ചരിത്രം

ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ കേരളത്തിന് ഇന്ത്യാചരിത്രത്തില്‍ വലിയ പ്രധാന്യം കല്‍പ്പിക്കുന്നുണ്ട്. എ.ഡി. 2-ാം ശതകത്തില്‍ അവസാനഘട്ടം  മുതല്‍ കേരളത്തില്‍ ഭരണം നടത്തിവന്ന ചേരരാജാക്കന്മാരുടെ കാലത്താണ് കുട്ടനാട് ഉള്‍പ്പെടുന്ന വെളിയനാട് ഗ്രാമപഞ്ചായത്ത് പ്രദേശങ്ങള്‍ക്ക് സ്ഥലനാമങ്ങള്‍ ഉണ്ടായതെന്ന് ചരിത്ര രേഖകളില്‍ കാണുന്നു. വൈക്കം മുതല്‍ തെക്കോട്ട് കാര്‍ത്തികപ്പള്ളി വരെയുള്ള പ്രദേശങ്ങള്‍ ഏറിയ ഭാഗവും കരിനിലങ്ങളായിരുന്നു. അന്ന് ജാതിവ്യവസ്ഥ കര്‍ശനമായിരുന്നില്ല. വരരുചിയുടെ മക്കളായ പറയര്‍ , പാണര്‍ , കുറവര്‍ തുടങ്ങിയ വര്‍ഗ്ഗത്തിനും ഉന്നത ജാതിക്കാര്‍ക്കൊപ്പം മാന്യത നല്‍കിയിരുന്നു. ബ്രാഹ്മണ പ്രധാനികളെ രാജാവിന്റെ ഉപദേഷ്ടാക്കളായും പറയ, കുറവ പ്രധാനികളെ ഇടപ്രഭുക്കന്മാരായും നിയമിച്ചു. ഭൂനികുതിയും, ചുങ്കം തീരുവയും രാജാവിന്റെ പ്രധാന വരുമാനമായിരുന്നു. അപ്രകാരം മിത്രന്‍ , പാണന്‍ , കണ്ടന്‍ , ചേന്നല്‍ , കൈനല്‍ , രാമന്‍ , കുമരന്‍ , കണ്ണന്‍ എന്നീ പ്രധാനികളുടെ അധികാരപരിധിയിലുള്ള പ്രദേശങ്ങള്‍ പില്‍ക്കാലത്ത് മിത്രക്കരി, പാണ്ടങ്കരി, കണ്ടന്‍കരി, ചേന്നന്‍കരി, കണ്ണന്‍കരി (കുന്നംകരി), രാമന്‍ കരി, കുമരംകരി എന്നീ സ്ഥലനാമങ്ങളായി അറിയപ്പെടാന്‍ തുടങ്ങി എന്ന് സംഘകൃതികളില്‍ ഉദ്ധരിക്കുന്നു. നെടുമുടി, പുളിങ്കുന്ന്, കിടങ്ങറാ പ്രദേശങ്ങളില്‍ വലിയ അറകള്‍ സ്ഥാപിച്ച് നെല്ല് സംഭരണകേന്ദ്രവും, വേഴപ്രയില്‍ ഒരു വിളപ്പുരയും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. പഴയ റവന്യൂ കണ്ടെഴുത്ത് രേഖകളില്‍ ഇപ്രകാരമുള്ള നെല്‍പ്പുരകളെ പരാമര്‍ശിക്കുന്നുണ്ട്. കിടങ്ങറാ, കുന്നംകരി, കുമരംകരി,, വെളിയനാട് എന്നീ നാലുകരകള്‍ ഉള്‍പ്പെടുന്ന, എട്ടു വാര്‍ഡുകളായി വിഭജിച്ചിട്ടുള്ള ഈ ഗ്രാമപഞ്ചായത്ത് പ്രദേശത്തിന് 19.41 ച.കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. പമ്പാനദിയുടെ കൈവഴികളായ ചേലയാറും, പനയാറും, നെല്‍പ്പുരതോടും  മണ്ണാര്‍ തോടും പുതുതായി വെട്ടിയ മുട്ടാര്‍ , നിലംപേരൂര്‍ തോടും ഗ്രാമപഞ്ചായത്തില്‍ നെല്‍കൃഷിയേയും കരകൃഷികളേയും സമ്പല്‍സമൃദ്ധമാക്കുന്നു. ആദ്യമായി സ്വകാര്യ ഉടമകളാണ് പഞ്ചായത്തില്‍ ബോട്ട് നിര്‍മ്മിച്ച് സര്‍വ്വീസ് നടത്തിവന്നത്. കനകമംഗലം, കളരിത്ര, പുത്തന്‍വീട് എന്നീ കുടുംബക്കാര്‍ ആദ്യകാല ബോട്ട് സര്‍വ്വീസ് നടത്തിയവരില്‍ ഉള്‍പ്പെടുന്നു. ചങ്ങനാശ്ശേരി-ആലപ്പുഴ റോഡ് ഗ്രാമപഞ്ചായത്തിന്റെ ഒന്നാം വാര്‍ഡായ കിടങ്ങറായില്‍ കൂടി കടന്നു പോകുന്നു.

സ്ഥലനാമ ചരിത്രം

കിടങ്ങറാ, കുന്നംകരി, കുമരംകരി, വെളിയനാട് എന്ന് അറിയപ്പെടുന്ന നാല് കരകള്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് വെളിയനാട് ഗ്രാമപഞ്ചായത്ത്. ഈ പേരുകള്‍ക്കു പിന്നില്‍ ഉറങ്ങിക്കിടക്കുന്ന ഒരു ചരിത്ര പശ്ചാത്തലമുണ്ട്. കിടങ്ങറായില്‍ ഒരു വലിയ അറ നെല്‍പ്പുരയായി ഉപയോഗിച്ചിരുന്നു. ഈ അറ ഇരുന്ന വലിയ പുരയിടത്തിനു ചുറ്റും വീതിയിലും, ആഴത്തിലും, കിടങ്ങുകള്‍ കുഴിച്ച് കവര്‍ച്ചക്കാരുടെ ആക്രമത്തെ ചെറുത്തിരുന്നു. ഇങ്ങനെ കിടങ്ങും അറയും കൂടിയുള്ള ഈ സ്ഥലത്തിന് കിടങ്ങ് അറ എന്ന പേരു നല്‍കിയതായി പറയപ്പെടുന്നു. കുറവ സമുദായക്കാരനായ കണ്ണന്‍ എന്ന നാട്ടു പ്രമാണിയുടെ അധികാരപരിധിയില്‍പ്പെട്ട പ്രദേശമായിരുന്നതിനാല്‍ അവിടം കണ്ണന്‍ കരിയായും  ക്രമേണ കുന്നം കരിയായും മാറി എന്നു പറയപ്പെടുന്നു. കണ്ണന്‍ എന്ന ഇടപ്രഭു താമസിച്ചിരുന്ന പുരയിടമാണ് ഇന്നു കണ്ണന്‍കര പുരയിടം എന്നും ഐതിഹ്യമുണ്ട്. കുമരന്‍ എന്ന പറയ സമുദായക്കാരനായ  ഇടപ്രഭുവിന്റെ അധികാര പരിധിയില്‍പ്പെട്ട കരിപ്രദേശമാണ് കുമരന്‍കരി. ഈ കരയില്‍ വന്‍ കവര്‍ച്ചക്കാരുടെ ഒരു സങ്കേതം തന്നെ ഉണ്ടായിരുന്നു.