ചരിത്രം

രാജഭരണകാലത്ത് പുതിയ മണ്ണില്‍ കണക്കു പത്മനാഭപിള്ളയ്ക്ക് 956 ഏക്കര്‍ സ്ഥലം രാജകൊട്ടാരത്തില്‍ നിന്നും പതിച്ചുകൊടുത്തു. വെള്ളാളര്‍ക്ക് പതിച്ചുകൊടുത്ത ഭൂമിയായതുകൊണ്ട് വെള്ളാളരുടെ ഊര് എന്ന് ഈ സ്ഥലത്തിനു പേരു വന്നു. ഈ പേരു ലോപിച്ചാണ് വെള്ളാവൂര്‍ എന്ന പേരു ലഭിച്ചതെന്നാണ് പറയപ്പെടുന്നത്. വെള്ളാവൂര്‍ തോടിനും കുഴിച്ചിട്ട കല്ലിനും ഏറത്തു വടകരയ്ക്കും മണിമലയാറിനും ഇടയ്ക്കുള്ള ഉദ്ദേശം 5 കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലമാണ് വെള്ളാവൂര്‍ കര. ശ്രീഅയ്യപ്പന്റെ കാല്പാദം പാറയില്‍ കാണുന്നു എന്നു വിശ്വസിക്കുന്ന ചുവട്ടടിപ്പാറ, കിഴക്കേപ്പാറയിലെ പുലിയള ഇന്നും പ്രായം  നിശ്ചയിക്കാന്‍ കഴിയാത്ത മണിമല കൊച്ചുപാലം ഈ പഞ്ചായത്തിന്റെ അതിര്‍ത്തി വിട്ടുപോകുന്നതിനുമുമ്പ് മണിമലയാര്‍ വെള്ളാവൂരിനു സമ്മാനിച്ച സസ്യശ്യാമളമായ കുളത്തൂര്‍ മൂഴിത്തുരുത്ത്, നിലമ്പൂര്‍ വനത്തിലും കാണാന്‍ കഴിയാത്ത വലിപ്പമുള്ള തേക്ക്, പെരുങ്കാവിലെ പുഞ്ചപ്പാടങ്ങള്‍ ഇവയെല്ലാം ഗ്രാമീണ സൌന്ദര്യത്തിന്റെ മാത്രം പ്രത്യേകതകളാണ്. വെള്ളാവൂര്‍ പഞ്ചായത്തിനോടടുത്ത് കിടക്കുന്നതും മുമ്പ് വെള്ളാവൂര്‍ പഞ്ചായത്തിലായിരുന്നതായി പറയപ്പെടുന്നതുമായ കോട്ടാങ്ങല്‍ ദേവീക്ഷേത്രത്തില്‍ ആണ്ടുതോറും മകരമാസത്തില്‍ നടത്തപ്പെടുന്ന പടയണി മഹോല്‍സവം മദ്ധ്യതിരുവിതാംകൂറിലെ പ്രസിദ്ധമായ ആഘോഷമാണ്. കലാസാംസ്കാരിക രംഗത്ത് ഈ പഞ്ചായത്തിന് ഒരു പൂര്‍വ്വകാല ചരിത്രമുണ്ട്. ഇതില്‍ അവിസ്മരണീയമായിട്ടുള്ളത് 1114-ല്‍ വെള്ളാവൂരില്‍ സ്ഥാപിതമായ കഥകളി സംഘമാണ്. വാവോലിക്കല്‍ നാരായണന്റെ നേതൃത്വത്തില്‍ ആരംഭിച്ച കഥകളി സംഘം. ഹരിജനങ്ങളുടെ കോല്‍ക്കളി, കാളകെട്ട്, മുടിയാട്ടം തുടങ്ങിയ പ്രാചീനകലകള്‍ ഉല്‍സവങ്ങളോടനുബന്ധിച്ച് നടത്തിയിരുന്നു. കടയനിക്കാട്ട് ഗോവിന്ദന്റെയും, മാധവന്റെയും നാദസ്വര സംഘത്തില്‍ ഉണ്ടായിരുന്ന തകില്‍ വിദഗ്ദ്ധനായ സഹജമണിയും ഈ പഞ്ചായത്തിന്റെ അഭിമാനമാണ്. ഈ പഞ്ചായത്തില്‍ 1927-ല്‍ സ്ഥാപിതമായ ശ്രീവിലാസം വായനശാല, കടയനിക്കാട് ടാഗോര്‍ സ്മാരക വായനശാല, കുളത്തൂര്‍ ജയ്ഹിന്ദ് ലൈബ്രറി, വെള്ളാവൂര്‍ ഗ്രാമദീപം ഗ്രന്ഥശാല, ഏറത്തുവടകര സാംസ്കാരിക നിലയം, താഴത്തുവടകര നാഷണല്‍ ലൈബ്രറി, ചുവട്ടടിപ്പാറ ത്രിവേണി ഗ്രന്ഥശാല തുടങ്ങിയവ ഈ പഞ്ചായത്തില്‍ വിജ്ഞാന വിവരണത്തിന് നേതൃത്വം കൊടുത്തുകൊണ്ടിരുന്നു. 