വെള്ളാങ്ങല്ലൂര്‍

തൃശ്ശൂര്‍ ജില്ലയില്‍ മുകുന്ദപുരം താലൂക്കിലാണ് വെള്ളാങ്ങല്ലൂര്‍ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പടിയൂര്‍, പൂമംഗലം, പുത്തന്‍ചിറ, വെള്ളാങ്ങല്ലൂര്‍, വേളൂക്കര എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ബ്ളോക്കാണ് വെള്ളാങ്ങല്ലൂര്‍. പുത്തന്‍ചിറ, പൂമംഗലം, മനവലശ്ശേരി, വേളൂക്കര, കടുപ്പശ്ശേരി, എടത്തിരുത്തി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന വെള്ളാങ്ങല്ലൂര്‍ ബ്ളോക്കിന് 105.08 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വടക്കുഭാഗത്ത് ഇരിങ്ങാലക്കുട ബ്ളോക്കും, കിഴക്കുഭാഗത്ത് മാള, ഇരിങ്ങാലക്കുട ബ്ളോക്കുകളും, തെക്കുഭാഗത്ത് കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിയും, പടിഞ്ഞാറുഭാഗത്ത് കനോലിക്കനാലുമാണ് വെള്ളാങ്ങല്ലൂര്‍ ബ്ളോക്കിന്റെ അതിരുകള്‍. ഈ ബ്ളോക്കുപഞ്ചായത്തിന്റെ പലഭാഗങ്ങളും ചെങ്കല്‍ നിറഞ്ഞ പ്രദേശങ്ങളാണ്. കൃഷിക്കനുയോജ്യമായ ചെമ്മണ്ണ് കിഴക്കന്‍ പ്രദേശങ്ങളിലും ചരല്‍ നിറഞ്ഞ പൊടിമണ്ണ് പടിഞ്ഞാറന്‍ പ്രദേശങ്ങളിലും കാണപ്പെടുന്നു. കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട എന്നീ മുനിസിപ്പാലിറ്റികളുടെ ഇടയ്ക്കാണ് വെള്ളാങ്ങല്ലൂര്‍ ബ്ളോക്ക് സ്ഥിതി ചെയ്യുന്നത്. ദേശീയപാതകളായ എന്‍.എച്ച്-17, എന്‍.എച്ച്-47 എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന ചാലക്കുടി-മതിലകം റോഡ്, ബ്ളോക്കിന്റെ വടക്കുഭാഗത്തുകൂടി കടന്നുപോകുന്നു. 1951-ലാണ് വെള്ളാങ്ങല്ലൂര്‍ ബ്ളോക്ക് രൂപീകൃതമായത്. ആദ്യകാലത്ത് 4 പഞ്ചായത്തുകളായിരുന്നു ഈ ബ്ളോക്കിലുണ്ടായിരുന്നത്. പില്‍ക്കാലത്ത് പടിയൂര്‍ പഞ്ചായത്ത് വിഭജിച്ച് പൂമംഗലം എന്ന മറ്റൊരു പഞ്ചായത്തു കൂടി രൂപീകൃതമായതോടെ ഈ ബ്ളോക്കിലെ പഞ്ചായത്തുകളുടെ എണ്ണം അഞ്ചായി. തൃശ്ശൂര്‍ ജില്ലയുടെ തെക്കുപടിഞ്ഞാറുഭാഗത്തായി സ്ഥിതി ചെയ്യുന്ന വെള്ളാങ്ങല്ലൂര്‍ ബ്ളോക്കിന്റെ ആസ്ഥാനം ഇരിങ്ങാലക്കുട നിന്നും 9 കിലോമീറ്റര്‍ തെക്ക് ഭാഗത്ത് തൃശൂര്‍-കൊടുങ്ങല്ലൂര്‍ റോഡില്‍ നിന്നും 1 കിലോമീറ്റര്‍ കിഴക്കുമാറി സ്ഥിതി ചെയ്യുന്നു.