വെള്ളാവൂര്‍ ഗ്രാമപഞ്ചായത്ത്

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കില്‍ വാഴൂര്‍ ബ്ളോക്കില്‍ വെള്ളാവൂര്‍ വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് വെള്ളാവൂര്‍ ഗ്രാമപഞ്ചായത്ത്. 23.46 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് വാഴൂര്‍, കങ്ങഴ, ചിറക്കടവ് പഞ്ചായത്തുകള്‍, കിഴക്ക് ചിറക്കടവ്, മണിമല പഞ്ചായത്തുകള്‍, തെക്ക് പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങല്‍, ആനിക്കാട് പഞ്ചായത്തുകള്‍, പടിഞ്ഞാറ് കങ്ങഴ, ആനിക്കാട്(പത്തനംതിട്ട ജില്ല) പഞ്ചായത്തുകള്‍ എന്നിവയാണ്. 1953 സെപ്റ്റംബര്‍ 18-ന് വെള്ളാവൂര്‍ പഞ്ചായത്ത് രൂപീകൃതമായി. പി.എ.നാരായണന്‍ ബി.എ.ബി.എല്‍ ആയിരുന്നു പ്രസിഡന്റ്. താഴത്തു വടകരയില്‍ പ്രവര്‍ത്തനം ആരംഭിച്ച പഞ്ചായത്ത് ഓഫീസ് 1954 ആഗസ്റ്റ് 11-ന് വെള്ളാവൂരിലേക്ക് മാറ്റുകയും 1956 ഡിസംബര്‍ 18-ന് വീണ്ടും താവത്ത് വടകരക്ക് മാറ്റുകയും ചെയ്തു. കോട്ടയം ജില്ലയിലെ ഏറ്റവും കൂടുതല്‍ പട്ടികജാതി കോളനികള്‍ ഉള്ള പഞ്ചായത്താണ് ഇത്. മണിമലയാറിന്റെ വടക്കേതീരം ചേര്‍ന്ന് 13 കിലോമീറ്റര്‍ നീളത്തില്‍ സ്ഥിതിചെയ്യുന്ന വെളളാവൂര്‍ പഞ്ചായത്തില്‍ വടകര, കടയനിക്കാട്, കുന്നുംഭാഗം, ഏറത്തുവടകര, വെള്ളാവൂര്‍ താഴത്തുവടകര, കുളത്തൂര്‍-പ്രയാര്‍ എന്നീ കരകളാണുള്ളത്. കുന്നുകളും, പാറക്കെട്ടുകളും, താഴ്വരകളും, നിലങ്ങളും, ചെറുപുഴകളും നിറഞ്ഞതാണ് പ്രകൃതി രമണീയമായ ഈ പഞ്ചായത്ത് പ്രദേശം. ആചാരത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമായിരുന്നു ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള കാവുകള്‍. ഒരുകാലത്ത് കാവുകളാല്‍ സമൃദ്ധമായിരുന്നു ഈ പഞ്ചായത്തിലെ പല പുരയിടങ്ങളും. ഇവിടെ ഹൈന്ദവ, ക്രിസ്ത്യന്‍, മുസ്ളീം ദേവാലയങ്ങള്‍ നിരവധിയാണ്. 400-ല്‍ ഏറെ വര്‍ഷങ്ങള്‍ പഴക്കമുള്ള ഹൈന്ദവ ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്. കുളത്തുങ്കല്‍ ദേവീക്ഷേത്രം, കടയനിക്കാട് ശ്രീഭഗവതിക്ഷേത്രം, കടയനിക്കാട് ശ്രീധര്‍മ്മശാസ്താക്ഷേത്രം, മുഖ്യപ്പുറത്ത് ശ്രീഭഗവതിക്ഷേത്രം, തൃക്കണ്ണാപുരം ശിവക്ഷേത്രം എന്നിവ പ്രസിദ്ധങ്ങളാണ്. മണിമല സെന്റ് ബേസില്‍ ചര്‍ച്ച്, വടകര ലൂര്‍ദ്ദ് മാതാ ചര്‍ച്ച്, പെരുങ്കാവ് സെന്റ് തോമസ് ചര്‍ച്ച് എന്നീ കത്തോലിക്കാ ദോവാലയങ്ങളും, സാല്‍വേഷന്‍ ആര്‍മി, സി.