡ്സ്മാന് മുമ്പാകെ അഭിഭാശകന്‍റെയോ മറ്റ് പരസഹായംകൂടാതെയോ നേരിട്ടും നിര്‍ഭയമായും ഹാജരാകുന്നതിനും തങ്ങളുടെ വാദഗതികള്‍ അവതരിപ്പിച്ച് പരിഹാരം തേടുന്നതിനും കഴിയും.

വിലാസം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ഓംബുഡ്സ്മാന്‍, സാഫല്യം കോംപ്ലക്സ് (നാലാംനില), ട്രിഡാ ബില്‍ഡിംഗ്, യൂണിവേഴ്സിറ്റി പി.ഓ., തിരുവനന്തപുരം 695034

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ട്രൈബ്യൂണല്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തീരുമാനങ്ങള്‍ക്കെതിരായി അപ്പീല്‍, റിവിഷന്‍ എന്നവ പരിഗണിക്കുകയും തീരി‍പ്പുകല്‍പ്പിക്കുകയുമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടി നിയമിച്ചിട്ടുള്ള ട്രൈബ്യൂണലിന്‍റെ ചുമതല. ജില്ലാ ജഡ്ജിയുടെ പദവിയിലുള്ള ഒരു നീതിന്യായ ഉദ്യോഗസ്ഥനാണ് ട്രൈബ്യൂണലായി നിയമിക്കപ്പെടുന്നത്. കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഏതെങ്കിലും തീരുമാനത്തിന്‍റെ നിയമ സാധുതയെ പറ്റിയോ നിലനില്‍പ്പിനെ പറ്റിയോ സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന പരാമര്‍ശത്തിന്‍മേല്‍ അഭിപ്രായം നല്‍കാനും ട്രൈബ്യൂണലിനെ അധികാരപ്പെടുത്തിയിട്ടുണ്ട്. ഹര്‍ജികള്‍ ഏത് ഉത്തരവിന് എതിരായുള്ളതാണോ അതിന്‍റെ തീയതി മുതല്‍ 30 ദിവസത്തിനകം ഫോറം സി യില്‍ നല്‍കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അപ്പീല്‍ ഫയല്‍ ചെയ്ത് 60 ദിവസത്തിനകം തീരുമാനമാകാത്ത സംഗതികളില്‍ 90 ദിവസത്തിനകം ട്രൈബ്യൂണലില്‍ ഹര്‍ജി നല്‍കിയാല്‍ മതിയാകും. ഹര്‍ജിയോടൊപ്പം അതുമായി ബന്ധപ്പെട്ട രേഖകളുടേയും സാക്ഷ്യപ്പെടുത്തിയ ഓരോ പകര്‍പ്പും ഹര്‍ജിയില്‍ എത്ര എതിര്‍കക്ഷികളുണ്ടോ അത്രയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ട്രൈബ്യൂണല്‍ മുമ്പാകെ നേരിട്ടോ രജിസ്റ്റര്‍ ചെയ്ത തപാലായോ നല്‍കാം. ഹര്‍ജിയോടൊപ്പം 50/- രൂപ ഫീസായി ട്രൈബ്യൂണലിന്‍റെ ഏഫീസിലോ തിരുവന്തപുരത്ത് മാറാന്‍ കഴിയുന്ന ഡി.ഡി ആയോ ഒടുക്കാവുന്നതാണ്. കൂടാതെ 50 രൂപ ലീഗല്‍ബനഫിറ്റ് ഫണ്ട് സ്റ്റാമ്പ് ഹര്‍ജിയില്‍ പതിക്കേണ്ടതാണ്.

വിലാസം: സെക്രട്ടറി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ട്രൈബ്യൂണല്‍, ശ്രീമൂലം ബില്‍ഡിംഗ്സ്, കോര്‍ട്ട് കോംപ്ലക്സ്, വഞ്ചിയൂര്‍, തിരുവനന്തപുരം