1960 മുതല്‍ കുളത്തൂര്‍ മൂഴിയില്‍ ആരംഭിച്ച ഹിന്ദുമത കണ്‍വെന്‍ഷന്‍ മദ്ധ്യകേരളത്തിലെ വളരെ പ്രസിദ്ധമായ ഒരു കണ്‍വെന്‍ഷനാണ്. ഇന്ത്യയുടെ പ്രസിഡന്റായിരുന്ന ഡോ:ബാബു രാജേന്ദ്രപ്രസാദ്, ഡോ.എസ്.രാധാകൃഷ്ണന്‍, വി.വി.ഗിരി തുടങ്ങിയവര്‍ ഈ കണ്‍വെന്‍ഷനില്‍ പങ്കെടുത്തിട്ടുണ്ട്. 1977-ല്‍ മണിമല മണല്‍പ്പുറത്ത് ആരംഭിച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ആദ്ധ്യാത്മിക പ്രഭാഷണത്തിലൂടെ കൂടുതല്‍ ജനശ്രദ്ധ ആകര്‍ഷിച്ചു കൊണ്ടിരിക്കുകയാണ്. സര്‍വ്വമത സാഹോദര്യ സന്ദേശവുമായി എത്തുന്ന പൂജാരാജാക്കളുടെ തിരുനാള്‍ വര്‍ഷാരംഭത്തില്‍ മണിമലയെ പുളകച്ചാര്‍ത്തണിയിക്കുന്നു. നിരവധി കലാകാരന്‍മാര്‍ക്ക് ജന്മം കൊടുത്ത നാടാണ് വെള്ളാവൂര്‍. ചിത്രകാരനായിരുന്ന കെ.ആര്‍.രാമക്കുഞ്ഞ്, ആര്‍ട്ടിസ്റ്റ് വിജയന്‍, കലാകാരനായിരുന്ന കരുണാലയന്‍ നായര്‍, തുള്ളല്‍ രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ചിരുന്ന കലാമണ്ഡലം സുകുമാരന്‍ നായര്‍, തുള്ളല്‍ രംഗത്തും നൃത്തരംഗത്തും പ്രാഗത്ഭ്യം തെളിയിച്ച പുരുഷോത്തമന്‍ കര്‍ത്താ എന്നിവര്‍ ഈ പഞ്ചായത്തിന്റെ മക്കളാണ്. പ്രസിദ്ധ കാഥികനായ എ.എന്‍.ആര്‍.പിള്ളയുടെ കലാജീവിതം ആരംഭിച്ചത് കടയനിക്കാട്ടു നിന്നാണ്. ഹിന്ദി രാഷ്ട്രഭാഷയാകുന്നതിനു മുമ്പ് തന്നെ ഈ പഞ്ചായത്തില്‍ ഹിന്ദി പ്രചരിപ്പിച്ച ആളാണ് രാമന്‍പിള്ള. സ്വാതന്ത്ര്യസമരകാലത്ത് നിസ്വാര്‍ത്ഥമായ സേവനം നടത്തിയ പി.എ.നാരായണന്‍ ഇലഞ്ഞിമണ്ണില്‍, ഇ.ജെ.ചെറിയന്‍ വട്ടക്കാവില്‍, ഗോപാലന്‍ നായര്‍, മത്തായി മാത്യൂ മാളിയേക്കല്‍, ഗ്രാമസ്വരാജ് സങ്കല്പത്തെ പ്രവര്‍ത്തി പഥത്തില്‍ എത്തിക്കുകയും ഏഴു പതിറ്റാണ്ടുകള്‍ക്കപ്പുറത്ത് ശ്രീവിലാസം വായനശാല സ്ഥാപിക്കുകയും എസ്.കെ.വി. എന്‍.എസ്.എസ്.സ്കൂളിന്റെ ആരംഭം കുറിക്കുകയും ചെയ്ത പാലത്ത് പരമേശ്വര കുറുപ്പ്, പുരോഗമന പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കുകയും 1967-ല്‍ വാഴൂര്‍ അസംബ്ളിയെ പ്രതിനിധീകരിക്കുകയും ചെയ്ത അഡ്വ: കടയാനിക്കാട് പുരുഷോത്തമന്‍ പിള്ള, വെള്ളാവൂര്‍ എന്ന പേരിനോടൊപ്പം പീരുമേട്ടില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഇടുക്കി ജില്ലാ പഞ്ചായത്തുമെമ്പര്‍ വെള്ളാവൂര്‍ സുകുമാരന്‍ എന്നിവര്‍ രാഷ്ട്രീയ രംഗത്ത് ഉയര്‍ച്ചയുടെ പടവുകള്‍ കയറിപ്പോയ വെള്ളാവൂരിന്റെ സന്തതികളാണ്.