എസ്.ഐ, സി.എം.എസ്, പെന്തക്കോസ്ത്, ആഗ്ളിക്കന്‍ സഭ, സിയോന്‍ ഗോസ്പല്‍ ചര്‍ച്ച് തുടങ്ങിയ സഭകളുടെ ദേവാലയങ്ങളും ഏറത്തുവടകര മുസ്ളീം പള്ളിയുമാണ് വിവിധ മതക്കാരുടെ ആരാധനാലയങ്ങള്‍. കോട്ടയം ജില്ലയുടെ തെക്കതിരില്‍ ചങ്ങനാശ്ശേരി താലൂക്കിന്റെ തെക്കുകിഴക്കതിരില്‍ പത്തനംതിട്ട ജില്ലാതിര്‍ത്തിയോട് ചേര്‍ന്ന് വെള്ളാവൂര്‍ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. തട്ടമലയില്‍ (വാഗമണ്‍) നിന്നുത്ഭവിച്ച് ഒരു കാലത്ത് തോടായി ഒഴുകി ഈ പഞ്ചായത്തതിര്‍ത്തിയില്‍ എത്തുമ്പോള്‍ മാത്രം ആറായി രൂപപ്പെട്ടിരുന്ന മണിമലയാറിന്റെ വടക്കുഭാഗത്തായാണ് ഈ പഞ്ചായത്തിന്റെ സ്ഥാനം. ചിറക്കടവ്, വാഴൂര്‍, കങ്ങഴ, നെടുംകുന്നം, പത്തനംതിട്ട ജില്ലയിലുള്ള ആനിക്കാട് എന്നീ പഞ്ചായത്തുകളുടെയും മണിമലയാറിന്റെയും മദ്ധ്യത്തിലായി സ്ഥിതിചെയ്യുന്ന വെള്ളാവൂര്‍ പഞ്ചായത്തിന്, ഉദ്ദേശം 13 കി.മീ നീളം മണിമലയാറിന്റെ തീരഭൂമിയുണ്ട്. നിരവധി കുന്നുകളും പാറക്കെട്ടുകളും വളരെ കുറച്ചു പാടശേഖരങ്ങളും ഉള്‍പ്പെട്ട ഒരു ഭൂവിഭാഗമാണ് ഈ പഞ്ചായത്തിലുള്ളത്. ഭൂപ്രകൃതിയനുസരിച്ച് വെള്ളാവൂര്‍ ഗ്രാമപഞ്ചായത്തിനെ ആറായി വിഭജിച്ചിരിക്കുന്നു. നദീതീര സമതല പ്രദേശങ്ങളും 100 മീറ്റര്‍ വരെ ഉയരമുള്ള ചെരിവുള്ള ഭൂമിയും 100 മുതല്‍ 147 മീറ്റര്‍ വരെ ഉയരമുള്ള കുന്നിന്‍ പ്രദേശങ്ങളും പാറക്കെട്ടുകളും ഉള്‍പ്പെടുന്നതാണ് ഈ പഞ്ചായത്ത്. ഈ പഞ്ചായത്തിലെ ഏറ്റവും ഉയരം കൂടിയ കുന്ന് മൂന്ന്, നാല്, അഞ്ച് വാര്‍ഡുകളിലായി വ്യാപിച്ച് കിടക്കുന്ന തെങ്ങംപള്ളിമലയാണ്. ഈ പഞ്ചായത്തില്‍ എല്ലാ വാര്‍ഡുകളിലും കുന്നുകള്‍  ഉണ്ട്. ഈ പഞ്ചായത്തിലെ മുഴുവന്‍ ഭൂമികളും ഒരുകാലത്ത് മൂന്നുനാലു കുടുംബങ്ങളുടെതായിരുന്നു. ഒരു സമുദായത്തിന്റെ മാത്രമല്ല കേരളത്തിന്റെയാകെ അഭിമാനമാണ് കര്‍ദ്ദിനാല്‍ ആന്റണി പടിയറ. അദ്ദേഹം പിറന്ന നാടാണ് ഇത്.